Niyas Vattiyoorkavu

ഒരു യുവാവിന്‍റെ ശരീരം

ഈ ജൂലൈ 20 നിയാസ് എന്ന ഈ എസ്.എഫ്.ഐ ക്കാരനെ സംബന്ധിച്ച് വെറുമൊരു ദിവസമല്ല, മറിച്ച് ഞാന്‍ എന്‍റെ പ്രസ്ഥാനം എസ്.എഫ്.ഐ യെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ആത്മാര്‍ത്ഥമായി അതിന്‍റെ പോരാളിയാകാന്‍ മനസ്സ് തയ്യാറെടുത്ത ദിവസം കൂടിയാണ്. അന്ന് 2007 ജൂലൈ 20 ലെ പ്രഭാതത്തില്‍ പതിവുപോലെ ഉമ്മയോടും ഉപ്പയോടും യാത്രപറഞ്ഞ്‌ നഗര ഹൃദയത്തിലുള്ള എസ്.എം.വി സ്കൂളില്‍ എത്തി ചേരാന്‍ ബസിനായി വീട്ടില്‍ നിന്നും ഓട്ടം തുടങ്ങി.


ഫുട്ബോഡില്‍ ആണെങ്കിലും സ്ഥലം കിട്ടി. ചെറിയ മഴയുണ്ട് പുറത്ത്. പക്ഷെ സാരമില്ല, ഫുട്ബോഡില്‍ നില്‍ക്കുന്നത് അന്നൊരു ഹരമാണ്. തൂങ്ങി കിടക്കുന്ന യാത്രയില്‍ വല്ലാത്ത ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും അന്നുണ്ടായിരുന്നു. തുടരെ പെയ്ത ചെറിയ മഴയില്‍ ഞാനാകെ നനഞ്ഞു. ഒടുവില്‍ നിരങ്ങി നിരങ്ങി ആ ആനവണ്ടി സ്കൂളിന്‍റെ മുന്‍പിലെത്തി.


ഹാവൂ... എത്തി ഇനി ക്ലാസ്സ്‌ എന്ന തടവറയിലേക്ക്. അല്‍പ്പം താമസിച്ചിട്ടുണ്ട്, ക്ലാസ്സ്‌ ടീച്ചറിന്‍റെ അടികിട്ടും. പിന്നെ അതിനൊരു പുതുമയില്ലല്ലോ? ഞാനും ഷാനവാസും, ഓ മറന്നു ഷാനവാസ്‌ എന്‍റെ ആത്മസുഹൃത്താണ്, അവനും ഞാനും കൂടി ക്ലാസിനു അടുത്തെത്തി, ടീച്ചറുടെ കാതടപ്പിക്കുന്ന സ്ഥിരം ശബ്ദങ്ങള്‍ ഒന്നും കേള്‍ക്കാനില്ല. അപ്പൊ ആളില്ല എന്നര്‍ത്ഥം. പകരക്കാരനായി ഇക്കണോമിക്സ് അദ്ധ്യാപകന്‍ മുരുകന്‍ സാര്‍ ആണ്, അതായത് ഇന്നത്തെ നമ്മുടെ വിപ്ലവ കവി മുരുകന്‍ കാട്ടാക്കട.


അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ചു ചേട്ടന്മാര്‍ എത്തി, തൊട്ടടുത്ത യൂണിവേര്‍‌സിറ്റി കോളേജിലെയും സംസ്കൃത കോളേജിലെയും നമ്മുടെ സഖാക്കന്മാരാണ്. ഞാന്‍ ഒരു സലാം കാണിച്ചു, എന്തോ മൈന്‍ഡ് ചെയ്തില്ല. ഭാഗ്യം അടുത്തുള്ളവന്മാര്‍ കണ്ടില്ല എങ്കില്‍ ഇമേജ് മുഴുവന്‍ തീര്‍ന്നേനെ. ചേട്ടന്മാരെ കണ്ടവന്മാര്‍ എന്നെ നോക്കി, ഞാന്‍ ഗമയില്‍ ഇരുന്നു പറഞ്ഞു പേടിക്കണ്ട ഞാന്‍ പറഞ്ഞിട്ട് വന്നതാണ്. സഖാക്കള്‍ നേരെ ഓഫീസില്‍ റൂമിലേക്ക് ആണ് പോയത്, ഏറെ നേരങ്ങള്‍ക്ക് ശേഷം അവര്‍ തിരികെ എത്തി. ഓരോ ക്ലാസ്സുകളായി വിടുന്നു. രക്ഷപ്പെട്ടു ഇന്ന് ഫ്രീ ആകാം.സഖാക്കള്‍ നമ്മുടെ ക്ലാസ്സില്‍ എത്തി, മുരുകന്‍ സാര്‍ പുറത്ത് ഇറങ്ങി. ഞാന്‍ തൊട്ടു പുറകില്‍ ചെന്ന് നിന്നു വന്നവരില്‍ എസ്.എഫ്.ഐ യുടെ ജില്ലാ കമ്മിറ്റിയംഗം സംസ്കൃത കോളേജിലെ സഖാവ് വിമലും ഉണ്ട്. ആരും എന്തോ എന്നെ കണ്ട ഭാവം നടിക്കുന്നില്ല, എല്ലാരുടെയും മുഖങ്ങളില്‍ വല്ലാത്ത മൌനം തളം കെട്ടി നില്‍ക്കുന്നതായി എനിക്ക് തോന്നി. തിരികെ വന്നു മുരുകന്‍ സാര്‍ പറഞ്ഞു എടേയ് ഇന്ന് ക്ലാസ്സില്ല, എല്ലാര്‍ക്കും പോകാം. നമ്മളെല്ലാം പുറത്തിറങ്ങി, എല്ലാരേയും ചേട്ടന്മാര്‍ ഒരു വശത്തേക്ക് വിളിച്ചു നിര്‍ത്തി.


ഇന്നലെ നമ്മുടെ കൊല്ലത്തെ ഒരു എസ്.എഫ്.ഐ സഖാവിനെ ആര്‍.എസ്.എസ്സുകാര്‍ വെട്ടി കൊല്ലപ്പെടുത്തി. നമ്മുടെ മുഖങ്ങളിലെ സന്തോഷം മാഞ്ഞു. വീട്ടില്‍ പോകാന്‍ പോയവരെയെല്ലാം വിളിച്ചു കൂട്ടി പ്രകടനം തുടങ്ങി. മെഡിക്കല്‍ കോളേജില്‍ ആണ് സഖാവ് ഇപ്പോള്‍ ഉള്ളത്, നമുക്ക് അങ്ങ് പോകണമെന്ന് വിമലണ്ണന്‍ പറഞ്ഞു.


മുദ്രാവാക്യമുയര്‍ന്നു,


ഇന്ക്വിലാബില് സിന്ദാബാദ്


എസ്.എഫ്.ഐ സിന്ദാബാദ്


സ്വാതന്ത്ര്യം ജനാതിപത്യം


സോഷ്യലിസം സിന്ദാബാദ്


സത്യത്തില്‍ ഇത്രയേ ഞങ്ങള്‍ക്കറിയൂ. മഴയുടെ ശക്തി വര്‍ദ്ധിച്ചു, അതോടൊപ്പം ഞങ്ങളുടെ ആവേശവും. ചേട്ടന്മാര്‍ ആര്‍.എസ്.എസ്സിന്‍റെ വര്‍ഗീയത വെളിവാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു തുടങ്ങി, സത്യത്തില്‍ നടക്കുകയല്ല ഒടുകയായിരുന്നു എല്ലാരും സമയം താമസിച്ചാല്‍ പറ്റില്ലല്ലോകാരണം കൂടപ്പിറപ്പാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഏറെ നേരങ്ങള്‍ക്ക് ശേഷം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തി. ആദ്യമായാണ് മോര്‍ച്ചറിയുടെ മുന്നില്‍ എത്തുന്നത്.


ഏറെ നേരം അവിടെ നിന്നു.


ചുറ്റിലും വല്ലാത്ത ഒരു മൂകത,


എല്ലാരും നിരാശരാണ്.


വാഹനങ്ങളില്‍ മുഴുവന്‍ അജയപ്രസാദ് എന്ന ഒരു ചെറുപ്പക്കാരന്‍റെ ചിത്രങ്ങള്‍.


തൊട്ടടുത്ത് മറ്റൊരു വാഹനം പൂക്കള്‍ വെച്ച് അലങ്കരിക്കുന്നു.


ഏറെ നേരങ്ങള്‍ക്ക് ശേഷം സഖാവ് വി.എസും. പിണറായിയും എത്തി,(അവരാണ് വന്നവര്‍ എന്ന് കാലങ്ങള്‍ക്ക് ശേഷമാണ് കേട്ടോ മനസ്സിലായത്). മോര്‍ച്ചറിയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. സ്ട്രെച്ചറില്‍ ഒരു യുവാവിന്‍റെ ശരീരം തുണിയില്‍ പൊതിഞ്ഞു പുറത്തേക്ക് കൊണ്ട് വന്നു. തൊട്ടടുത്തുള്ള വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന അതേ ചിത്രം,


അതേ സഖാവ് അജയ് പ്രസാദ്.


മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
ഇന്ക്വിലാബില് സിന്ദാബാദ്


സഖാവ് അജയ് പ്രസാദ് സിന്ദാബാദ്


ഇല്ലാ ഇല്ല മരിക്കുന്നില്ല


രക്തസാക്ഷി മരിക്കുന്നില്ല


ജീവിക്കുന്നു ഞങ്ങളിലൂടെ


സഖാവ് അജയ് പ്രസാദ് മരിക്കുന്നില്ല.
ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത വല്ലാത്തൊരു വികാര നിമിഷം. വല്ലാത്തൊരു ലോകത്താണ് ഇപ്പോള്‍ ഞാന്‍. ഓരോരുത്തരായി യാത്രയായി ശരീരം വാഹനത്തില്‍ കയറ്റി വാഹനം പുറപ്പെട്ടു. ഞങ്ങള്‍ തിരികെ വീടുകളിലേക്ക് യാത്രയായി.


കാലങ്ങള്‍ക്കിപ്പുറം എന്‍റെ ഡിഗ്രീ പഠനകാലത്ത്‌ ആര്‍ട്സ് കോളേജില്‍ വന്നപ്പോളാണ് അവിടുത്തെ യൂണിറ്റ് റൂമിലെ ചുമരുകളിലെ രക്തസാക്ഷികളുടെ കൂട്ടത്തില്‍ സഖാവ് അജയ് പ്രസാദിന്‍റെ ചിത്രം വരച്ചു ചേര്‍ക്കപ്പെട്ടത് കണ്ടതും. അവിടെ നിന്നു കിട്ടിയ സ്മരണികയില്‍ നിന്നും കൂടുതല്‍ അറിയാനും കഴിഞ്ഞത്.


ഇന്നും ഓരോ സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോളും ക്രടന്‍ശ്യല്‍ റിപ്പോര്‍ട്ടിലെ സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെട്ട സംഭവത്തില്‍ എനിക്ക് എഴുതി ചേര്‍ക്കുവാനുള്ളത് എന്‍റെ പ്രിയ സഖാവ് അജയ് പ്രസാദിന്‍റെ രക്തസാക്ഷിത്വം ആണ്.


കാലങ്ങള്‍ കഴിഞ്ഞപ്പോലും മരിക്കാത്ത ഓര്‍മ്മയായി സഖാവിന്‍റെ രക്തസാക്ഷിത്വം എന്‍റെ മനസ്സില്‍ മായാതെ മരിക്കാതെ കിടക്കുന്നു. . .ഇന്ക്വിലാബില് സിന്ദാബാദ്


സഖാവ് അജയ് പ്രസാദ് സിന്ദാബാദ്


ഇല്ലാ ഇല്ല മരിക്കുന്നില്ല


രക്തസാക്ഷി മരിക്കുന്നില്ല


ജീവിക്കുന്നു ഞങ്ങളിലൂടെ


സഖാവ് അജയ് പ്രസാദ് മരിക്കുന്നില്ല. . .