Amala Shafeek

കോവിഡ് 19 : നേരും നുണകളും !

ഏറെ പ്രബുദ്ധരാണ്‌ എന്ന് അഭിമാനിക്കുന്ന നാം പലതരം അന്ധവിശ്വാസങ്ങളിലേക്കും തെറ്റായ വാര്‍ത്തകള്‍ വിശ്വസിച്ച്‌ അബദ്ധങ്ങളിലേക്ക്‌ ചാടുന്നതുമായ പരിതാപകരമായ അവസ്ഥയാണ്‌ കോവിഡ്‌-19 ന്റെ വ്യാപനത്താല്‍ അതീവ ജാഗ്രതയിലുള്ള നമ്മുടെ സംസ്ഥാനത്ത്‌ ഈ പോയ വാരം കാണാനായത്‌. കോവിഡ്‌-19 പൊലെയൊരു മഹാമാരിക്കാലത്ത്‌ ഇത്‌ അത്യന്തം ആശങ്കാജനകവും അപകടകരവുമാണ്‌. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ തന്റെയും, തന്റെ പ്രിയപ്പെട്ടവരുടെയും, ചുറ്റുമുള്ളവരുടെയും സുരക്ഷക്കാണെന്ന് മനസ്സിലാക്കി ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കുന്നതിനു പകരം അങ്ങേയറ്റം വിവരക്കേടുകള്‍ എഴുന്നള്ളിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന പടുകുഴിയിലേക്ക്‌ ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ കൂടി വീണുപോകുന്നത്‌ കാണുമ്പോഴാണ്‌‌ ഈ ദുരവസ്ഥയുടെ ഭീകരത വ്യക്തമാകുന്നത്‌.


Novel-Coronavirus-780x515-1


മതമെന്നത്‌ എന്ത്‌ അന്ധവിശ്വാസങ്ങളെയും പടര്‍ത്താനുള്ള വാഹനമാനെന്നത്‌ ഈ അടുത്ത കാലത്ത്‌ കണ്ടു വരുന്ന വിരോധാഭാസമാണ്‌. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കാര്യങ്ങള്‍ തികച്ചും ആധികാരികതയോടെ അവതരിപ്പിക്കപ്പെടുക എന്നതും അത്‌ മറിച്ചൊന്ന് ചിന്തിക്കാതെ ആള്‍ക്കൂട്ടം ഏറ്റെടുത്ത്‌ കൊണ്ടാടുന്നതും കാണുന്നു. കോവിഡ്‌ -19 വരാതിരിക്കാന്‍ ചിലത്‌ ചെയ്താല്‍ മതി എന്ന തെറ്റായ വിവരങ്ങള്‍ വ്യാപകമായ്‌ പരന്നിട്ടുണ്ട്‌. അവയില്‍ ചിലത്‌ താഴെ കൊടുക്കുന്നു.


തെറ്റായ വിവരങ്ങള്‍ എന്തൊക്കെ.


മനസ്സ്‌ നന്നായാല്‍ മതി, പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ രോഗം വരില്ല, ചൂടും/തണുപ്പും ആയ കാലാവസ്ഥയില്‍ കോവിഡ്‌ വരില്ല, ചാണകംകൊണ്ട്‌ ശരീരം മൂടുക/തണുപ്പിക്കുക, ഒരു വര്‍ഷം സെക്സ്‌ ഒഴിവാക്കുക, പകരം ഓം നമഃശിവായ എന്ന മന്ത്രം ഓതുക, ആയത്‌-ഇ-കരിമ ലക്ഷക്കണക്കായ്‌ ഓതി ദുആ ചെയ്യുക, ഉപവാസപ്രാര്‍ത്ഥന നടത്തുക, വിദേശികളെ ചാണകക്കുറി/തിലകം തൊടുവിക്കുക, ഗോമൂത്രം കുടിക്കുക, വിദേശരാജ്യത്തലവന്മാര്‍ക്ക്‌ ഗോമൂത്രം അയച്ച്‌ കൊടുക്കുക, ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കുക, ഇത്രയും ചെയ്താല്‍ അലോപ്പതി മരുന്നുകളുടെ ആവശ്യമില്ല എന്ന് പ്രചരിപ്പിക്കുക, വെളുത്തുള്ളി കൊറോണയെ പ്രതിരോധിക്കും, ചൂടുവെത്തില്‍ കുളിച്ചാല്‍ മതി, കുട്ടികള്‍ക്ക്‌ കൊറോണ വരില്ല, 60 വയസ്സിനു മുകളിലുള്ളവര്‍ക്കേ കൊറോണ വരൂ, ചൈനീസ്‌ ഉല്‍പ്പന്നങ്ങളില്‍ നിന്ന് കൊറോണ പകരും, കൊതുകും വളര്‍ത്ത്‌ മൃഗങ്ങളും കൊറോണ പടര്‍ത്തുന്നു, കൊറോണയ്ക്ക്‌ പനിക്കുള്ള വാക്സിന്‍ ഫലപ്രദമാണ്‌ എന്നിവയൊക്കെ, വ്യക്തമായതും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ വിവരങ്ങളുടെ ബലത്തില്‍ പടരുന്ന വ്യാജ നിദ്ദേശങ്ങളും വിശ്വാസങ്ങളുമാണ്‌.


download


അവരവര്‍ സ്വയം സൂക്ഷിക്കുന്നത്‌ വളരെ നല്ലതും അത്യന്താപേക്ഷിതവുമാണ്‌. എന്നാല്‍ വെറും ഊഹാപോഹങ്ങളില്‍ വീണുപോകാതിരിക്കാന്‍ എന്ത്‌ കരുതലാണെടുക്കേണ്ടത്‌ എന്ന് വ്യക്തമായ്‌ മനസ്സിലാക്കി ചെയ്യേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമുണ്ട്‌. മുകളില്‍ പറഞ്ഞവ എല്ലാം തന്നെ തെറ്റായ വാര്‍ത്തകളാണ്‌. കോവിഡ്‌ – 19 ന്റെ പ്രധാന ലക്ഷണങ്ങള്‍ പനി, ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്‌, ശരിരവേദന എന്നിവയാണ്‌. എല്ലാ പനിയും കോവിഡ്‌ – 19 അല്ലെങ്കിലും, ഈ ലക്ഷണങ്ങല്‍ കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കുന്നതും മുന്‍ കരുതല്‍ എറ്റുക്കുന്നതുമാണ്‌ ഈ അവസ്ഥയില്‍ നാം ചെയ്യേണ്ടത്‌.


കോവിഡ്‌ -19 വരാവുന്നത്‌ ആര്‍ക്കൊക്കെ.


രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചവര്‍, രോഗിയുമായി, നേരില്‍ സഹകരിച്ചവര്‍, രോഗിയുടെ സ്രവം സ്പര്‍ശിച്ചവര്‍, രോഗിയുടെ വസ്തുക്കള്‍ വൃത്തിയാക്കിയ ആളുകള്‍, വിമാനത്തില്‍ രോഗിയുടെ അടുത്തിരുന്ന ആളുകള്‍, രോഗി സഞ്ചരിച്ച വാഹനത്തില്‍ പിന്നീട്‌ സഞ്ചരിച്ചവര്‍, രോഗി ഉണ്ടായിരുന്ന മുറി വ്യത്യസ്ത സമയത്ത്‌ ഉപയോഗിച്ചവര്‍ തുടങ്ങിയവരൊക്കെ രോഗം വരാന്‍ അതീവ സാദ്ധ്യത ഉള്ളവരാണ്‌.


നാം എന്ത്‌ ചെയ്യണം


ഇപ്പോള്‍ അടിയന്തിരമായ്‌ നാം ചെയ്യേണ്ടത്‌ പൊതുസ്ഥലങ്ങലിലേക്ക്‌ പോകുന്നത്‌ കഴിവതും ഒഴിവാക്കുക എന്നതാണ്‌. സോപ്പ്‌/സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച്‌ ഇടയ്ക്കിടെ കൈ കഴുകുക, രോഗിയുമായ്‌ അടുത്തിടപഴകുന്നവരും പരിചരിക്കുന്നവരും മാസ്ക്‌ ധരിക്കുക, പനി, മൂക്കൊലിപ്പ്‌, ചുമ, തൊണ്ടവേദന തുടങ്ങിയവ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്ക്‌ ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കുക, മൂക്കിലും കണ്ണിലും വായിലും തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക, ഉപയോഗിച്ച ടിഷ്യൂ നശിപ്പിക്കുക എന്നിവ അതീവ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്‌.


download (1)


രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും, അവരുടെ നിര്‍ദ്ദേസമനുസരിച്ച്‌ പ്ര്വ്വര്‍ത്തിക്കുകയും ചെയ്യുക. വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും അത്‌ ചെയ്യുക. കോവിഡ്‌ -19 ന്റെ വ്യാപനം തടയുന്നതിന്‌ നാം ഒത്തൊരുമിച്ച്‌ ഉപേക്ഷ വിചാരിക്കാതെ മുമ്പോട്ട്‌ നീങ്ങിയാല്‍ മാത്രമെ കഴിയൂ.