Dr Soumya O

കൊറോണയും സോഷ്യല്‍ ഡിസ്റ്റന്‍സിങും

ഐസോലേഷന്‍, ഹോം ക്വാറന്റൈന്‍, ഹാന്‍ഡ് വാഷിംഗ്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്.. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി എങ്ങോട്ട് തിരിഞ്ഞാലും നമ്മള്‍ കേള്‍ക്കുന്ന വാക്കുകളാണിവ. എന്നാല്‍ഈ രണ്ടാഴ്ച ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്. കാരണം കോവിഡ് 19 നെ കുറിച്ച് നടക്കുന്ന പഠനങ്ങള്‍ നല്‍കുന്ന സന്ദേശം ഇതിനെ പിടിച്ചു കെട്ടുക എളുപ്പമാവില്ല എന്നു തന്നെയാണ്. ഒരു ആഗോള പാന്‍ഡമിക് ആയി പടരുന്നതിന്റെ ആദ്യഘട്ടത്തില്‍ ആയിരിക്കാം നമ്മള്‍ നില്‍ക്കുന്നത്. സമൂഹങ്ങളില്‍ നിന്ന് ഏറെ അച്ചടക്കവും, നിശ്ചയദാര്‍ഢ്യവും, ഒരുമയും ആവശ്യപ്പെടുന്ന സന്ദര്‍ഭമാണിത്.


Novel-Coronavirus-780x515-1


വളരെ നിര്‍ണായകമായിട്ടുള്ള ഒരു പതിനാല് ദിവസമാണ് ഇനി നമുക്ക് മറികടക്കാന്‍ ഉള്ളത്. ചൈന, കൊറിയ, ഇറാന്‍, ഇറ്റലി, യു കെ, സ്പെയിന്‍, യു എസ് തുടങ്ങിയ രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ കോവിഡ് പടര്‍ന്നത് മൂന്നും നാലും ആഴ്‌ചകളില്‍ ആണ്. രോഗബാധിതരുടെ എണ്ണം 500 മുതല്‍ 700 ല്‍ നിന്നും 10000, 20000, ഒരു ലക്ഷം വരെ എത്തിയത് ഈ സമയത്താണ് .ഇന്ത്യ ഇതുവരെ ഇതിനെ നന്നായി പ്രതിരോധിച്ചു. 3 മരണങ്ങള്‍ അടക്കം 126 കേസുകള്‍ ആണ് ഇന്ത്യ യില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളെ പോലെ ഉളള ജനസംഖ്യ അല്ല ഇന്ത്യയുടേത് എന്നുകൂടെ ഓര്‍ക്കണം. 135 കോടി ആണ് നമ്മള്‍. മാര്‍ച്ച്‌ 31വരെ നിര്‍ണ്ണായകമായ ദിനങ്ങള്‍ ആണ്. ഇവിടെയാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്റെ പ്രാധാന്യവും.


download (1)


ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) നിര്‍വചിച്ചിട്ടുള്ള രോഗവ്യാപനത്തിന്റെ ഒരു തലമാണ് സമൂഹ വ്യാപനം. ലളിതമായി പറഞ്ഞാല്‍, വൈറസ് സമൂഹത്തില്‍ കറങ്ങി നടക്കുകയും രോഗിയുമായി നേരിട്ട് ഇടപഴകുകയോ, രോഗ ബാധിതമായ സ്ഥലങ്ങളില്‍ യാത്ര നടത്തുകയോ ചെയ്തിട്ടില്ലാത്ത ആളുകള്‍ക്ക് രോഗം ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. സമൂഹ വ്യാപനം തടയുന്നതിനായി സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഏര്‍പ്പെടുത്തുന്നതിനും പൊതു സ്ഥലത്ത് കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനുമാണ് ഇന്ത്യ ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്.


എന്താണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്.


വളരെ ലളിതമായി പറയുകയാണെങ്കില്‍ നിങ്ങളും മറ്റൊരു വ്യക്തിയുമായി കൃത്യമായ അകലം പാലിക്കുക. ചുരുങ്ങിയത് ആറടി അകലം വേണമെന്നാണ് നിര്‍ദേശിക്കുന്നത്.1918 ല്‍ സ്പെയിനിലും,2009 ല്‍ മെക്സിക്കോയിലും പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികളില്‍ ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ സഹായിച്ചത് സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്ന തന്ത്രം ആണെന്ന് ചരിത്രം പറയുന്നു. രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത ആള്‍ പോലും വൈറസ് നെ മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.അതുകൊണ്ടു തന്നെ നിങ്ങള്‍ ഇടപഴകുന്ന ആളുകളുടെ എണ്ണം എത്രത്തോളം കുറയ്‌ക്കുന്നു എന്നത് വളരെ പ്രസക്തമാണ്.
സോഷ്യല്‍ ഡിസ്റ്റന്‍സിങ് നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ താഴെ നല്‍കുന്നു.


d42a4e22ee344ff5a9f5061d4869cee1_18


എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കുക. ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാമൂഹിക സാംസ്‌കാരിക കേന്ദ്രങ്ങള്‍, തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ ഇവയെല്ലാം അടച്ചു പൂട്ടുക.
കുട്ടികള്‍ കഴിയുന്നതും വീടിനു പുറത്തിറങ്ങാതെ സൂക്ഷിക്കുക. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക.


പരീക്ഷകള്‍ മാറ്റിവെക്കുക. ഇപ്പോള്‍ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു മീറ്റര്‍ അകലം നിര്‍ബന്ധമായും ഉറപ്പു വരുത്തുക.
സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുക.


മീറ്റിംഗുകള്‍ കഴിവതും വേണ്ടെന്നു വെക്കുക.അല്ലാത്ത പക്ഷം വീഡിയോ കോണ്‍ഫെറന്‍സിങ് സംവിധാനം വഴി നടത്തുക.


വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ ആളുകളെ മാത്രം പങ്കെടുപ്പിച്ചു നടത്തുക.


പള്ളികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും ആള്‍ക്കുട്ടങ്ങള്‍ ഒഴിവാക്കുക. മതപരമായ ചടങ്ങുകള്‍,പ്രാര്‍ത്ഥനകള്‍ എന്നിവയെല്ലാം ചുരുങ്ങിയ ആളുകളെ ഉള്‍ക്കൊള്ളിച്ചു നടത്തുക.


യാത്രകള്‍ കഴിവതും ഒഴിവാക്കുക. ബസുകള്‍, ട്രെയിനുകള്‍, ഫ്ലൈറ്റുകള്‍ എന്നീ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
ഹോസ്പിറ്റലുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുക.
റെസ്റ്ററന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുക. തൊട്ടടുത്തുള്ള വ്യക്തിയില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിച്ചു നില്‍ക്കുക.


ആളുകള്‍ കൂടുതലായുള്ള സ്ഥലങ്ങളില്‍ കൃത്യമായ അകലം (ഒരു മീറ്റര്‍) പാലിക്കാന്‍ ശ്രദ്ധിക്കുക.


aksharam (1)ഇത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കാത്ത പക്ഷം നമ്മള്‍ നമ്മളെത്തന്നെയാണ് അപകടത്തിലേക്ക് തള്ളി വിടുന്നത്. കൊറോണ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന ഇറ്റലി യില്‍ നിന്നുമുള്ള ഒരാളുടെ വാക്കുകള്‍ കൂടി ഇവിടെ ചേര്‍ക്കട്ടെ
“എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കൂടി കഴിയില്ല.ഓര്‍ക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകള്‍ക്ക് രോഗം വന്നിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം വൈറസ് പടരുന്നു എന്നാണ്. നിങ്ങള്‍ ഒരു പക്ഷെ ഞങ്ങളേക്കാള്‍ 2 ആഴ്ച പുറകിലായിരിക്കും.


അതുകൊണ്ട് സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഒന്നും പറ്റില്ല എന്ന് വിഡ്ഡികളെപ്പോലെ ചിന്തിക്കാതിരിക്കുക.


പറ്റുമെങ്കില്‍ വീട്ടില്‍ ഇരിക്കുക!!”


ഡോ. സൗമ്യ.ഒ
മെഡിക്കല്‍ ഓഫീസര്‍
ആയുഷ് സിദ്ധ ഡിസ്‌പെന്‍സറി
കൊട്ടിയൂര്‍
കണ്ണൂര്‍.