അശാന്തന്‍ മാഷ് ..
2008 -09 കാലയളവില്‍ എറണാകുളത്തായിരുന്നു താമസം . അന്നെല്ലാം ദര്‍ബാര്‍ ഹാള്‍ സന്ദര്‍ശനം പതിവായിരുന്നു. അങ്ങനെ ഒരിക്കല്‍ അവിടെ വെച്ചാണ് അശാന്തന്‍ മാഷിനെ ആദ്യമായ് പരിചയപ്പെടുന്നത്. പേരില്‍ ഉള്ള അശാന്തത ഒരിക്കലും സംസാരതിലോ ഭാവത്തിലോ ഇല്ലായിരുന്നു. തികച്ചും ഊര്‍ജസ്വലന്‍ ആയ വ്യക്തി . സന്തോഷത്തോടെയുള്ള ഇടപെടലുകള്‍. 2009 ലാണ് പ്രദര്‍ശനം ദര്‍ബാര്‍ ഹാളില്‍ ഏകാംഗ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനം കാണാന്‍ ഒരു ദിവസം മാഷ് വന്നു. പെയിന്റിംഗുകള്‍ കണ്ടു . അതേക്കുറിച്ചെല്ലാം ദീര്‍ഘം സംസാരിക്കുകയും ചെയ്തു. മാഷുമായുള്ള സംഭാഷണം വര്‍ക്ക് ചെയ്യുന്നതിന് ഏറെ പ്രചോദനം നല്‍കുന്നതായിരുന്നു.
2011 ല്‍ ഹില്‍ പാലസില്‍ നടന്ന ഒരു ക്യാമ്പില്‍ മാഷും ഒന്നിച്ചു ഉള്ള ആ ദിനങ്ങള്‍ അത്രയും ഓര്‍മ്മിക്കത്തക്കതാണ്. എന്നും വരയെ കുറിച്ച് ഉള്ള സംവാദങ്ങളും അദ്ദേഹത്തിന്റെ നാടന്‍ പാട്ടുകളും ഉണ്ടായി. സ്കെച്ച് ചെയ്താല്‍ മാഷെ കാണിച്ചു കൊടുക്കും, മാഷ് ആ വരയിലെ ന്യൂനതകള്‍ അദേഹം പറഞ്ഞു തരും. എന്നാല്‍ അത് ആണ് ശരി എന്ന രീതിയില്‍ ആയിരുന്നില്ല. ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും എനാണ് പറയുക .
നാളുകള്‍ക്കപ്പുറം മാഷെ മാഷിനെ വീണ്ടും കാണുന്നത് കഴിഞ്ഞ നവംബറില്‍ മാരാരികുളത്തുവച്ചു നടന്ന അക്കാഡമിയുടെ നാഷനല്‍ വിമണ്‍ പെയിന്റിംഗ് ക്യാമ്പിലായിരുന്നു . മാഷും സുഹൃത്ത് പ്രസാദും ഒപ്പമുണ്ടായിരുന്നു . ഞങ്ങള്‍ എല്ലാവരുടെയും വര്‍ക്കുകള്‍ കാണുകയും സംസാരിക്കുകയും ചെയ്തു . കലാപരമായതും അല്ലാത്തതും ആയ പലതും സംസാരത്തിലേക്ക് കടന്നുവന്നു . ഒരുമിച്ച് ഫോട്ടോസ് എടുത്തു. അശാന്തന്‍ മാഷെ അവസാനമായി കണ്ടതും അന്നായിരുന്നു. മാഷിന്റെ ഊര്‍ജ്ജം എല്ലാര്‍ക്കും പകര്‍ന്നു കൊടുത്തുകൊണ്ടിരിയ്ക്കും. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ അതേ ഊര്‍ജ്ജം വ്യക്തിപരമായും പകര്‍ത്തപ്പെട്ടിട്ടുണ്ട് .
ഈ വേര്‍പാട് വേദനയുളവാക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്തയേക്കാള്‍ വേദനിപ്പിച്ച സംഭവങ്ങള്‍ ആണ് ഡര്‍ബാര്‍ ഹാള്‍ പരിസരത്തു നടന്നത്. അദ്ദേഹത്തിന്റെ മൃതദേഹത്തിനോട് കാണിച്ച അനാദരവ് എന്തൊരു അസഹ്യമാണ് ! സാക്ഷര കേരളത്തില്‍ ഇന്നും ഈ തരത്തില്‍ ഉള്ള വേര്‍ തിരിവുകളും അതിര്‍വരമ്പുകളും തീര്‍ക്കുന്നു എന്നത് ലജ്ജാകരമാണ്.
സവര്‍ണ്ണ മേധാവിത്വവും ,മനുഷ്യനെ ചേരിതിരിക്കുന്ന വന്‍ മതിലുകള്‍ ഉയരുന്നതിന്റെ സൂചനയുമാണത് . സര്‍ക്കാര്‍ അധീനതയില്‍ ഉള്ള സ്ഥലത്തു ഒരു ചടങ്ങു സംഘടിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥ നീതിന്യായ വ്യവസ്ഥകളോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്. അശാന്തന്‍ മാഷ് ജീവിയ്ക്കുന്നു . നിറങ്ങളിലും, പകര്‍ന്നുതന്ന വറ്റാത്ത ഊര്‍ജ്ജത്തിലൂടെ.