K G Suraj

ഫാസിസം അടങ്ങണമെങ്കില്‍ ആര്‍ എസ് എസ് ഒടുങ്ങണം

വാക്കും പ്രവൃത്തിയും


ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 71 വര്‍ഷങ്ങള്‍പൂര്‍ത്തീകരിച്ചിരിയ്ക്കുന്നു. ദില്ലിയിലെ ചെംകോട്ടയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മഹത്വത്തിനും വേണ്ടി ജീവത്യാഗം ചെയ്ത ദേശാഭിമാനികളെ 125 കോടി വരുന്ന ഇന്ത്യന്‍ ജനതയ്ക്കുവേണ്ടി അഭിവാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ സ്വാതന്ത്ര ദിന പ്രഭാഷണത്തില്‍ ഊന്നല്‍ നല്‍കിയത് സ്വാതന്ത്ര്യത്തിനു വേണ്ടി അചഞ്ചലം നിലകൊണ്ട മനുഷ്യരുടെ ഉപാധികളില്ലാത്ത സേവനപരതയെക്കുറിച്ചാണ്. കൂട്ടായ്മയിലധിഷ്ഠിതമായ ശക്തി , തികഞ്ഞ പ്രതിജ്ഞാബദ്ധത കഠിനാദ്ധ്വാനം എന്നിവകളിലൂടെ എങ്ങിനെ പുതിയൊരിന്ത്യ കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ചാണ് അദ്ദേഹം കൂടുതല്‍ പറഞ്ഞു വെച്ചത്. വലിപ്പച്ചെറുപ്പങ്ങളില്ലാതെ എല്ലാവരും തുല്യതയില്‍ ജീവിയ്ക്കുന്ന രാജ്യത്ത് കൂട്ടായ പരിശ്രമങ്ങളിലൂടെ ഗുണപരമായ മാറ്റങ്ങള്‍ സാധ്യമാക്കാമെന്ന് അദ്ദേഹം പ്രത്യാശ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു.



ഗൗരി ലങ്കേഷ്


പ്രധാനമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിലെ ആഴമുള്ള അന്തരങ്ങളുടെ പ്രതിബിംബങ്ങളെ സുമാര്‍ 22 ദിവസങ്ങള്‍ക്കപ്പുറം രണ്ടു വെടിയുണ്ടകളും അനുബന്ധം ഒഴുകിപ്പരന്ന രക്തവും അലങ്കാരം ചെയ്യുകയാണ്. മോദി സ്വപനം കാണുന്ന പുതിയ ഇന്ത്യയെ ലോകം ഇപ്പോള്‍ അറിയുന്നത് ഗൗരി ലങ്കേഷ് എന്ന നാമപദത്തിലൂടെയാണ്. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിച്ച് ഹിന്ദു രാഷ്ട്രം സ്ഥാപിയ്ക്കുന്നതിനുള്ള ആര്‍. എസ്. എസ്സിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ മുന്‍നിരക്കാരില്‍ പ്രമുഖയായിരുന്നു ശ്രദ്ധേയയായ മാധ്യമ പ്രവര്‍ത്തന ഗൗരി ലങ്കേഷ്.



കര്‍ണ്ണാടകത്തില്‍ സംഘപരിവാരം നടത്തിക്കൊണ്ടിരിയ്ക്കുന്ന  വര്‍ഗ്ഗീയതയ്ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരായ സഹനങ്ങള്‍ക്ക് സംഘടിത രൂപമൊരുക്കുന്നതില്‍ അവര്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. സെപ്തംബര്‍ 5 രാത്രി എട്ടരയോടെ ബൈക്കിലെത്തിയ അക്രമിസംഘം പടിഞ്ഞാറന്‍ ബംഗളുരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ അതിക്രമിച്ചു കയറി ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ആര്‍. എസ്. എസ് – സംഘപരിവാര്‍ നയങ്ങളുടെ രൂക്ഷ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് ഹിന്ദുത്വ മതമൗലികവാദികളുടെ എക്കാലത്തെയും നോട്ടപ്പുള്ളികളില്‍ ഒരാളായിരുന്നു. ഹിന്ദുത്വ സംഘടകളുടെ തീവ്ര നിലപാടുകള്‍ക്കും വലതുപക്ഷ അഴിമതിയ്ക്കുമെതിരായ നിലപാടുകള്‍ ലേഖനങ്ങളിലൂടെയും പത്ര സമ്മേളനങ്ങളിലെ ഒത്തുതീര്‍പ്പുകളന്യമായ ചോദ്യങ്ങളിലൂടെയും ഗൗരി ലങ്കേഷ് വര്‍ഗ്ഗീയവാദികളേയും പൊതുമുതല്‍ കൊള്ള ചെയ്യുന്നവരേയും പൊളിച്ചു കാട്ടി. സാഹിത്യകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന പി ലങ്കേഷിന്റെയും ഇന്ദിരയുടേയും മകളായ ഗൗരി ലങ്കേഷ് അച്ഛന്‍ സ്ഥാപിച്ച ലങ്കേഷ് പത്രികയിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായത്.



ഗൗരി ലങ്കേഷ് പത്രിക


അച്ഛന്റെ മരണശേഷം 2006 ലാണ് ഗൗരി ലങ്കേഷ് പത്രികയെന്ന സ്വന്തം ടാബ്ലോയ്ഡ് ഗൗരി ലങ്കേഷ് ആരംഭിയ്ക്കുന്നത്. കച്ചവടം സമകാലീന മാധ്യമ പ്രവര്‍ത്തന സവിശേഷതകളെ പരിപൂര്‍ണ്ണമായും നിരാകരിച്ച് ഭരണകൂടത്തിന്റെ ഒരു വിധ പരസ്യങ്ങളുമില്ലാതെ പരിപൂര്‍ണ്ണമായും ഇടതുപക്ഷ ആശയങ്ങള്‍പ്രചരി പ്പിയ്ക്കുന്ന ടാബ്ലോയ്ഡ് ആയിരുന്നു ഇത്. ബി ജെ പി നേതാക്കളുടെ അഴിമതികള്‍നിരന്തരം ഇതിലൂടെ വെളിപ്പെടപ്പെട്ടു. അതോടെ ഗൗരി ലങ്കേഷ് മതമൗലികവാദികളുടെ പ്രധാന ഇരയായി മാറുകയായിരുന്നു. നേതാക്കള്‍ക്കു പങ്കാളിത്തമുള്ള അഴിമതിയുടെ വിശദശാംശങ്ങള്‍ചര്‍ച്ച ചെയ്യുന്ന ഗൗരി ലങ്കേഷിന്റെ ലേഖനത്തിനെതിരെ ബി ജെ പി കോടതിയെ സമീപിച്ചു. 2016 ല്‍ പ്രസ്തുത കേസില്‍ കോടതി ഗൗരി ലങ്കേഷിനെ ആറുമാസം തടവിനു വിധിയ്ക്കുകയായിരുന്നു. ജയില്‍ വാസത്തിനു ശേഷവും ഹിന്ദുത്വ മതഭ്രാന്തിനെതിരായ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളിലൂടെ തന്റെ ഇടപെടലുകള്‍തുടര്‍ന്നുകൊണ്ടേയിരുന്നു. കല്‍ബുര്‍ഗി വധത്തിനെതിരായ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ ഗൗരി ലങ്കേഷ് നിലകൊണ്ടിരുന്നു. വിഷയത്തില്‍ സംഘപരിവാറിന്റെ പങ്ക് വ്യക്തമാക്കുന്ന പ്രഭാഷണങ്ങളും ലേഖനങ്ങളും നിരവധിയുണ്ടായി.


ജനാധിപത്യമെന്നാല്‍ ... 



” ഗൗരി ലങ്കേഷ് പത്രിക എന്ന പ്രസിദ്ധീകരണത്തിലൂടെ ആര്‍ എസ് എസ്സ് വിമര്‍ശനം നടത്തിയില്ലായിരുന്നുവെങ്കില്‍ അവര്‍ ഇപ്പോഴും ജീവിയ്ക്കുമായിരുന്നു. അവര്‍ ജനാധിപത്യത്തിന് സ്വീകാര്യമാംവിധം എഴുതണമായിരുന്നു”


ശൃംഗേരി എം എല്‍ എ/ മുന്‍ സംസ്ഥാന മന്ത്രി – ജീവരാജ്‌


ചിക്കമംഗളുരുവിലെ കൊപ്പയില്‍ ബി ജെ പിയുടെ പൊതുസമ്മേളനത്തില്‍ സംസാരിച്ച ശൃംഗേരി എം എല്‍ എയും / മുന്‍ സംസ്ഥാന മന്ത്രിയുമായ ജീവരാജിന്റെ വാക്കുകളടക്കം ഗൗരി ലങ്കേഷിന്റെ കൊലപാതകം സംഘപരിവാര്‍ ആസൂത്രണത്തിന്റെ പരിണിത ഫലമെന്ന് സൂചിപ്പിയ്ക്കുന്ന നിരവധി തെളിവുകളാണ് ഇതിനോടകം പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്.




” നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും
ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,
ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,
സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍എന്നിവയിലുള്ള സമത്വം,
എന്നിവ ഉറപ്പുവരുത്തുന്നതിനും
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം
എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്
നമ്മുടെ ഭരണഘടനാസഭയില്‍വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു. “




ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം, രാജ്യത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. അത് ഓരോ പൗരനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പു നല്‍കുന്നു. ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയ രൂപമായ ഭാരതീയ ജനതാപാര്‍ട്ടി കേന്ദ്രഭരണം കയ്യാളുമ്പോള്‍ ഭരണഘടനയുറപ്പു നല്‍കുന്ന ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, മതനിരപേക്ഷത, മൗലികാവകാശങ്ങള്‍, രാഷ്ട്രനയനിര്‍ദ്ദേശകതത്വങ്ങള്‍, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, ഫെഡറല്‍ – ക്യാബിനറ്റ് സമ്പ്രദായങ്ങള്‍തുടങ്ങിയവയെല്ലാം വലിയ തോതില്‍ വിവേചനങ്ങള്‍നേരിടുകയാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകം അവര്‍ ജനാധിപത്യത്തിന് അനുസൃതമായി എഴുതാത്തതിനാലാണെന്ന് പരസ്യമായി പ്രസംഗിയ്ക്കുന്ന ശ്രുംഗേരി എം എല്‍ എയും മുന്‍ സംസ്ഥാന മന്ത്രിയും നരേന്ദ്ര മോദിയുടെ തന്നെ രാഷ്ട്രീയാനുയായിയും നയരൂപീകരങ്ങളില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ജീവരാജിന്റെ കൊലപാതക ന്യായീകരണ വാദം മേല്‍സൂചിത ഇരട്ട നീതിയെ / വിവേചനത്തെ സാധൂകരിയ്ക്കുന്നു.


ഗാന്ധിജിയെ കൊന്ന ആര്‍ എസ് എസ് 



ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ തോക്കിന്റെ രാഷ്ട്രീയത്തിലൂടെ ഭരണഘടനയെ അട്ടിമറിച്ച് മതവര്‍ഗ്ഗീയത നടപ്പിലാക്കാന്‍ ആരംഭിച്ചത് ആര്‍ എസ് എസ് അല്ലാതെ മറ്റാരുമല്ല. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ 1948 ജനുവരി 30 ന് ബിര്‍ള മന്ദിരത്തിലെ പ്രാര്‍ത്ഥനാ വേളയില്‍ മൂന്നു വട്ടം Beretta M 1934 semi-automatic pistol ഉപയോഗിച്ച് നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് അരുംകൊലചെയ്തത് സ്വയം സേവകനായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ ആയിരുന്നു. അതുമുതല്‍ മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കും വേണ്ടി അചഞ്ചലം നിലകൊള്ളുന്ന ഓരോരുത്തരേയും ഭിന്നനിലകളില്‍ ദുര്‍ബലപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍/ പരിശ്രമങ്ങള്‍ സംഘപരിവാരം തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു.



ആര്‍ എസ് എസ് : ഫാസിസത്തിന്റെ ഇന്ത്യന്‍ മുഖം 


ആര്‍. എസ്. എസ്സിന്റെ പ്രത്യയശാസ്ത്ര സംഹിതയായ വിചാരധാര ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് വിഘാതമായി കണ്ട് ശത്രുപട്ടികയില്‍ പെടുത്തി ഉന്മൂലനത്തിനായി പട്ടിക തിരിച്ചു വെച്ചിരിയ്ക്കുന്ന മൂന്നു വിഭാഗങ്ങളുണ്ട്. അത് കമ്മ്യൂണിസ്റ്റുകാരും, മുസ്‌ലിങ്ങളും, കൃസ്ത്യാനികളുമാണ്. വിചാരധാരയനുസരണം രാജ്യത്തിന്റെ സെക്കുലര്‍ ഭരണഘടനയെ മാറ്റിമറിയ്ക്കുന്നതിനാവശ്യമായ സാംസ്കാരിക സാഹചര്യമൊരുക്കുന്നതിനുള്ള ബലപ്രയോഗങ്ങളാണ് ബുള്ളറ്റു രൂപത്തില്‍ നിരന്തരം മുഴങ്ങിക്കേല്‍ക്കുന്നത്.



2015 ഫെബ്രുവരി 16 പകല്‍ 9.25 ന് രാജ്യം മറ്റൊരു കൊലപാതകത്തിനുകൂടി സാക്ഷിയായി. സോഷ്യലിസ്റ്റുകളില്‍ പ്രമുഖനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ഉറച്ച ശബ്ദവുമായിരുന്ന ഗോവിന്ദ് പന്‍സാരയെ. മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഭാര്യക്കൊപ്പം പ്രഭാതസവാരി നടത്തുകയായിരുന്ന അദ്ദേഹത്തെ സംഘപരിവാര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ആരാണ് ശിവജിയെന്ന അദ്ദേഹത്തിന്റെ പുസ്തകം ശിവജിയെ ഹിന്ദുത്വവത്ക്കരിയ്ക്കുന്നതിനുള്ള ആര്‍. എസ്. എസ് നീക്കങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായി. മനുഷ്യവിരുദ്ധമായ പുത്രികാമേഷ്ടി യജ്ഞത്തെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തുപോന്നു. വന്‍കിടകുത്തകകളുടെ ചുങ്കപ്പിരിവുകള്‍ക്കെതിരായ രാഷ്ട്രീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഗാന്ധിജിയെ കൊലചെയ്ത നാഥുറാം വിനായക് ഗോഡ്‌സെയെ വാഴ്ത്തപ്പെട്ടവനായി ചിത്രീകരിയ്ക്കുന്ന സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ ശക്തിയുക്തം പോരാട്ടം സംഘടിപ്പിയ്ക്കുകയും ചെയ്തു.



ഇന്ത്യന്‍ വൈജ്ഞാനിക സര്‍ഗ്ഗാത്മക സാഹിത്യ മേഖലകളിലെ ലബ്ധപ്രതിഷ്ഠ സാന്നിധ്യമായിരുന്നു പ്രൊഫ. എം എം കല്‍ബുര്‍ഗി. ഹംപിയിലെ കന്നഡ സര്‍വ്വകലാശാലാ മുന്‍ വൈസ്ചാന്‍സിലറും അധ്യാപകനായിരുന്ന അദ്ദേഹം വിഗ്രഹാരാധനയ്ക്കും സംഘപരിവാറിന്റെ വര്‍ഗ്ഗീയ നിലപാടുകള്‍ക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകള്‍കൈക്കൊണ്ടു. ബാഗുളുരു ധാര്‍വാടിലെ വസതിയില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിയ്ക്കുകയായിരുന്ന അദ്ദേഹത്തെ 2015 ആഗസ്റ്റ് 30 ന് സംഘപരിവാര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.



യുക്തിവാദിയും മഹാരാഷ്ട്രാ അന്ധശ്രദ്ധാ നിര്‍മ്മൂലന്‍ സമിതിയുടെ പ്രസിഡന്റുമായിരുന്നു ഡോ. നരേന്ദ്ര ധാബോല്‍ക്കര്‍. അന്ധവിശ്വാസങ്ങള്‍ക്കും ദുര്മന്ത്രവാദത്തിനുമെല്ലാം എതിരായ രാഷ്ട്രീയ സമരങ്ങളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍സജ്ജമാക്കിയ വ്യവസ്ഥിതികള്‍ക്കെതിരായ അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍സംഘപരിവാറിനെ വല്ലാതെ ക്ഷുഭിതമാക്കി. സംസ്ഥാനത്ത് അന്ധവിശ്വാസ – അനാചാര ബില്ലിനുവേണ്ടി വധഭീഷണികള്‍ക്കിടയിലും നിരന്തരം സമരങ്ങള്‍സംഘടിപ്പിച്ചു. 2013 ആഗസ്റ്റ് 20 ന് പൂനെയില്‍ പ്രഭാത സഞ്ചാരത്തിനിടെ തോക്കുധാരികള്‍അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.



” ഹെജിമണി അവസാനിയ്ക്കുകയോ ക്ഷയിയ്ക്കുകയോ ചെയ്യുമ്പോഴാണ് ഭരണകൂടത്തിലെ (രാഷ്ട്രീയ സമൂഹത്തിലെ) ഹിംസയുടേയും മര്‍ദ്ദനത്തിന്റെയും ഘടകങ്ങളെ ശക്തിപ്പെടുത്തി സമഗ്രാധിപത്യത്തിലേയ്ക്കു നീങ്ങുന്നത്. പഴയ രീതിയില്‍ ജനാധിപത്യ മര്യാദകള്‍അംഗീകരിച്ച് ഭരണം തുടരാനാകാത്ത വിധം ഭരണകൂടത്തിലെ ഹെജിമണി നഷ്ടമാകുമ്പോള്‍ഭരണ വര്‍ഗ്ഗം ഫാഷിസത്തിലേയ്ക്കു നീങ്ങുന്നു”


അന്റോണിയോ ഗ്രാംഷി


എങ്ങിനെയാണ് ഫാസിസം സമഗ്രാധിപത്യയത്തിലേയ്ക്ക് നീങ്ങുന്നതെന്ന ഉള്‍ക്കാഴ്ച്ചയുള്ള മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് വിശകലനം ‘ ഹെജിമണി’ (അധീശത്വം) സിദ്ധാന്തത്തിലൂടെ പറഞ്ഞുവെച്ചത് തൊഴിലാളിവര്‍ഗ്ഗ വിപ്ലവകാരിയും സൈദ്ധാന്തികനും ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന അന്റോണിയോ ഗ്രാംഷിയായിരുന്നു. ഫാസിസ്റ്റ് ഭരണാധികാരി ബെനിറ്റോ മുസോളിനി അന്റോണിയോ ഗ്രാംഷിയെ 20 കൊല്ലക്കാലം തടവിനു വിധിയ്ക്കുച്ചുവെങ്കിലും സാര്‍വ്വദേശീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഗ്രാംഷിയെ 10 കൊല്ലങ്ങള്‍ക്കപ്പുറം മോചിപ്പിയ്ക്കുകയായിരുന്നു.


സമകാലീന ഇന്ത്യന്‍ സാഹചര്യങ്ങളെ ഗ്രാംഷിയുടെ ഹെജിമണി സിദ്ധാന്തം അര്‍ത്ഥപൂര്‍ണ്ണമാംവിധം അന്വര്‍ത്ഥമാക്കുകയാണ്. ഗാന്ധിജി മുതല്‍ ഗൗരി ലങ്കേഷ് വരെ നീളുന്ന കൊലപാതകങ്ങളുടെ നീളന്‍ പട്ടിക സൂചിപ്പിയ്ക്കുന്നതും ഇന്ത്യന്‍ ഫാസിസത്തിന്റെ രാഷ്ട്രീയ രൂപമായ ആര്‍ എസ് എസ് സാംസ്കാരിക – മാധ്യമ രംഗങ്ങളിലെ അഭിപ്രായ രൂപീകരങ്ങളെ എത്രമാത്രം ഭയപ്പെടുന്നു എന്നതല്ലാതെ മറ്റൊന്നല്ല.




” KERALITES celebrating Onam. religious differences be damned!!!!! this is the reason why they call their `country’ (i call it country, did you notice cheddis??) as `Gods own country’. please, my mallu friends, please keep up your spirit of secularism. (PS: hopefully next time i am in God’s own country, someone will get me nice Kerala beef dish!!!! And cheddis be damned!!!!) “


Gauri Lankesh



കേരളം മതനിരപേക്ഷത കാത്തു സൂക്ഷിയ്ക്കും 


കൊലചെയ്യപ്പെടുന്നതിന്റെ തലേ നാള്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഓണനാളില്‍ കന്യാസ്ത്രികള്‍ തിരുവാതിര നൃത്തം ചെയ്യുന്ന വീഡിയോ പങ്കു വെച്ച് ഗൗരി ലങ്കേഷ് പറഞ്ഞു വെച്ചത് മലയാളി സമൂഹത്തിന്റെ പ്രോജ്വലമായ മതനിരപേക്ഷ മൂല്യങ്ങളെക്കുറിച്ചാണ്. ആഘോഷങ്ങളെ ഒരുനിലയിലും മതപരമായ വേര്‍ തിരിവുകള്‍അന്യമാകുന്നതേയില്ല. അടുത്തവട്ടം കേരളം സന്ദര്‍ശിയ്ക്കുമ്പോള്‍ആരെങ്കിലും തനിയ്ക്ക് കേരളാ ബീഫ് കറി തയ്യാറാക്കിത്തരണമെന്നഭ്യര്‍ത്ഥിച്ച് സന്തോഷപൂര്‍വ്വം പോസ്റ്റ് അവസാനിയ്ക്കുന്നു. ഒപ്പം പിന്തുടരുന്ന മതനിരപേക്ഷ നിലപാടുകള്‍ മുറുകെപിടിയ്ക്കണമെന്ന് ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്യുന്നു.



ജീവിച്ചിരുന്ന ഓരോ നിമിഷവും തന്റെ രാജ്യത്തിന്റെ ഭരണഘടന പഠിപ്പിയ്ക്കുന്നത് മതനിരപേക്ഷത പാലിയ്ക്കുന്ന പൗരയാകാണാനെന്നും അതിനാല്‍ തന്നെ വര്‍ഗ്ഗീയവാദിയാകാനില്ലെന്നും അവരോര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. വര്‍ഗ്ഗീയവാദികളെ എതിര്‍ക്കേണ്ടത് കടമയാണെന്ന് വിശ്വസിച്ച് അതിനായി ഭയരഹിതം പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുകയും ചെയ്തു.


ആശയത്തെ ആയുധം കൊണ്ട് നേരിടുന്നവര്‍ പരാജയപ്പെട്ടവര്‍


ആശയത്തെ ആയുധം കൊണ്ട് നേരിടുന്നവര്‍ പരാജയപ്പെട്ടവരാണ്. ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ സംഘപരിവാരം അതിനാല്‍ത്തന്നെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ കുറുവടി രൂപമാകുന്നു. നാഗപ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് രൂപകല്‍പ്പന ചെയ്യപ്പെടുന്ന ഓരോ ബയണറ്റും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണാനുമതിയോടെ ശബ്ദിയ്ക്കുന്നവരുടെ ശരീരങ്ങളിലേയ്ക്ക് അലറിപ്പായുന്നു. മയപ്പെടുത്തി / ഭയപ്പെടുത്തി / ശരിപ്പെടുത്താനാകാത്തവരെ തിരകളാല്‍ ശരീരം ഛിന്നഭിന്നമാക്കി നിശബ്‌ദമാക്കാന്‍ പദ്ധതികള്‍മെനയുന്നു. നാണയ മൂല്യ ശോഷണ പദ്ധതിയിലൂടെ രാജ്യത്തെ സര്‍വ്വസാധാരണക്കാരന്റെ നട്ടെല്ലു തകര്‍ത്ത സംഘപരിവാര്‍ – ബി ജെ പി സംഘം തങ്ങളുടെ ചങ്ങാത്ത മുതലാളിത്ത – വര്‍ഗ്ഗീയ ഫാസിസ്റ്റ് നയങ്ങളെ വിമര്‍ശന വിധേയമാക്കുന്ന ഓരോരുത്തരേയും കൊന്നൊടുക്കുകയാണ്.



അതിന്റെ ഭാഗമായാണ് രാജ്യത്തെ ചിന്തകര്‍, ബുദ്ധിജീവികള്‍, പണ്ഡിതര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, കലാ സാഹിത്യ രംഗങ്ങളിലെയടക്കം പ്രമുഖര്‍ എന്നിവര്‍ക്കെതിരെയെല്ലാം ഐ എസ് ഭീകരതയെ അനുസ്മരിപ്പിയ്ക്കും വിധം വധഭീഷണി മുഴക്കുകയോ വധിയ്ക്കുകയോ ചെയ്യുന്നത്. പെരുമാള്‍മുരുഗന്‍, പ്രൊഫ. കെ എസ് ഭഗവാന്‍, എം ടി വാസുദേവന്‍ നായര്‍, കമല്‍, ഗുലാം അലി, ചേതന തീര്‍ത്ഥഹള്ളി, ദിവ്യ ഭാരതി, ഹുച്ചംഗി പ്രസാദ്, യു ആര്‍ അന്തമൂര്‍ത്തി, ഗിരീഷ് കര്‍ണ്ണാട്, സുധീന്ദ്ര കുല്‍ക്കര്‍ണ്ണി, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ഡോ എം എം ബഷീര്‍, സുരഭി ലക്ഷ്മി, സിന്ധു സൂര്യകുമാര്‍, ഏ ആര്‍ റഹ്‌മാന്‍ തുടങ്ങിയവരെല്ലാം വിവിധ നിലകളില്‍ സംഘപരിവാറിന്റെ ഭീഷണികളെ അതിജീവിച്ച് വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ ഭിന്നകാലയളവുകളില്‍ നിലപാടു സ്വീകരിച്ചവരാണ്.


ട്വിറ്റര്‍, ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് അടക്കമുള്ള ഡിജിറ്റല്‍ മാധ്യമ സങ്കേതങ്ങളിലാകെ ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിയ്ക്കുന്ന പ്രതികരണങ്ങളാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിയ്ക്കുന്നത്. പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന ട്വിറ്റര്‍ ഹാന്റിലുകളിലടക്കം അത്യാഹ്ലാദം പ്രകടിപ്പിച്ച് ട്വീറ്റുകള്‍നിറയുന്നു.



ശശികലയെ  അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കണം 


മതേതരവാദികളായ എഴുത്തുകാര്‍ മൃത്യുഞ്‌ജയ ഹോമം നടത്തണമെന്നും അതല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നുമുള്ള ഭീഷണി പ്രസംഗം ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശികല 2017 സെപ്തംബര്‍ 8 ന് പറവൂര്‍ മുന്‍സില്‍ ഓഫീസിനെതിര്‍വശമുള്ള പഴയ പാര്‍ക്ക് ഗ്രൗണ്ടില്‍ വെച്ചാണ്  നടത്തിയത് . ഗൗരി ലങ്കേഷിനുണ്ടായ അവസ്ഥ എല്ലാവരും പാഠമാക്കണമെന്നും അവര്‍ പ്രഖ്യാപിച്ചു കളഞ്ഞു. ഇതെല്ലാം നിഷ്ടൂരവധത്തിലെ ആര്‍. എസ്. എസ് പങ്ക് അസന്നിഗ്ദ്ധം വ്യക്തമാക്കുന്നതാണ്. ശശികലയുടെ പ്രസംഗം പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.


നിഷ്ക്കാസിതര്‍ 


പ്രധാന മന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര ദിന  സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞ ‘പുതിയ ഇന്ത്യ’യില്‍ ആരെല്ലാം ഒഴിവാക്കപ്പെടുമെന്നതിന്റെ കൃത്യമായ സൂചനകളാണ് അദ്ദേഹത്തിന്റെ തന്റെ രാഷ്ട്രീയ കക്ഷിയായ ബി ജെ പി യും ആര്‍ എസ് എസ്സും രാജ്യമാസകാലം സംഘടിപ്പിയ്ക്കുന്ന കൊലപാതക പരമ്പരകള്‍. അസഹിഷ്ണുതയും വിദ്വേഷവും മാത്രം മൂലധനമായ പ്രസ്തുത അറവു കാവി സംഘത്തെ അധികാരം കൊണ്ട് അലങ്കരിയ്ക്കുന്നത് നരേന്ദ്ര മോദിയും ആര്‍ എസ് എസ് സര്‍സംഘ് ചാലക്ക് മോഹന്‍ ഭവതുമല്ലാതെ മറ്റാരുമല്ല. ഗോവിന്ദ് പന്‍സാരെ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള കൊലപാതക പരമ്പരകള്‍ക്ക് പരസ്പ്പരബന്ധമുണ്ട്. പ്രതികളെയാരെയും അറസ്റ്റു ചെയ്യാന്‍ നരേന്ദ്ര മോദിയ്ക്ക് ഇതുവരെയും ആയിട്ടില്ല .



നമ്മളെന്തു ചെയ്യണം 


വിജ്ഞാന വിരുദ്ധതയുടേയും അന്ധവിശ്വാസങ്ങളുടേയും വര്‍ഗ്ഗീയവാദത്തിന്റേയും ഉത്പ്പാദനകേന്ദ്രങ്ങളായ വലതുപക്ഷ ഹിന്ദുത്വ വാദത്തിനെതിരായ പ്രായോഗികവും സൈദ്ധാന്തികവുമായ സമരസപ്പെടലില്ലാത്ത പോരാട്ടം അനസ്യൂതം തുടരേണ്ടത് ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിയ്ക്കുന്നതിനുള്ള ഉറച്ച കാല്‍വെയ്പ്പുകൂടിയാണ്. ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് united-Left alliance; ആര്‍. എസ്. എസ് പിന്തുണയുള്ള ഏ ബി വി പി യ്ക്കുമേല്‍ നേടിയ ഉജ്വല വിജയം രാജ്യത്തിന്റെ പ്രതീക്ഷകളെ വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ പര്യാപ്തമാണ്. ഗൗരി ലങ്കേഷ് അടക്കം സംഘപരിവാറും അനുയായി വൃന്ദവും കൊന്നൊടുക്കിയ രാജ്യത്തിന്റെ മനസ്സും മുഖവും ചിന്തയുമായ ജ്ഞാനഗോപുരങ്ങള്‍സെക്കുലര്‍ ഇന്ത്യയുടെ സമ്പത്തുക്കളാണ്. അതിനാല്‍തന്നെ കൊലപാതകികളെ അടിയന്തിര പ്രാധാന്യത്തോടെ അറസ്റ്റു ചെയ്ത് ഉചിതശിക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനാവശ്യമായ ഉശിരാര്‍ന്ന പോരാട്ടങ്ങള്‍ക്ക് ഫാസിസ്റ്റു വിരുദ്ധ വിശാല ഐക്യമുന്നണിയെ കരുത്തുറ്റതാക്കാം.