Aswathi V

മാറണം മനോഭാവം; സ്ത്രീപക്ഷ നവകേരളത്തിനായ്

Aswathi V

സ്ത്രീകൾക്കെതിരായ അക്രമം നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സമൂഹിക അന്തരീക്ഷമാണ് നിലവിലുള്ളത്. നവലിബറൽ കാലഘട്ടത്തിൽ കച്ചവട സാധ്യതകളും പുരുഷന്റെ സ്വേച്ഛാധിപത്യ മനോഭാവവും സ്ത്രീകളുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാകുന്നു. സമകാലിക കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രൈമുകൾ എല്ലാം വിരൽ ചൂണ്ടുന്നത് സ്ത്രീജീവിതം അനുനിമിഷം ദുർഘടമായി തീരുന്നുവെന്നത് തന്നെയാണ്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഗാർഹിക പീഡനങ്ങൾ ഹീനമായ കൊലപാതകങ്ങളിൽ വരെയെത്തി നിൽക്കുന്ന കാലഘട്ടമാണ്. ഗൃഹാന്തരീക്ഷത്തിൽ പീഡനങ്ങൾ അനുഭവിച്ചു കഴിയേണ്ടിവരുന്ന നിരവധി സ്ത്രീകൾ നമ്മുടെ ഇടയിലുണ്ട്. അവയിൽ ചിലത് ആത്മഹത്യയിലും കൊലപാതകത്തിലും ചെന്നെത്തിനിൽക്കുമ്പോൾ മാത്രമാണ് മനുഷ്യ മനസാക്ഷി ഉണരുന്നതും നാടാകെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതും.

istockphoto-1203922512-170667a

എന്നാൽ സ്വന്തം കൂരയിൽ നടക്കുന്ന സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളെ കണ്ടില്ലെന്നു നടിച്ചു അന്യന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്രത്യേക പ്രതിഭാസത്തിലൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. 90 ശതമാനം ഗാർഹിക പീഡനങ്ങളും ഒരുപക്ഷേ അതിനുമുമ്പ് ഉണ്ടാവേണ്ട ചെറിയ ചില ഇടപെടലുകളിൽ വലിയ ഫലം കണ്ടേക്കാവുന്നതാണ്. അനേകമനേകം ഉദാഹരണങ്ങൾ കൺമുന്നിൽ ഉണ്ടായാലും എത്രകണ്ട് മാറാൻ കേരള സമൂഹം തയ്യാറാകുന്നുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. കൊലചെയ്യപ്പെടുന്ന സ്ത്രീയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്ന ബഹുഭൂരിഭാഗം മാതാപിതാക്കളും സ്വന്തം കുട്ടികളുടെ സ്വപ്ന ചിറകുകൾ അരിഞ്ഞു കളഞ്ഞിട്ടാകും ഐക്യദാർഢ്യമുമായി മുന്നോട്ട് വരുന്നത്. സ്വന്തം ആഗ്രഹങ്ങൾക്ക് പിറകെ പോരാടി മുന്നേറുന്ന സ്ത്രീയുടെ കാലിലെ ചങ്ങലയായി കുടുംബ ബന്ധങ്ങൾ പ്രവർത്തിക്കുന്നു. നമ്മുടെ പെൺകുട്ടികളെ കുടുംബം എന്ന ഇട്ടാവട്ടത്തിൽ വളർത്തുകയും ഭർത്താവിന്റെ അകത്തളങ്ങളിൽ ഉരുകി ജീവിക്കുക എന്നതാണ് അഭിമാനം എന്നു മാതാപിതാക്കൾ ആദ്യം മുതൽക്കേ പഠിപ്പിക്കുകയും ചെയ്യുന്നു. അടുക്കളയിലെ മേന്മകളിലാണ് ഒരു സ്ത്രീയുടെ കഴിവ് തെളിയേണ്ടത് എന്നാണ് പൊതുബോധം. മകളെ സ്വർണവും പണവും അളന്നു തൂക്കി വിവാഹം കഴിപ്പിച്ചു അയച്ചു എന്നതാണ് ജീവിതത്തിന്റെ മഹാ കാര്യമായി മാതാപിതാക്കൾ കരുതിവെയ്ക്കുന്നത്. എന്നാൽ ഒരു മകളുടെ, സ്ത്രീയുടെ ആത്മാഭിമാനം അവർ സ്വന്തം നിലയ്ക്ക് ആർജിക്കുന്ന ആത്മവിശ്വാസമാണ് എന്നു കുട്ടിയുടെ മുഖത്ത് നോക്കി പറയാൻ മാതാപിതാക്കൾ ധൈര്യം കാണിക്കാത്ത അത്രയും കാലം സമൂഹത്തിൽ സ്ത്രീ ശാരീരികവും, മാനസികവുമായ അടിച്ചമർത്തലുകൾക്ക് വിധേയമായി തന്നെ തുടരും എന്നതിൽ തർക്കമില്ല.

വിവാഹം എന്നത് തികച്ചും കമ്പോളമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പെൺകുട്ടി ജനിച്ചത് മുതൽക്കേ തന്നെ ഒരു ആധിയോടെയാണ് മാതാപിതാക്കൾ കാണുന്നത്. പണപ്പെരുമയുടെയും സ്വർണ്ണത്തൂക്കത്തിന്റെയും അളവുകോൽ കൊണ്ടാണ് സ്ത്രീയ്ക്ക് മറ്റൊരു കുടുംബത്തിൽ ആദരവ് അളക്കുന്നത്. കിട്ടുന്ന പണത്തിന്റെയും സ്വർണ്ണത്തിന്റെയും തൂക്കം കുറഞ്ഞാൽ ആ നിമിഷം മുതൽക്കേ നരകതുല്യമായ ജീവിതം ജീവിച്ചുതീർക്കേണ്ട ദുരവസ്ഥയും നമ്മുടെ സമൂഹത്തിൽ സ്ത്രീയ്ക്കുണ്ട്. പലതരം അസമത്വങ്ങൾ നിറഞ്ഞ കേരളീയ കുടുംബാന്തരീക്ഷം തന്നെയാണ് ഓരോ സ്ത്രീയുടെയും മുഖ്യശത്രു. പെണ്ണിനെ അടിമയായും ആണിനെ ഉടമയായും വാർത്തെടുക്കുന്ന പ്രതിലോമകരമായ സാമൂഹികാവസ്ഥ മാറാത്തിടത്തോളം സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി നടക്കുന്ന ചർച്ചകളെല്ലാം കതിരിൽ വളം വെക്കുന്ന കണക്ക് വൃഥാവിൽ ആവുകയെയുള്ളൂ.

metooo

ബോധം വെക്കുന്ന പ്രായം മുതൽക്കെ തന്നെ ആണെന്നുള്ള സ്വത്വപ്രിവിലേജ് അനുഭവിച്ച വളരുന്ന ഒരു പുരുഷനിൽ മറ്റുള്ളവരെ അടിച്ചമർത്താൻ ആഗ്രഹിക്കുന്ന ഒരു പൊട്ടൻഷ്യൽ ഹിറ്റ്ലറുണ്ട്. അവൻ ആണല്ലേ, അവന് എന്തുമാകാം എന്ന സമൂഹ സാഹചര്യം നിലനിൽക്കുമ്പോൾ അതിനെ കണ്ടു വളരുന്ന പുരുഷനും തന്റെ ആഗ്രഹം നടക്കാതെ വരുമ്പോൾ അക്രമോൽസുകമായി പ്രതികരിക്കും. ഒരു പെൺകുട്ടി പ്രണയമോ, കല്യാണമോ, വേണ്ടെന്ന് പറയുമ്പോൾ അതിനെ അംഗീകരിക്കാൻ പുരുഷന് സാധിക്കാതെ വരുന്നു. തുടർന്ന് അക്രമത്തിലൂടെ, കൊലപാതകത്തിലൂടെ, ആസിഡാക്രമങ്ങളിലൂടെ സ്‌ത്രീയെ ഇല്ലായ്‌മ ചെയ്തു സമൂഹത്തിൽ തന്റെ പൗരുഷത്തെ വിളംബരം ചെയ്യുകയും ചെയ്യുന്നു.

aaaa

ഇത്തരത്തിൽ ഓരോ വാർത്തകൾ പുറത്തു വരുമ്പോഴും ഇതിനൊരു അന്ത്യം കാണാനാകില്ലേ എന്നത് ഒരു ചോദ്യം മാത്രമായി മാറുകയാണ്. പ്രാഥമികമായ കാഴ്ചപ്പാടുകളിലുണ്ടാകുന്ന മാറ്റങ്ങൾക്ക് മാത്രമാണ് ഇത്തരം പുരുഷ കേന്ദ്രീകൃത ചിന്തകളെ മാറ്റാൻ കഴിയുക. സ്ത്രീയുടെ സ്വാഭിമാനം എന്നത് അവൾ സ്വന്തം കാലിൽ, സാമ്പത്തിക സ്വാതന്ത്ര്യം നേടുമ്പോൾ മാത്രമാണ് ഉണ്ടാവുക എന്ന ബാലപാഠങ്ങൾ നാം സമൂഹത്തെ ഓർമപ്പെടുത്തി കൊണ്ടിരിക്കുക തന്നെ വേണം. സ്ത്രീകൾക്കെതിരായ ആക്രമണ നിർമാർജന ദിനമായി  ഐക്യരാഷ്ട്ര സഭ   പ്രഖ്യാപിച്ച നവംബർ 25  ഫലപ്രദമായൊരു  സാമൂഹിക നവീകരണ കാഴ്ചപ്പാടിലേക്ക് എത്തുന്നതിനുള്ള പൊതുശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ പ്രേരകമാകേണ്ടതുണ്ട്. ചികിത്സ വേരുകളിൽ നിന്നും ആരംഭിക്കട്ടെ, കുടുംബങ്ങളും സ്കൂളുകളും കരിക്കുലവും മാറട്ടെ, ഭരണകൂടം കൂടുതൽ ജാഗരൂകരാവട്ടെ. എല്ലാ സാമൂഹിക സ്ഥാപനങ്ങളും,സംവിധാനങ്ങളും  ഒന്നിച്ചുചേർത്ത് അസമത്വങ്ങൾ ഇല്ലാത്ത ഒരു സ്ത്രീപക്ഷ നവകേരളം കെട്ടിപ്പടുക്കാം.