Nayib E M

നീതിക്കായുള്ള പോരാട്ടം മരണം വരെയും തുടരും: പത്മിനി, ട്രാഫിക്ക് പോലീസ് വാര്‍ഡന്‍

അഭിമുഖം


പത്മിനി / നായിബ് ഇ എം



ഭരണകൂടവും പോലീസും തോളോട് തോള്‍ ചേര്‍ന്ന് വേട്ടക്കാരന് എല്ലാ വിധ സംരക്ഷണങ്ങളും തീര്‍ത്തിട്ടും നീതിനേടിയേ വിശ്രമമുള്ളൂ എന്ന് മനസ്സിലുറച്ച് പോരാട്ട വീഥിയില്‍ അചഞ്ചലമായി നിലകൊള്ളുന്ന പ്രാരാബ്ധകാരിയായ ട്രാഫിക്ക് വാര്‍ഡന്‍ പത്മിനി അവിടത്തുകാര്‍ക്ക് മാത്രമല്ല ആഗോളമലയാളി സമൂഹത്തിന് മുമ്പില്‍ തന്നെ കാലം ഉയര്‍ത്തുന്ന സമസ്യയായി നിലകൊണ്ടിട്ട് ദിവസങ്ങള്‍ പിന്നിട്ടിരുന്നു. അതുകൊണ്ട് തന്നെ ദേശീയപാത 17ല്‍ എറണാകുളം നഗരത്തിന്റെ തെക്കേ അറ്റത്ത് നെട്ടൂര്‍ ഐഎന്‍ടിയുസി കവലയില്‍ നിന്നും അവിടത്തുകാരോട് ചോദിച്ച് ട്രാഫിക്ക് വാര്‍ഡന്‍ പത്മിനിയുടെ വീട് കണ്ടെത്താന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. ഏതോ ദൃശ്യമാധ്യമത്തിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുന്നതിനാല്‍ പത്മിനിയെയും കാത്ത് അവര്‍ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത് നിന്നപ്പോള്‍ സഹാനുഭൂതി നിറഞ്ഞ അഭിപ്രായങ്ങളോടൊപ്പം പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ കാപട്യം അറിയാതെ പ്രതിഫലിക്കുന്ന അഭിപ്രായ പ്രകടനങ്ങളും നാട്ടുകാരില്‍ ചിലരില്‍ നിന്ന് ഇങ്ങനെ ഉയര്‍ന്നു. “നാലാളറിയാതെ ഒതുക്കി ത്തിര്‍ക്കേണ്ട കേസായിരുന്നു. രണ്ടു പെണ്‍കുട്ടികളുടെ അമ്മയും വിധവയുമായ അവരും പോലീസും അത് ശ്രദ്ധിക്കേണ്ടിരിന്നു. ഇപ്പോള്‍ എല്ലാം കൈവിട്ട് പോയില്ലേ"


പത്മിനി വന്നത് അറിഞ്ഞ് അവര്‍ താമസിക്കുന്ന വീട്ടിലേക്ക് ഇടുങ്ങിയ വഴിയിലൂടെ കടന്നു ചെല്ലുമ്പോള്‍ വരും തലമുറക്കായി തന്റെ ജീവന്‍ വരെ നഷ്ടപ്പെടുത്താന്‍ ഒരുക്കമായ ഇത്രയും വിശാലമായ ഒരു മനസ്സ് അവിടെ ഉണ്ടായിരുന്നുവെന്ന് വിചാരിച്ചിരുന്നില്ല. ജീവിക്കാന്‍ വേണ്ടി പൊരിവെയിലില്‍ കഷ്ടപ്പെടുമ്പോള്‍ നേരിട്ടതും തുടര്‍ന്ന് നേരിടുന്നതുമായ അനുഭവങ്ങള്‍ വച്ചുകെട്ടലുകളുടെ കാപട്യങ്ങള്‍ക്ക് തെല്ലുപോലും ഇടമില്ലാത്ത ഭാഷയില്‍ എന്നോട് സംസാരിച്ചുതുടങ്ങി


സംഭവം ഒന്ന് വിശദീകരിക്കാമോ?


രണ്ടാം തീയതി രാവിലെ 11 മണിയോട് കൂടി കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ഒരു വണ്ടി വന്ന് പെട്ടെന്ന് എന്റെ പുറകില്‍ നിറുത്തി "നീ എവിടെ നോക്കി നിക്കുവാടീ?എന്റെ വണ്ടി ഇടിച്ചത് കണ്ടില്ലേ? നിന്നെ ഇവിടെ നിറുത്തതില്ലെടീ ” എന്ന് ഡിസിസി അംഗമെന്നോ ഭാരവാഹിയെന്നോ സ്വയം അവകാശപ്പെട്ട് ഭീഷണിപ്പെടുത്തി കടന്നു പിടിച്ച് മര്‍ദ്ദിക്കുന്നു.KL 07 BV 4856 കറുത്തതെന്ന് പെട്ടെന്ന് തോന്നുന്ന ഇരുണ്ട നീലനിറത്തിലുള്ള വണ്ടി 10.30ഓടെ സാമാന്യം നല്ല വേഗതയില്‍ യൂ ടേണ്‍ എടുത്ത് മുമ്പോട്ട് പോയി പെട്ടെന്ന് ബ്രേക്ക് ചെയ്ത് അതേ വേഗതയില്‍ പിറകോട്ട് വന്നിരുന്നു.രണ്ട് ബൈക്ക് കാരെ തടഞ്ഞു നിര്‍ത്തി ആ സമയത്ത് ആ വണ്ടിക്ക് പോകാനുള്ള അവസരം ഒരുക്കുകയാണ് ഞാന്‍ ചെയ്തത്.ആ സമയം തന്നെ തങ്ങളെയല്ല ആ കാറുകാരനെയാണ് തടഞ്ഞു നിര്‍ത്തേണ്ടതെന്ന് ബൈക്കുകാര്‍ പരാതിരൂപേണ എന്നോട് പറയുകയും ചെയ്തിരുന്നു.അതുകൊണ്ടാണ് ഈ വണ്ടി എനിക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചത്.പെട്ടെന്നുണ്ടായ ആക്രമണമായതിനാല്‍ പ്രതികരിക്കാനോ ഒച്ചവയ്കാനോ സാധിച്ചില്ല.സമചിത്തത വീണ്ടെടുത്ത് വണ്ടി നമ്പര്‍ കുറിച്ചെടുത്ത് 100ല്‍ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ സംഭവം നടന്ന സമയം വച്ച് ഒരു പരാതി നല്കാനും സ്ടേഷനില്‍ വിളിച്ച് വിവരം അറിയിക്കാനുമാണ് നിര്‍ദ്ദേശിച്ചത്.അതുപ്രകാരം പോലീസ് സ്ടേഷനില്‍ വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ഡ്യൂട്ടിക്ക് നിന്നിരുന്ന ട്രാഫിക്ക് സെക്ടര്‍ ഇന്‍ചാര്‍ജ്ജ് ആയ ഒരു ASI യും വേറൊരു ഉദ്യോഗസ്ഥനും ബൈക്കില്‍ ആവഴി വന്നപ്പോഴും ഞാന്‍ സംഭവം ഉണര്‍ത്തിച്ചു .


ഇടപ്പള്ളി ട്രാഫിക്ക് സ്ടേഷനില്‍ ചെല്ലാന്‍ പറഞ്ഞത് പ്രകാരം കലൂരിലേക്ക് വണ്ടി കയറി.അവിടെ നിന്നും ഇടപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ കടവന്ത്രയിലേക്ക് ചെല്ലാനുള്ള നിര്‍ദ്ദേശം വന്നു.അത് പ്രകാരം കടവന്ത്രയിലേക്ക് തിരിച്ച് പോകവേ നോര്‍ത്ത് പോലീസ് സ്ടേഷനിലേക്ക് ചെല്ലാന്‍ ഇടപ്പള്ളി ട്രാഫിക്ക് സ്ടേഷനില്‍ നിന്ന് നിര്‍ദ്ദേശിച്ചു.അത്രയും വിഷമിച്ചിരിക്കുന്ന അവസരത്തില്‍തന്നെ പോലീസ് അത്രയും എന്നെ വിഷമിപ്പിച്ചു.അതിനിടയ്ക് സിഐ ഫോണില്‍ വിളിച്ച് വിശദവിവരമാരാഞ്ഞപ്പോള്‍ ബസ്സിലാണ്,യാത്രക്കാരൊക്കെ കീറീപ്പറിഞ്ഞ യൂണിഫോമിലുള്ള തന്നെ ശ്രദ്ധിക്കുമെന്നും നേരിട്ട് വന്ന് വിവരങ്ങള്‍ ബോധിപ്പിക്കാമെന്നും പറഞ്ഞു.ആക്രമണത്തിനിരയായ ഞാന്‍ ചത്ത മനസ്സോടെ നഗരം മുഴുവന്‍ ബസ്സില്‍ കറങ്ങി ബസ്ടോപ്പില്‍ നിന്നും അല്പദൂരം അകത്തുള്ള എറണാകുളം നോര്‍ത്ത് പോലീസ് സ്ടേഷനില്‍ രണ്ട് മണിയോടെ എത്തി.ഇടപ്പിള്ളീ ട്രാഫിക്ക് പോലീസ് സ്ടേഷനിലെ സിഐയും നോര്‍ത്ത് സിഐയും എന്നോട് വിവരങ്ങള്‍ ചോദിച്ചറീഞ്ഞു.അതിനിടയ്കു മൊഴി രേഖപ്പെടുത്തുമുണ്ടായിന്നു.മൊഴിയെടുക്കല്‍ മുക്കാല്‍ ഭാഗം പൂര്‍ത്തിയായപ്പോള്‍ സിറ്റി. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി.ശ്വേതയുടെ പ്രശ്നങ്ങള്‍ ഒക്കെ ചുണ്ടിക്കാട്ടി ഡിസിസി ഭാരവാഹിയാണെന്ന കാര്യവും മാറത്ത് പിടിച്ച കാര്യവും പുറത്തു പറയണ്ട എന്ന് ഉപദേശിച്ച് ഒരു കവറും തന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു.അസി.കമ്മീഷണര്‍ വരെ സ്ഥലത്തെത്തിയപ്പോള്‍ എന്റെ പരാതി വകുപ്പ് മേധാവികള്‍ പ്രാധാന്യത്തോടെ കാണുന്നുവെന്ന് തോന്നിയെങ്കിലും ഇപ്പോള്‍ പ്രതിയെ രക്ഷിക്കാനുള്ള കരുനീക്കങ്ങളായിരുന്നു എന്നെ നഗരത്തില്‍ മണിക്കൂറുകളോളം വട്ടം ചുറ്റിച്ചതിന് പിന്നിലും അസി.കമ്മീഷണറുടെ ഉപദേശത്തിന് പിന്നിലും ഉണ്ടായതെന്ന് ഞാന്‍ സംശയിക്കുന്നു.


ആശുപത്രിയില്‍ എക്സറേ എടുത്തു നോക്കി കുഴപ്പമില്ല എന്ന് പറഞ്ഞതു.മോള്‍ വീട്ടില്‍ തനിച്ചായതുകൊണ്ടും ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയാലുണ്ടാവുന്ന പ്രശ്നങ്ങള്‍കാരണം ഞാനന്നു തന്നെ വീട്ടിലേക്ക് പോന്നു


തുടര്‍ന്നുള്ള ദിവസങ്ങള്‍ പത്മിനി ഓര്‍മ്മിച്ചെടുക്കുന്നു....


അടുത്ത ദിവസം ജോലിഭാരമില്ലാത്ത സ്ഥലത്തായിരുന്നു എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നത്.അതിനയുത്ത ദിവസം നല്ല തിരക്കുള്ള സ്ഥലത്തായിരുന്നു.ഗതാഗത നിയന്ത്രണത്തിനായി ഹാന്‍ഡ് സിഗ്നല്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടി വന്നതിനാല്‍ അസഹ്യമായ വേദന കൈകളില്‍ അനുഭവപ്പെട്ടെങ്കിലും ഉച്ച വരെ ഞാന്‍ പിടിച്ചു നിന്നു.സ്ടേഷനിലെ ടാഫിക്ക് നിയന്ത്രണ വിഭാഗത്തില്‍ വിളിച്ച് പറഞ്ഞ് ഞാന്‍ വീടിനടുത്തുള്ള നെട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്നു.മകള്‍ വാടക വീട്ടില്‍ ഒറ്റക്കായതിനാലും സഹായത്തിന് നാട്ടുകാര്‍ ഉണ്ടാകും എന്നതിനാലുമാണ് വീടിനടുത്തുള്ള ആശുപത്രി തെരെഞ്ഞെടുത്തത്.അതിന് ശേഷം സംഭവം നടന്ന് മൂന്നാം ദിവസം നോര്‍ത്ത് പോലീസ് സ്ടേഷനിലെ എസ് ഐയും പോലീസുകാരനും വനിതാപോലീസുദ്യോഗസ്ഥയും കൂടി വീണ്ടും മൊഴിയെടുക്കാന്‍ വന്നു.അരപ്പേജില്‍ മൊഴിയെടുത്ത് ബാക്കി മൊഴി സംഭവദിവസം കൊടുത്തമൊഴിയില്‍ നിന്ന് ചേര്‍ത്തുകൊള്ളാമെന്ന് പറഞ്ഞ് പോയ പോലീസ് സംഭവദിവസം നോര്‍ത്ത് പോലീസ് സ്ടേഷനില്‍ വച്ച് രേഖപ്പെടുത്തിയ മൊഴിക്ക് പകരം മൂന്നാം ദിവസമെടുത്ത മൊഴിയാണ് പോലീസ് കോടതി മുമ്പാകെ സമര്‍പ്പിച്ചത്.എന്നെ ഉപദ്രവിച്ച് വിവരം മൂന്നാം ദിവസം മാത്രമാണ് ഞാന്‍ പറയുന്നതെന്നായിരുന്നു പോലീസ് കോടതിയില്‍ അറിയിച്ചത് .സംഭവം പൊതുജനശ്രദ്ധ ആകര്‍ഷിച്ചതോടെ വാടകവീടിന്റെ ഉടമ വീടുമാറണമെന്ന് പറഞ്ഞു.ഒമ്പതാം തീയതി ഡിസ്ചാര്‍ജ്ജ് വാങ്ങി ഈ വീട്ടിലേക്ക് താമസം മാറി.



അടുത്ത ദിവസം ഷഹന എന്ന ഡിവൈഎഫ് ഐയുടെ പ്രവര്‍ത്തകയുമായി മൊഴിയുടെ പകര്‍പ്പുകളെല്ലാം വാങ്ങുന്നതിനായി നോര്‍ത്ത് പോലീസ് സ്ടേഷനില്‍ ചെന്നു.എഫ് ഐ ആറില്‍ ചേര്‍ക്കാത്ത രണ്ട് വകുപ്പുകള്‍കൂടി -കൃത്യനിര്‍‌ വ്വഹണത്തെ തടസ്സപ്പെടുത്തി,പ്രതിയ്ക് ജാമ്യം നല്കിയാല്‍ എന്റെ ജീവന് ഭീഷണിയാണ് - ചേര്‍ത്തിട്ടാണ് കോടതിയില്‍ മുന്‍കൂര്‍ജാമ്യഹര്‍ജ്ജിയെ എതിര്‍ത്തുകൊണ്ട് പോലീസ് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നുവെന്നും കൂടി നോര്‍ത്ത് എസ് ഐ പറയുകയുണ്ടായി.മോളേയെന്ന് പിതൃവാത്സല്യത്തോടെ വിളിച്ച് അഭിസംബോധനചെയ്ത അസി.കമ്മീഷണറുടെയും എനിക്കനുകൂലമായി രണ്ടു വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞ എസ് ഐയുടെയും നിലപാട് കള്ളമായിരുന്നുവെന്നത് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് മനസ്സിലായത്.


ഹാജറാവണമെന്ന് പറഞ്ഞ് എനിക്കയച്ച നോട്ടീസ് പ്രകാരം പത്താം തിയതി കൃത്യസമയത്ത് തന്നെ ഞാന്‍ നോര്‍ത്ത് സിഐയുടെ ഓഫീസില്‍ എത്തി.സംഭവം വിവാദമായതിന്റെ പേരില്‍ ആദ്യം മുതല്‍ അന്വേഷിക്കാന്‌ പോവുകയാണ്.ഇവിടെ മൊഴിരേഖപ്പെടുത്താന്‍ ആളില്ല .പുറത്ത് കാത്തിരിക്കാന്‍ പരുഷമായി പറഞ്ഞു.പിന്നീട് മൊഴിരേഖപ്പെടുത്തലല്ല യതാര്‍ത്ഥതില്‍ ചോദ്യം ചെയ്തു പീഡിപ്പിക്കയാണ് ഉണ്ടായത്.കാറിന്റെ നിറം മുമ്പും ഞാന്‍ പറഞ്ഞത് പോലെ കറുത്ത ഇരുണ്ട നീല എന്ന പറഞ്ഞത് കേന്ദീകരിച്ച് എന്റെ മൊഴിയില്‍ വൈരുദ്ധമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് പിന്നീട് അവിടെയുണ്ടായത്.സംഭവദിവസം പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ല എന്ന് പറഞ്ഞ് ഞാന്‍ അവിടെനിന്നിറങ്ങവെ മകളുടെ വിദ്യാഭ്യാസാവശ്യം പണം വായ്പതരാമെന്ന് പറഞ്ഞ സ്നേഹിതന്‍ മൊബൈല്‍ ഫോണില്‍ വിളിച്ചു. തിരിച്ചുവിളിക്കാം എന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്ത് സിഐ ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ ഞാനുമായി സംസാരിച്ചതിനാല്‍ ഹാജറാവാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി നോര്‍ത്ത് സിഐയുടെ ഓഫീസില്‍ നിന്നും വിളിച്ചതായിപറഞ്ഞ് ആ സ്നേഹിതന്‍ വീണ്ടും വിളിക്കുന്നു.മോശമായി ചിത്രീകരിച്ച് കേസ് പിന്‍വലിപ്പിക്കാനാണ് ഭാവമെങ്കില്‍ അതിന് വഴങ്ങില്ല എന്ന് ഞാന്‍ തിരിച്ചു ചെന്ന് പറഞ്ഞു.എനിക്കെന്തെങ്കിലും അപകടം പറ്റിയിട്ടാണോ എന്ന് കരുതി സ്ടേഷനില്‍ ഉടനെത്തിയ ആ സ്നേഹിതനെ തീവ്രവാദി ബന്ധം ഉള്ള ഒരാളെന്ന കണക്കെയാണ് ചോദ്യം ചെയ്തത്.


എന്റെ അനുഭവത്തില്‍ നിന്നും ഒരു പീഡനക്കേസും രണ്ടു ദിവസം കഴിഞ്ഞാല്‍ നിലനില്കില്ല എന്ന് വരുന്നത് പോലീസിന്റെ പീഡനം കാരണമാണ്.ഇരയായ പെണ്‍കുട്ടിയുടെ ഫോണുകള്‍ ചോര്‍ത്തി സമൂഹമദ്ധ്യത്തില്‍ താറടിക്കാന്‍ ശ്രമിക്കും.സ്വാഭാവികമായും മാനഭംഗം ഭയന്ന് പരാതി പിന്‍വലിക്കപ്പെടും.പക്ഷെ എന്നെ എത്ര മോശക്കാരിയായി ചിത്രീകരിച്ചാലും നീതി ലഭിക്കുന്നത് വരെ എന്റെ പോരാട്ടം തുടരും.കോടതിയില്‍ ഹാജറാക്കിയ രേഖകള്‍ പ്രകാരം ഞാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു.പ്രതി രണ്ടു ലക്ഷം രൂപ തരാമെന്നു പറഞ്ഞു.ആ വ്യാജരേഖ പ്രകാരമാണ് പ്രതിയ്ക് മുന്‍കൂര്‍ ജാമ്യം പോലീസ് കോടതിയില്‍ തരപ്പെടുത്തിയത്


നിയമപരമായി ഇപ്പോള്‍ കേസെങ്ങനയാണ് മുമ്പോട്ട് കൊണ്ട് പോകുന്നത്.


എന്റെ സ്വന്തം കാഴ്ചപ്പാടും അനുഭവത്തിലൂടെ ആര്‍ജ്ജിച്ച അറിവും പ്രകാരമാണ് കേസ് മുമ്പോട്ട് കൊണ്ട് പോകുന്നത്.സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്നു നില്കുന്ന പ്രതിയുടെ ചതി ഏത് വഴിയും കടന്നുവരുമെന്ന് ഞാന്‍ സംശയിക്കുന്നു.അതുകൊണ്ട് തന്നെ അഭിഭാഷകരുടെ സേവനം പോലും ഞാന്‍ തേടിയിട്ടില്ല.എന്റെ ജീവന്‍ വരെ അപകടത്തിലാണെന്ന് അറിയാം.സ്വാഭാവിക മരണത്തേക്കാളം ഭാവി തലമുറയ്ക് പ്രചോദനമാകും വിധം നീതിതേടിയുള്ള യാത്രയില്‍ ശത്രുവിനാല്‍ കൊല്ലപ്പെട്ടാലും അത് അഭിമാനമായി കണക്കാക്കുന്നു.നടുറോഡില്‍ യൂണിഫോമി‌ല്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടുക എന്നത് തന്നെ മരണത്തിന് തുല്യമാണ്.അതില്‍ കവിഞ്ഞുള്ള മരണഭയം എനിക്കില്ല.യൂണിഫോമില്‍ അപമാനിക്കപ്പെട്ടിട്ടു പോലും എനിക്കെതിരെ ഗൂഢാലോചന നടത്തുന്ന ഞാന്‍ ജോലിചെയ്യുന്ന വകുപ്പ് ഇതിന് മുമ്പ് പലപ്രാവശ്യം എന്നോട് മോശമായി പെരുമാറിയ പരാതിപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെത്തന്നെ ഉപയോഗിച്ച് പോലും എനിക്കെതിരെ മൊഴി സൃഷ്ടിച്ചിരിക്കുകയാണ്.


സാക്ഷിയായ ഓട്ടോഡൈവര്‍മാര്‍ ആ സമയം സംഭവസ്ഥലത്തെ മൊബൈല്‍ ഫോണ്‍ ടവര്‍ പരിധിയിലില്ല എന്നതരത്തില്‍ കോടതിയില്‍ രേഖകകള്‍ സമര്‍പ്പിക്കപ്പെട്ടുവെന്ന് അറിയുന്നു.അതിനെക്കുറിച്ച്?


ഞാന്‍ ഒരു സാക്ഷിയെക്കുറിച്ചും പറഞ്ഞിട്ടില്ല.സാക്ഷികളെ ഹാജറാക്കിയിട്ടുമില്ല.അവരൊക്കെ സ്വയമേവ മുമ്പോട്ട് വന്നതാണ്.ഇനി അവരെയും പോലീസ് മൊബൈല്‍ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തുകയായിരിക്കുമല്ലോ?കുടുംബവും പ്രാരാബ്ധങ്ങളുമുള്ള ആരും ഇത്തരം സമീപനങ്ങള്‍ ഉണ്ടായാല്‍ സാക്ഷി പറയുമോ?അതുകൊണ്ട് തന്നെ യാണ് ഇത്തരം സാഹചര്യത്തില്‍ ഇരകള്‍ക്ക് വേണ്ടി ആരും സാക്ഷിപറയാത്തത് എന്ന് മനസ്സിലാക്കാം.സംഭവത്തിന് സാക്ഷിപറഞ്ഞവരു‌ ഇപ്പോള്‍ പി‌ന്‍മാറിയിരിക്കാം.


നിലവില്‍ ജോലി ചെയ്യുന്നുണ്ടോ?


കേസിന്റെ ആവശ്യങ്ങള്‍ക്കായി ഇന്നലെ ഞാന്‍ ഒരു മാസത്തേക്ക് ലീവെഴുതിക്കൊടുത്തിരിക്കുകയാണ്.എഴുതിക്കൊടുത്തില്ലെങ്കില്‍ അവര്‍ അതും എനിക്കെരായി മാറ്റും എന്ന് ഞാന്‍ ഭയപ്പെടുന്നു.രണ്ടു മോഷ്ടാക്കളെ ബസ്സില്‍ വച്ച് കീഴ്പെടുത്തി പോലീസിന് കൈമാറിയതിന് സ്തുത്യര്‍ഹ സേവനത്തിന് അംഗീകാരം ലഭിക്കുമെന്ന് കേട്ടിരുന്നു.ഒരു പക്ഷെ ഇപ്പോള്‍ വകുപ്പ് നല്കുന്ന സഹായങ്ങളായിരിക്കാം തരുമെന്ന് പറഞ്ഞ അവാര്‍ഡ്(ചിരിക്കുന്നു).ജോലിസമയത്ത് നേരിടേണ്ടി വന്ന പീഡനനവുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ക്കായി പോകുവാന്‍ അവധി തരാനാവില്ല എന്ന് കാരണം പറഞ്ഞ് ലീവിനുള്ള അപേക്ഷ പോലും ബന്ധപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വാങ്ങാന്‍ പോലും തയ്യാറായില്ല.പുറത്തുകാത്തു നിന്ന മാധ്യമപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് ലീവ് ആപ്ലിക്കേഷന്‍ പോലും വാങ്ങാന്‍ അവര്‍ തയ്യാറായത്.



സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും അവഗണനയും പീഡനവും അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ പിന്തുണ ആരുടെ ഭാഗത്തുനിന്നാണ് ലഭിക്കുന്നു?


പൊതുസമൂഹവും മാധ്യമങ്ങളും പിന്തുണ നല്കുന്നു.രാഷ്ട്രീയ സംഘടനകള്‍ ഉള്‍പ്പെടെയുള്ള സംഘടനകളും പിന്തുണയുമായി സമീപിച്ചിരുന്നു.എനിക്ക് കക്ഷി രാഷ്ട്രീയമില്ല.പ്രസക്തിയ്ക് വേണ്ടിയുമല്ല.എന്നെ കൊണ്ട് സ്ത്രീസമൂഹത്തിന് വേണ്ടി ഒരു ചെറുവിരല്‍ അനക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥയാണ്.ഇന്ന് ഐജി ഓഫീസില്‍ പരാതി കൊടുത്തു കഴിഞ്ഞു.എന്റെ അനുവാദമില്ലാതെ എന്റെ ഫോണ്‍ പൊലിസ് ചോര്‍ത്തുകയാണ്.അതിനെതിരെയാണ് ഞാന്‍ ഇനി പരാതി കൊടുക്കാന്‍ പോകുന്നത്


സലിംരാജിനെപ്പോലെയുള്ള ഒരു കുറ്റവാളിയുടെ ഫോണ്‍രേഖകള്‍ പിടിച്ചെടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിലപാടെടുത്ത ഭരണകൂടത്തിന്റെ പോലീസ് തന്നെ പരാതിക്കാരിയുടെ ഫോണ്‍ ചോര്‍ത്തുന്നുവല്ലേ?


കള്ളന് വേറൊരു നിയമം വാദിക്ക് വേറൊരു നിയമം പണത്തിന് വേറൊരു നിയമം.ഇങ്ങനെ ഒരോരുത്തര്‍ക്കും വെവ്വേറെ നിയമം എന്നതാണ് സ്ഥിതിയെന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഒരു കൊലപാതകക്കേസില്‍ പ്രതിയുമാണ്.അത് പോലെ ചിട്ടി തട്ടിപ്പിലൂടെ അനേകം പേരെ വഞ്ചിച്ച കേസിലെ പ്രതിയാണ്. ഇതെല്ലാം പോലീസ് കോടതിമുമ്പാകെ ബോധപൂര്‍വ്വം മറച്ചുവച്ചു.


ഇതുപോലെ നീതിയ്ക് വേണ്ടി കോടതികള്‍ കയറി ഇറങ്ങുന്ന സൂര്യനെല്ലി പെണ്‍കുട്ടിയ്ക് അനുകൂലമായി ഹൈകോടതി ഇന്ന് നിരീക്ഷണം നടത്തിയിരിക്കുകയാണ്.


അതെ.നീതിയ്ക് വേണ്ടി പോരാട്ടം അവസാനിക്കാറാവുമ്പോഴേക്കും ഒരു മനുഷ്യായുസ്സ് കഴിയും.നീതി ലഭിക്കാതെ മരിക്കേണ്ടിയും വരും .കേസന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോഴും വളരെ വേഗത്തിലാണ് പ്രതിക്കനുകൂലമായി മുന്‍കൂര്‍ജാമ്യം തരപ്പെട്ടത്.



മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ ഇത് സംബന്ധിച്ച പരാതി നല്കിയിരുന്നോ?


ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്റെ വിഷമം നേരിട്ട് ആഭ്യന്തരമന്ത്രി മുമ്പാകെ ഉണര്‍ത്തിയതാണ്.ഐജി ബി.സന്ധ്യ ഐപിഎസിന് അന്വേഷണ ചുമതല കൊടുത്ത് കേസന്വേഷണം ഊര്‍ജ്ജിതമാകും എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി തന്ന ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.അതുകൊണ്ട് തന്നെ ഇന്ന് ഐജി പത്മകുമാര്‍ എനിക്ക് തന്ന ഉറപ്പും വിശ്വസനീയമല്ല.


ഈ കേസ് ഭാവിയില്‍ എങ്ങനെ അവസാനിക്കും എന്ന് കരുതുന്നു?


നീതി ലഭിക്കുമെന്നുള്ള ശുഭാപ്തിവിശ്വാസമാണ് ഉള്ളത്.എന്റെ പേരില്‍ വ്യാജ ഫോണ്‍ രേഖകള്‍ സൃഷ്ടിച്ച് കേസിനെ ദുര്‍ബ്ബലപ്പെടുത്തുന്ന നടപടികള്‍ ആശങ്കാകുലമാണ്.എന്റെ ബന്ധുക്കളെല്ലാം പാവങ്ങളാണ്.പ്രാരാബ്ധക്കാരാണ്.അതുകൊണ്ട് തന്നെ അവര്‍ക്ക് അതില്‍ പരിമിതികളും ഉണ്ട്.എങ്കിലും മരണം വരെ ഞാന്‍ നീതിക്കായി പോരാടും.


മോശക്കാരിയാണ് എന്ന് ചിത്രീകരിക്കാന്‌ പോലീസിനുള്ളില്‍ തന്നെ സംഘടിതമായി ശ്രമം നടക്കുന്നുവെന്ന് അറിയുന്നു?


മുഖ്യധാരയിലേക്ക് ഇറങ്ങുമ്പോള്‍ സ്വാഭാവികമായി മോശക്കാരിയാവുമല്ലോ?കഴിഞ്ഞ ഏഴുവര്‍ഷമായി എന്നെ കൊണ്ടാവുന്ന വിധത്തില്‍ എന്റെ കൃത്യ നിര്‍വ്വഹണം നടത്തിവരുന്നു.പലപ്പോഴും ഞാന്‍ കൊടുക്കുന്ന റിപ്പോര്‍ട്ടുകള്‍ സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ക്കെതിരെയായി വന്നിട്ടുണ്ട്.അതിന്റെ പക പലര്‍ക്കും കാണുക.


ഈയിടെ അത്തരം എന്തെങ്കിലും സംഭവം ഉണ്ടായിരുന്നോ?


ട്രാഫിക്ക് പോലീസ് വാര്‍ഡനെന്ന വ്യാജേന ബസ്സില്‍ സൗജന്യയാത്ര ചെയ്ത ലുലുമാളിലെ വാര്‍ഡന്മാരെ ബസ്ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ അവരുടെ പ്രതികരണം വളരെ മോശമായിരുന്നു.എന്റെയും അവരുടെയും യൂണീഫോ m ഒന്നായതിനാല്‍ അതെന്റെ തൊഴിലിന്റെ മാന്യതയെ ബാധിക്കുന്നത് കൊണ്ട് ഞാന്‍ പരാതി നല്കിയിരുന്നു. ലുലുവിലേക്ക് വാര്‍ഡനെ കൊടുക്കുന്ന കോന്‍ട്രാക്ടര്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും അതും ഞാന്‍ സ്ടേഷനില്‍ പരാതിപ്പെട്ടിരുന്നു.ഞാന്‍ കൊടുത്ത പരാതി സ്ടേഷനില്‍ വച്ച് നിലത്ത് പാറിപ്പറന്നു നടക്കുന്നതായാണ് ഞാന്‍ കണ്ടത്.പണത്തിന്റെ സ്വാധീനമാണ് അവിടെയും സംഭവിച്ചത്.പിന്നീട് വനിതാ പോലീസ് സ്ടേഷനിലും പരാതിപ്പെട്ടപ്പോഴും പ്രതിയുടെ ഭാഗത്തുനില്കുകയാണ് പറഞ്ഞത്.ഇപ്പോള്‍ എന്നെ മര്‍ദ്ദീച്ച പ്രതിയുടെ ഭാര്യ പത്രസമ്മേളനം വിളിച്ച് ഞാനിപ്പോള്‍ പറഞ്ഞ കേസ് പൈസ വാങ്ങി ഒത്തുതീര്‍പ്പാക്കിയെന്ന് ആരോപിച്ചിരുന്നു.ആ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കെയാണ് പ്രതിയുടെ ഭാര്യ അത്തരം ഒരു ആരോപണം ഉന്നയിച്ചത്.


ഒത്തുതീര്‍പ്പിന്നായുള്ള ശ്രമങ്ങള്‍ ഏതെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിരുന്നോ?


നേരിട്ട് ആരും സമീപിച്ചില്ല.മകളുടെ പഠനത്തിനും വീടിനുമായുള്ള തുക,ഞാന്‍ വാടക വീട്ടിലാണല്ലോ താമസിക്കുന്നത്-ലഭിച്ചാല്‍ കേസില്‍ നിന്ന് പിന്‍മാറുമോ എന്നൊക്കെ ചോദിച്ച് പത്രക്കാരെന്ന് പരിചയപ്പെടുത്തി ഫോണിലൂടെ പലരും ചോദിച്ചിരുന്നു.പെണ്ണാണെങ്കില്‍ ഞാന്‍ പിന്‍മാറില്ല എന്നാണ് ഞാനവര്‍ക്ക് മറൂപടി കൊടുത്തത്.സ്ത്രീകള്‍ ഇങ്ങനെ ചോദിച്ചപ്പോള്‍ എന്റെ മനസ്സിന്റെ വേദനയും ശരീരത്തിന്റെ വേദനയും നിങ്ങളുടെ ദേഹത്തെടുത്ത് വക്കാന്‍ തയ്യാറാണെങ്കില്‍ പിന്‍മാറാം എന്നുള്ള കുറിക്ക് കൊള്ളുന്ന മറൂപടിയും ഞാന്‍ കൊടുത്തിട്ടുണ്ട്.ജീവന് ഭീഷണിയുണ്ടെന്നൊക്കെ പറഞ്ഞ് പലരും വ്യാകുലപ്പെടുമ്പോള്‍ ഇങ്ങനെ മരിക്കുന്നുവെങ്കില്‍ മരിക്കട്ടെയെന്നാണ് ഞാന്‍ മറൂപടിപറയാറുള്ളത്.


പോരാട്ട വീഥികളില്‍ എല്ലാ വിധ ആശംസകളും അക്ഷരത്തിന്റെ പിന്തുണയും വാഗ്ദാനം ചെയ്ത് പത്മിനിയുടെ വീടില്‍ നിന്നും നിന്നും ഇറങ്ങുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും ഉന്നതിയില്‍ നികുന്ന ശ്വേതാമേനോനിലൂടെ പൊതുസമൂഹ മധ്യത്തില്‍ അടിയറവ് പറഞ്ഞ സ്ത്രീത്ത്വത്തിന് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്കുന്ന പത്മിനിയിലൂടെ നീതിതേടിയുള്ള യാത്രയില്‍ പുനരിജ്ജീവനം സംഭവിക്കുന്ന മുഖഭാവങ്ങളും നിലപാടിന്റെ ദൃഢതയും മനസ്സില്‍ തങ്ങി നില്കുന്നു