Dr Archana A K

മെയ്ദിനം ശതാബ്ദിയുടെ നിറവിൽ

ഇന്ത്യയിൽ ഇന്റർനാഷണൽ വർക്കേഴ്സ് ഡേ ആഘോഷിക്കപ്പെട്ടു തുടങ്ങിയിട്ട് 2023 മെയ്‌ ഒന്നിനു നൂറാണ്ട് തികയുന്നു. തൊഴിലാളികൾ നേടിയെടുത്ത അവകാശ പോരാട്ടങ്ങളുടെ സ്മരണാർത്ഥമാണ് ആഗോളതലത്തിൽ മെയ് 1 വർക്കേഴ്സ് ഡേയായി അംഗീകരിക്കപ്പെട്ടത്. അന്നേദിവസം മിക്ക രാജ്യങ്ങളും പൊതു അവധി നൽകി തൊഴിലാളികളോട് ഐക്യം പ്രഖ്യാപിക്കുകയും തൊഴിലാളി യൂണിയനുകൾ അവരുടെ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. മുതലാളിത്ത വ്യവസ്ഥിതിയും അമിത അധ്വാനവും തൊഴിൽ ചൂഷണങ്ങളുമാണ് തൊഴിലാളികളെ സംഘടിത ശക്തിയാക്കി മാറ്റിയത്. ചെറുകിട പ്രസ്ഥാനങ്ങൾ ഉയർത്തിയ വലിയ കാഹളങ്ങളാണ് രാജ്യ വ്യാപകമായി ഇന്നും തൊഴിലാളികളുടെ ശബ്ദമായിരിക്കുന്നത്. തൊഴിൽ ദിനം പോലെ പ്രസക്തമാണ് ഓരോ വർഷവും അതിനോടനുബന്ധമായി ചർച്ച ചെയ്യപ്പെടുന്ന വിഷയവും. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ, വ്യത്യസ്‍ത മേഖലകളിൽ നൽകിയിരിക്കുന്ന സംഭാവനകൾ, തൊഴിൽ മേഖലയിലെ നേട്ടങ്ങൾഎന്നിങ്ങനെ പോകുന്നു വിഷയ വൈവിധ്യങ്ങൾ.

May day 1

2023 ലെ മെയ്ദിനാഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുക "തൊഴിലാളിവർഗ്ഗം സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും നൽകിയ സംഭാവനകൾ" എന്ന വിഷയത്തെ മുൻനിർത്തിയാണ്. 19 ആം നൂറ്റാണ്ടിൽ അമേരിക്കയിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളി യൂണിയന്റെ ഓർമ്മ പുതുക്കി കൊണ്ടാണ് വർക്കേഴ്സ് ഡേ സംഘടിപ്പിച്ചു തുടങ്ങുന്നത്. ഇതിനായി മെയ് 1 പരാമർശിക്കപ്പെടുവാനുണ്ടായ സാഹചര്യം 1886 മെയ് ഒന്നിന് ആരംഭിച്ച് നാല് ദിവസം നീണ്ടുനിന്ന അമേരിക്കയിലെ ഹേ മാർക്കറ്റ് അഫയറിൽ നടന്ന തൊഴിലാളി സംഘർഷങ്ങളും സമരങ്ങളുമാണ്. വർക്കേഴ്സ് ഡേയുടെ സ്മരണയ്ക്കായിട്ട് ഈ ദിനം സ്വീകരിക്കുകയാണ് പിന്നീട് ചെയ്തത്. അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബർ എന്ന സംഘടനയാണ് തൊഴിൽ ദിനമായി മെയ് 1 ശുപാർശ ചെയ്തത്.


ഇന്ത്യയിൽ തൊഴിലാളികളുമായി ബന്ധപ്പെട്ട ആദ്യത്തെ സംഘടിത നീക്കത്തിന്  മുൻനിരയിൽ നിന്ന് പ്രവർത്തിച്ച നേതാവാണ് മലയപുരം ശിങ്കാര വേലു. ഇന്ത്യയിൽ തൊഴിലാളി ദിനമായി ആചരിക്കപ്പെട്ട് തുടങ്ങിയ 1923 മുതലുള്ള കാലഘട്ടത്തിൽ സംഘർഷഭരിതമായ നൂറു നൂറ് പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളിലൂട ഉയർത്തി കൊണ്ടുവരാൻ ശിങ്കാര വേലുവിനെപ്പോലുള്ള നേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ 1923 മെയ് ഒന്നിന് നടന്ന തൊഴിൽ ദിനാഘോഷ പരിപാടികളുടെയെല്ലാം കാര്യദർശി ശിങ്കാര വേലുവും അദ്ദേഹം രൂപംകൊടുത്ത് മദ്രാസ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന "ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ" എന്ന സംഘടനയുമായിരുന്നു. മദ്രാസ് ഹൈക്കോടതിക്ക് എതിർവശത്തുള്ള കടൽത്തീരവും ട്രിപ്ലിക്കൻ ബീച്ചും ആയിരുന്നു അന്ന് വേദികളായത്. ഇന്ത്യയിൽ ആദ്യമായി ചെങ്കൊടി ഉപയോഗിച്ച് തുടങ്ങുന്നതും തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഈയൊരു ചരിത്ര നിമിഷത്തിലാണ്. 1918- ൽ ഇന്ത്യയിൽ ആദ്യത്തെ ട്രേഡ് യൂണിയൻ സ്ഥാപിതമായെങ്കിലും സംഘടിതമായി വിവിധ മേഖലകൾ സംയോജിപ്പിക്കപ്പെട്ടത് 1920 കളിലാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിലെ നിർണായക പടവുകളിലൊന്നായിരുന്നു ശിങ്കാരവേലുവിന്റെ നേതൃത്വത്തിൽ നടന്നിട്ടുള്ള തൊഴിലാളി സംഘടനകളുടെ രൂപീകരണവും ഐക്യവൽക്കരണവും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനായി മാറിയ അദ്ദേഹം തൊഴിലാളി വർഗ്ഗ സംഘടിത പ്രവർത്തനങ്ങൾക്ക് മാത്രമല്ല, ബ്രിട്ടീഷുകാരുടെ ആധിപത്യം, തൊട്ടുകൂടായ്മ, ജാതീയമായ അസമത്വങ്ങൾ, ഹിന്ദുമതത്തിലെ അനാചാരങ്ങൾ എന്നിവയ്ക്കെതിരെയും ശബ്ദമുയർത്തി.

citu 1

 

മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ശിങ്കാരവേലു ജാതീയമായ പിന്നാമ്പുറങ്ങളിൽ അടയ്ക്കപ്പെട്ട ജനതയോട് ബുദ്ധമത ആദർശങ്ങളെ സ്വീകരിക്കുവാനും സ്വയം നവീകരിക്കുവാനും ആഹ്വാനം ചെയ്തു. ഒരേസമയം ജാതീയവും തൊഴിൽ സംബന്ധമായ ചൂഷണത്തിനെതിരായ പ്രതിധ്വനിയായി മാറി അദ്ദേഹത്തിന്റെ ശബ്ദം. 1907 ൽ മദ്രാസ് ലോ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായും പ്രവർത്തിച്ചു. തന്റെ അറിവുകൾ തൊഴിലാളി വർഗ്ഗത്തിന്റെ ക്ഷേമത്തിനും അവരുടെ അവകാശങ്ങൾ നേടിയെടിക്കുന്നതിനുമായി ഉപയോഗിക്കുന്നതിൽ ഏറെ ജാഗ്രത പുലർത്തിയിരുന്ന ആദർശ ശാലിയായ വിപ്ലവകാരിയായിരുന്നു. വിപ്ലവകരമായ ധാരാളം തീരുമാനങ്ങൾ തന്റെ കർമ്മമണ്ഡലത്തിലും സംഘടനാ മേഖലയിലും പ്രാവർത്തികമാക്കാനും ശിങ്കാര വേലുവിന് കഴിഞ്ഞു. 1923 ലാണ് മലയപുരം ശിങ്കാരവേലർ 'ലേബർ ആൻഡ് കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ' എന്ന സംഘടനയുടെ ആദ്യ പ്രകടനപത്രിക പുറത്തിറക്കുന്നത്. അതിൽ താൻ ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ രൂപീകൃതമായ ട്രേഡ് യൂണിയനുകളുടെയെല്ലാം മാതൃകാതത്വങ്ങൾ ശിങ്കാര വേലു നേതൃത്വം നൽകി രൂപീകരിച്ച സംഘടനകളിൽ നിന്നായിരുന്നു. ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ള ബക്കിൻഹാം ആൻഡ് കർണാട്ടിക് മിൽസിൽ രൂപീകരിച്ച ട്രേഡ് യൂണിയൻ സംഘടനയുടെ ആദ്യ പ്രസിഡന്റ് ശിങ്കാരവേലു ആയിരുന്നു. അദ്ദേഹത്തോടൊപ്പം അന്ന് പ്രവർത്തിച്ചവരിൽ പ്രശസ്തനായ നേതാവായിരുന്നു ബി. കല്യാണസുന്ദരം. ഇന്ത്യയിലെ വിവിധ മേഖലകളിലുള്ള തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് സംഘടിത ശക്തിയാക്കി നയിച്ചതിൽ ഇരുവർക്കും വലിയ പങ്കുണ്ട്. ആദ്യ കാലഘട്ടങ്ങളിലെ ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ, പെട്രോളിയം എംപ്ലോയീസ് യൂണിയൻ, അലുമിനിയം വർക്കേഴ്സ് യൂണിയൻ, നെയ്ത്ത് തൊഴിലാളി യൂണിയൻ പോലുള്ള വിവിധ ചെറുകിട വ്യവസായ മേഖലകളിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുവാനും സംയോജിപ്പിക്കാനും ഇവരുടെ നേതൃത്വത്തിന് കഴിഞ്ഞു. കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 1928 ഓടുകൂടിയാണ് തുടങ്ങുന്നത്. 1928 ൽ നടന്ന ദക്ഷിണേന്ത്യൻ റയിൽവേ തൊഴിലാളി പണിമുടക്കോടുകൂടിയാണ് കേരളത്തിലെ തൊഴിലാളി പ്രസ്ഥാനം വളരാനും അവകാശങ്ങൾക്കു വേണ്ടി പോരാടാനും തുടങ്ങിയത്. 1936 ലെ മെയ്ദിനത്തിലായിരുന്നു കേരളത്തിലാദ്യമായി മെയ് ദിനാചരണം നടന്നത്. “ലേബേഴ്‌സ് ബ്രദര്‍ഹുഡ്” എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ച കെ. കെ. വാര്യര്‍, എം. എ. കാക്കു, കെ. പി. പോള്‍, കടവില്‍ വറീത്, ഒ. കെ. ജോര്‍ജ്, കാട്ടൂക്കാരന്‍ തോമസ് എന്നീ ഏഴുപേരുടെ നേതൃത്വത്തിലാണ് ആദ്യ മെയ്ദിന റാലി സംഘടിപ്പിച്ചത്.