Sruthi Krishna

സര്‍വകലാശാലകള്‍ കശാപ്പുശാലകള്‍

"If all is well with universities, all is well with India"
Nehru


aaaaaaaaa-1 copy


എന്താണ് ഒരു സര്‍വകലാശാല? എന്താണ് അതിന്റെ ആവശ്യകത? എന്തിനു വേണ്ടിയാണ് സര്‍വകലാശാലകള്‍ നിലകൊള്ളേണ്ടത്? സമകാലീന സാഹചര്യത്തില്‍ ഈ ചോദ്യങ്ങളെല്ലാം  വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു. ഇതിനെല്ലാം പുതിയ ഉത്തരങ്ങളും തേടേണ്ടിയിരിക്കുന്നു. ഒരു സമൂഹത്തെ എല്ലാ തരം ചൂഷണങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നും സ്വതന്ത്രരാക്കാനും മുന്നോട്ട് നയിക്കുവാനും ഉതകുന്ന അറിവും ആശയങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഇടങ്ങളായാണ് സര്‍വകലാശാലകളെ വിഭാവനം ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ മനുഷ്യത്വ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നതും നിലനില്‍ക്കുന്നതുമായ ഒരു ഇടം എന്ന നിലയില്‍ വ്യക്തികള്‍ക്ക് പുതിയ കാര്യങ്ങള്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും തങ്ങളുടെ ആശയങ്ങള്‍ വളര്‍ത്തിയെടുക്കാനും പ്രചരിപ്പിക്കുവാനും, അറിവ് ഉല്‍പ്പാദിപ്പിക്കുവാനും അത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകളെ നിലവിലെ വ്യവസ്ഥിതിയോട് നിരന്തരം കലഹിക്കുവനുള്ള ആയുധങ്ങള്‍ ആക്കി മാറ്റുകയും ചെയ്യാനുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നുള്ളതാണ് ഒരു സര്‍വകലാശാലയുടെ ധര്‍മ്മം.


univ-hyderabad


ഒരു സര്‍വകലാശാല, ഗവേഷകര്‍ക്ക്/വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് അക്കാദമികവും ബൗദ്ധികവുമായ ഒരു സ്വതന്ത്രലോകമാണ്. അത്കൊണ്ട് തന്നെയാണ് വളരെ വിപ്ലവകരവും തീവ്രവുമായ ആശയങ്ങളും, അറിവുകളും, വിമര്‍ശനങ്ങളും സര്‍വകലാശാലകള്‍ ഉല്പ്പാദിപ്പിക്കുന്നത്. സര്‍വകലാശാലകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ഭംഗവും വരാതിരിക്കാനാണ് ഭരണകൂടത്തിന്റെ അധികാരപരിധിക്ക് പുറത്ത് നില്ക്കുന്ന ഒരു സ്വതന്ത്രസങ്കല്‍പ്പമെന്ന നിലയില്‍ സര്‍വകലാശാലകളെ നിര്‍വചിച്ചിരിക്കുന്നത്. ആയതിനാല്‍ സര്‍ക്കാരുകളല്ല മറിച്ച് പാര്‍ല്യമെന്റ് ആണ് സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത്. അതിന്റെ അക്കാദമികവും ബൌദ്ധികവുമായ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സ്വയം ഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങളായി തന്നെയാണ് അവയെ നിര്‍വചിച്ചിട്ടുള്ളതും.


സര്‍വകലാശാലകളെ ഭരണകൂട അധികാരി വര്‍ഗ്ഗം എന്നും ഭയന്നിട്ടേ ഉള്ളു. ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ കലാപങ്ങള്‍ സൃഷ്ട്ടിക്കാന്‍ തക്ക കെല്‍പ്പുള്ളവയാണ് അവിടെ നിന്നും ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ എന്നത് തന്നെയാണ് അതിനു പ്രധാന കാരണം. ലോകമാകമാനം നടക്കുന്നതും നടന്നതുമായ സ്വദേശ/വിദേശ ഭരണകൂട വിരുദ്ധ സമരങ്ങള്‍ക്ക് (ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഉള്‍പ്പെടെ) നേതൃത്വം നല്‍കുവാനോ ഊര്‍ജ്ജ സ്രോതസ്സ് ആകുവാനൊ അതിന് ആവശ്യമായ അറിവും ആശയവും ഉല്‍പ്പാദിപ്പിക്കുവാനോ സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇതൊക്കെ കൊണ്ട് തന്നെ ഇത്തരം ഇടങ്ങളെ ഇല്ലാതാക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.


jm-lyngdoh-74-ex-ias-former-cec-of-india


സര്‍വകലാശാല ക്യംപസുകള്‍ക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കൂച്ച് വിലങ്ങ് ഇടാനും സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ സ്വതന്ത്ര സങ്കല്പ്പങ്ങള്‍ക്ക് വിപരീതമായി ഇടപെടാനും ഉള്ള ശ്രമങ്ങള്‍ ഇത്തരത്തിലുള്ള ഭരണവര്‍ഗ്ഗ ഗൂഡാലോചനയുടെ ഫലമാണ്. ഈ ഗൂഡാലോചനക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2006- ല്‍ അതിന് ജസ്റ്റിസ്. ലിംഗ്തോയുടെ മുഖമായിരുന്നു. ക്യാമ്പസുകളെ അരാഷ്ട്രീയവല്ക്കരിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. അത്തരത്തില്‍ ആരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന ക്യാമ്പസുകളെ, ഭരണകൂടത്തിനോട് വിധേയത്വമുള്ള അടിമകളെ സൃഷ്ട്ടിക്കുന്ന അച്ചുകളാക്കി മാറ്റാം എന്ന് അവര്‍ കരുതിയിരിക്കണം. 2016-ല്‍ അത് ഒരു പടികൂടി കടന്ന് WTO (World Trade Organization) യുടെ രൂപത്തിലാണ് സര്‍വകലാശാലകളെ വേട്ടയാടുന്നത്. ഉന്നത വിദ്യാഭ്യാസത്തെയാകെ സ്വകാര്യ കുത്തകകള്‍ക്ക് കച്ചവടച്ചരക്കാക്കാനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണ് ഭരണകൂടം ചെയ്തത്. ഇതിന്റെ അനന്തരഫലമായി WTO ആവശ്യപ്പെട്ടതിന്‍ പ്രകാരം ഗവേഷകര്‍ക്ക് നല്കിയിരുന്ന ഫെല്ലോഷിപ്പ് റദ്ദ്ദ് ചെയ്യാന്‍ ഭരണകൂടം തീരുമാനിച്ചതും സര്‍വകലാശാല എന്ന ആശയത്തെ തുരങ്കം വെക്കാന്‍ തന്നെയാണ്. തന്മൂലം കാശുള്ളവന്‍ മാത്രം പഠിച്ചാല്‍ മതി എന്നുള്ള വരേണ്യ വര്‍ഗ്ഗയുക്തിയാണ് ഭരണകൂടം വെച്ച് പുലര്‍ത്തുന്നത്.


ജാതിയും സര്‍വകലാശാലകളും


ഒരു ഘട്ടത്തില്‍ ജാതിചിന്തകള്‍ സര്‍വകലാശാലകളില്‍ നിന്ന് തൂത്തെറിയപ്പെട്ടിരുന്നു, എന്നാല്‍ ഇന്ന് അവ തിരിച്ചുവന്നിരിക്കുന്നു എന്ന് വാദിക്കുന്നവരോട് ജാതീയത വേരറ്റ് പോയിരുന്നില്ല എന്നും ആരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യങ്ങളില്‍ അവ ശക്തമായി പടര്‍ന്നു പന്തലിക്കുന്നു എന്നും വേണം മനസിലാക്കാന്‍. വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനും വേണ്ടത്ര വേരോട്ടമില്ലാത്ത പല സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ വന്‍രീതിയിലുള്ള ചൂഷണത്തിന് വിധേയമാകുന്നത് എങ്ങനെയാണെന്ന് സവര്‍ണ ജാതിബോധതിന്റെ ഭാഷയില്‍ വായിച്ചെടുക്കാവുന്നതാണ് . ഗവേഷകരെ കൊണ്ട് അധ്യാപകരുടെ വീട്ടുവേലകള്‍ വരെ ചെയ്യിക്കുന്ന സവര്‍ണ മനോഭാവം ഇന്നും നിലനില്ക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.


12549011_1024742334215399_4569930870805831997_n


ഈ പറഞ്ഞ കാര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ വേണം ഹൈദരബാദ് കേന്ദ്രിയ സര്‍വകലാശാലയില്‍ അരങ്ങേറിയ ദാരുണ സംഭവത്തെ വിലയിരുത്താന്‍. അതൊരു ആത്മഹത്യയല്ല, മറിച്ച്  ഒരു കൊലപാതകം തന്നെയാണ്. ജാതീയത എത്ര ഭീകരമായാണ് അവിടെ പ്രവര്‍ത്തിച്ചതെന്ന് രോഹിത് വിമുലയുടെ ഉദാഹരണത്തിലൂടെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഭരണകൂട മര്ക്കടമുഷ്ട്ടിക്കും അര്രഷ്ട്രീയവല്‍ക്കരണത്തിനും പൂര്‍ണമായി വഴങ്ങിക്കൊടുക്കാത്ത ഹൈദരബാദ് പോലുള്ള സര്‍വകലാശാലാ ക്യാമ്പസുകളെ " "മെരുക്കിയെടുക്കാനുള്ള" ഭരണകൂട ശ്രമത്തിന്റെ ഇര കൂടിയാണ് രോഹിതിനെ പോലെയുള്ളവര്‍ എന്ന പുനര്‍വായന കൂടി കൂടി ഇവിടെ അത്യന്താപേക്ഷിതമാണ്.


12549049_1024742487548717_6163637942591190221_n


ഈ സാഹചര്യത്തില്‍ രോഹിത് വിമുലയുടെ ആത്മഹത്യയെ  വല്ലാതെ കാല്പ്പനികവത്കരിക്കുന്നതിനു പകരം അതുണ്ടായ സാഹചര്യങ്ങളെ കണ്ടെത്തുകയും അതിനെ തിരുത്താനുമുള്ള പോരാട്ടങ്ങള്‍ തുടരുകയുമാണ് വേണ്ടത്. ഇതിനായി ഭരണകൂട ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്ര ഇടങ്ങളായി സര്വകലാശാലകളെ തിരിച്ചുപിടിക്കെണ്ടിയിരിക്കുന്നു. സമൂഹത്തില്‍ അനീതി കാണുമ്പോള്‍ അതിനോട് കലഹിക്കുകയും കലാപം ഉണ്ടാക്കുകയും ചെയ്യാത്ത സര്‍വകലാശാലകള്‍ വെറും സവര്‍ണ ഇടങ്ങളാണ് . ഇത്തരം ഇടങ്ങള്‍ ദളിതരുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട (പ്രത്യേകിച്ച് സ്ത്രീകള്‍) വിഭാഗങ്ങളുടെയും കശാപ്പുശാലകളായി മാറും എന്നതില്‍ തര്‍ക്കമില്ല.


ശ്രുതി കൃഷ്ണ
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി  ഓഫ് ഗുജറാത്ത്
ഗാന്ധിനഗര്‍