Rima Suresh

ഈ പ്രകൃതി എന്താ ഇങ്ങനെ

ഓരോ ഭൂകമ്പവും, വെള്ളപ്പൊക്കവും കൊടും വേനലും മണല്‍ ക്കാറ്റും ഇങ്ങനെ നമ്മെ ചിന്തിപ്പിക്കുന്നുണ്ടോ? ആര് ചിന്തിക്കാന്‍ അല്ലെ? ഇതൊക്കെ അങ്ങ് ജാപ്പനിലോ , ചൈനയിലോ , ആന്ധ്രായിലോ ചെന്നൈയിലോ ഒക്കെയല്ലേ ഉണ്ടായത്, ഇങ്ങു ഇവിടെ കേരളത്തില്‍ അല്ലല്ലോ, ഇത് ഇടുക്കിയില്‍ അല്ലെ ഉണ്ടായത് ഇങ്ങു തിരുവനന്തപുരത്തല്ലല്ലോ , പിന്നെ നമ്മള്‍ എന്തിനു പേടിക്കണം, നമുക്കെന്തു പറ്റാനാ? എന്നല്ലേ ചിന്ത, പക്ഷെ അവിടയും മനുഷ്യരല്ലേ ബുദ്ധിമുട്ടനുഭവിക്കുന്നത്? അവിടയും ഉണ്ടാകില്ലേ നമ്മെ പോലെയുള്ള കുട്ടികള്‍ ? നമ്മുടെ മാതാപിതാക്കളെ പോലെയുള്ള മാതാപിതാക്കളും?


IMG_3340w


ഞാന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ഒരു ആല്‍ മരമുണ്ടായിരുന്നു. വളരെ വലിയ ഒരു മരം. നല്ല തണലൊക്കെ ഉണ്ട് കീഴില്‍ നിന്നാല്‍ . അതില്‍ നിന്ന് വീഴുന്ന ഇലകള്‍ ഞാന്‍ ഭാരമുള്ള പുസ്തകങ്ങള്‍ ക്കുള്ളില്‍ വച്ച് ഉണക്കി സൂക്ഷിച്ചിരുന്നു. ഒരു ദിവസം രാവിലെ , അതാ, അത് വെട്ടിമാറ്റപ്പെട്ട നിലയില്‍ , മുറിച്ചു, വേരൊക്കെ മാന്തി പൃറത്തെടുത്തിരിക്കുന്നു, ആ സ്ഥലത്തിന്റെ ഉടമസ്ഥന് വീട് വയ്ക്കാന്‍. എനിക്ക് സങ്കടം വന്നു. പക്ഷെ ഞാന്‍ അവിടെ മറ്റൊരു മരം വച്ച് പിടിപ്പിച്ചില്ല. ആരുടെയോ പറമ്പു, എനിക്കെന്തു കാര്യം എന്നാണു എനിക്കപ്പോ തോന്നിയത്.


1496689_1038118039559672_8751947292355495655_n


പക്ഷെ എത്രകാലം ഈ ഭൂമി നമ്മെ സഹിക്കും, നമ്മുടെ അക്രമം സഹിക്കും. ഒരു ദിവസം ഭൂമി പ്രതികരിക്കാതിരിക്കുമോ? എങ്ങനെയാവും ആ പ്രതികരണം? അന്ന് നമ്മെ സഹായിക്കാന്‍ ആരുണ്ടാകും. പ്രകൃതിയുടെ താളം തെറ്റല്‍ എന്നായിരിക്കും. അന്ന് നമ്മള്‍ ഉണ്ടാവില്ല എന്ന സമാധാനത്തിലാണോ നമ്മള്‍ ? ഒരു അറുപതു നൂറു വര്‍ഷത്തിന് ശേഷമാവും ആ ഒരു അവസ്ഥ എന്നൊന്നും തെറ്റി ധരിക്കരുത് . ഭൂമിയുടെ പ്രതികരണത്തില്‍ നമ്മള്‍ ഈ കെട്ടിപ്പൊക്കിയ രമ്യ ഹര്‍മ്യങ്ങള്‍ ഒക്കെ തവിടുപൊടിയാകും. പിന്നെയല്ലേ നമ്മളും നമ്മുടെ അനന്തര തലമുറയും.


12814812_1038133952891414_8929461122421366019_n


എന്തൊക്കെ അതിക്രമങ്ങളാണ് നാം ഭൂമിയോടു ചെയ്യുന്നത്? കാട് വെട്ടി നശിപ്പിക്കുന്നു, മലകള്‍ ഇടിച്ചു, കുന്നുകള്‍ നിരത്തുന്നു, പര്‍വതങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കുന്നു, ജലാശയങ്ങള്‍ മലിനമാക്കുന്നു, വായു വിഷമയമാക്കുന്നു .കാട് ഭൂമിയുടെ ശ്വാസകോശമാണ് എന്നാരാണ് പഠിപ്പിച്ചത്, പക്ഷെ വെട്ടിമാറ്റുന്ന ഒരു മരത്തിനു പകരം മറ്റൊന്ന് നാടാണ് നമ്മള്‍ മറന്നുപോകുന്നല്ലോ. നമ്മള്‍ മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നു. അവിടെ നിന്ന് മണ്ണ് കൊണ്ടുപോയി കടലില്‍ ഇട്ടു വാണിജ്യ കുത്തകക്കാര്‍ക്കു വേണ്ടി പോര്‍ട്ട് പണിയുമ്പോള്‍ നമ്മള്‍ ഭൂമിയെ പറിച്ചെടുത്തു ഒട്ടിക്കായാണ് ചെയ്യുന്നത്. “ഭൂമിക്കൊരു ചരമ ഗീതത്തില്‍ O N V പറയുന്നതുപോലെ ഭൂമിയായ മാതാവിന്റെ വസ്ത്രം വലിച്ചു കീറി ചന്തയില്‍ വില്‍ ക്കുന്ന ദുഷ്ടരാണ് നമ്മള്‍ മനുഷ്യര്‍. മറ്റൊരു ജീവജാലങ്ങളും ഇങ്ങനെ പ്രകൃതിയെ ദ്രോഹിക്കുന്നില്ല. അവര്‍ പ്രകൃതിയോട് ഇഴുകിച്ചേര്‍ന്നു ജീവിക്കുന്നു. പക്ഷെ നാം അവരെയും കൊന്നു തീര്‍ക്കുന്നു, ആവാസ വ്യവസ്ഥ ആകെ തകര്‍ക്കുന്നു. വര്‍ഷങ്ങള്‍ ക്കു മുമ്പ് ഒരു ഡിസംബറില്‍ സംഭവിച്ച ഒരു ദുരന്തവും അന്ന് കേരളവും അയല്‍ സംസ്ഥാനങ്ങളും നേരിട്ട നാശ നഷ്‌ടങ്ങളും ഓര്‍മ്മയുണ്ടോ? ആ ഓര്മയുണ്ടായിരുന്നെങ്കില്‍ ജീവന്‍ തുടിക്കുന്ന ഭൂമിയുടെ മാറില്‍ ഇങ്ങനെ താണ്ഡവമാടാന്‍ നമ്മള്‍ മുതിരുമായിരുന്നോ ? എന്തൊക്കെ കണ്ടുപിടിത്തങ്ങള്‍ നമ്മള്‍ നടത്തി. ഭൂമിയുടെ ആയുസ്സു ചുരുങ്ങുന്നു എന്നും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ പലപ്പോഴായി നമ്മോടു പറയാറില്ലേ ? എന്നിട്ടും ഹ ! കഷ്ട്ടം !! നാം ഉണരുന്നില്ലല്ലോ.


images


വളര്‍ച്ച , വികസനം ഒക്കെ നല്ലതു തന്നെ. പക്ഷെ സ്വയം കൊന്നുകൊണ്ടുള്ള ഈ വളര്‍ച്ച വളര്‍ച്ചയാണോ.


നമ്മള്‍ ആരെയാണ് സഹായിക്കുന്നത്, മണല്‍ ഊറ്റാന്‍ , വെള്ളം ഊറ്റാന്‍ , കടല്‍ നികത്താന്‍ , പാറ പൊട്ടിക്കാന്‍ ഒക്കെ നിയന്ത്രണമില്ലാതെ അനുവദിച്ചികൊണ്ടു? കുത്തക മുതലാളിമാരെ, കോര്പറേറ് വിഭാഗത്തെ. അവരുടെ സേവനങ്ങളോ ഉത്പന്നങ്ങളോ ഒക്കെ വാങ്ങുന്നവഴി അറിയാതെ നമ്മള്‍ പ്രകൃതി ചൂഷണത്തിന് സഹായിക്കുന്നു, ഒരു കാലമുണ്ടായിരുന്നു, മനുഷ്യന്‍ പ്രകൃതിയെ ഭയപ്പെടുകയും പേടിക്കയും ആരാധിക്കുകയും ചെയ്തിരുന്നു അന്ന്. ആരാധിക്കണ്ട, പക്ഷെ നമുക്ക് സംരക്ഷിക്കാനും അതുവഴി നമ്മെ തന്നെ രക്ഷിക്കാനും സാധിക്കുമല്ലോ. അപ്പൊ പ്രകൃതിയും ഇടയ്ക്കിടെ നമ്മെ സംഹരിക്കുന്നതില്‍ ഒരു അറുതി വരുത്തും .ചിന്തിച്ചു പ്രവര്‍ത്തിക്കാം. നമുക്ക് നില നില്‍ ക്കാം , പ്രകൃതിയോടൊപ്പം.


റിമ സുരേഷ്
ക്ലാസ് 10
സെന്റ് തോമസ് റെസിഡെഷ്യല്‍ സ്കൂള്‍
മുക്കോലയ്ക്കല്‍