ആ നഗരത്തെ മാത്രമല്ല മുഴുവന്‍ ലോകത്തെയും പിടിച്ചുലക്കാന്‍! ശേഷിയുള്ള ഒരു മഹാവ്യാധി സമ്മാനിച്ച ശേഷമാണ് മദ്ധ്യചൈനയിലെ വ്യവസായ നഗരമായ വൂഹാനോട് പോയ വര്‍ഷം വിടപറഞ്ഞത്. ആറ് മാസം പിന്നിടുമ്പോള്‍ 213 രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ കോടിയും മരണം അഞ്ചര ലക്ഷവും കടന്ന് കോവിഡ്19 എന്ന മഹാമാരി അതിന്റെ വ്യാപനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അത്യസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ലോകമാകെ വ്യാപിച്ചെങ്കിലും എല്ലായിടത്തും ഒരേപോലെയല്ല കോവിഡ് നാശം വിതച്ചത്. ആദ്യഘട്ടത്തില്‍ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലെ രോഗവ്യാപനവും മരണനിരക്കും പാശ്ചാത്യ രാജ്യങ്ങളിലേതിനേക്കാള്‍ കുറവായിരുന്നെങ്കിലും പുതിയ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നവയാണ്. എന്നാല്‍ രോഗവ്യാപനത്തിന്റെ എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും കോവിഡിന്റെ ഈ അതിദ്രുത വ്യാപനത്തെ തുടക്കം മുതല്‍ തന്നെ ഫലപ്രദമായി ചെറുത്തു നിന്ന കുറെയിടങ്ങളെങ്കിലും ഉണ്ടായിരുന്നു. രോഗവ്യാപന സാധ്യത ഏറ്റവുമധികം ഉണ്ടായിരുന്നിട്ട് പോലും കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ ചൈനയ്ക്കും തായ്‌വാനും വിയറ്റ്‌നാമിനും ജപ്പാനും കൊറിയയ്ക്കും ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കുമൊപ്പം ലോകത്തെ ഏറ്റവും മികച്ച കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രദേശം കേരളമാണ്.
കോവിഡിന്റെ നാള്‍വഴികള്‍
നവംബര്‍ മധ്യത്തോടെയാണ് ചില രോഗികളില്‍ ബാധിച്ച ഒരജ്ഞാതതരം ന്യൂമോണിയ രോഗം ചൈനയിലെ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുന്നത്. ഡിസംബര്‍ അവസാനം ലോകാരോഗ്യ സംഘടനയ്ക്ക് ഇത് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അനൗദ്യോഗികമായി ലഭിച്ചെങ്കിലും ജനുവരിയോടെയാണ് പുതിയ കൊറോണ വൈറസ് പരത്തുന്ന ന്യൂമോണിയ രോഗത്തെക്കുറിച്ച് ചൈന ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി പകുതിയോടെ വൈറസിന്റെ ജനിതകഘടന കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും അതിനോടകം ചൈനക്ക് പുറത്തേക്കുള്ള വൈറസിന്റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. തായ്‌ലാന്‍ഡിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് അതിവേഗം പടര്‍ന്നു പിടിച്ച ഈ രോഗം ജനുവരി മുപ്പതായപ്പോള്‍ ചൈനക്ക് പുറമേ മറ്റ് 18 രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചു. ലോകാരോഗ്യ സംഘടന അന്തര്‍ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്ന് തന്നെയാണ് ഇന്ത്യയിലെ ആദ്യ കേസും കേരളത്തില്‍ സ്ഥിരീകരിക്കുന്നത്. ഫെബ്രുവരി 11 ന് പുതിയ വൈറസ് രോഗത്തിന്റെ പേര് 2019ലെ കൊറോണ വൈറസ് രോഗം എന്നതിന്റെ ചുരുക്കമായ കോവിഡ്19 എന്നും രോഗകാരിയായ വൈറസിന്റെ പേര് SARS-CoV-2 എന്നും നല്‍കുന്നത്. മാര്‍ച്ച് 11ന് ഈ രോഗത്തെ ഒരു മഹാമാരിയായി (pandemic) ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.
മുന്‍പേ നടന്ന കേരളം
മറ്റ് പ്രകൃതി ദുരന്തങ്ങളോടെന്ന പോലെപകര്‍ച്ചവ്യാധികളെ നേരിടുന്ന കാര്യത്തിലും മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. കോവിഡിന്റെ കാര്യത്തില്‍ കേരളം ചെയ്തതും അതുതന്നെയാണ്.
ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികള്‍ വന്നു പോകുന്ന, സ്വപൗരന്മാരില്‍ പതിനേഴ് ശതമാനത്തിലധികം പേര്‍ പ്രവാസികളായ, വിദേശ രാജ്യങ്ങളില്‍ പഠനം നടത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുള്ള, ഇവരില്‍ പലരിലായി പതിനായിരത്തിലധികം യാത്രികര്‍ പ്രതിദിനം വന്ന് പോകുന്ന നാല് അന്തര്‍ദേശീയ വിമാനത്താവളങ്ങളുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളമായിരുന്നു രാജ്യത്ത് ഏറ്റവും ആദ്യവും ഏറ്റവുമധികവും രോഗവ്യാപനം ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ടായിരുന്നയിടം. പക്ഷേ കേരളം ആ ഘട്ടങ്ങളെ വിജയകരമായി അതിജീവിച്ചു കൊണ്ടിരിക്കുന്നു.
ചൈനയിലെ രോഗബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടആദ്യനാളുകളില്‍തന്നെ അതിലെ അപകടം തിരിച്ചറിയുകയും പ്രതിരോധ നടപടികള്‍ക്ക് തുടക്കം കുറിക്കുകയുമുണ്ടായി. ചൈനയില്‍ നിന്നെത്തിയ എല്ലാ യാത്രികരെയും കണ്ടെത്തുകയും അവരെ നിരീക്ഷണ വലയത്തിലാക്കുകയുമായിരുന്നു ആദ്യഘട്ടത്തില്‍ ചെയ്യേണ്ടിയിരുന്നത്.
പുതിയ കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന രോഗമാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുന്നത് ജനുവരി ഇരുപത്തിയൊന്നിനാണെങ്കിലും അതിനോടകം കേരളം പ്രതിരോധ നടപടികള്‍ തുടങ്ങി കഴിഞ്ഞിരുന്നു. ചൈനക്ക് പുറത്ത് തായ്‌ലന്‍ഡ്, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളിലായി നാല് കേസുകള്‍ മാത്രമേ അതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ എന്നുമോര്‍ക്കണം.
ജനുവരി 20ന് തന്നെ ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും 24 മുതല്‍ എല്ലാ വിമാനത്താവളങ്ങളിലും പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലും നിരീക്ഷണം ആരംഭിക്കുകയും ചെയ്തു. ചൈനയില്‍ നിന്നുള്ള എല്ലാ യാത്രികരെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെയും സ്‌ക്രീനിങ്ങിനും ക്വാറന്റൈനും വിധേയമാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊറോണ കണ്‍ട്രോള്‍ റൂമും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുമായി പൂര്‍ണമായും യുദ്ധസജ്ജമായ ആരോഗ്യ വകുപ്പിന്റെ കൂടി ശ്രമഫലമായാണ് ഇന്ത്യയിലെ ആദ്യ കേസ് ജനുവരി മുപ്പതിന് കേരളത്തില്‍ സ്ഥിരീകരിക്കുന്നത്.
ഈ ഘട്ടത്തില്‍ നിരീക്ഷണ വിധേയമാക്കിയിരുന്ന ആയിരത്തോളം പേരുടെ പട്ടികയില്‍ നിന്ന് തന്നെയാണ് രണ്ടാമത്തെയും മൂന്നാമത്തെയും രോഗികളെ കണ്ടെത്തിയതെന്നതും കേരളത്തിന്റെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മികവിന് ഉദാഹരണമാണ്. പ്രാദേശിക സമ്പര്‍ക്കത്തിലൂടെ കോവിഡ്പകര്‍ന്നു കിട്ടിയ ആദ്യ കേസ് മാര്‍ച്ച് ഒമ്പതിന് പത്തനംതിട്ടയില്‍ കണ്ടെത്തിയതും വഴിത്തിരിവായിരുന്നു.
കോവിഡ് പ്രതിരോധത്തിനായി കേരളം സ്വീകരിച്ച നടപടികള്‍ തുടക്കം മുതല്‍ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. രോഗ വ്യാപനത്തിന്റെ കണ്ണികള്‍ തകര്‍ക്കുന്നതിനായുള്ള (break the chain) കാമ്പയിന്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.സമൂഹ വ്യാപനത്തെ ചെറുക്കാന്‍ പൊതുവിടങ്ങളില്‍ ഏവരും മാസ്‌കുകള്‍ ധരിക്കണമെന്ന് കേരളം നിര്‍ദ്ദേശിക്കുന്നത് ലോകാരോഗ്യ സംഘടന പൊതുജനങ്ങള്‍ മാസ്‌കുകള്‍ ധരിക്കേണ്ടതില്ല എന്ന അവരുടെ മുന്‍ നിര്‍ദ്ദേശം തിരുത്തുന്നതിന് മുമ്പാണ്. അതുകൊണ്ടെല്ലാമാണ് കേരളം കോവിഡിന് മുന്‍പെ സഞ്ചരിക്കുകയായിരുന്നുവെന്ന് പറയുന്നത്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍
സ്‌ക്രീനിങ്, കോണ്‍ടാക്ട് ട്രെയ്‌സിംഗ്, ക്വാറന്റൈന്‍ തുടങ്ങിയ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തനങ്ങളാണ് കോവിഡ് രോഗനിയന്ത്രണ പ്രവര്‍ത്തനത്തിലെ കേരള വിജയത്തിന്റെ ഗതിനിര്‍ണയിക്കുന്നത്.ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്ത്ആറുമാസം പിന്നിടുമ്പോഴും ഇതേവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ തൊണ്ണൂറ് ശതമാനവും വിദേശത്ത് നിന്നോ അയല്‍ സംസ്ഥാനങ്ങളില്‍നിന്നോ ഇറക്കുമതി ചെയ്യപ്പെട്ടവയാണെന്നതുംപ്രാദേശികമായ രോഗപകര്‍ച്ച തീരെ കുറവാണെന്നതും (പത്ത് ശതമാനം മാത്രം) നമ്മുടെ ഫീല്‍ഡ്തല ആരോഗ്യ പ്രവര്‍ത്തന മികവിന് ഉദാഹരണമാണ്.
ജനപങ്കാളിത്തം
മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്ത ഈ രോഗത്തിന്റെ വ്യാപനത്തെ ചെറുക്കാനുള്ള ഫലപ്രദമായ ഏകമാര്‍ഗ്ഗം സാമൂഹിക അകലം പാലിക്കലാണ്. സാമൂഹിക അകലം പാലിക്കുന്നതും കൈകള്‍ ശുചിയാക്കുന്നതും പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും അതുപോലെ രോഗ സാധ്യതയുള്ളവരെ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതും അവരില്‍ നിന്നുള്ള സമ്പര്‍ക്കം കണ്ടെത്താനുള്ള കോണ്‍ട്രാക്ട് ട്രേസിംഗിനും രോഗസാധ്യതയുള്ളവര്‍ സമ്പര്‍ക്ക വിലക്കില്‍ (ക്വാറന്റൈന്‍) കഴിയുന്നതുമൊന്നും ജനങ്ങളുടെ കൂടി പൂര്‍ണമായ സഹകരണമില്ലാതെ വിജയിപ്പിക്കുക സാധ്യമല്ല. ഇത്തരം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും അനിവാര്യമായ ഒന്നാണ് ജനപങ്കാളിത്തം. കോവിഡില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ ജനങ്ങളാണെന്ന് പറയുന്നത് അതുകൊണ്ട് കൂടിയാണ്. അവരിലെ ഉയര്‍ന്ന സാക്ഷരതയും ആരോഗ്യ അവബോധവുമാണ് ഇതിന് കളമൊരുക്കിയത്. ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ബഹുജന മാധ്യമങ്ങളും വളരെ വലിയ പങ്കാണ് വഹിക്കുന്നത്.