മാതൃഭാഷയെ സംരക്ഷിക്കുന്നതിന് വേണ്ടി സമരം നടത്തേണ്ടുന്ന സ്ഥിതി വിശേഷം അത്യന്തം അപമാനകരമാണ് . എന്നാല്‍ മിക്ക സമൂഹങ്ങളിലും ഏതെങ്കിലും ഒരു ഘട്ടത്തില്‍ ജനത മാതൃഭാഷക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ നടത്തുകയും ഭാഷയുടെ എല്ലാ തരം വ്യവഹാര മണ്ഡലങ്ങളെയും വിപുലീകരിക്കുകയും ചെയ്യുന്നതിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നുണ്ട്. തൊഴില്‍ പരീക്ഷകള്‍ മലയാളത്തിലും ന്യൂനപക്ഷഭാഷകളിലും നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാള ഐക്യവേദി നടത്തിയ സമരവും അത്തരത്തിലുള്ള ഒന്നാണ്. മാതൃഭാഷയുടെ പ്രാധാന്യത്തിലൂന്നി നിന്നുകൊണ്ടുള്ള നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരും സമരത്തോട് ഐക്യപ്പെടുകയും സമരാവശ്യങ്ങള്‍ പി.എസ് .സി യെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തതോടെ സമരം വലിയ വിജയം നേടുകയുണ്ടായി . മാതൃഭാഷക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു ഏടായി ഈ സമരം അടയാളപ്പെടുത്തപ്പെടും. മലയാള ഐക്യവേദിക്ക് ഹൃദയാഭിവാദ്യങ്ങള്‍ .
ഐക്യവേദിയുടെ സമരം ഭാഷാപഠനവുമായി ബന്ധപ്പെട്ട് ഗൗരവമായ ചര്‍ച്ചകള്‍ ക്കും സംവാദങ്ങള്‍ ക്കും വേദിയായിട്ടുണ്ട്. അതെല്ലാം തന്നെ ആഴത്തില്‍ പരിശോധിക്കേണ്ടുന്നതാണ്. എന്നാല്‍ ഒരു രാഷ്ട്രം ഒരു ഭാഷ എന്ന മുദ്രാവാക്യമുയര്‍ത്തി ഹിന്ദി മറ്റു മാതൃഭാഷകള്‍ ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള സംഘപരിവാര ശ്രമങ്ങളെയും മലയാള ഐക്യവേദിയുടെ ശ്രമങ്ങളെയും ഒരേ നുകത്തില്‍ കെട്ടിക്കൊണ്ടുള്ള ചര്‍ച്ചകള്‍ അത്യന്തം അപകടകരമായതും ഹിന്ദുത്വ ഫാഷിസത്തിന് കുഴലൂത്തുപാടലുമാണ് .പ്രാദേശിക / മാതൃഭാഷകള്‍ ക്കു മാത്രമേ ഹിന്ദി മാത്രം സംസാരിക്കുന്ന ഹിന്ദു രാഷ്ട്ര വാദത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂ.ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു വംശം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എക്കാലത്തും ഫാഷിസ്റ് ഭരണകൂടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് . എല്ലാ തരം ബഹുസ്വരതകളും ഫാഷിസ്റ് പ്രത്യയ ശാസ്ത്രം നടപ്പിലാക്കുന്നതിന് വിഘാതമാണ് എന്ന് ഫാഷിസ്റ്റുകള്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ബഹുസ്വരതകളെ അടിച്ചമര്‍ത്തിക്കൊണ്ടു ഏകതാനമായ ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുകയാണ് ഫാഷിസം ചെയ്യുന്നത് .അതിന്റെ തുടര്‍ച്ചയില്‍ തന്നെയാണ് ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസവും നിലയുറപ്പിക്കുന്നത്.
രാജ്യത്തിന് പൊതുവായൊരു ഭാഷ വേണമെന്നും ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെന്നുമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ഇതാണ് വെളിവാക്കുന്നത് . ഭാഷാപരമായ ബഹുസ്വരത എന്ന ഇന്ത്യയുടെ പ്രധാനപ്പെട്ട സവിശേഷത സംഘപരിവാരത്തിന്റെ ഏകഭാഷ സിദ്ധാന്തത്തിനു വിലങ്ങുതടിയാണ്. അവരുടെ ഏകഭാഷാവാദം പുതിയതായി രൂപം കൊണ്ടതല്ല. സവര്‍ക്കറില്‍ തന്നെ ആരംഭിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഹിന്ദുരാഷ്ട്രമാകുന്നതിന് വേണ്ടുന്ന ഹിന്ദുസ്വത്വത്തിന്റെ നെടുംതൂണായി നില്‍ക്കുന്ന ഘടകം ഭാഷയാണ് ; സംസ്കൃതവും ഹിന്ദിയും .എം.എസ് .ഗോള്‍ വാക്കറും ഭാഷാപരമായ ഏകതയുടെ ആവിശ്യകതയെക്കുറിച്ചു സംസാരിക്കുന്നുണ്ട്.ഹിന്ദുരാഷ്ട്രത്തിന്റെ പ്രത്യേകതയായി ഗോള്‍ വാക്കര്‍ അഞ്ചു കാര്യങ്ങള്‍ പറയുന്നുണ്ട്. ഭൂമിശാസ്ത്രപരമായ ഏകത, വംശീയമായ ഏകത ,മതപരമായ ഏകത ,സാംസ്കാരികമായ ഏകത , ഭാഷാപരമായ ഏകത എന്നിവയാണവ .ഏറെക്കാലം സംസ്കൃതത്തെയാണ് അവര്‍ ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശേഷിയുള്ള ഭാഷയായി കണ്ടത് . എന്നാല്‍, 1880 കളോടെ ഹിന്ദു ദേശീയവാദികള്‍ ഹിന്ദിയെ പേര്‍ഷ്യന്‍ സ്വാധീനത്തില്‍ നിന്നും വിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.ഹിന്ദിയും ഉര്‍ദുവും ഹിന്ദുസ്ഥാനിയും തമ്മിലുള്ള ബന്ധത്തെ തമസ്കരിക്കുകയും ഹിന്ദിയും സംസ്കൃതവുമായി മാത്രം ഏകപക്ഷീയമായ ബന്ധം സ്ഥാപിക്കാനുമാണ് അവര്‍ ശ്രമിച്ചത്. ഇപ്രകാരം സംസ്കൃതീകരിക്കപ്പെട്ട ഹിന്ദിയാണ് ഹിന്ദുത്വവാദികള്‍ക്കു അഭിമതമായി മാറിയത്. ഹിന്ദി ഹിന്ദുക്കളുടെ ഭാഷയായും ഉറുദു മുസ്ലീങ്ങളുടെ ഭാഷയായും ചിത്രീകരിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് ഹിന്ദി മുഴുവന്‍ ഇന്ത്യക്കാരുടെയും ഭാഷയായി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഭാഷാമൗലികവാദം , ശുദ്ടിവാദം ശക്തമായി തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ അമിത് ഷായുടെ ഹിന്ദിവാദത്തെ അത്ര നിസ്സാരമായി തളിക്കളയാനാവില്ല. ഭാഷാപരമായ ബഹുസ്വരതയെ ഇല്ലാതാക്കിക്കൊണ്ട് ഏകഭാഷയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതി എന്ന അജണ്ട ഇതിനു പുറകിലുണ്ട്. ‘ഹിന്ദി ഐക്യവേദി’ എന്നെല്ലാം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹസിക്കുന്ന അമിത് ഷായുടെ പ്രസ്താവന കേവലം വിടുവായത്തമല്ല എന്നര്‍ത്ഥം.
യാഥാര്‍ഥ്യം ഇതായിരിക്കെ മലയാള ഐക്യവേദിയുടെ പ്രവര്‍ത്തനങ്ങളെയും ഹിന്ദുത്വത്തിന്റെ ഏകഭാഷസിദ്ധാന്തത്തെയും തുല്യമായി കാണുന്നവര്‍ സംഘ്പരിവാരത്തിന് കുടപിടിക്കുകയാണ് ചെയ്യുന്നത്. ‘മലയാള ഐക്യവേദി നിര്‍ത്തിയേടത്തു തുടങ്ങും ഹിന്ദി ഐക്യവേദി’ എന്നൊക്കെ പറയുന്ന തികച്ചും ചരിത്രവിരുദ്ധമായ പ്രസ്താവനകള്‍ ചരിത്രബോധമുള്ളവര്‍ പോലും വ്യാപകമായി പങ്കുവെക്കപ്പെടുകയുണ്ടായി. മലയാള ഐക്യവേദിയോടുള്ള ആശയപരമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷെ അത് സംഘപരിവാരത്തിനു അനുകൂലമായി മാറാതെ നോക്കേണ്ടുന്ന വലിയ ജാഗ്രത കാണിക്കേണ്ടതുണ്ട്.