Neetha V T

രാഘവന്‍ മാഷ്‌ ; എനിക്കച്ചാഛന്‍

ഉറ്റവര്‍ എങ്ങിനെയാണ് ഓര്‍മ്മ മാത്രമാകുക..


രാഘവന്‍ മാഷ്‌ എനിക്ക് ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ബന്ധങ്ങളെ നിര്‍വ്വചിക്കാന്‍ വാക്കുകള്‍ക്കാകാറില്ലല്ലോ ; എതാണ്ടതുപോലെ ... അഛന്റെയും അമ്മയുടേയും വിവാഹ ഫോട്ടോയിലാണ് ആദ്യമായി മാഷിനെ കാണുന്നത്. അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം... അതു കൊണ്ടു തന്നെ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ക്കേ ആ പേരു ഹൃദ്യസ്ഥമായിരുന്നു. പാലക്കാട് , സ്വരലയ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മാഷിനൊപ്പം പങ്കെടുക്കാന്‍ അനുവാദം ലഭിച്ചിരുന്നു. അച്ഛനും (ശ്രീ വി ടി മുരളി) ഞാനും മാഷിനൊപ്പമാണ് പരിപാടിക്കു പോയത്. പ്രഗത്ഭരായ നിരവധി കലാകാരന്മാര്‍ പങ്കെടുത്ത പരിപാടിയില്‍ മാഷ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ' തുമ്പീ .. തുമ്പീ ..വാ ..വാ ' ,എന്ന ഗാനമാണ് ഞാന്‍ പാടേണ്ടിയിരുന്നത്. പരിപാടിക്കു മുന്‍പു തന്നെ അദ്ദേഹത്തെ പാടിക്കേള്‍പ്പിച്ചു. മാഷെന്നെ ഹൃദയപൂര്‍വ്വം അനുഗ്രഹിച്ചു.


അച്ഛന്‍ ആദ്യമായി സിനിമയില്‍ പാടിയത് മാഷിന്റെ സംഗീത സംവിധാനത്തിലായിരുന്നു. അതാണ്‌ അവര്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ അടിസ്ഥാനമെന്ന് ഒരിക്കലും തോന്നിയിട്ടില്ല.അച്ഛാച്ഛനെ (ശ്രീ വി ടി കുമാരന്‍) കാണുനതിനുള്ള അവസരം എനിക്കുണ്ടായിട്ടില്ല. പക്ഷേ മുതിര്‍ന്നപ്പോഴാണ് അദ്ദേഹത്തിന്റെ സാമൂഹിക പ്രസക്തി വ്യക്തമായത്. നാട്ടുകാര്‍ അദ്ദേഹത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. പക്ഷേ അതിലും ആവേശത്തോടെയാണ് രാഘവന്‍ മാസ്റ്ററെക്കുറിച്ച് അച്ഛന്‍ സംസാരിക്കാറുള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രാഘവന്‍ മാസ്റ്ററാണോ യഥാര്‍ഥത്തില്‍ അച്ചാഛനെന്ന് ചേച്ചിയും ഞാനും ആലോചിക്കാറുണ്ട്. ഞങ്ങള്‍ക്ക് തോന്നിയ അതേ അടുപ്പമാണ് മാഷിനു ഞങ്ങളോടും ഉണ്ടായിരുന്നത്.


മാഷുടെ വീട്ടില്‍ എപ്പോള്‍ പോയാലും അച്ഛനും മാഷും തമ്മില്‍ ദീര്‍ഘനേരം സംസാരിക്കുന്നതു കാണാമായിരുന്നു. സംഗീതവും വിവിധങ്ങളായ വിഷയങ്ങളും സംഭാഷണത്തില്‍ ഇടം പിടിക്കും. പലപ്പോഴും ഞങ്ങള്‍ കുട്ടികള്‍ക്കിതൊന്നും മനസ്സിലാകാറില്ലെങ്കിലും , മാഷ്‌ ഞങ്ങളെക്കൂടി അവരുടെ ലോകത്തിലേക്ക് ചേര്‍ത്തു നിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു സംഗീത സംവിധായകന്‍ എന്നതിനപ്പുറം ജീവിതം കൊണ്ട് ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് മാഷിന്റേത്. കാണുമ്പോഴൊക്കെയും മാഷിന്റെ കാല്‍ തൊട്ടനുഗ്രഹം വാങ്ങാന്‍ അച്ഛന്‍ പറയാറുണ്ട്. പക്ഷേ, അതിനേക്കാളേറെ, മാഷിനൊരുമ്മ കൊടുക്കാനാണ് എനിക്കു തോന്നിയിട്ടുള്ളത്. ഒരച്ചാഛന്റെ സ്നേഹം എന്തെന്ന് എനിക്കറിയില്ല. പക്ഷേ , അത്തരമൊരു സ്നേഹവും വാത്സല്യവും പകര്‍ന്നു നല്‍കിയ മാഷിനെയാണ് ഞാനച്ഛാച്ഛനായി കാണുന്നത്. ചികിത്സയുടെ ഭാഗമായി ആശുപത്രിയിലായതിനാല്‍ അദ്ദേഹത്തെ അവസാനമായി കാണുന്നതിനായില്ല. പക്ഷേ, വിട്ടുപിരിഞ്ഞതിനു തൊട്ടു തലേ ദിവസം അച്ഛനോട് മാഷ് എന്നെക്കുറിച്ച് ഫോണില്‍ അന്വേഷിച്ചിരുന്നു എന്ന വിവരം തുലനം ചെയ്യാനാകാത്ത സ്നേഹവായ്പ്പിന്റെ അടയാളമായി നെഞ്ചില്‍ പതിയുന്നു.