ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശം അനുവദിച്ച സുപ്രീം കോടതി ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മഹത്തായ ദേശീയസമരം നല്‍ കിയ മാനവീകതയും സാമൂഹ്യനീതിയുമാണ് നമ്മുടെ ഭരണഘടനയുടെ അന്തസത്ത. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒറ്റുകാരായി മാറി ദേശീയ പ്രസ്ഥാനത്തെ നിരന്തരം എതിര്‍ക്കുകയും സമരനായകനായ മഹാത്മാഗാന്ധിയെ വെടിവെച്ചു കൊല്ലുകയും ചെയ്ത രാഷ്ടീയ ഹിന്ദുത്വത്തിന് സ്വാഭാവികമായും സാമൂഹ്യനീതിയില്‍ അധിഷ്ടിതമായ ഒരു കോടതിവിധിയെ അംഗീകരിക്കാനാവില്ല.
ഇന്ത്യയിലെ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ മുഖ്യ ഘടകമായ ആര്‍.എസ്.എസ്. ഈ കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു എന്ന കാര്യം മറക്കുന്നില്ല. കോടതി വിധിക്കുമുമ്പും പലഘട്ടത്തിലും ആ സംഘടന ശബരിമലയിലെ യുവതീ പ്രവേശത്തിന് അനുകൂലമായി പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇതുവരെ അവര്‍ അതൊന്നും പിന്‍വലിച്ചിട്ടില്ല. എന്നാല്‍ കോടതിവിധി വന്നശേഷം ബി.ജെ.പി.അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ സുപ്രിം കോടതിയെ അപമാനിച്ചുകൊണ്ട് കേരളത്തിലെ തെരുവുകളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതെന്തുകൊണ്ട് എന്ന് ആര്‍.എസ്.എസിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത ശുദ്ധാത്മാക്കള്‍ അമ്പരന്നു പോകും. ഒരു മതഭീകര സംഘടനക്ക് വാക്കും പ്രവര്‍ത്തിയും ഒന്നിച്ചു കൊണ്ടുപോവാനാവില്ല എന്ന സത്യം നമ്മള്‍ അറിയണം. ഐ എസ് അതിന്റെ മുഖ്യ ഉദാഹരണം. ഇസ്ലാം വിശ്വസവും ഹിന്ദു പ്രേമവുമെല്ലാം അധികാരത്തെ ലക്ഷ്യമാക്കാനുള്ള ഇവരുടെ മുഖമൂടികള്‍ മാത്രമാണ്. ഐ എസ് ഇസ്ലാമല്ല എന്ന പോലെ ആര്‍.എസ്.എസ്. ഹിന്ദുവുമല്ല.
പലവിധ ആട്ടിന്‍തോലുകള്‍ കരുതിയിട്ടാണ് ഈ ചെന്നായ്ക്കള്‍ വേട്ടക്കിറങ്ങിയിരിക്കുന്നത്. വൈദീക പൗരോഹിത്യ മേധാവിത്തവും വര്‍ണ്ണാശ്രമ ജാതിയും ഭരണവ്യവസ്ഥയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഇവരുടെ കയ്യില്‍ ദളിത്, ആദിവാസി, പിന്നാക്ക പ്രേമത്തിന്റെ തോല്‍ ക്കുപ്പായം ഉണ്ട്. ഗുജറാത്തിലെ മുസ്ലീം വംശഹത്യയുടെ ചോരയുണങ്ങാത്ത കൈകളില്‍ ന്യൂനപക്ഷ മോര്‍ച്ചയുണ്ട്. ഗോഡ്സയെ ആരാധിക്കുമ്പോള്‍ തന്നെ ഗാന്ധി പ്രേമം പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് ഉളുപ്പില്ല. മണ്ഡല്‍ കമ്മീഷന്‍ കാലത്തെ സംവരണ വിരുദ്ധ സമരങ്ങളിലൂടെ പുനര്‍ജ്ജനിച്ചു വന്നവര്‍ സന്ദര്‍ഭത്തിന്റെ തന്ത്രം എന്ന നിലയില്‍ സംവരണം വേണം എന്നു പറയും. ഒപ്പം സംവരണത്തിനെതിരെ കലാപമുണ്ടാക്കും.
സംഘപരിവാറിനു പിന്നിലായി “ആചാരലംഘന”ത്തിന്റെ പേരില്‍ ശബരിമല കോടതിവിധിക്കെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ ദളിത് പിന്നാക്ക ജാതിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഹാ കഷ്ടം! എന്നേ പറയാനുള്ളു. തങ്ങളുടെ ഉശിരന്മാരായ പൂര്‍വ്വികര്‍ ആചാരങ്ങളേയും തന്ത്രിമാരെയും ധിക്കരിച്ച് മുന്നേറിയ വഴിയിലൂടെയാണ് അവര്‍ ഇന്നു സഞ്ചരിക്കുന്നത്. വഴിയും ക്ഷേത്രവും ജീവിതവും വിലക്കിയത് ആചാരത്തെ മുന്‍നിര്‍ത്തിയാണ്. ആചാരം ലംഘിച്ചാണ് ഈഴവ ജാതിയില്‍ ജനിച്ച നമ്മുടെ ഗുരു വിഗ്രഹം പ്രതിഷ്ടിച്ചത്. നായരായ പി.കൃഷ്ണപിള്ള ഗുരുവായൂരില്‍ കയറി മണിയടിച്ചത്.
തന്ത്രിയോ പുരോഹിതനോ നിശ്ചയിച്ചിട്ടല്ല ആചാരങ്ങള്‍ പിന്നീട് അനാചാരമായി കണക്കാക്കപ്പെട്ടത്. കാലവും ജനങ്ങളും എതിര്‍ത്തിട്ടാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെടാതെ അഭംഗുരം നിലനിന്നിരുന്നുവെങ്കില്‍ ഇതെഴുന്നവര്‍ ഏതു വഴിയിലൂടെ നടക്കുമായിരുന്നു എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.