K G Suraj

നടതള്ളും മലയാളി !

'മാതൃദിനമുണ്ട് - പിതൃദിനവും' ; അച്ഛനമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ‘അനുഭവക്കുറിപ്പുകളും’ ഇടങ്ങളോരോന്നിലും യഥേഷ്ടം ഇടം പിടിയ്ക്കുന്നു. കേരളത്തില്‍ ആരോഗ്യം വിദ്യാഭ്യാസം അടക്കമുള്ള മേഖലകളെന്ന പോലെ മുതല്‍ മുടക്കിനെ അതിശയകരമാംവിധം തൃപ്തിപ്പെടുത്തുന്ന മറ്റൊരു കച്ചവടം കൂടി സജീവമാകുന്നുണ്ട്. അത് മുതിര്‍ന്നവരെ പാര്‍പ്പിയ്ക്കുന്ന ‘വീടുകളാണ്’. കേരളത്തിലാകെ സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന 565 ‘ഓള്‍ഡ് ഏജ് ഹോമുകളാണ് നിലവിലുള്ളത്. ഇവയില്‍ 224 എണ്ണം സര്‍ക്കാര്‍ ഗ്രാന്റോടെ പ്രവര്‍ത്തിയ്ക്കുന്നവയാണ്. സാമൂഹിക ക്ഷേമ വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിയ്ക്കുന്ന അഗതി പരിശോധനാ സമിതിയ്ക്ക് പ്രതിവാരം ഓള്‍ഡ് ഏജ് ഹോമുകള്‍ ആരംഭിയ്ക്കുന്നതിനുള്ള അഞ്ചു മുതല്‍ 7 വരെ അപേക്ഷകളാണ് ലഭ്യമാകുന്നത്. കഴിഞ്ഞ 5 വര്‍ഷക്കാലയളവിനുള്ളില്‍ ഓള്‍ഡ് ഏജ് ഹോമുകളിലെ അന്തേവാസികളുടെ എണ്ണം 15,000 ല്‍ നിന്നും 23,823 ലേയ്ക്ക് ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. ഇതില്‍ 9,596 പേര്‍ സ്ത്രീകളും 14,227 പുരുഷന്മാരുമാണ്.


thiruvananthapuram_common_pages_17-06-2019_11-219348-slice4


ഓള്‍ഡ് ഏജ് ഹോമുകളിലെ അന്തേവാസികളില്‍ ഭൂരിപക്ഷവും സാമ്പത്തികവും സാമൂഹികവുമായ മെച്ചപ്പെട്ട നിലകളില്‍ നിന്നുള്ളവരാണ്. നിയമങ്ങള്‍ പ്രകാരം കുട്ടികളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓള്‍ഡ് ഏജ് ഹോമുകളില്‍ പ്രവേശനമനുവദിയ്ക്കില്ല. എന്നാല്‍ വസ്തുതാവിരുദ്ധമായ വാദങ്ങള്‍ ഉന്നയിച്ച് ഇത് മറികടക്കുന്നതായി ആക്ഷേപങ്ങളുണ്ട്. നിയമം കൃത്യമായി നടപ്പിലാകുന്നുണ്ടോ എന്നതിന് കൃത്യമായ പരിശോധനകള്‍ ആവശ്യമുണ്ട്. മാതാപിതാക്കളെ ഈവിധം ‘നടതള്ളി’പ്പോകുന്ന മക്കളില്‍ ഭൂരിപക്ഷവും പിന്നീട് അവരെ തിരിഞ്ഞുനോക്കാത്തവരാണെന്ന് ബന്ധപ്പെട്ട ഇടങ്ങളിലെ ചുമതലപ്പെട്ടവര്‍ പറയുന്നു. ഇത് പരിതാപകരമായ അവസ്ഥയാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം ഓള്‍ഡ് ഏജ് ഹോമുകളുള്ളത്. തൃശൂര്‍, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകള്‍ എറണാകളത്തോട് ഇഞ്ചോടിഞ്ച് മത്സരിയ്ക്കുന്നു.


parents-maintenance-act


ക്ഷേത്ര ദര്‍ശനം എന്ന പേരില്‍ അച്ഛനമ്മമാരുമായി ഗുരുവായൂരിലെത്തി അവരെ ‘നടതള്ളി’പ്പോകുന്ന 15 ല്‍ അധികം സംഭവങ്ങള്‍ പ്രതിമാസമുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ തന്നെ സ്ഥിതീകരിയ്ക്കുന്നു. ക്ഷേത്രങ്ങളില്‍ സൗജന്യമായി ഉച്ചഭക്ഷണവും അത്താഴവും ലഭ്യമാകും എന്നതുകൊണ്ടു തന്നെ പോഷകാഹാരക്കുറവ് കൊണ്ട് മരണം സംഭവിയ്ക്കില്ല എന്നതിനാലാണ് ഈ ‘മക്കള്‍’ ക്ഷേത്ര പരിസരം തന്നെ ഇതിലേയ്ക്കായി തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ അഞ്ചില്‍ ഒന്ന് മുതിര്‍ന്നവര്‍ മകനില്‍ നിന്നോ മരുമകളില്‍ നിന്നോ അധിക്ഷേപങ്ങള്‍ക്കു വിധേയമാകുന്നു. ഇവരില്‍ ഭൂരിപക്ഷവും പ്രസ്തുതവിവരം ഭയം കൊണ്ടോ കുടുംബത്തിന്റെ അന്തസ്സോര്‍ത്തോ മക്കള്‍ പ്രതികാരം ചെയ്യുമെന്ന ഭീതിയിലോ മറച്ചുവെയ്ക്കാന്‍ ബാധ്യതപ്പെടുന്നു. ഇവരില്‍ ഭൂരിപക്ഷത്തിനും പരാതി സമര്‍പ്പിയ്ക്കേണ്ടത് എവിടെയെന്നോ ആര്‍ക്കെന്നോ അറിയാത്ത സ്ഥിതിയുണ്ട്. Parents and Senior Citizens Act പ്രകാരമുള്ള നടപടിക്രമങ്ങളിലേയ്ക്ക് കടക്കാന്‍ രക്ഷകര്‍ത്താക്കള്‍ പലപ്പോഴും വിമുഖത കാട്ടുന്നു.


images


സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2018 കാലയളവിലെ സാമ്പത്തിക റിവ്യൂ പ്രകാരം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കാള്‍ 60 വയസിനു മുകളിലുള്ളവരുടെ ജനസംഖ്യാനുപാതം കേരളത്തില്‍ കൂടുതലാണ് . സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ സമകാലീന ഘടന പുതിയ സാമ്പത്തിക, സാമൂഹിക, ആരോഗ്യ പ്രശ്നങ്ങളെ മുന്‍പന്തിയിത്തിയ്ക്കുന്നു. ഇവയാകെ നേരിടുന്നതിന് സംസ്ഥാനത്തിന് പൊതുജനങ്ങളുടെ സജീവ സഹകരണവും ഇടപെടലും ആവശ്യമുണ്ട്.


2007 ലെ കേന്ദ്ര ആക്റ്റ് 56 ന്റെ അടിസ്‌ഥാനത്തില്‍ The Kerala Maintenance and Welfare of Parents and Senior Citizens Rules, 2009 സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. ഇതിനനുബന്ധമായാണ് ദാനാധാരം കിട്ടിയ ശേഷം വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാന്‍ വിസമ്മതിച്ച മകന്റെ സ്ഥലം കാസര്‍കോഡ് ജില്ലാ കളക്ടര്‍ പിടിച്ചെടുത്ത് ദമ്പതികള്‍ക്ക് തിരിച്ചു നല്‍ കിയത്.


‘ മാതാപിതാക്കള്‍ നല്‍കിയ 1.80 ഏക്കര്‍ ഭൂമിയാണ് കളക്ടര്‍ പിടിച്ചെടുത്തു നല്‍ കിയത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന 2007 ലെ നിയമത്തിലെ 23-ാം വകുപ്പ് പ്രകാരമാണ് കളക്ടറുടെ ഉത്തരവ്. പാലാവയല്‍ മലാങ്കടവില്‍ പനന്താനത്ത് ഏലിയാമ്മയുടെ മകന്‍ കെ.എം. എബ്രഹാമിനെതിരെ മാതാപിതാക്കള്‍ നല്‍ കിയ പരാതിയിലാണ് നടപടി. ശിഷ്ടകാലം സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിലാണ് പാലാവയല്‍ വില്ലേജിലുള്ള 1.80 ഏക്കര്‍ ഭൂമി മകന് ദാനാധാര പ്രകാരം 2012ല്‍ പതിച്ചു നല്‍ കിയതെന്ന് മാതാപിതാക്കളായ ഏലിയാമ്മയും ആഗസ്തി കാരക്കാട്ടും പരാതിയില്‍ പറയുന്നു. എന്നാല്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍ കിയശേഷം മകന്‍ നിലപാട് മാറ്റി. നിരന്തരം മകന്‍ മര്‍ദ്ദിച്ചിരുന്നതായും വൃദ്ധ ദമ്പതികള്‍ പറയുന്നു. വിചാരണ വേളയില്‍ രക്ഷിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മകന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മകന് പതിച്ചു നല്‍ കിയ സ്വത്തുക്കള്‍ തിരികെ വാങ്ങിനല്‍ കണമെന്ന് ദമ്പതികള്‍ ആവശ്യമുന്നയിച്ചു. ഇതോടെയാണ് കളക്ടര്‍ ഭൂമി കണ്ടുകെട്ടി മാതാപിതാക്കള്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടത്.


മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ദാനമായോ, അല്ലാതെയോ അവരുടെ ഭൂസ്വത്തുക്കള്‍ കൈമാറുകയും അത് ലഭിച്ചയാള്‍ സംരക്ഷണം നല്‍കാതെയുമിരുന്നാല്‍ അത്തരം കൈമാറ്റങ്ങള്‍ക്ക് നിയമപ്രാബല്യം ഉണ്ടായിരിക്കില്ലെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു’.


കണ്ണൂര്‍ ജില്ലാ കളക്റ്റര്‍ ബാലകിരണ്‍ ജില്ലയിലെ വൃദ്ധ സദനങ്ങളില്‍ കഴിയുന്നവരുടെ മക്കളുടെ മേല്‍ വിലാസം കണ്ടത്തുകയും അവരില്‍ നിന്ന് അവരുടെ മാതാപിതാക്കളുടെ സംരക്ഷണ ചിലവിനായി പതിനായിരം രൂപ ഈ ടാക്കുകയും ഇതിന്ന് വീഴ്ച്ച വരുത്തുന്നവരെ മൂന്ന് മാസം തടവും അയ്യായിരം രൂപ പിഴയും നടപ്പിലാക്കുവാനും ഉത്തരവിറക്കിയിരുന്നു. ഇത് ഏറെ ഫലവത്തായ പ്രതികരണമാണ് സൃഷ്ടിച്ചത്.


മക്കളില്‍ നിന്നും ജീവനാംശം തേടി മുതിര്‍ന്ന പൗരര്‍ നല്‍കുന്ന പരാതികളുടെ എണ്ണം ഭീമമായ നിലയില്‍ വര്‍ദ്ധിയ്ക്കുകയാണ്. 27 ട്രൈബ്യൂണുകള്‍ക്കു മുന്നിലായി 2017 – 2018 കാലയളവുകളില്‍ 4000 ത്തില്‍ അധികം പരാതികളാണ് ലഭ്യമായത്. 2017 ല്‍ 569 ജീവനാംശ പരാതികള്‍ ലഭിച്ച തിരുവനന്തപുരം സബ് ഡിവിഷനാണ് ജീവനാംശപരാതികളില്‍ മുന്നില്‍ .


വയോജനങ്ങളുടെ സംരക്ഷണം: കമ്മീഷന്‍ റിപ്പോര്‍ട്ട്


സംസ്ഥാനത്ത് അലഞ്ഞുതിരിയുന്നവരും റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ക്ഷേത്ര വളപ്പ്, റോഡുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരുമായ മുഴുവന്‍ വയോജനങ്ങളെയും കണ്ടെത്തി പുനരധിവസിപ്പിക്കണമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തിയ ശേഷം അനുയോജ്യമായ വൃദ്ധസദനങ്ങളില്‍ താമസിപ്പിക്കണമെന്നതാണ് കമ്മീഷന്റെ അഭിപ്രായം.വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷനാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.


PRP-477-2018-05-30-1-560x244


ഇതര ശുപാര്‍ശകള്‍:


1. വയോജനങ്ങളെ നാലായി തരം തിരിക്കണം. 1) ആരോഗ്യമുളളവരും സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുളളവരും 2) ഭാഗികമായി മറ്റുളളവരെ ആശ്രയിക്കുന്നവര്‍ 3) പൂര്‍ണ്ണമായും പരാശ്രയം വേണ്ടവരോ കിടപ്പിലായവരോ 4) മാനസിക വെല്ലുവിളി നേരിടുന്നവര്‍. ഈ വിഭാഗങ്ങളെ പ്രത്യേകം കെട്ടിടങ്ങളില്‍ താമസിപ്പിക്കണം. വൃദ്ധസദനങ്ങളില്‍ ആളുകളെ കുത്തിനിറയ്ക്കാന്‍ അനുവദിക്കരുത്. അനുവദിക്കപ്പെട്ട എണ്ണത്തിന്റെ പത്ത് ശതമാനത്തിലധികം പേരെ പാര്‍പ്പിക്കാന്‍ പാടില്ല.


2. വാര്‍ഡുതല കമ്മിറ്റികള്‍ മുഖേന വയോജനങ്ങളുടെ മക്കളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കണം. സാമ്പത്തിക സ്ഥിതി മെച്ചമായിട്ടും രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണം. മക്കള്‍ക്ക് സാമ്പത്തികനില മോശമാണെങ്കില്‍ വയോജനങ്ങളെ സാമൂഹ്യനീതി വകുപ്പ് സംരക്ഷിക്കണം.


3. വൃദ്ധസദനങ്ങളിലെ സ്റ്റാഫിനും നിശ്ചിത യോഗ്യതയുണ്ടായിരിക്കണം. അവര്‍ക്ക് പരിശീലനം നല്‍കണം.


4. സര്‍ക്കാര്‍ സ്വന്തം നിലയില്‍ പുതിയ വൃദ്ധസദനങ്ങള്‍ സ്ഥാപിക്കേണ്ടതില്ല. സ്വകാര്യ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ പതിനായിരത്തോളം പേര്‍ക്കുളള ഒഴിവുകളുണ്ട്. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ 485 ഒഴിവകളുണ്ട്.


5. സ്വകാര്യ വൃദ്ധസദനങ്ങളോട് ചേര്‍ന്ന് സ്ഥലമുണ്ടെങ്കില്‍ അവിടെ നിബന്ധനകള്‍ക്ക് വിധേയമായി കെട്ടിടം പണിയുന്നതിന് സര്‍ക്കാരിന് സഹായം നല്‍കാവുന്നതാണ്. എന്നാല്‍ അത്തരം വൃദ്ധസദനങ്ങള്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരേയും ഉള്‍ക്കൊളളുന്നതാകണം.


6. പത്തുപേര്‍ക്കെങ്കിലും താമസസൗകര്യമില്ലാത്ത വൃദ്ധസദനങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ടതില്ല.


7. മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വൃദ്ധസദനങ്ങളില്‍ രണ്ടാഴ്ചത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാക്കണം.


8. വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നിയമസഹായം ലഭ്യമാക്കണം.


9. 70 കഴിഞ്ഞ വയോജനങ്ങളുടെ പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തണം. 80 കഴിഞ്ഞവര്‍ക്ക് 3000 രൂപ നല്‍കണം.


10. വയോജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പണം സ്വരൂപിക്കുന്നതിന് പ്രത്യേക ഭാഗ്യക്കുറി നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം.


11. ആശുപത്രികള്‍, റേഷന്‍ ഷാപ്പുകള്‍, വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍, വാട്ടര്‍ അതോറിറ്റി മുതലായ സ്ഥലങ്ങളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.


വൃദ്ധ സദനങ്ങളുടെ നിയന്ത്രണാധികാരം സര്‍ക്കാരില്‍ നിലനിര്‍ത്തണം 


സര്‍ക്കാര്‍ സ്വന്തം നിലയില്‍ പുതിയ വൃദ്ധസദനങ്ങള്‍ സ്ഥാപിക്കേണ്ടതില്ല’ എന്ന റിപ്പോര്‍ട്ടിലെ സൂചന 4 ഒഴികെ പൊതുവില്‍ വയോജനക്ഷേമത്തിന് അനുഗുണമാംവിധം രൂപപ്പെടുത്തപ്പെട്ട ഒന്നാണ്. സ്വകാര്യ വൃദ്ധ സദനങ്ങള്‍ വ്യാപകമാകുന്നതോടെ സേവനം സംബന്ധിച്ച ഗുണനിലവാരം സന്നദ്ധത എന്നിവകള്‍ക്കുമേലുള്ള പരിശോധന അസാധ്യമാകുകയും സ്വകാര്യവത്ക്കരിയ്ക്കപ്പെടുന്ന ഇതര മേഖലകളെന്ന പോലെ അത്യന്തം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ട വയോജനമേഖലയും ഉള്ളവര്‍ക്ക് മാത്രം പ്രാപ്യമാകുന്ന സേവനങ്ങളുടെ ആകെത്തുകയാകുകയും ചെയ്യും. അതിനാല്‍ തന്നെ റിപ്പോര്‍ട്ടിലെ പ്രസ്തുത ശുപാര്‍ശ ഭേദഗതി ചെയ്യുകയും സര്‍ക്കാര്‍ നിയന്ത്രണം കര്‍ശനമാക്കുകയും വേണം.


ajay-sharma-article.edited


വയോജനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തു സാഹചര്യത്തില്‍ ആരോഗ്യ
– സാമൂഹിക ക്ഷേമ രംഗങ്ങളില്‍ ഊന്നല്‍ നല്‍കുന്ന വയോജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക വയോജന ബഡ്ജറ്റ് വരും വര്‍ഷം മുതല്‍ അവതരിപ്പിയ്ക്കുമെന്ന് 2018 – 19 കാലയളവിലെ ബഡ്ജറ്റ് പ്രസംഗത്തില്‍ സംസ്ഥാന ധനവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഊന്നിപ്പറഞ്ഞിട്ടുണ്ട്.


നിയമവും പരിമിതികളും 


മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരം; കുറ്റങ്ങളും വിചാരണയ്ക്കുള്ള നടപടിക്രമങ്ങളും, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ്, 2007 (2008 സെപ്തംബര്‍ 24 ന് കേരളത്തില്‍ പ്രാബല്യത്തില്‍ വന്നത്) പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.


‘ മുതിര്‍ന്ന പൗരന്റെ കരുതലിനും സംരക്ഷണത്തിനുമുള്ള ആരെങ്കിലും, അങ്ങനെ മുതിര്‍ന്ന പൗരനെ പൂര്‍ണ്ണമായി ഉപേക്ഷിയ്ക്കുക എന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സ്ഥലത്ത് മുതിര്‍ന്ന പൗരനെ വിട്ടുപോകുകയാണെങ്കില്‍, മൂന്നുമാസത്തോളമാകാവുന്ന കാലമോ രണ്ടില്‍ ഏതെങ്കിലും തരത്തിലുള്ള തടവിനോ, അയ്യായിരം രൂപയോളമാകാവുന്ന പിഴയ്ക്കോ അല്ലെങ്കില്‍ രണ്ടിനും കൂടിയോ ശിക്ഷിയ്ക്കാവുന്നതാണ്’. സൂചിത ആക്റ്റിന്റെ ഭാഗമായ കുറ്റങ്ങള്‍ക്കുമേലുള്ള മേലുള്ള നടപടിക്രമങ്ങള്‍ കോഗ്‌നൈസബിളും ജാമ്യം ലഭിയ്ക്കുന്നവയുമാണ്. മക്കള്‍/ ബന്ധുക്കള്‍എന്നിവര്‍ രക്ഷകര്‍ത്താക്കള്‍/ മുതിര്‍ന്നവര്‍ എന്നിവരുടെ അടിസ്ഥാന സൗകര്യങ്ങള്‍/ ശാരീരികമായ ആവശ്യങ്ങള്‍എന്നിവ നിഷേധിയ്ക്കുന്ന സാഹചര്യത്തില്‍ ഇഷ്ടദാനമായി കൈമാറ്റം ചെയ്യപ്പെട്ട വസ്തുവകകള്‍സംബന്ധിച്ച കരാര്‍ റദ്ദ് ചെയ്യാന്‍ നിയമം ശുപാര്‍ശ ചെയ്യുന്നു.


law-600x450


ശിക്ഷാനടപടികള്‍ ശക്തിപ്പെടുത്തണം - നടതള്ളികളെ പൊതുവിചാരണ ചെയ്യണം 


മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും കരുതലും ആശങ്കാജനകമാകുന്ന സമകാലീനതയില്‍ മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിയ്ക്കുകയോ വിട്ടുപോകുകയോ ചെയ്യുന്നവര്‍ക്കെതിരായ നിയമനടപടികള്‍കര്‍ക്കശമാകേണ്ടതുണ്ട്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ്, 2007 (2008 സെപ്തംബര്‍ 24 ന് കേരളത്തില്‍ പ്രാബല്യത്തില്‍ വന്നത്) പ്രകാരമുള്ള ശിക്ഷാനടപടികള്‍ ദുര്‍ബലവും താരതമ്യേന ലളിതമെന്നു തോന്നിപ്പിയ്ക്കുന്ന നിലയിലുള്ളതുമായതിനാല്‍ ശിക്ഷാ കാലയളവ് ചുരുങ്ങിയത് പത്ത് കൊല്ലം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴശിക്ഷയും അല്ലെങ്കില്‍ രണ്ടിനും കൂടിയോ ആയി ഭേദഗതി ചെയ്ത് ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട്.


മാതാപിതാക്കളേയും മുതിര്‍ന്ന പൗരന്മാരെയും വൃദ്ധ മന്ദിരങ്ങളില്‍ ഉപേക്ഷിച്ചും കണ്ടിടങ്ങളില്‍ നടത്തള്ളിയും പൊതു – സ്വകാര്യ ഇടങ്ങളില്‍ വിശുദ്ധാഭിനയം കാഴ്ച്ച വെയ്ക്കുന്നവരെ പേര് / മേല്‍വിലാസം എന്നിവ സഹിതം വിശദാംശങ്ങള്‍ വെളിപ്പെടുത്തി പരസ്യ വിചാരണ ചെയ്ത് വിശേഷാധികാരങ്ങളുടെ തൊലി പൊളിച്ചെടുക്കണം. മുതിര്‍ന്ന പൗരന്മാര്‍ നാടിന്റെ നെഞ്ചിടിപ്പുകളാണ്. അവരാണ് അനുഭവങ്ങളുടെ മൂശയിലൂടെ ആര്‍ജ്ജിതമായ അറിവുകളെ  സാമൂഹിക നിര്‍മ്മിതിയ്ക്കായ് ഉപാധിരഹിതം  കരുത്തുറ്റരാക്കുന്നത്. അതിനാല്‍ തന്നെ നടതള്ളികളായ ‘മലയാളികള്‍’ ശിക്ഷിയ്ക്കപ്പെടുക തന്നെ വേണം.