Kuzhur Wilson

ഒഴുകുന്ന സങ്കടത്തിനൊരുപേര് : കുണ്ടൂര്‍പ്പുഴ

രാമനും ലക്ഷ്മണനും പോലെയാണു കുഴൂരും കുണ്ടൂരും. കുഴൂര്‍ എന്ന് പറഞ്ഞാല്‍ ഉടന്‍ കുണ്ടൂരും പറയും. അതൊരു പതിവാണു. മേളപ്രമാണികളുടെ ഒരു കൊട്ട്തൂക്കം കുഴൂരിനാണു. എന്നാല്‍ കുണ്ടൂരോ പുഴയെ കാട്ടി എന്നും കൊതിപ്പിച്ചു. ഞങ്ങള്‍ക്കൊരു പുഴയുണ്ടല്ലോ എന്ന് വീമ്പ് പറഞ്ഞു. ഞാന്‍ ജനിച്ചത് കുഴൂരാണു. കുണ്ടൂരിനോട് എനിക്കുള്ള അസൂയയും ആ പുഴ തന്നെ ആയിരുന്നു. ചാലക്കുടി, പൂവത്തുശ്ശേരി, പാറക്കടവുകളിലൂടെ ഒഴുകി ഒഴുകി പോവുന്ന ചാലക്കുടിപ്പുഴ. സച്ചിയേട്ടന്‍ എന്ന പുഴയുടെ ചോലയാര്‍


ചേന്ദമംഗലം മുണ്ട്പോല്‍ നേര്‍ത്തൊരീ


ചോലയാറിന്‍ കരയ്ക്ക് നില്‍ക്കുമ്പോള്‍


- സച്ചിതാനന്ദന്‍ പുഴങ്കര -


പുഴങ്കരയുടെ ഈരടി ഒറ്റയാകുന്ന മനസിനെന്നും കൂട്ട്. വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ നടന്നാല്‍ പുഴയെത്തും. എന്നാല്‍ അത് കുണ്ടൂരാണല്ലോ. ദേശം വേറെയാണല്ലോ. അപ്പനെ പേടിച്ച് ചെറുപ്പത്തില്‍ അധികം പോയി കിടന്നിട്ടില്ല അതില്‍ . എന്നാല്‍ മുതിര്‍ന്നപ്പോള്‍ അതായിരുന്നില്ല. മനസും ശരീരവും ചൂടായാല്‍ അവിടെ പോകും. ചുമ്മാ മുങ്ങിക്കിടക്കും. ഒരിക്കല്‍ മോളെയും കൊണ്ട് പോയി. വലിയ യാത്രകള്‍ കഴിഞ്ഞ് തിരിച്ച് വരുമ്പോഴൊക്കെ ചാലക്കുടിപ്പുഴയുടെ മൂഴിക്കുളം ദേശത്തിറങ്ങി അഴുക്കുകള്‍ കളഞ്ഞു.





അകലെ ആയിരിക്കുമ്പോള്‍ ഒക്കെ കുണ്ടൂര്‍ പുഴയെ സ്വപ്നം കണ്ടു. അതിന്റെ തീരത്ത് ഒരു ചാണകം മെഴുകിയ വീട് ചുമ്മാ പണിതു. അതില്‍ കിടന്നുറങ്ങി.. കുണ്ടൂര്‍ പുഴ എന്റെ ആരുമായിരുന്നില്ല എങ്കിലുംഇപ്പോള്‍ സങ്കടം സഹിക്കാന്‍ വയ്യ. കാതിക്കുടത്ത് ഒരു ഒരു എല്ലുകമ്പനിയുണ്ട്. അവര്‍ ദിവസവും പുഴയില്‍ നിന്നും എടുക്കുന്നത് ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണു. എടുത്തോട്ടെ. പുഴയല്ലെ. എന്നാലോ ആ വെള്ളം വിഷമാക്കി പുഴയിലോട്ട് തന്നെ ഒഴുക്കുകയാണു. വിഷം തുറക്കാന്‍ വാല്‍വ് വച്ചിരിക്കുന്നത് പോലും പുഴയിലാണു. എന്ത് ചെയ്യും . പൊലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് എന്ന ഒന്ന് കേരളത്തിലും ഉണ്ടത്രേ. പേരു പോലെ തന്നെ മലിനമാണത്രെ. പണ്ട് ചെക്ക് പോസ്റ്റുകളില്‍ കീശ വീര്‍പ്പിച്ചിരുന്നവരെ പോലെ മുതലാളിമാരുടെ കഫം തിന്നുന്നവരാണത്രേ.




എന്റെ അപ്പനെ പോലെ എത്രയോ പേര്‍ , (അപ്പന്‍ മരിച്ചു) ക്യഷി ചെയ്യുന്ന ഇടമാണു പുഴയുടെ ഇരു വശങ്ങളും. വാഴ, ചേന, ചേമ്പ് അങ്ങനെ പലതും. പൂവത്തുശ്ശേരിയിലും കൊച്ചുകടവിലും പാറക്കടവിലും ഒക്കെ. എത്രയോ പേര്‍ മീന്‍ പിടിച്ച് ജീവിക്കുന്നു. 150 ല്‍ പരം വ്യത്യസ്ത മീനുകള്‍ ഉണ്ട് കുണ്ടൂര്‍ പുഴയില്‍ . വരാല്‍ മുഴി, പള്ളത്തി പലതിനെയും ഞാനും കണ്ടിട്ടുണ്ട്. കുഴൂര്‍ക്കാരനായ എനിക്ക് ഇപ്പോള്‍ കുണ്ടൂര്‍ക്കാരോട് അസൂയയില്ല. പുഴയൊഴുകുന്ന വഴിയോടും തീരങ്ങളോടും ഒന്നുമില്ല. ആകെ സങ്കടം മാത്രം. ആ പുഴയില്‍ കുളിക്കുന്ന കുഞ്ഞുങ്ങളോട്, മീനുകളോട്, കരയില്‍ താമസിക്കുന്ന ആളുകളോട്, വിത്ത് വിതക്കുന്നവോട്, വിഷം ഉണ്ണുന്നവരോട്,കുഴൂര്‍ക്കാരോട് സഹതാപം. പിന്നെ സങ്കടം.