K G Suraj

ആശയ സമരങ്ങള്‍ക്ക് ഭൗതിക നേതൃത്വമുണ്ടാകണം ; രൂപഘടനയും

കാലദേശഭേദമെന്യേ സമരരൂപങ്ങള്‍ അതതു കാലത്തെ മികച്ച ആശയവിനിമയ സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതര മേഖലകളില്‍ നിന്നും വിഭിന്നമായി സാമൂഹ്യ മാധ്യമകാലത്തെ മുന്നേറ്റങ്ങളില്‍ ചിലവ നടപ്പുരീതികളെ ഉടച്ചു വാര്‍ത്ത് പുത്തന്‍ പരീക്ഷങ്ങള്‍ക്ക് ഇന്ധനമായി എന്നത് വസ്തുതയാണ്. സര്‍ഗ്ഗാത്മക രാഷ്ട്രീയം ഉള്ളടക്കമാക്കി പ്രതീതിയാഥാര്‍ത്ഥ്യലോകത്തെ, സാമൂഹിക നവോത്ഥാനങ്ങള്‍ക്കായി ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നവരും, ‘ചില’ പ്രത്യേക പ്രശ്നങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടി ഇടപെടലുകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നവരുടേതായ ചെറുതും വലുതും കൂട്ടങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലെ മലയാളി പരിഛേദങ്ങളാണ് .


images (1)


സ്വത്വാധിഷ്ഠിത നിലപാടുകള്‍ പിന്‍തുടരുന്നു എന്നതിനാല്‍ തന്നെ വര്‍ഗ്ഗബോധത്തിലടിയുറച്ച് ശരിയും ശാസ്ത്രീയവുമായ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തുന്നതിനോ / അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പോരാട്ടങ്ങളില്‍ സമഗ്രമായി ഇടപെടുന്നതിനോ / ‘കൂട്ടങ്ങളില്‍’ നിന്നും ഉയര്‍ന്നു വന്ന മുന്നേറ്റങ്ങളെ ആശയവത്ക്കരിച്ച്, രാഷ്ട്രീയവത്ക്കരിയ്ക്കുന്നതിനോ സോഷ്യല്‍ മീഡിയകളെ പിന്‍പറ്റി കരുത്താര്‍ജ്ജിച്ച മുന്നേറ്റങ്ങള്‍ക്ക് കഴിഞ്ഞുവോ എന്നത് സവിശേഷം പരിശോധിയ്ക്കപ്പെടേണ്ടതുണ്ട് . സാമൂഹ്യ ശൃംഖലകളെ ആസ്പ്പദമാക്കി താത്ക്കാലിക സ്വഭാവത്തോടെ ഉയര്‍ന്നു വന്ന ചുംബന മുന്നേറ്റമടക്കം വിമര്‍ശനപരമായി ചര്‍ച്ചചെയ്യപ്പെടുന്നതും മറ്റൊന്നുംകൊണ്ടല്ല . കക്ഷി രാഷ്ട്രീയ ഭേദമെന്യേ ബന്ധപ്പെട്ട മുന്നേറ്റത്തിനു ലഭ്യമായ അനൗദ്യോഗിക പിന്തുണയ്ക്ക് ഭിന്നമാനങ്ങളാണുള്ളത് . സമൂഹം; വിശേഷിച്ച് മലയാളികളിലെ ഭൂരിപക്ഷം, ലൈംഗികതയുമായി ബന്ധപ്പെട്ട് പുലര്‍ത്തിപ്പോരുന്ന കപടമായ സദാചാര ബോധത്തെ ചെറുതായെങ്കിലും പിടിച്ചുലയ്ക്കുന്നതിനും, ഭരണഘടന അനുവദിയ്ക്കുന്ന ആശയ / ആവിഷ്ക്കാര സ്വാതന്ത്രങ്ങള്‍ക്കു മേല്‍ ഭൂരിപക്ഷ – ന്യൂന പക്ഷ അക്കൌണ്ടുകളില്‍ സജ്ജീകരിയ്ക്കപ്പെട്ട മതങ്ങളും അനുബന്ധ സംഘടനകളും തോളോടു തോള്‍ ചേര്‍ന്ന് നടത്തിയ സ്റ്റീം റോളര്‍ പ്രയോഗങ്ങളുമെല്ലാം പ്രസ്തുത മുന്നേറ്റത്തെ ശക്തിപ്പെടുത്തിയെന്നതില്‍ പക്ഷം രണ്ടില്ല . ചുംബനവുമായി ബന്ധപ്പെട്ട രഹസ്യാത്മകത പരസ്യം ഭേദിയ്ക്കുന്നു എന്നതിനാലും / ഉദ്യേഗജനകമായ വിവരണങ്ങളിലൂടെ, ‘വിലക്കപ്പെട്ട കനി’കളാല്‍ വര്‍ദ്ധിതമാകുന്ന ചാനല്‍ റേറ്റിങ്ങുകളും, വെബ് ഹിറ്റുകളുമെല്ലാം ദൃശ്യ – ശ്രവ്യ മാധ്യമങ്ങളുടെ ആഗിരണപ്രക്രിയക്ക് അനുയോജ്യമാംവിധം വാണിജ്യ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുകയും അങ്ങിനെ നിര്‍ലോഭ ശ്രദ്ധ ലഭ്യമാകുന്നതിനും കാരണമായിട്ടുണ്ട്.


images


തുല്യത / ലിംഗനീതി / സ്ത്രീകളുടെ സാമൂഹ്യപദവി / കപട സദാചാരം/ സദാചാരപ്പോലീസിങ്ങ് എന്നിവയടക്കമുള്ള വിഷയങ്ങളില്‍ ‘തൊലിപ്പുറം പുരോഗമനത്തിനപ്പുറം’ സുവ്യക്തങ്ങളായ ഉല്‍പ്പതിഷ്ണു നിലപാടുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ‘ആസ്പര്‍ശിത’ മേഖലകളെ ആഴത്തില്‍ പിടിച്ചുലയ്ക്കുന്ന സമരങ്ങള്‍ തീര്‍ച്ചയായും കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. ഡിജിറ്റല്‍ കാലത്തെ രാഷ്ട്രീയ ഇടപെടലുകളില്‍ അതിസംബോധന ചെയ്യപ്പെടേണ്ട സാമൂഹ്യപ്രശ്നങ്ങളുടെ തിരഞ്ഞെടുപ്പും, മുന്‍ഗണനകളുമെല്ലാം പലപ്പോഴും നിശ്ചയിക്കപ്പെടുക ആകസ്മികമോ യാദൃശ്ചികമോ ആകാം. പ്രതീതിയാഥാര്‍ത്ഥ്യസാമൂഹിക ക്രമങ്ങളിലൂടെ നിര്‍വ്വഹിയ്ക്കപ്പെടുന്ന അജണ്ടാ നിര്‍ണ്ണയപ്രക്രിയയ്ക്ക് യഥാതഥലോകത്തില്‍ നിന്നും വിഭിന്നമായി ഏറെ അധ്വാനം ചിലവഴിയ്ക്കേണ്ടിവരുന്നില്ല എന്നതിനാല്‍ തന്നെ കൃത്രിമമായ് ഉത്പ്പാദിപ്പിയ്ക്കപ്പെടുന്ന ആശയപ്രപഞ്ചത്തെ അതിവേഗം പൊതുബോധമാക്കി മാറ്റാനാകുന്നു. നുണകള്‍, കെട്ടുകഥകള്‍, കിംവതന്തികള്‍, കല്‍പ്പിതകഥകള്‍ തുടങ്ങിയവ വിവിതോദ്ദേശനിലകളില്‍ ആവര്‍ത്തിയ്ക്കപ്പെടുന്നതോടെ ഉള്ളടക്കം സത്യമോ സത്യത്തേക്കാള്‍ മികവുറ്റതുതന്നെയോ ആയ് മാറുന്നു. ഈ നിലയില്‍ പ്രജ്ഞയെ അശേഷം വിഴുങ്ങാന്‍ കെല്‍പ്പുള്ള വ്യാജ സമ്മതികളുടേതായ വേലിയേറ്റകാലത്ത് കണ്ണും കാതും ഉപാധിരഹിതമായി തുറന്നുവെച്ചല്ലാതെ അഭിപ്പ്രായ രൂപീകരണം സാധ്യമാകില്ല.


angel-demon


ചുംബന മുന്നേറ്റം ‘അനുരണനങ്ങള്‍’ അവശേഷിപ്പിച്ചുവെങ്കിലും, പ്രസ്തുത ഇടപെടലില്‍ ഭാഗഭാക്കായവരിലെ ബഹുഭൂരിപക്ഷം, രാജ്യത്തെ സര്‍വ്വസാധാരണക്കാര്‍ നേരിടുന്ന ദാരിദ്രം , പട്ടിണി ; ഇവയിലേയ്ക്കു നയിച്ച നവ സാമ്പത്തിക നയങ്ങള്‍/ രാജ്യത്തിന്റെ സെക്കുലര്‍മൂല്യങ്ങളെ അടിമുടി അട്ടിമറിയ്ക്കുന്ന വര്‍ഗ്ഗീയത, എന്നിവകള്‍ക്കടക്കമെതിരായ ഉജ്വല സമരങ്ങള്‍ തുടങ്ങിയവയോടെല്ലാം ഇതപര്യന്തം അനുവര്‍ത്തിച്ച സമീപനങ്ങള്‍ പരിശോധിയ്ക്കപ്പെടേണ്ടതുണ്ട്. യാഥാസ്ഥിത സമൂഹം സ്ത്രീപുരുഷ ബന്ധങ്ങളുമായി ബന്ധപ്പെട്ട് രൂഢമൂലം നിലനിര്‍ത്തിപ്പോരുന്ന വിവേചനാധിഷ്ഠിതമായ വാര്‍പ്പുമാതൃകകള്‍ക്കെതിരായി സാമൂഹ്യ മാധ്യമങ്ങളെ പിന്‍പറ്റി ആശയവ്യക്തതയോ രാഷ്ട്രീയമോ ഇല്ലാതെ നടത്തപ്പെടുന്ന ചില ഇടപെടലുകളെങ്കിലും പലപ്പോഴും തികച്ചും വ്യക്തിഗതങ്ങളായ പ്രചരണങ്ങള്‍ക്കും സ്വകാര്യതാത്പ്പര്യങ്ങള്‍ സമര്‍ത്ഥം നടപ്പിലാക്കുന്നതിനും വേണ്ടി മാത്രമായി ചുരുങ്ങുന്ന സ്ഥിതിവിശേഷമുണ്ട്. ഇത് ‘ഉത്തരാധുനികവും’ ‘ഘടനാരഹിതവുമെന്ന്’ സ്വയംപ്രഖ്യാപിയ്ക്കുന്ന ഇത്തരം മുന്നേറ്റങ്ങളുടെ ദൗര്‍ബല്യമാണ്. സൈബര്‍ / സൈബറാനന്തര വ്യത്യാനങ്ങള്‍ക്കപ്പുറം ഭൗതിക നേതൃത്വവും ഇഴയടുപ്പമുള്ള സംഘടനയും അസ്വാതന്ത്രത്തിന്റെ സൂചനകളെന്നും ഇരുമ്പുമറയെന്നും ധരിച്ചുവശായ ചില സ്വതന്ത്രചിന്തകരുടേതായ യുക്തിരാഹിത്വങ്ങളിലെ അവസാന ഉദാഹരണമാണ് ചുംബന മുന്നേറ്റത്തിനു നേതൃത്വം നല്‍കി ദൃശ്യ / ശ്രവ്യ/ സാമൂഹ്യ മാധ്യമങ്ങളിലടക്കം വക്താക്കളായി പരിലസിച്ചിരുന്ന ചിലര്‍ ‘ഹ്യൂമണ്‍ ട്രാഫിക്കിങ്ങുമായി’ ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടതോടെ അവര്‍ക്കാര്‍ക്കുംതന്നെ തങ്ങളുമായി ബന്ധമില്ലെന്ന നിലയില്‍ നിഷേധക്കുറിപ്പുമായ് ബഹുജനസമക്ഷം വരേണ്ടി വന്നത്. ഘടനകളെ അംഗീകരിയ്ക്കുന്നവര്‍ വിധേയരും ഘടനാ രഹിതര്‍ ‘ അഭിമാനികളും സ്വതന്ത്രരുമെന്ന നിലയിലെ കനത്ത ‘ നവ – സ്വതന്ത്ര – സമരവാദങ്ങളുടെ’ സൂചിത പരിണിതിയെ, ആവിഷ്ക്കാര സ്വാതന്ത്രത്തിനും പുരോഗമന ചിന്തയ്ക്കും മനുഷ്യാനുകൂല നിലപാടുകള്‍ക്കുമായടക്കം ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ മാധ്യമമാക്കി സംഘടിപ്പിയ്ക്കപ്പെടുന്ന ഇതര സംഘടിത സമരങ്ങളോട് ചേര്‍ത്തു കെട്ടി സാമാന്യവത്ക്കരണം നടത്തുന്നതും യുക്തിസഹമാകില്ല.


” അധീശവര്‍ഗ്ഗത്തിന്റെ കാഴ്ച്ചപ്പാടുകള്‍ സമൂഹം അംഗീകരിയ്ക്കുന്നത് ഭൗതികമായ ബലപ്രയോഗത്തിനു വഴങ്ങിയല്ല, മറിച്ച് സാമാന്യബോധമായും സ്വാഭാവികമായും ഏറ്റെടുക്കുന്നതിലൂടെയാണ്. ഈ സാമാന്യബോധത്തെ നിലനിര്‍ത്തുകയും ഉറപ്പിയ്ക്കുകയും തലമുറകളിലേയ്ക്ക് പകര്‍ത്തുകയുമാണ്‌ മാധ്യമങ്ങളടക്കമുള്ള സാമൂഹ്യസ്ഥാപനങ്ങള്‍ ചെയ്യുന്നത്. “


download


ചിന്തകന്‍ ,ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി, മാര്‍ക്സിസ്റ്റ് ദാര്‍ശനികന്‍ തുടങ്ങിയ നിലകളില്‍ ലബ്ദപ്രതിഷ്ഠനായ അന്തോണിയോ ഗ്രാംഷി, മേല്‍ക്കോയ്മാ സിദ്ധാന്തത്തിലൂടെ നടത്തിയ പ്രസ്തുത നിരീക്ഷണം വ്യവസ്ഥാപിതവും അധികാരോന്മുഖവും ജനവിരുദ്ധവുമായ സമകാലീനതയുടെ സ്ഥിരധാരണകളെ തിരുത്തുന്നതിതിന് പൊതുമണ്ഡലത്തെ നിരന്തരമായ ആശയ സംവാദങ്ങളുടെ വേദികളാക്കേണ്ടതിന്റെ അടിയന്തിരാവശ്യകതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിനാല്‍ തന്നെ ഇതര മേഖകളിലെന്നപോലെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഭിന്ന സങ്കേതങ്ങളാല്‍ സംഘടിപ്പിയ്ക്കപ്പെടുന്ന ആശയ സമരങ്ങള്‍ സംഘടിതവും ഭൗതിക നേതൃത്വത്താല്‍ സുസജ്ജവുമാകണം. അതല്ലെങ്കില്‍ വേലിയേറ്റങ്ങളില്‍ ‘അപരിചിതര്‍’ അജണ്ടകള്‍ നിശ്ചയിയ്ക്കും; മുന്നേറ്റങ്ങളെ അപ്പാടെയപഹരിയ്ക്കും; വിഴുങ്ങും മുഴുവനായ് !


കെ ജി സൂരജ്
ചീഫ് എഡിറ്റര്‍