Rejeesh Palavila

Who killed Dr Narendra Dabholkar ?

നമുക്ക് അത്ര വേഗം മറക്കാന്‍ കഴിയാത്ത ഒരു നാമധേയമാണ് ഡോ.നരേന്ദ്ര ദഭോല്‍ക്കര്‍ . അദ്ദേഹം കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ ഇപ്പോഴും നമുക്കുണ്ട്.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മരണംവരെയും പോരാടിയ ആ മനുഷ്യസ്നേഹിയുടെ ജീവിതം ,സ്വതന്ത്രചിന്തയുടെ ധീരമായ പ്രഖ്യാപനമായിരുന്നു.മഹാരാഷ്ട്രയിലെ പൂന നഗരത്തില്‍ വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഒരുക്കിവച്ച ഗണപതി പ്രതിമകള്‍ നിരന്നിരുന്ന ഓംകാരേശ്വര ക്ഷേത്രത്തിനു സമീപത്തുവച്ച് 2013 ആഗസ്റ്റ്‌ 20 നു പ്രഭാതസവാരിക്കിടയില്‍ രാവിലെ 7.20നു അജ്ഞാതരായ ബൈക്ക്‌ യാത്രക്കാര്‍ അദ്ദേഹത്തിന്റെ ശിരസ്സിലും നെഞ്ചിലും വെടിയുതിര്‍ത്തു. ആശയപാപ്പരത്തവും മതിവിഭ്രമവും ബാധിച്ച ആ നരാധമന്മാര്‍ക്ക് അദ്ദേഹത്തെ വധിക്കാന്‍ കഴിഞ്ഞു .എന്നാല്‍ അദ്ദേഹത്തിന്റെ ജീവിത ചൈതന്യം ,ദിശാബോധവും മാനവികചിന്തയുമുള്ള മനുഷ്യരിലൂടെ ഇനിയുമിനിയും ജീവിക്കും.

ആരായിരുന്നു നരേന്ദ്ര ദഭോല്കര്‍ .

അച്യുതന്‍റെയും താരാഭായിയുടെയും പത്ത് മക്കളില്‍ ഇളയവനായി 1945 നവംബര്‍ 1നു മഹാരാഷ്ട്രയിലാണ് നരേന്ദ്ര ദഭോല്‍ക്കാര്‍ ജനിച്ചത്‌ .സതാര ന്യൂ ഇംഗ്ലീഷ് സ്കൂള്‍ ,വെല്ലിംഗ്ടണ്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടിയ ദഭോല്കര്‍ മീറജിലെ (Miraj) ഗവ:മെഡിക്കല്‍ കോളേജില്‍ നിന്നും MBBS പൂര്‍ത്തിയാക്കി.പ്രശസ്ത ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ദേവദത്ത ദഭോല്കര്‍ അദ്ദേഹത്തിന്റെ ജേഷ്ഠ സഹോദരനായിരുന്നു .പഠനകാലത്ത്‌ ശിവാജി സര്‍വ്വകലാശാലയിലെ കബഡി ടീമിന്റെ നായകനായിരുന്ന ദാഭോല്കര്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടന്ന കബഡി മല്‍സരത്തില്‍ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മഹാരാഷ്ട്ര സര്‍ക്കാരിന്റെ 'ശിവ് ഛത്രപതി ശിവജി അവാര്‍ഡ്‌' നേടുകയും ചെയ്തു.

ഭാര്യ ശൈലയും ,രണ്ടു മക്കള്‍ ഹമീദ്‌ ,മുക്തയുമൊത്ത് ലാളിത്യമുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.ആഡംബര വിവാഹങ്ങളെയും ധൂര്‍ത്തിനെയും എതിര്‍ത്തിരുന്ന അദ്ദേഹം തന്റെ മക്കളുടെ വിവാഹം ലളിതമായി നടത്തിക്കൊണ്ട് മാതൃക കാണിച്ചു.വാസ്തുശാസ്ത്രത്തോട് വിയോജിപ്പുള്ള ഡോ.ദഭോല്‍ക്കര്‍ വാസ്തുശാസ്ത്രത്തിന്റെ നിര്‍ദേശങ്ങളെ എല്ലാ രീതിയിലും വെല്ലുവിളിച്ചു കൊണ്ടാണ് തന്‍റെ പാര്‍പ്പിടം ഒരുക്കിയത്.

ഒരു ഡോക്ടര്‍ എന്ന നിലയിലുള്ള പന്ത്രണ്ട് വര്‍ഷത്തെ ജീവിതത്തിനു ശേഷം ഒരു മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകനായി തീരുകയായിരുന്നു ദഭോല്കര്‍ .1980 മുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.ബാബ ആഥവിന്‍റെ 'One village - One well ' പ്രക്ഷോപപരിപാടിയില്‍ അദ്ധേഹവും ഭാഗഭുക്കായി.1989ല്‍ അഖിലഭാരതീയ അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന സമിതിയില്‍ അംഗമായ ദാഭോല്കര്‍ 'മഹാരാഷ്ട അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന സമിതി'ക്ക്((MANS, "Committee for Eradication of Superstition in Maharashtra" or "Maharashtra Committee for Eradication of Blind Faith") )ജന്മം നല്‍കി.മഹാരാഷ്ട്രയില്‍ തകൃതിയായി നടന്നുവന്ന ആഭിചാരകര്‍മ്മങ്ങളെയും തന്ത്രയേയും ആള്ദൈവങ്ങളെയും നരേന്ദ്ര ദാഭോല്‍ക്കാര്‍ നിശിതമായി എതിര്‍ത്തിരുന്നു .സതാര ജില്ല കേന്ദ്രമാക്കി 'പരിവര്‍ത്തന്‍' എന്നൊരു സംഘടനയ്ക്കും അദ്ദേഹം രൂപം നല്‍കി.പ്രമുഖ യുക്തിവാദിയും സാമൂഹിക പ്രവര്‍ത്തകനുമായ സനല്‍ ഇടമറുകുമായി ഡോ.നരേന്ദ്ര ദാഭോല്‍ക്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു.സെയിന്‍ ഗുരുജി സ്ഥാപിച്ച 'സാധന' എന്ന മറാത്തി ആഴ്ചപ്പതിപ്പിന്റെ പത്രാധിപനായും ഭാരതീയ യുക്തിവാദി സംഘത്തിന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.ചാതുര്‍വര്‍ണ്യത്തെ അപലപിച്ചിരുന്ന ദാഭോല്‍ക്കാര്‍ ദളിത്‌ മുന്നേറ്റങ്ങള്‍ക്ക് വേണ്ടി ക്രിയാത്മകമായി ഇടപെട്ടിരുന്നു.അന്ധവിശ്വാസങ്ങള്‍ക്കും ദിവ്യാത്ഭുതങ്ങള്‍ക്ക്മെതിരെ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.മൂവായിരത്തിലേറെ പൊതുവേദികളില്‍ അദ്ദേഹം നവോഥാനത്തിന്റെ ശബ്ദവും സാന്നിധ്യവുമായിമാറി .

എന്തിനാണ് അദ്ദേഹം കൊല്ലപ്പെട്ടത് . ആരാണ് അദ്ദേഹത്തിന്റെ അരുംകൊലയ്ക്ക് ഉത്തരവാദി??

ശാസ്ത്രാവബോധം വളര്‍ത്താന്‍ ഓരോ പൌരനും പരിശ്രമിക്ക്ണം എന്ന് ഉദ്ഘോഷിച്ച നിയമസംഹിതകളാല്‍ അലങ്കരിക്കപ്പെട്ട ഈ രാജ്യത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദിച്ചു എന്ന കുറ്റത്തിനാണ് ഈ സാധുമനുഷ്യന്‍ വെടിയേറ്റു മരിച്ചത് .ജനങ്ങളുടെ ഭയവും വിശ്വാസവും മുതലെടുത്ത് മേലങ്ങാതെ ജീവിക്കുന്ന അനേകം ആസാമിമാര്‍ക്ക്‌ നരേന്ദ്ര ദാഭോല്‍ക്കാര്‍ കൊല്ലപ്പെടണമായിരുന്നു.മഹാരാഷ്ട്ര സര്‍ക്കാരിനു മുന്നില്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം നടപ്പാക്കാന്‍ ദാഭോല്‍ക്കാര്‍ ജീവിതാന്ത്യം വരെ നടത്തിയ നിരന്തര സമ്മര്‍ദം അവിടുത്തെ ആത്മീയ വ്യവസായികള്‍ക്ക് തലവേദനയായിരുന്നു

.മതസംഘടനകള്‍ക്കും ആശ്രമങ്ങള്‍ക്കും പിന്നില്‍ ഭീകരമായ മാഫിയാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അധികാര സ്വാധീനവും ആള്‍ബലവും നിമിത്തം എതിര്‍പ്പുകള്‍ ഒറ്റപ്പെടുക മാത്രമാണ് ചെയ്യുന്നത് മഹാരാഷ്ട്രയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും യുക്തിവാദികളും പരിഷ്കൃത സമൂഹവും കാലങ്ങളായി ആഗ്രഹിച്ച അന്ധ വിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം നടപ്പാക്കാന്‍ ഒടുവില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ടു വന്നു ,പക്ഷെ അതിനു നരേന്ദ്ര ദാഭോല്‍ക്കരിനു രക്തസാക്ഷിയാകേണ്ടി വന്നു (നിലവില്‍ ഇതൊരു നിയമായി തീരാന്‍ പാര്‍ലമെന്റിന്റെ അംഗീകാരവും കിട്ടേണ്ടതുണ്ട് )

ഈ നിയമമനുസരിച്ച്,നിരോധിക്കപ്പെടേണ്ടതായി ശുപാര്‍ശ ചെയ്തവയില്‍ ചിലത് ചുവടെ കൊടുക്കുന്നു

*അമാനുഷിക ശക്തികളുടെ പേരില്‍ ആഭിചാരകര്‍മ്മങ്ങള്‍ നടത്തുന്നത്

*പ്രേതബാധയുടെ പേരില്‍ നടത്തുന്ന മന്ത്രവാദവും ഭസ്മം,ഏലസ്സ്,മാന്ത്രികരക്ഷസ്സുകള്‍ തുടങ്ങിയവയുടെ കച്ചവടവും വിതരണവും

*അതീന്ദ്രശക്തികളുടെ പേരിലുള്ള സ്വപ്രഖ്യാപിത അവകാശവാദങ്ങളും പ്രചരണവും

*ആദിമസന്ന്യസികളുടെയോ ദൈവങ്ങളുടെയോ പുനര്‍ജന്മമാണ് എന്ന അവകാശവാദത്തിന്‍മേല്‍ ആളുകളെ വഞ്ചിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക

*ദിവ്യശക്തികളുടെയും ദുര്‍ശക്തികളുടെയും പേരില്‍ നടത്തുന്ന ദിവ്യാത്ഭുതപരിപാടികള്‍

*പ്രേതബാധയാണെന്ന അനുമാനത്തില്‍ രോഗികളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത്

* അഘോരികളുടെ അനുഷ്ടാനങ്ങള്‍

*ക്ഷുദ്രപ്രയോഗങ്ങളും അതുവഴി സമൂഹത്തില്‍ ഭയവും സൃഷ്ടിക്കല്‍

*ശാസ്ത്രീയ ചികിത്സാരീതികളെ എതിര്‍ത്തു കൊണ്ട് അഘോരി ചികിത്സാ രീതികള്‍ ആളുകളില്‍ ഭീഷണിപ്പെടുത്തി നടപ്പാക്കുക

*മാന്ത്രികക്കല്ലുകള്‍/എലസ്സുകള്‍/രക്ഷകള്‍/അത്ഭുത മോതിരങ്ങള്‍ തുടങ്ങിയവയുടെ വില്പനയും വിലപേശലും

*ആരാധനയുടെയും വിശ്വാസത്തിന്റെയും പേരില്‍ മൃഗബലി നടത്തുന്നത്

*ഗര്‍ഭധാരണം/വിഷബാധ/സര്‍പ്പദംശനം തുടങ്ങിയവയ്ക്ക് മന്ത്രവാദമരുന്നുകള്‍ നല്‍കുന്നത്തു ടങ്ങി നിരവധി പ്രാകൃതമായ വിശ്വാസങ്ങളും ആചാരങ്ങളും ഈ നിയമം ചോദ്യംചെയ്യുന്നു .ഇത്തരം ഒരു നിയമം നടപ്പാക്കാന്‍ പ്രവര്‍ത്തിച്ച / വാദിച്ച ദാഭോല്‍ക്കാര്‍ സ്വാഭാവികമായും പലരുടെയും വര്‍ഗ്ഗ ശത്രുവായിതീര്‍ന്നു.അവരുടെ പകയും വിധ്വേഷവുമാണ് അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചത്‌.കുറ്റവാളികളെ കണ്ടെത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിനു ഇനിയും കഴിഞ്ഞിട്ടില്ല.അക്രമികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് മഹാരാഷ്ട്ര മുഖ്യമന്തി പ്രിഥ്വിരാജ് ചവാന്‍ പത്ത്‌ ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് .താമസംവിനാ അക്രമികള്‍ നിയമത്തിന്റെ കണ്ണില്‍പ്പെടണമെന്നു നമുക്ക്‌ ആശിക്കാം

മഹാരാഷ്ട്രയില്‍ മാത്രമല്ല,ഭാരതം മുഴുവന്‍ ഇത്തരം ഒരു നിയമം നടപ്പാക്കപ്പെടേണ്ടതാണ്.ആളുകളുടെ വിശ്വാസവും ദൌര്‍ബല്യവും മുതലെടുത്ത് പകല്‍കൊള്ള നടത്തുന്ന ഇത്തരം തെമ്മാടിക്കൂട്ടങ്ങളെ തിരിച്ചറിയാത്ത ഒരു സമൂഹത്തിനും പുരോഗതി സാധ്യമല്ല .അധികാരവും നിയമവും അധീനപ്പെടുത്തി ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന അരാജകത്വം നാം മറികടന്നേ മതിയാകൂ തടിച്ചു കൊഴുക്കുന്ന ആത്മീയ വ്യവസായവും അതിന്‍റെ സാമ്രാജ്യവും സംരക്ഷിക്കാന്‍ ആരെയും എന്തും ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് മടിയില്ല .ഇത്തരം കപടതകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വലിയൊരു വിശ്വാസലോകമാണ് അവരുടെ അടിസ്ഥാനം ഉറപ്പിച്ചു കൊടുക്കുന്നത്.

മാജിക്‌ സ്വാമിമാരെയും മന്ത്രവാദികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ രാജ്യം.ഉന്നതവിദ്യാഭ്യാസവും ശാസ്ത്രജ്ഞാനവും ഉള്ളവര്‍ പോലും അവരുടെ ഇരകളാണ് എന്ന വസ്തുത അത്യന്തം ദുഖകരമാണ് .ക്ഷുദ്രരാഷ്ട്രീയക്കാരും ജ്യോതിഷികളും പുരോഹിതന്മാരും മതവക്താക്കളും എല്ലാം ഒത്തുചേര്‍ന്ന് ഘോരാന്ധകാരത്തിലേക്കാണ് സമൂഹത്തെ നയിക്കുന്നത്.ഇതിനിടയില്‍ യുക്തിവാദികളുടെയും മനുഷ്യസ്നേഹികളുടെയും ശബ്ദം ഒറ്റപ്പെട്ടു പോകുന്നു.വിശ്വാസങ്ങള്‍ സൃഷ്ടിക്കുന്ന ചിന്താപരമായ അടിമത്തത്തിന്റെ വേരറുക്കാതെ ഈ മായാവലയത്തെ സ്വയം തിരിച്ചറിയാന്‍ ആര്‍ക്കും സാധ്യമല്ല എല്ലാ മതവും ചൂഷണമാണ് ..എല്ലാ വിശ്വാസവും ചൂഷണമാണ് .ആള്‍ദൈവങ്ങളുടെയും പുരോഹിതത്വത്തിന്റെയും കാല്‍ക്കീഴില്‍നിന്നും ഉണര്‍ന്നെണീക്കാത്ത സമൂഹം നശിപ്പിക്കുന്നത് തലമുറകളെക്കൂടിയാണ് .നവോദ്ധാനവെളിച്ചം ഊതിക്കെടുത്തി ,ഇരുട്ട് മൂടിയ ഒരു ലോകത്തേക്ക് നമ്മുടെ സമൂഹം തിരികെ നടക്കുകയാണ് .അന്ധവിശ്വാസവും ആള്‍ദൈവങ്ങളും ആത്മീവ്യവസായവും അരങ്ങു വാഴുന്ന നമ്മുടെ നാട്ടില്‍ അനേകമനേകം നരേന്ദ്ര ധഭോല്‍ക്കര്‍മാര്‍ ഉണരേണ്ടതുണ്ട് ..ഇവിടെ നമുക്ക് ശബ്ദമുയര്‍ത്താന്‍ സമയമായിരിക്കുന്നു.ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുകയും മാനവീകതയുടെ വാനവിശാലതയില്‍ ഒരുമിക്കുകയും ചെയ്യുന്ന ഒരു ലോകം നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്..'ചിന്തിക്കാന്‍ ധൈര്യപ്പെടുക' എന്ന് സമൂഹത്തോട് ഉറക്കെ പറയേണ്ടതുണ്ട്

ഡോ.നരേന്ദ്ര ദബോല്‍ക്കറിന്‍റെ അരുംകൊല ഏറ്റവും നിര്‍ഭാഗ്യകരമാണ് . ...ശാസ്ത്രത്തിന്റെ പ്രകാശം പരക്കുന്ന വഴികളില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളെ യുക്തിയുടെ പ്രചണ്ഡവാതങ്ങള്‍ കൊണ്ട് ചിതറിപ്പറത്തുവാന്‍ നാം കൂടുതല്‍ സജ്ജരാകണം .