Dr G R Santhosh Kumar

പ്രമേഹവും കൊവിഡും: അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും

കൊറോണ വൈറസിനെതിരെ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ടവരില്‍ ഒരു വിഭാഗമാണ് പ്രമേഹബാധിതര്‍. കൊവിഡ് 19 പ്രധാനമായും ഒരു ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു അണുബാധയാണ്. എല്ലാവിധ ശ്വാസകോശ അണുബാധകളും (അവ ബാക്ടീരിയ മൂലമാകട്ടെ, വൈറസ് മൂലമാകട്ടെ) പ്രമേഹമുള്ള വ്യക്തികളില്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് എത്തിച്ചേരാം. ഒ1ച1 അണുബാധയും ക്ഷയരോഗവും പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നത് എല്ലാവരും അറിവുള്ള കാര്യമാണ്. അങ്ങനെ തന്നെയാണ് കൊവിഡും.


1


1 കൊവിഡ് 19 എങ്ങനെയാണ് പ്രമേഹ ബാധിതരില്‍ സങ്കീര്‍ണ്ണമായി തീരുന്നത്? എങ്ങനെയാണ് അത്തരം ഒരവസ്ഥയിലേക്ക് പോകാതെ സ്വയം സംരക്ഷിക്കാന്‍ കഴിയുന്നത്? എന്നിവയാണ് ഈ കുറിപ്പില്‍ വിശദീകരിക്കുന്നത്.


ആരെയും പേടിപ്പിക്കാന്‍ വേണ്ടിയല്ല ഈ വിവരങ്ങള്‍ നല്‍കുന്നത് എന്ന് ആദ്യം തന്നെ പറയട്ടെ. മറിച്ച് കാര്യങ്ങള്‍ ശരിയായി മനസിലാക്കിയാല്‍ കൊവിഡ് രോഗസംക്രമണത്തെ കൃത്യതയോടെ നമുക്ക് നേരിടാന്‍ കഴിയും എന്നാതാണ് ഈ എഴുത്തിന്റെ പിന്നിലെ ഉദ്ദേശം. കൊവിഡ് 19 പിടിപെടുന്നത് പ്രധാനമായും കഫകണികകളിലൂടെയും വായുവില്‍ തങ്ങിനില്‍ക്കാന്‍ ശേഷിയുള്ള വൈറസ് കണങ്ങളിലൂടെയുമാണ്. രോഗമുള്ള ഒരു വ്യക്തിയില്‍ നിന്നാണ് അവ പുറത്തേക്ക് വരുന്നത്. വൈറസ് ഒരാളിന്റെ ശരീരത്തില്‍ കടന്നാല്‍ 6 മുതല്‍ 8 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ ഇത് 13 ദിവസം വരെയാകാം. പക്ഷെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 23 ദിവസം മുന്‍പ് മുതല്‍ തന്നെ വൈറസ് ആ വ്യക്തിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകര്‍ന്നു തുടങ്ങും. മാത്രമല്ല ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ തന്നെ ഉണ്ടാകണമെന്നില്ല. അവസാനം പറഞ്ഞ രണ്ടു കാര്യങ്ങള്‍ കൊവിഡ് 19 ന്റെ സവിശേഷതകളാണ്. രോഗപ്രതിരോധത്തെ ബുദ്ധിമുട്ടിലാക്കുന്ന വിഷയങ്ങളുമാണ്. എങ്കിലും 80% ആളുകളിലും ലഘുമായ രോഗം മാത്രമായിരിക്കും കൊറോണവൈറസ് ഉണ്ടാക്കുക എന്നത് ആശ്വാസകരമായ കാര്യമാണെന്നും ഓര്‍ക്കണം.


hqdefault


2 ഈ സമയത്ത് കൊവിഡിനെയും പ്രമേഹത്തെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചില കണക്കുകള്‍ കൂടി നാം അറിഞ്ഞിരിക്കണം. പനി, ചുമ, ദേഹംവേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് കൊവിഡിന്റെ പ്രധാന രോഗലക്ഷണങ്ങള്‍ എന്നറിയാമല്ലോ. ശ്വാസംമുട്ടല്‍ ഗൗരവമേറിയ രോഗലക്ഷണമാണ്. ഇത്തരം രോഗികള്‍ക്ക് പ്രത്യേക ആശുപത്രി ചികിത്സ/തീവ്രപരിചരണം ആവശ്യമായി വരും. ഇങ്ങനെ ആശുപത്രി ചികിത്സ വേണ്ടിവരുന്നവരില്‍ ശ്രദ്ധേയമായ ഒരു വിഭാഗം പ്രമേഹബാധിതരായിരിക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത്, കൊവിഡ് ഗുരുതരമായി തീരുന്നവരില്‍ 16 മുതല്‍ 20% വരെ പ്രമേഹമുള്ളവരായിരിക്കും.ഇനി കൊവിഡ് ഗുരുതരമായി തീര്‍ന്ന് ഐ.സി.യുവിലേക്ക് പോകുന്നവരുടെ കണക്കെടുക്കാം. പ്രമേഹം ഇല്ലാത്തവരേക്കാള്‍ രണ്ട് ഇരട്ടിയോളം പ്രമേഹബാധിതര്‍ കൊവിഡ് മൂര്‍ച്ചിച്ച് ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നു. മരിക്കുന്നവരുടെ കണക്കെടുത്താല്‍ പ്രമേഹം ഇല്ലാത്തവരേക്കാള്‍ മൂന്നിരട്ടിയോളം പ്രമേഹ ബാധിതര്‍ കൊവിഡ് മൂലം മരണമടയുന്നു.


3 പ്രമേഹബാധിതരില്‍ എന്തുകൊണ്ട് കൊവിഡ് സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കുന്നു എന്ന് ഇനി നോക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിലെ സംവിധാനം തകരാറിലാവുന്നതാണ് പ്രമേഹത്തിന്റെ കാരണം. അതിനാല്‍ പ്രമേഹരോഗികളുടെ ശരീരത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് ക്രമാതീതമായി ഉയരുന്നു. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് പരിധിവിട്ട് ഉയര്‍ന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗമുണ്ടാവും. തകരാറിലാകും. പ്രധാനമായും കോശങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളാണ് (മെറ്റബോളിസം) തകരാറിലാവുന്നത്. ഇതിന്റെ പ്രത്യാഘാതമെന്നവണ്ണം രോഗാണുക്കളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥ (ഇമ്മ്യൂണ്‍ സിസ്റ്റം) ദുര്‍ബ്ബലമായി തീരുന്നു.


2


അതായത്, ശരീരത്തിനുള്ളിലേക്ക് കടന്നുവരുന്ന വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവയെ തടയാനുള്ള ശരീരത്തിന്റെ ശക്തി ക്ഷയിക്കുന്നു. പുറമേനിന്ന് ശരീരത്തിനുള്ളിലേക്ക് രോഗാണുക്കള്‍ പെട്ടെന്ന് കടന്നുവരാന്‍ സാധ്യതയുള്ള അവയവം ശ്വാസകോശങ്ങള്‍ ആയതിനാല്‍ പ്രമേഹരോഗികളില്‍ ശ്വാസകോശ അണുബാധകള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നെഞ്ചില്‍ കഫക്കെട്ടും ന്യുമോണിയയും ക്ഷയരോഗവും പ്രമേഹബാധിതരില്‍ കൂടുതല്‍ കണ്ടുവരുന്നതിന്റെ കാരണം ഇതാണ്. പ്രമേഹ ബാധിതരെ കൊവിഡ് കൂടുതല്‍ പിടികൂടുന്നത്തിന്റെ കാരണവും ഇതുതന്നെയാണ്. ശ്വാസകോശങ്ങളെയും ശരീരത്തെയും ആരോഗ്യത്തോടെ നിലനിറുത്താനും അണുബാധകളില്‍ നിന്ന് രക്ഷിക്കാനും , പ്രമേഹബാധിതര്‍ കൃത്യമായ/പതിവായ പരിശോധനയിലൂടെയും ജീവിതശൈലി ക്രമീകരണത്തിലൂടെയും ആവശ്യമെങ്കില്‍ ഔഷധങ്ങളിലൂടെയും മിക്കപ്പോഴും ഇന്‍സുലിന്‍ കുത്തിവെയ്പ്പിലൂടെയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിച്ചു നിറുത്തണം. ഇല്ലെങ്കില്‍ നിരവധി സങ്കീര്‍ണ്ണതകളിലേക്ക് ശരീരത്തെ വലിച്ചിഴയ്ക്കുകയാവും ചെയ്യുക. പ്രമേഹ ബാധിതരില്‍ കൂടുതലായി കണ്ടുവരുന്ന കൊവിഡ് അത്തരം ഒരു സങ്കീര്‍ണ്ണതയാണ്.


3


ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കണം. മുകളില്‍ പറഞ്ഞ രീതിയില്‍ പ്രമേഹം നിയന്ത്രിച്ചു നിറുത്താത്ത പ്രമേഹ ബാധിതരില്‍ വൃക്കകള്‍ക്ക് തകരാറുകള്‍ ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണ്. വൃക്കകളുടെ പ്രവര്‍ത്തനം വലിയ തോതില്‍ തകരാറിലായാല്‍ ഡയാലിസിസ് പോലെയുള്ള ചികിത്സകള്‍ വേണ്ടിവരും. മാത്രമല്ല, നിയന്ത്രണമില്ലാത്ത പ്രമേഹം ഹൃദ്രോഗത്തിനും കാരണമായിത്തീരാം. ഇങ്ങനെയുള്ളവരില്‍ ഹൃദയഭിത്തികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഭംഗമുണ്ടാവുകയും ചെയ്യാം. ഈ രണ്ടവസ്ഥകളും വൃക്കകളുടെ തകരാറും ഹൃദയഭംഗവും, പ്രമേഹ ബാധിതരില്‍ കൊവിഡ് ഗുരുതരമായി തീരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആ അവസ്ഥയില്‍ എത്തിയ പ്രമേഹ ബാധിതര്‍ ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൊവിഡ് രോഗം തന്നെ ചിലപ്പോള്‍ ഹൃദയത്തിന് ക്ഷതമേല്‍പ്പിക്കാം. ഹൃദയഭിത്തികളില്‍ അണുബാധയുടെ ഭാഗമായി നീര്‍ക്കെട്ട് ഉണ്ടാകുന്നതാണ് ഇതിന് കാരണം. കൊവിഡ് വഴിയുണ്ടാവുന്ന ഹൃദയത്തിന്റെ തകരാറും, അനിയന്ത്രിതമായ പ്രമേഹവും, പ്രമേഹം വഴിയുണ്ടാവുന്ന ഹൃദയത്തിന്റെ തകരാറുകളും ഒത്തുചേരാന്‍ ഇടവരുന്നത് അത്യന്തം അപകടകരമാണ്. മറ്റൊരു കാര്യം പ്രമേഹ ബാധിതരില്‍ പൊതുവേ കണ്ടുവരുന്ന അമിതവണ്ണവും ദുര്‍മ്മേദസ്സുമാണ്. അമിതവണ്ണം കൊവിഡ് രോഗബാധയെ സങ്കീര്‍ണ്ണമാക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. പ്രത്യേകിച്ചും കുടവയര്‍. അമിതവണ്ണമുള്ളവരില്‍ കോശങ്ങള്‍ക്കുള്ളിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്നു. ഇതിന്റെ ഫലമായി രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ഇമ്മ്യൂണ്‍ വ്യവസ്ഥ ദുര്‍ബ്ബലമാവുകയും അണുബാധയുണ്ടാകുന്നതിന് വഴിയൊരുങ്ങുകയും ചെയ്യുന്നു. മാത്രമല്ല കുടവയറും അമിതവണ്ണവും സുഗമമായി ശ്വസിക്കുന്നതിനും തടസ്സമുണ്ടാക്കും. വീര്‍ത്തിരിക്കുന്ന വയറുള്ളവരുടെ ശ്വാസകോശങ്ങളുടെ താഴെ ശരിയായി വായുസഞ്ചാരം ഉണ്ടാകില്ല. വൈറസ് ബാധിക്കുമ്പോള്‍ ശ്വാസകോശങ്ങളുടെ താഴ്ഭാഗത്ത് ന്യുമോണിണ ഉണ്ടാകാന്‍ ഇത് കാരണമായിത്തീരാം. മാത്രമല്ല, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് രക്തത്തിലെ ഓക്‌സിജന്റെ അളവിനെ കുറയ്ക്കാം. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുന്നതിനെ ത്വരിതപ്പെടുത്തുകയും ചെയ്യാം.


4. കൊവിഡ് രോഗബാധയെ തടയാന്‍ പ്രമേഹ ബാധിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: കൃത്യമായ ഇടവേളകളിലുള്ള, പതിവായ രക്തപരിശോധനയിലൂടെ രക്തത്തിലെ ഗ്ലൂക്കൊസിന്റെ അളവ് നിരീക്ഷിക്കുകയും, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും, പതിവായി വ്യായാമം ചെയ്യുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ഔഷധങ്ങള്‍ കഴിക്കുകയും വേണ്ടിവന്നാല്‍ ഇന്‍സുലിന്‍ കുത്ത്തിവെയ്ക്കുകയും ചെയ്യുതിലൂടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചു നിറുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അങ്ങനെയുള്ള പ്രമേഹബാധിതര്‍ തങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് അധികമായി ഉണ്ടാകാന്‍ സാധ്യതയുള്ള അണുബാധയില്‍ നിന്ന് വിമുക്തരായിരിക്കും.


4


ഈ സുരക്ഷിതത്വം നേടാന്‍ പ്രമേഹബാധിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.


1. കൊവിഡിനെ നേരിടാന്‍ പ്രമേഹബാധിതര്‍ മുന്‍കൂട്ടി തയ്യാറെടുക്കുകയാണ് വേണ്ടത്. തങ്ങളുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് അവര്‍ ശരിയായി മനസ്സിലാക്കണം. പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറെ ഓണ്‍ലൈനിലൂടെയോ/നേരിട്ടോ ബന്ധപ്പെട്ടിട്ട് പ്രമേഹം ശരിയായി നിയന്ത്രിച്ചു നിറുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക


2. ചികിത്സിക്കുന്ന ഡോക്ടര്‍, സമീപത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍, ഒരാവശ്യം വന്നാല്‍ പെട്ടെന്ന് പോകേണ്ട ആശുപത്രി, കൊവിഡ് ഹെല്‍പ്പ് ലൈന്‍, ദിശ എന്നിവയുടെ നമ്പര്‍ എപ്പോഴും കാണാവുന്ന ഒരു സ്ഥലത്ത് എഴുതി വെയ്ക്കണം.


3. പ്രമേഹത്തിന് കഴിക്കേണ്ട മരുന്നുകള്‍ ആവശ്യാനുസരണം വാങ്ങി സൂക്ഷിക്കണം. മരുന്നുകള്‍ വാങ്ങാനായി കൂടെകൂടെ വീടിനു പുറത്തേക്ക് പോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.


4. വീട്ടില്‍ വെച്ചുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് ഇടയ്ക്കിടക്ക് ചെക്ക് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമുണ്ടെങ്കില്‍ (ഗ്ലൂക്കൊമീറ്റര്‍) നന്നായിരിക്കും.


5. കൂടുതല്‍ സമയം വീട്ടില്‍ കഴിയുമ്പോള്‍ മൂന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി അറിയണം


(എ) ഭക്ഷണം കൂടുതല്‍ കഴിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുക


(ബി) വ്യായാമവും ആഹാരക്രമീകരണവും ഇല്ലാതെ വണ്ണം വെയ്ക്കുക


(സി) വിഷാദവാനായിത്തീരുക ഇത് മൂന്നും ഗൌരവമുള്ള വിഷയങ്ങളാണ്.


ഇവയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പറയാം.


5


(എ) നമ്മുടെ ശരീരം ഒരു വാഷിംഗ് മെഷീനാണെന്ന് സങ്കല്‍പ്പിക്കുക. മുന്‍പ് ഒരു നേരം 6 ബെഡ് ഷീറ്റ് കഴുകി തരാനുള്ള ശേഷി അതിനുണ്ടായിരുന്നു. അങ്ങനെ 3 നേരമായി ഒരു ദിവസം കൊണ്ട് 18 ഷീറ്റുകള്‍ അത് കഴുകും. പക്ഷെ, ഇപ്പോള്‍ ചെയിയ വ്യത്യാസമുണ്ട്. ഒരു നേരം 3 ഷീറ്റ് കഴുകി തരാനേ അതിന് കഴിയു. എന്നാല്‍ ഒരു ദിവസത്തെ മൊത്തം ശേഷിക്ക് കുറവൊന്നുമില്ല. 18 തന്നെ. അതുകൊണ്ട് നേരത്തെ ഉണ്ടായിരുന്നതിന്റെ പകുതി, ഒരു നേരം 3 ഷീറ്റ് വീതം 6 നേരമായി കഴുകിയാല്‍ കാര്യങ്ങള്‍ സുഗമമായി നടന്നുപോകും. പ്രമേഹ ബാധിതരുടെ കാര്യം ഏതാണ്ട് ഇതിന് സമാനമാണ്. നേരത്തെ 3 നേരം വയറു നിറച്ച് ആഹാരം കഴിച്ചിരുന്ന ആളായിരുന്നു. പക്ഷെ ഇപ്പോള്‍ അതുപോലെ കഴിച്ചാല്‍ പ്രമേഹം വര്‍ധിക്കും. എന്തെന്നാല്‍, ശരീരത്തിലെ കോശങ്ങള്‍ക്ക് പഴയത് പോലെ ഒരു നേരം കഴിച്ചിരുന്ന അത്രയും അളവ് ഭക്ഷണം ഒറ്റനേരം കൊണ്ട് ദഹിപ്പിക്കാന്‍ കഴിയുന്നില്ല. പക്ഷെ അല്പം സാവകാശം കൊടുത്താല്‍ മുഴുവന്‍ ഭക്ഷണവും ദഹിക്കും. അതുകൊണ്ട് 3 നേരമായി കഴിച്ചിരുന്ന ഭക്ഷണം 6 പ്രാവശ്യമായി കഴിക്കുക എന്നതാണ് പരിഹാരം. ഭക്ഷണത്തിലെ ധാന്യങ്ങളുടെ അളവാണ് പ്രധാനമായും കുറയ്‌ക്കേണ്ടത്. അത് അരിയായാലും ഗോതമ്പായാലും അളവില്‍ കുറയ്ക്കുക. ധാന്യങ്ങളുടെ അളവ് കുറയ്ക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് മാത്രമല്ല, അമിതവണ്ണമുണ്ടാകാനുള്ള സാധ്യതും കുറയും. അമിതമായി കഴിക്കുന്ന ധാന്യങ്ങളിലെ അന്നജമാണ് കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നത്. ധാന്യങ്ങളിലെ അന്നജം പെട്ടെന്ന് ശരീരത്തിലേക്ക് കയറി രക്തത്തിലെ ഗ്ലൂക്കോസ് ഉയരാതിരിക്കാന്‍ ഒരു സൂത്രമുണ്ട്. നാരുകളുള്ള ഭഷ്യവസ്തുക്കള്‍, പ്രധാനമായും പച്ചക്കറികളും ഇലക്കറികളും ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക എന്നതാണത്. അവ കുടലുകളില്‍ നിന്ന് അന്നജം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പ്രകീയയുടെ വേഗം കുറയ്ക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.


(ബി) പ്രമേഹ ബാധിതര്‍ ദിവസവും കുറഞ്ഞത് 30 മിനിട്ടെങ്കിലും നടക്കണം. ഒരുമിച്ചു 30 മിനിറ്റ് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ രാവിലെ 15 മിനിട്ടും വൈകുന്നേരം 15 മിനിട്ടുമായും നടക്കുക. ഇതിനോടൊപ്പം വീട്ടിനുള്ളില്‍ വെച്ചുതന്നെ ചെയ്യാവുന്ന വ്യായാമമുറകളും ചെയ്യാം. പറഞ്ഞുവന്നത് വ്യായാമം പതിവായി ചെയ്തിരുന്നവര്‍ അത് മുടങ്ങാതെ ചെയ്യണം എന്നാണ്. എന്നാല്‍ 'കൊറോണ കാലമല്ലേ, കുറച്ച് വ്യായാമം ആയിക്കളയാം' എന്ന് കരുതി വ്യായാമം ആദ്യമായി തുടങ്ങുന്നവര്‍ നിങ്ങളുടെ ഡോക്ടറുമായി അക്കാര്യം തുടങ്ങുന്നതായിരിക്കും അഭികാമ്യം.


6


(സി) പ്രമേഹം പോലെയുള്ള ജീവിതശൈലീ രോഗങ്ങള്‍ മാനസിക ആരോഗ്യത്തെ പ്രതികൂലമായി ചിലപ്പോള്‍ ബാധിക്കാം. ഇത് പ്രമേഹം കൂടുതല്‍ തീവ്രമായി തീരാന്‍ വഴിയൊരുക്കുകയും ചെയ്യും. വിഷാദരോഗമാണ് ഇതില്‍ പ്രധാനം. പ്രമേഹവും വിഷാദവും ഒത്തുചേരുമ്പോള്‍ മറ്റുരോഗങ്ങള്‍, അണുബാധകള്‍ എന്നിവ (ഇന്നത്തെ സാഹചര്യത്തില്‍ കോവിഡും) പ്രമേഹബാധിതര്‍ക്ക് പിടിപെടാനുള്ള സാധ്യത വര്‍ധിക്കുന്നു. ഇതിനെക്കുറിച്ച് കരുതലുണ്ടാവണം. വിഷാദരോഗം എന്താണെന്ന് മനസിലാക്കണം. ആവശ്യം വന്നാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം സ്വീകരിക്കുകയും വേണം.


6. മാനസിക സംമ്മര്‍ദ്ദം ഉഴിവാക്കാന്‍ ഓരോരുത്തരും അവരവര്‍ക്ക് ഇണങ്ങുന്ന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. സമാധാനത്തോടെ ഇരിക്കാന്‍ സ്വയം പരിശീലിക്കണം. ആവശ്യമെങ്കില്‍ അതിനായി പ്രൊഫെഷണല്‍ കൌണ്‍സിലറെ സമീപിക്കാം.


97998399_3105142162882362_1913947859296714752_n


7. പുകവലിക്കുന്ന പ്രമേഹ ബാധിതല്‍ ഒരു കാര്യം മനസിലാക്കണം. നിങ്ങള്‍ തീകൊണ്ട് കളിക്കുകയാണ്. പുകവലി നിങ്ങളുടെ വൃക്കകളെ നശിപ്പിക്കും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിനു തടസ്സമുണ്ടാക്കും. ഡയാലിസിസും ഹൃദയാഘാതവും നിങ്ങളെ കാത്തിരിക്കുന്നു. മാത്രമല്ല, കൊറോണവൈറസിന് അതിവേഗം നിങ്ങളുടെ ശ്വാസകോശത്തിലേക്ക് കടന്നുകയറി അണുബാധയുണ്ടാക്കാന്‍ നിങ്ങള്‍ വഴിയൊരുക്കുകയുമാണ്. ഒരു സംശയവും വെണ്ട, ഇപ്പോള്‍ തന്നെ പുകവലി മതിയാക്കിക്കൊള്ളുക.


8. ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ മറക്കരുത്.


9. ഒരു തെര്‍മോമീറ്റര്‍ വാങ്ങി ശരീരത്തിന്റെ ഉഷ്മാവ് സ്വയം പരിശോധിക്കാം. 10. സാധനങ്ങള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യരുത്.


11. എല്ലാവരെയും പോലെ സാമൂഹിക അകലം (രണ്ട് കയ്യകലം ദൂരം) പാലിക്കണം


12. വായു സഞ്ചാരമില്ലാത്തതും ആളുകള്‍ കൂട്ടം കൂടുന്നതുമായ മുറികള്‍, സ്ഥലങ്ങള്‍ എന്നിവ ഒഴിവാക്കുക


13. വീട്ടിനുള്ളില്‍ കഴിയുക. പുറത്തുപോവുമ്പോള്‍ എപ്പോഴും മാസ്‌ക് ധരിക്കുക


14. ഇടവിട്ട് സോപ്പി ഇപയോഗിച്ച് കൈകഴുകുക/ ഹാന്‍ഡ് സാനിട്ടൈസര്‍ ഉപോഗോയിക്കുക15. മുഖത്ത് തൊടുന്നത് ഒഴുവാക്കുക


16. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ (പൂച്ച, നായ) എന്നിവയുമായി ഇടപഴകുമ്പോള്‍ മാസ്‌ക് ധരിക്കണം. അവയെ സ്പര്‍ശിച്ച ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം.


17. പനി, തുമ്മല്‍, മൂക്ക് ചീറ്റല്‍ എന്നിവയുണ്ടെങ്കില്‍ വീട്ടില്‍ തന്നെയിരിക്കുക. അലക്ഷ്യമായി പുറത്തിറങ്ങി ജലദോഷം മറ്റുള്ളവരിലേക്ക് പകരാന്‍ ഇടവരുത്തരുത്. ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടുക. ആവരുടെ നിര്‍ദ്ദേശാനുസരണം ഡോക്ടറുടെ അടുത്തോ ആശുപത്രിയിലോ പോവുക.


18. എല്ലാ പനിയും ചുമയും കോവിഡ് അല്ല. പക്ഷെ അത് സ്വയം തീരുമാനിക്കരുത്. എപ്പോഴും നിങ്ങളുടെ ചുറ്റും ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടാവും. അവരെ വിളിക്കാന്‍ ഒരു മടിയും ഉണ്ടാകരുത്.


19. യാത്ര ചെയ്യേണ്ടി വരികയാണെങ്കില്‍ നിങ്ങളുടെ സഞ്ചാരം, താമസം, ഔഷധങ്ങള്‍, ഇന്‍സുലിന്‍ കുട്ടിവേയ്പ്പ് എന്നിവ നന്നായി പ്ലാന്‍ ചെയ്യണം. രക്തത്തില്‍ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥയെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും നന്നായി മനസിലാക്കണം.


20. പ്രമേഹം നിയന്ത്രിച്ചു നിറുത്തിയിരിക്കുന്ന വ്യക്തി ഒരു സാധാരണ വ്യക്തിയെപ്പോലെയാണെന്ന് മറ്റാരേക്കാള്‍ നിങ്ങള്‍ നന്നായി അറിയാണം. ഏത് സാഹചര്യത്തിലും ആത്മവിശ്വാസം കാത്തുസൂക്ഷിക്കണം.