കാസര്‍കോട് ഹോസ് ദുര്‍ഗ്ഗ് താലൂക്കില്‍ തൃക്കരിപ്പൂരില്‍ എടച്ചാക്കൈ വീട്ടില്‍ ലക്ഷ്മിയേടത്തി തിരുവനന്തപുരം കാണുന്നത് ഇതാദ്യമായാണ്. തലങ്ങും വിലങ്ങും ഇടതടവില്ലാതെ പായുന്ന വണ്ടികള്‍ ..വേഗത്തില്‍ നടന്നു നീങ്ങുന്ന ഒരുപാടു മനുഷ്യര്‍. പകലിന്റെ കനല്‍ച്ചൂട് ..രാത്രിയുടെ കൊടും തണുപ്പ്.. ഇതിനെല്ലാമിടയില്‍ ഏറെദൂരമകലെ ഒറ്റക്കായ ഭര്‍ത്താവും കുട്ടികളും മക്കളും ചെറുമക്കളും. എന്നാല്‍ ഇത്തരം വ്യാകുലതകളൊന്നും എഴുപതിനോടടുക്കുന്ന ആ കര്‍ഷകത്തൊഴിലാളി അമ്മയെ ആകുലപ്പെടുത്തുന്നതേയില്ല . മുറുകുന്ന മുദ്രാവാക്യങ്ങള്‍ക്കും അഭിവാദനം ചെയ്തു കടന്നു പോകുന്ന അസംഘ്യം പ്രകടനങ്ങള്‍ക്കുമിടയില്‍ വെയില്‍ തളര്‍ത്തിയതെങ്കിലും ആ അമ്മ ആകാശത്തിലേക്കു മുഷ്ടിചുരുട്ടിക്കൊണ്ടിരുന്നു.
' അല്ല ലക്ഷ്മിയേടത്യെ, എന്തിനാ തിരുവനന്തപുരത്തു വന്നേ.. ഈ ചൂടത്ത് , വെയിലത്ത് , തണുപ്പത്ത് വീട്ടിലിരിക്യാര്‍ന്നില്ലേ ?
അതെങ്ങനെ മോനെ വീട്ടിലിരില് .. മ്മക്ക് കുടുംബശ്രീന്ന് പറഞ്ഞാല് ജീവനാ ..ജീവന്റെ ജീവന്‍ .
അതെന്താ ലക്ഷ്മിയേടത്യെ അങ്ങനെ ?
പട്ടിണീം, കഷ്ടപ്പാടും , ദുരിതോം മാത്രമാര്‍ന്നു മോനേ ജീവിതം . കുടുംബശ്രീ വന്നതീപ്പിന്ന ഈ കുഞ്ഞോളൊക്കെക്കൂടി അപ്പ്യേരെ സംഘത്തില്‍ എന്നേം ചേര്‍ത്ത് .ഞങ്ങളിപ്പൊ സംഘകൃഷി ചെയ്യുന്ന് . നല്ല ലാഭോണ്ട് . കേറിക്കെട് ക്കാന്‍ വീട് ഇണ്ടാര്‍ന്നില്ല . കുടുംബശ്രീ ല് ചീര്‍ന്നിറ്റാബോ ഭാവനശ്രീന്ന് കടം കിട്ടി . അതോണ്ട് വീണ് കെടക്കാനൊരു വീടായി . എല്‍ ഡി എഫ് സര്‍ക്കാറ് വന്നപ്പം അത് എയ്തിത്തള്ളി . നിങ്ങള്‍ക്കറിയാല്ലാ , ഇവി ടെ ഭൂരിഭാഗോം സുഖാല്ലോത്തോരാണ്. എന്റോസള്‍ഫാന്‍ തളിച്ച് തളിച്ച് നാടീം ഞരമ്പും എല്ലാം തളര്‍ന്നു പോയത്യ .. അവര്‍ക്ക് മരുന്നാക്കാന്‍ നല്ലോണം പൈസ വേണം . ഞങ്ങടെ കുടുംബശ്രീ ഓര്‍ക്ക് മരുന്നാക്കാന്‍ പൈസ കൊടുത്തിന്..ഇതൊരിക്കലും പൊളിയാന്‍ പാടൂല്ല. ങ്ങള് ഏത് ചാനലീന്നാണ് ബരുന്നത് ? നിങ്ങ പട്ട്ണി കെടന്നിനോ ? കുടുംബശ്രീ വന്നേ പ്പിന്നെ പട്ട്ണി മാറി മോനേ . ഇപ്പ കുടുംബശ്രീനെ തകര്‍ക്കാന്‍ വേണ്ടീറ്റ് ഏതോ ഒരു 'കസനാ' 'കംസനാ' ആരെല്ലാമാ വന്നീനോലും . ഇതൊരിക്കലും പൊട്ടാന്‍ പാട് ല . നമ്മക്ക് കുടുംബശ്രീ മതി. ഇതില് പാര്‍ടീം മതോം ജാതീം ഒന്നൂല്ല. ജനശ്രീ തട്ടിപ്പ് സംഘാണ് മോനേ . മ്മക്ക് ജാതീം മതോം പാര്‍ടീം ഒന്നും മേണ്ട . നന്മ മതി . കുടുംബശ്രീ മതി. നീ ടീവീല് പരസ്യം കണ്ടിട്ടില്ലേ . ' മില്‍മ; കേരളം കണികണ്ടുണരണ നന്മാന്ന് ' (അഞ്ചു രൂപ കൂട്ടണേനും മുന്‍പേ) . അതേ മാതിരിരി കുടുംബശ്രീ , കേരളത്തിലെ പെണ്ണുങ്ങളെ നന്മയാണ് മോനേ .. നന്മ .'
' സമരം ജയിക്കോ ലക്ഷ്മിയേടത്യെ ?'
ഏടത്തീടെ മാത്രമല്ല ഒപ്പമുണ്ടായിരുന്ന വലിയൊരു കൂട്ടം സ്ത്രീകളുടെ ശബ്ദം ഒരലര്‍ച്ചയായ് പ്രതിധ്വനിച്ചു.
' ഞങ്ങടെ ശവം ഇവിടെ വീഴണ വരെ സമരം തുടരും. അപ്പൊ , അടക്കം നടത്തി ജനശ്രീ തട്ടിപ്പ് തുടരാമെന്ന് ചാണ്ടീം ഹസനും കോട്ട കെട്ടണ്ട. കേരളത്തിലെ ഓരോ കുടുംബശ്രീ യൂണിറ്റിലെ പെണ്ണുങ്ങളും ഇവിടെ മരണം വരെ സമരം ചെയ്യാനെത്തും . ഇത് ഞങ്ങടെ ജീവനാണ് . ഞങ്ങള്‍ക്ക് ശബ്ദം തന്നത് കുടുംബശ്രീയാണ്. '
ലക്ഷ്മിയേടത്തിയെപ്പോലെ കേരളത്തിലെ പതിനാലു ജില്ലകളെ പ്രതിനിധീകരിച്ച് ഏകദേശം ആയിരത്തിയഞ്ഞൂറോളം സ്ത്രീകളാണ് കുടുംബശ്രീ പ്രസ്ഥാനത്തെ തികഞ്ഞ ലാഭലാക്കോടെ നിലംപരിശാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ക്കെതിരായി കുടുംബ ശ്രീ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാപ്പകല്‍ സഹനസമരത്തില്‍ തലസ്ഥാന ഭരണ സിരാകേന്ദ്രത്തി നു മുന്നില്‍ നാടും വീടും ഉപേക്ഷിച്ച് അണിനിരന്നത്. ഒപ്പം അനുഭാവ സത്യാ ഗ്രഹത്തിനായി പതിനായിരക്കണക്കിന് സ്ത്രീകള്‍ സമരവേദിയില്‍ ദൈനംദിനം എത്തിക്കൊണ്ടിരുന്നു. അതിജീവനത്തിനു വേണ്ടിയുള്ള സ്ത്രീകളുടെ ഐതിഹാസിക സ്വതന്ത്ര സമരം രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിനു തന്നെയാരംഭിച്ചത് യാദൃശ്ചികമാകുന്നില്ല. കേരളത്തിന്‍റെ സ്വാശ്രയത്വവും പൊതുജനാധിപത്യ വേദികളിലെ സ്ത്രീകളുടെ ഇടപെടല്‍ ശേഷിയും തകര്‍ക്കുകയെന്ന കോണ്‍ഗ്രസ് നയമാണ് കുടുംബശ്രീപ്രസ്ഥാനത്തെ താറുമാറാക്കുന്നത്തിലൂടെ വലതുപക്ഷം ലക്ഷ്യം വെക്കുന്നത്. 1998 ലെ എല്‍ ഡി എഫ് ഭരണ കാലയളവിലാണ് കുടുംബശ്രീ സ്ഥാപിതമാകുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ ദാരിദ്ര നിര്‍മ്മാര്‍ജ്ജന വകുപ്പെന്ന നിലയിലാണ് പദ്ധതി രൂപംകൊണ്ടത് . നിലവില്‍ 1014 കോടി രൂപ നിക്ഷേപമുള്ള കരുത്തുറ്റ സാമ്പത്തിക അടിത്തറയാണ് കുടുംബശ്രീക്കുള്ളത്. ആഭ്യന്തര വായ്പ്പകളായും ബാങ്ക് ലിങ്കേജ് മുഖേനയും 5000 ല്‍ അധികം കോടി രൂപയാണ് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിരിട്ടുള്ളത് .
'Social progress can be measured by the social position of the female sex.'
Karl Marx
ഏതൊരു സാമൂഹ്യ ക്രമത്തിന്റെയും വളര്‍ച്ചയുടെ മാനദണ്ഡം അതതു സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹ്യസ്ഥിതിയായിരിക്കുമെന്ന മാക്സിയന്‍ സാമൂഹ്യ സിദ്ധാന്തത്തെ അന്വര്‍ത്ഥമാക്കുംവിധം കക്ഷിരാഷ്ട്രീയത്തിനതീതമായി കുടുംബശ്രീലൂടെ കേരളീയ സ്ത്രീസമൂഹം സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് നടന്നുകയ റുകയായിരുന്നു. ചിട്ടയായ കൂട്ടായ്മകളിലൂടെ അവര്‍ സാമൂഹ്യവും രാഷ്ട്രീയവും സാംസ്ക്കാരികവുമായ ഇടപെടല്‍ ശേഷി സ്വായത്തമാക്കുകയും നവോഥാന മൂല്യങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്തു . തങ്ങളുടെ ആത്മാഭിമാനം / വിലപേശല്‍ ശേഷി / സാമ്പത്തിക സ്വാശ്രയത്വം തുടങ്ങി പൊതുജീവിതത്തെയാകെ അഭിമാനകരമാംവിധം മുന്നോട്ടുയര്‍ത്തിയ കുടുംബശ്രീയെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന ദൃഡപ്രതിജ്ഞയുമായി എരിപൊരിവെയിലും കൊടും തണുപ്പിലും ആയിരക്കണക്കിന് അമ്മ പെങ്ങന്മാര്‍ തലസ്ഥാനത്തെ പോരാട്ടത്തിന്‍റെ പടനിലമാക്കിയതില്‍ അശേഷം അത്ഭുതപ്പെടേണ്ടതില്ല.
സാക്ഷരതാ യജ്ഞം , ജനകീയാസൂത്രണം തുടങ്ങി ലോകശ്രദ്ധയാകര്‍ഷിച്ച പദ്ധതികളുടെ ശ്രേണിയിലെ പ്രധാന ജനകീയ മുന്നേറ്റമാണ് കുടുംബശ്രീ. ഗ്രാമ നഗര ഭേദമെന്യേ കക്ഷിരാഷ്ട്രീയത്തിനും ജാതിമത പരിഗണനകള്‍ക്കും അതീതമായി രൂപം കൊണ്ട അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ അടിസ്ഥാനം. സ്ത്രീകളെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനോടൊപ്പം ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക നവോഥാനത്തിനും കുടുംബശ്രീ ചാലക ശക്തിയായി . എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രതിവര്‍ഷം അന്‍പതു കോടിയുടെ ആനുകൂല്യങ്ങളാണ് കുടുബശ്രീക്കു നല്‍കിയത്. കുടുംബശ്രീ ഭരണ സമതികള്‍ക്ക് സ്വയംഭരണാധികാരം അനുവദിച്ചതിലൂടെ പുത്തന്‍ പരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുവാനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുവാനും പ്രസ്ഥാനത്തിനു കഴിഞ്ഞു.
സ്ത്രീകള്‍ വിവിധ പദ്ധതികളിലൂടെ ആര്‍ജ്ജിച്ച കുഞ്ഞു സമ്പാദ്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിമുടി തകര്‍ത്ത കുടുംബ ബഡ്ജറ്റുകളെ തകരാതെ പിടിച്ചു നിര്‍ത്തുന്നതിന് നല്‍കിയിട്ടുള്ള പിന്തുണ എല്ലാ വിധ താരതമ്യങ്ങള്‍ക്കും അതീതമാണ്. കാര്‍ഷിക ചെറുകിട ഉത്പ്പാദന മേഖലകളില്‍ അതിശക്തമായ ഇടപെടലാണ് കുടുംബശ്രീയിലൂടെ കേരളീയ സ്ത്രീസമൂഹം സംഘടിപ്പിച്ചത്. വിവിധ സി ഡി എസ്സുകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കപ്പെടുന്നത്. രജിസ്ട്രേഡ് സൊസൈറ്റികളായ ഓരോ സി ഡി എസ്സും ലഘു ധനകാര്യ സ്ഥാപനങ്ങളെന്ന നിലയിലും സൂക്ഷ്മ തൊഴില്‍ സംരഭങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു സംരംഭകര്‍ ഉത്പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സുശക്തമായ വിപണികളാണ് കുടുംബശ്രീ സംവിധാനത്തിനുള്ളത്.
ഈ നിലയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഒരുകോടിയിലധികം രൂപയുടെ സാമ്പത്തിക ക്രയവിക്രയം നടത്തുന്ന സി ഡി എസ്സുകള്‍ മാതൃകാപരമായ നിലയില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നു . കണക്കുകളിലെ കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി കുടുംബശ്രീ പ്രവര്‍ത്തകരുടെ തന്നെ ഓഡിറ്റിങ്ങ് ശൃംഘലയായ (K A S) കുടുംബശ്രീ അക്കൌെണ്ട്സ് ആന്റ് ഓഡിറ്റ് സര്‍വ്വീസ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഒട്ടനവധി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കാണ് കുടുംബശ്രീ ചുക്കാന്‍ പിടിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി , ബി എസ് യു പി , ഐ എച്ച് എസ് ഡി പി പദ്ധതി തുടങ്ങിയവയുടെയെല്ലാം ഫീല്‍ഡുതല നിര്‍വ്വഹണം ഫലപ്രദമായി നിര്‍വ്വഹിച്ചത് കുടുംബശ്രീയാണ്.
സാമൂഹ്യ ശാസ്ത്രജ്ഞരും അക്കാദമിക വിദഗ്ധരുമെല്ലാം ഒരുപോലെ കുടുംബശ്രീയുടെ സാമൂഹ്യ പ്രസക്തിയെ സംബന്ധിച്ചും നാടിന്റെ വികസനത്തിലും സ്ത്രീശാക്തീകരണരംഗത്തും പ്രസ്ഥാനം വഹിക്കുന്ന ഉയര്‍ന്ന പങ്കു സംബന്ധിച്ചും കക്ഷിരാഷ്ട്രീയ ഭേദമെന്യേ നിലപാടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ ജനസ്വാധീനത്തിലും പിന്തുണയിലും വിളറിപൂണ്ട വലതുപക്ഷം, ജനകീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ 2006 ലാണ് ജനശ്രീമിഷന്‍ ആരംഭിച്ചത്. ലാഭലാക്കു മാത്രം മുന്നില്‍ കണ്ട് , സര്‍ക്കാര്‍ പദ്ധതിയായ കുടുംബശ്രീയെ ശിഥിലമാക്കുന്നതിനുള്ള യൂ ഡി എഫ് തന്ത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു വന്നു .
ജനശ്രീ മൈക്രോ ഫിനാന്‍സ് എന്ന സ്ഥാപനമാണ് ജനശ്രീയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത്. പ്രസ്തുത സംഘത്തില്‍ ആകെ ഏഴ് ഷെയര്‍ ഹോള്‍ഡര്‍മ്മാരാണുള്ളത്. തൊണ്ണൂറ്റി ഒന്‍പതു ശതമാനം ഓഹരികള്‍ എം എം ഹസ്സന്‍ കൈവശം വെച്ചിരിക്കുന്നു. ഈ ഓഹരികളുടെ വിലയായ ഒരുകോടി തൊണ്ണൂറ്റി നാലുലക്ഷം രൂപ ജനശ്രീ അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്തതാണെങ്കില്‍ നടത്തിപ്പുകാര്‍ അവരെ വഞ്ചിച്ചിരിക്കുന്നു. അല്ലെങ്കില്‍ പ്രസ്തുത ഓഹരിയുടെ സാമ്പത്തിക ശ്രോതസ് വ്യക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ ഉറപ്പായും ബാധ്യസ്ഥരാണ്.
ഇപ്പോള്‍ സംഭവിക്കുന്നത് ?
തീര്‍ത്തും സ്വകാര്യ സംരഭമായ എം എം ഹസ്സന്റെ സ്വകാര്യ സംഘടന, ജനശ്രീക്ക് പൊതുഖജനാവില്‍ നിന്നും കോടികള്‍ അനുവദിച്ചിരിക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ക്ക് ഫണ്ടനുവദിക്കുബോള്‍ പാലിക്കേണ്ട ചട്ടങ്ങളും മാനദണ്ടങ്ങലുമെല്ലാം നഗ്നമായി കാറ്റില്‍ പറത്തിയാണ് രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പതിനാലുകോടി രൂപ ജനശ്രീയിലേക്ക് ഒഴുക്കി വിട്ടത്. സാമ്പത്തിക അച്ചടക്കത്തില്‍ ഒട്ടും മികവില്ലാത്ത ബാലചന്ദ്രന്‍ അടക്കമുള്ളവരാണ് ഈ ഫണ്ടാകെ കൈകാര്യം ചെയ്യുന്നത് എന്നത് വിഷയത്തിന്റെ ഗൌെരവം വര്‍ദ്ധിപ്പിക്കുന്നു രാഷ്ട്രീയ സ്വാധീനം , സമ്മര്‍ദ്ദം , പ്രലോഭനങ്ങള്‍ തുടങ്ങിയവയിലൂടെ സാധാരണക്കാരായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് അഴിമതി , ജനാധിപത്യവല്‍ക്കരിക്കാനാണ് ജനശ്രീ സംഘാടകരുടെ ശ്രമം.
കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ത്ത് കേരളീയ സ്ത്രീ സമൂഹത്തിന്റെ ആശയാഭിലാഷങ്ങളെ തല്ലിക്കെടുത്തുന്നതിനുള്ള യൂ ഡി എഫ് നീക്കങ്ങള്‍ക്കെതിരെ കേരളീയ ജനസമൂഹം കണ്ണും കാതും തുറന്നതോടെ ; ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ വഴിതന്നെ തുടര്‍ന്നും നടപ്പിലാക്കുക , തൊഴിലുറപ്പ് പദ്ധതി മേറ്റുമാരെ തിരഞ്ഞെടുക്കുന്നത് മുന്‍പുള്ളതുപോലെ ഏ ഡി എസ് വഴിയാക്കുക ., ഭാവനശ്രീ വായ്പ്പകള്‍ പൂര്‍ണ്ണമായും എഴുതിത്ത ള്ളൂക , ഇതിലേക്കായി സഹകരണ സംഘങ്ങള്‍ക്ക് പണം കൈമാറുക,എല്‍ ഡീ എഫ് സര്‍ക്കാരിന്റെ 201112 ബഡ്ജ റ്റില്‍ കുടുംബശ്രീക്കു വകയിരുത്തിയിരുന്ന 100 കോടി രൂപയില്‍ അമ്പതു കോടി രൂപ മാത്രമേ നിലവില്‍ അനുവദിച്ചിട്ടുള്ളൂ.
ശിഷ്ടം അന്‍പതു കോടി രൂപ അനുവദിക്കുക , ആര്‍ കെ വി വൈ ഫണ്ട് ജനശ്രീക്ക് അനധികൃതമായി നല്‍കിയതു പുനപ്പരിശോധിക്കുക , മുന്‍ സര്‍ക്കാര്‍ നല്‍കിയ ബാങ്ക് ലിങ്കേജ് (4 ശതമാനം പലിശക്കു വായ്പ്പ ) പുനസ്ഥാപിക്കുക. കൂടുതല്‍ ഫണ്ട് അനുവദിക്കുക, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേനയാക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന സമരത്തെ തമസ്ക്കരിക്കാന്‍ സര്‍ക്കാരിനാകില്ലെന്നായി. കക്ഷിരാഷ്ട്രീയ ഭേദമെന്യേ സമരത്തിനാര്‍ജ്ജിക്കാനായ വര്‍ദ്ധിച്ച പിന്തുണയില്‍, വിറങ്ങലിച്ച ഭരണകൂടം സന്ധിസംഭാഷണങ്ങള്‍ക്കു നിര്‍ബന്ധിതമാകുകയായിരുന്നു.
ഒന്നാം ക്ളാസുകാരനെന്താ കുടുംബശ്രീ സമരത്തില്‍ കാര്യം ?
ഇപ്പോള്‍ സമയം പതിനൊന്നു മണി കഴിഞ്ഞ് ഇരുപതു മിനുട്ട് . സഹായസമിതി ഒരുക്കിയ ഭക്ഷണത്തിനു ശേഷം അവരൊന്നൊന്നായ് സമരകേന്ദ്രത്തിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞു. പകല്‍പ്പൊടി പറ്റി മുഷിഞ്ഞുലഞ്ഞ വസ്ത്രങ്ങള്‍. .. നാടന്‍ പാട്ടും വിപ്ളവഗാനങ്ങളും മുദ്രാവാക്യങ്ങളും ചേര്‍ന്ന് തീപിടിപ്പിച്ച തൊണ്ടകള്‍ ..
ക്ഷീണിച്ചതെങ്കിലും അവരുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു .. സെക്രട്ടറിയറ്റിനു മുന്‍പില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച സമരപ്പന്തലിലെ പായ്കളില്‍ അവര്‍ രോഷത്തിന്റെ ശരീരം ചേര്‍ത്തു. മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്ന ഈ പോരിടത്തിന്റെ രാത്രിയിലേ ക്ക് മെല്ലെ കാതോര്‍ക്കാം . കാസര്‍കോട്ടെ ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി എസ്സിലെ ഒന്നാം ക്ളാസ് സി ഡിവിഷന്‍ വിദ്യാര്‍ഥി അമല്‍ ദേവിനെയുറക്കാന്‍ അമ്മ പ്രീതി, ഇരയിമ്മന്‍തമ്പിയീരടികളില്‍ മല്‍പ്പിടിത്തം നടത്തുകയാണ്. അമല്‍ ഉറങ്ങുന്നതേയില്ല .. രാത്രിത്തണുപ്പില്‍ സഹനത്തിന്റെ ശ്വാസോച്വാസങ്ങളില്‍ , നിശബ്ദതയുടെ വഴി മുറിച്ച് അമലിന്റെ കുഞ്ഞു ശബ്ദവും അമ്മയുടെ താരാട്ടും പ്രതീക്ഷയിലേക്കു കണ്‍തുറക്കാന്‍ സത്യാഗ്രഹം ചെയ്യുന്ന കേരളീയ സ്ത്രീ ഭൂപടത്തെ അഭിവാദനം ചെയ്തുകൊണ്ടിരുന്നു.
' മോനേ, സ്ക്കൂളീ പോകാതെ, കളിക്കേം, പടിക്കേം ഒന്നും ചെയ്യാതെ എന്തിനാ നീ ഈ വഴിയോരത്ത്, ചൂടില്‍, തണുപ്പില്‍, കൊതുകില്‍, പൊടിയില്‍ ഇങ്ങനെ ബഹളം വെക്കാന്‍ വന്നേ ?
അമ്മ പറഞ്ഞിട്ടാ ? അമ്മ കമ്യൂ ണിസ്റാല്ലേ ? '
പാതിരാവിലും അശേഷം ക്ഷീണമില്ലാതെ പ്രോംടിങ്ങ് ഒട്ടുമില്ലാതെ നിഷ്കളങ്കമായ് പുഞ്ചിരിച്ച് അമ്മയുടെ മടിയില്‍ നിന്നും കുഞ്ഞരിപ്പല്ലുകള്‍ കാട്ടി നിഷ്കളങ്കമായ് പുഞ്ചിരിച്ച് അമല്‍ പറഞ്ഞു തുടങ്ങി. ' മാമാ , സമരം ജയിച്ചാടനെ ഞങ്ങ നാട്ടീപ്പോകും. ജയിച്ചാലേ പോവൂ . അമ്മ കുടുംബശ്രീക്ക് പോണേനക്കൊണ്ട് , അനക്ക് ഉസ്ക്കൂളില്‍ നോട്ടൂ സ്തകം മേങ്ങാന്‍ പറ്റണത്. പിന്ന ഗോപാലേട്ടന്റെ പീട്യേന്ന് നാരങ്ങ മുട്ടായീം നേം സ്ളിപ്പും ഞങ്ങ മേണിക്കും. അച്ഛന് കണ്ടത്തിലാണ് പണി . അത് നട്ടത്തിലാണ് മാനന്മമാരെ. കുടുംബശ്രീ വന്നേപ്പിന്ന അമ്മക്ക് എപ്ളൂം പണീണ്ട് .. മാമനറീല്ലേ , തൊഴിലുറപ്പ് ..അതന്നെ. കുടുംബശ്രീ പൂട്ടാന്‍ പോണ മാമന്മാര്‍ക്ക് ങ്ങടെ വെഷമം അറീല്ല. ങ്ങക്ക് കുടുംബശ്രീ വേണം.. '
അമലിനോടും അമ്മയോടും ആദരവു തോന്നി; ആരാധനയും. റോള്‍ മോഡലുകള്‍ ഇങ്ങനെയാകണം . ഒരുവന്റെ ശബ്ദം അപരനു സംഗീതമാകാന്‍ സ്വയം മെഴുകുപോലുരൂകുന്നവര്‍ .. സമരകേന്ദ്രത്തിലെ അമലിന്റെ പ്രഭാതങ്ങളിലൂടെ നഗരത്തിലെ പഞ്ചനക്ഷത്ര വിദ്യാലയങ്ങളിലെ ടൈ കെട്ടിയ കുട്ടികള്‍ കടന്നു പോകും.. ചോക്ളേറ്റും ബോണ്‍വീറ്റയും കംബ്യൂട്ടര്‍ ഗെയ്മുകളും സമൃദ്ധമാക്കിയ അവരുടെ ആകാംക്ഷകളില്‍ അമലിന്റെ കരുവാളിച്ച മുഖം മിന്നിമറയും. ശീതീകരണിയുടെ ശക്തി കുറഞ്ഞതിനെക്കുറിച്ച് മമ്മിയോടു പരിഭവം പറയുബോള്‍ അമലും അവരുടെ വാര്‍ത്തമാനങ്ങളില്‍ ഉറപ്പായ് കടന്നു വരും. ' മമ്മീ .. മമ്മീ ഞങ്ങള്‍ ഇന്നൊരു 'ഡര്‍ട്ടീ ബോയിയെ കണ്ടു മമ്മീ. '. കൊച്ചമ്മമാരുടെ ശീട്ടുമേശകള്‍, പൊങ്ങച്ച സംവാദങ്ങള്‍, ഇടത്തരം / മേല്‍ത്തരം ഉദ്യാഗ വൃത്തങ്ങള്‍ , സ്ത്രീപക്ഷം, വാക്കിലും പ്രവര്‍ത്തിയിലും അഹോരാത്രം അനുശീലിക്കുന്നവര്‍ തുടങ്ങി എവിടെയും ഭരണകൂടത്തിനെതിരായ 'പ്രീതിമാരുടെ ധാര്‍ഷ്ട്യത്തെക്കുറിച്ചും ഒരുബെടലിനെക്കുറിച്ചും ബുദ്ധിഹീനത സംബന്ധിച്ചും ചര്‍ച്ചകളുണ്ടാകും . അവര്‍ ഉറക്കെച്ചിരിക്കുകയും പരാജയപ്പെടാന്‍ പോകുന്ന സമരത്തിന്റെ 'ഭാവിയെ' ചീയേഴ്സ് മുഴക്കുകയും ചെയ്യും.
ജനജീവിതം അശേഷം തടസപ്പെടാത്ത സഹന സമരത്തിന്റെ എട്ടു ദിനരാത്രങ്ങള്‍.. കൊച്ചു കേരളം ഇന്ത്യക്കും , ഇന്ത്യ ലോകത്തിനും സമ്മാനിച്ച താരതമ്യങ്ങളില്ലാത്ത ഉജ്വല സ്ത്രീ പക്ഷ സമര മാതൃകയെക്കുറിച്ച് തികഞ്ഞ ആവേശത്തോടെയാണ് സമര യോദ്ധാക്കള്‍ പ്രതികരിച്ചത്. കാസര്‍കോട്ടെ പള്ളിക്കര ഗ്രാമപഞ്ചായത്തംഗം ഗംഗ കെ ബംഗാടും രതി അമ്പനാടും ഒരേ സ്വരത്തില്‍ പറഞ്ഞത് തിരിച്ചറിവുകളെക്കുറിച്ചാണ്. ' ഞങ്ങള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വന്നത് കുടുംബശ്രീയിലൂടെയാണ്. ഇവിടെ ശെരിയായ അര്‍ത്ഥത്തില്‍ സ്ത്രീശാക്തീകരണം നടക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളുടെതായ പ്രശ്നങ്ങളുണ്ട്. ആഴ്ച്ച യോഗങ്ങളിലൂടെ ഞങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യുന്നു. പ്രശ്നങ്ങള്‍ കൂട്ടായി പരിഹരിക്കുന്നു. സംഘടിച്ചു കൃഷി ചെയ്യുന്നു. അതിലൂടെ ലഭ്യമാകുന്ന വരുമാനത്തിലൂടെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ സാധിച്ചു.
ജനശ്രീ ഒരു തട്ടിക്കൂട്ട് രാഷ്ട്രീയ സംഘടനയാണ്. ഈ സമരം ഞങ്ങള്‍ വിജയിപ്പിക്കുക തന്നെ ചെയ്യും ' . സമാനമായ അഭിപ്പ്രായമാണ് എറണാകുള ത്തെ മുന്‍ പഞ്ചായത്തംഗം ലളിതാ ശങ്കരക്കുറുപ്പും തൃശ്ശൂരിഹല മുന്‍ ജില്ലാ പഞ്ചായത്തംഗം ടി സി ഭാനുമതിയും , സമരവള ണ്ടി യര്‍ മ്മാര്‍ക്ക് ആവേശം പകര്‍ന്ന പടപ്പാട്ടുകളെഴുതിയ കണ്ണൂര്‍ തളിപ്പറമ്പ ബക്കളം സ്വദേശിനി ലതയും , സമരഭൂമിയെ പൂരപ്പാട്ടിലൂടെ സജീവമാക്കിയ ഏറ ണാകുളം തൃപ്പൂ ണിത്തുറ കണ്ണന്‍കുളങ്ങരയിലെ പ്രേമരാജേന്ദ്രനും, ഡി വൈ എഫ് ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം അമ്പിളിയും , മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറിമാരായ മഞ്ചുവും , ശകുന്തള കുമാരിയും , പ്രമീളയും , മലപ്പുറത്തെ നാണിയേട്ടത്തിയും , കോട്ടയത്തെ രമയും , കൃഷ്ണ കുമാരിയും , ഇടുക്കിയിലെ ഉഷയും ,ഷൈലജയും , പത്തനംതിട്ടയിലെ അമൃതം ഗോകുലനും , നിര്‍മ്മല ടീച്ചറും, കാസര്‍കോട്ടെ സുബൈദയുമെല്ലാം പങ്കുവെച്ചത്. സ്ത്രീകള്‍ സ്വയമേറ്റെടുത്ത സമരങ്ങളെക്കുറിച്ചും കുടുംബശ്രീ സമരത്തിന്റെ അനിവാര്യതയെക്കുറിച്ചും സന്ദര്‍ശകരോടും കടന്നുപോകുന്നവരോടും ഇടതടവില്ലാതെ പ്രചാരണം നടത്തുന്നവരില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം ജി മീനാബിക പ്രസിഡന്റ് എസ് പുഷ്പലത , കേരള സര്‍വ്വകലാശാലാ യൂണിയന്‍ മുന്‍ പെഴ്സന്‍ ടി ഗീനാ കുമാരി , വനിതാ സഹിതി സംസ്ഥാന സെക്രട്ട റി ഡോ പി എസ് ശ്രീകല , തിരുവനന്തപുരം നഗരസഭാ കൌെണ്‍സിലര്‍ എം എസ് സംഗീത, മുന്‍ എസ് എഫ് ഐ നേതാവ് ഒ എസ് നിഷ തുടങ്ങി നിരവധിയായ പോരാളികള്‍ പാതിരാത്രികളിലും സജീവം.
സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ബ്രിന്താ കാരാ ട്ട് , പ്രതിപക്ഷ നേതാവ് വി എസ അച്യുതാനന്ദന്‍ , പോളി റ്റ് ബ്യൂറോ അംഗങ്ങ ളാ യ കോടിയേരി ബാലകൃഷ്ണന്‍ , എസ രാമചന്ദ്രന്‍ പിള്ള , എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങി സി പി ഐ എമ്മിന്റെയും എല്‍ ഡി എഫി ന്റെയും പ്രമുഖ നേതാക്കളാണ് ധര്‍മ്മ സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയത് . സഹന സമരത്തിനു പരിപൂര്‍ണ്ണ പിന്തുണയുമായി കുടുംബശ്രീ സമരസഹായ സമിതി ചെയര്‍ പെഴ്സന്‍ പി കെ ശ്രീമതി ടീച്ചര്‍ ജനറല്‍ കണ്‍വീനര്‍ ഡോ ടി എന്‍ സീമ എം പി , ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ കെ ശൈലജ , സി പി ഐ എം കേന്ദ്രക്കമ്മിറ്റി അംഗം ഡോ ടി എം തോമസ് ഐസക്ക് , സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , മുന്‍ മന്ത്രി എം വിജയകുമാര്‍ , വി ശിവന്‍കുട്ടി എം എല്‍ എ, കെ കെ ലതിക എം എല്‍ എ , ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് , തുടങ്ങി പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ നിരവധിയായ നേതാക്കള്‍ രാപ്പകല്‍ സമരത്തിനു പിന്തുണയുമായി ആദ്യാന്തം സമരകെന്ദ്രത്തില്‍ നിലയുറപ്പിച്ചു .
ജനാധിപത്യ മഹിളാ അസോസിയേഷന്‍ , ഡി വൈ എഫ് ഐ , എസ എഫ് ഐ , സി ഐ ടി യു, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങി പുരോഗമന പക്ഷത്തു ശക്തമായി നിലയുറപ്പിക്കുന്ന നിരവധി സംഘടനകള്‍ സ്ത്രീകളുടെ പോരാട്ടത്തിന് ശക്തിയും ശബ്ദവും നല്‍കി. സി ദിവാകരന്‍ എം എല്‍ എ ചെയര്‍മാന്‍ , സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ വൈസ് ചെയര്മാന്‍ വി ശിവന്‍കുട്ടി എം എല്‍ എ ജനറല്‍ കണ്‍വീനറുമായ സമരസഹായ സമിതിയാണ് കുടുംബശ്രീ രാപ്പകല്‍ സമരത്തിന് നേതൃത്വം നല്‍കിയത്. അനിശ്ചിതകാല സമരം ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരവധിയായ ഉത്തരവാദിത്വങ്ങളാണ് സഹായസമിതികക്കു മുന്‍പിലുണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗത്തു നിന്നും എത്തിച്ചേര്‍ന്ന സ്ത്രീകള്‍ക്ക് സുരക്ഷ, ഭക്ഷണം , പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൌകര്യം സമരപ്പന്തല്‍ ക്രമീകരണം കുടിവെള്ളം തുടങ്ങി വിവിധ ക്രമീകരണങ്ങള്‍ ഒരുപരാതിക്കും ഇടയില്ലാതെ നടപ്പിലാക്കി മാതൃകാപരമായ പ്രവര്ത്തനങ്ങളാണ് കാഴ്ച്ച വെച്ചത് . ഭരണ സിരാകേന്ദ്രത്തിനു മുന്നില്‍ ഗതാഗതതടസമുണ്ടാകാതിരിക്കാനു ള്ള ഏര്‍പ്പാടുകള്‍ നടപ്പിലാക്കപ്പെട്ടു.
മഹിളാ യുവജന വിദ്യാര്‍ഥി ട്രേഡ് യൂണിയന്‍ സംഘടനകള്‍ സഹായസമിതിക്കു കരുത്തായി. ഒരുനേരം രണ്ടായിരത്തി അഞ്ഞൂറ് പേര്‍ക്കാണ് ഭക്ഷണം ഒരുക്കിയിരുന്നത്. സദാസമയം കുടിവെള്ളം ഉറപ്പാക്കാന്‍ സി ഐ ടി യു പ്രവര്‍ത്തകര്‍ സജീവമായി രംഗത്തെത്തി. സമരവളണ്ടിയര്‍മ്മാര്‍ക്ക് വൈദ്യസഹായം , സുരക്ഷ തുടങ്ങിയവക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നതും സവിശേഷതയായി. വിവിധ സര്‍വ്വീസ് സംഘട നകളാ ണ് ഭക്ഷണത്തിനടക്കമു ള്ള സാമ്പത്തിക പിന്തുണ ഒരുക്കിയത്. സമരവളണ്ടിയര്‍മ്മാര്‍ക്ക് ഇരിക്കുന്നതിനും കിടക്കുന്നതിനുമുള്ള സൌകര്യങ്ങള്‍ ഒരുക്കിയത് സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കരമന ഹരിയുടെ നേതൃത്വത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ രണ്ടായിരത്തിഅഞ്ഞൂറോളം പേര്‍ക്ക് രുചികരമായ ഭക്ഷമാണ് ഫുഡ് കമ്മ റ്റി യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയത്.
സമരസഹായസമിതിയുടെ ആഭിമുഖ്യത്തില്‍ സി പി ഐ എം പാളയം എരിയാക്കമ്മി റ്റി അംഗം വഞ്ചിയൂര്‍ പി ബാബുവിന്റെ നേതൃത്വത്തിലാണ് ഫുഡ് കമ്മിറ്റി പ്രവര്‍ത്തിച്ചത്. സി പി ഐ എം ജനറല്‍ ഹോസ്പ്പിറ്റ ല്‍ ലോക്കല്‍ ക്കമ്മി റ്റി സെക്രട്ടറി എസ് പ്രേമനും സി പി ഐ എം പ്രവര്‍ത്തകരും ഫുഡ് കമ്മിറ്റി യെ സഹായിച്ചു. സംസ്ഥാനം കണ്ട ഏറ്റവും സമുജ്വലമായ സമരത്തിന് പരിപൂര്‍ണ്ണപിന്തുണയൊരുക്കുന്നതിലൂടെ തിരുവനന്തപുരം ജില്ലയിലെ സി പി ഐ എം, സംഘടനാ പ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകയായി സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു .
ഭരണകൂടം കീഴടങ്ങുബോള്‍
ആത്മ സമനയത്തിന്‍റെയും കാത്തിരിപ്പിന്‍റെയും കനലില്‍ വെന്ത ഏഴു രാവുകള്‍ ; എട്ടുപകലുകള്‍ .... പോരാട്ടവീറിനെ അവഗണിച്ചു തമസ്ക്കരിക്കാമെന്ന സാമ്രാജ്യത്വ തന്ത്രം വിലപ്പോകില്ലെന്നു ബോധ്യമായതിനാലാകണം, യൂ ഡി എഫ് ഒത്തുതീര്‍പ്പിനു സന്നദ്ധമായിരിക്കുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് . സെക്രട്ടറിയറ്റു പരിസരം സംസ്ഥാനത്തിന്റെ സ്ത്രീസമര കേന്ദ്രമാകുകയാണ് . മന്ത്രിമാരായ എം കെ മുനീര്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എല്‍ ഡി എഫ് നേതാക്കള്‍ പോരാളികള്‍ക്കിടയിലേക്ക് കടന്നു വന്നുകഴിഞ്ഞു. കുടുംബശ്രീ സംരക്ഷണ വേദി ഉന്നയിച്ച പത്തിന ആവശ്യങ്ങള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുന്നു. ഇത്യപരന്തം നടന്ന സ്ത്രീസമരങ്ങ ളുടെ പോരാട്ട ചരിത്രത്തിലെ ഏറ്റവും സമുജ്വലമായോരേട് ... ഒത്തുതീര്‍പ്പുകരാര്‍ പ്രകാരം കുടുംബശ്രീക്ക് കൂടുതല്‍ ഫണ്ടനുവദിക്കും . കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നാല് ശതമാനം പലിശയില്‍ വായ്പ അനുവദിക്കുന്നതിനും കുടുംബശ്രീയിലും ജനശ്രീയിലും ഒന്നിച്ച് അംഗത്വമെടുക്കുന്നവര്‍ രണ്ടിടത്തു നിന്നും വായ്പയെടുക്കുന്നതും കടക്കെണിയില്‍പ്പെടുന്നതും തടയുന്നതിനായി സൂപ്പര്‍ ചെക്കിങ്ങ് നടത്തും.
കുടുംബശ്രീ അംഗങ്ങളെ ജനശ്രീയില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തും. ഗ്രാമീണ ഉപജീവനമിഷന്‍ വഴിയുള്ള 1160 കോടി രൂപയുടെ പദ്ധതികള്‍ കുടുംബശ്രീ വഴിതന്നെ നടപ്പാക്കും.തൊഴിലുറപ്പ് പദ്ധതി മേറ്റുമാരെ തെരഞ്ഞെടുക്കുന്നത് മുമ്പുള്ളതുപോലെ എഡിഎസ് വഴിയാക്കും. ഭവനശ്രീ വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളും. കുടുംബശ്രീക്ക് വകയിരുത്തിയിരുന്ന 100 കോടി രൂപയില്‍ ശിഷ്ടമുള്ള 50 കോടി രൂപ ഉടന്‍ അനുവദിക്കും.ആര്‍കെവിവൈ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഔദ്യാഗിക ഏജന്‍സികളും വഴിതന്നെ ചെലവഴിക്കും.
നൃത്തം ചെയ്യും നഗരം
ഇപ്പോള്‍ കേള്‍ക്കുന്ന കാതടിപ്പിക്കും ശബ്ദം ആഹ്ളാദത്തിന്‍റെതാണ് ..അവര്‍ കൈകള്‍ കോര്‍ത്ത് നൃത്തം ചവിട്ടുകയും ഉറക്കെപ്പാടുകയും ചെയ്യുന്നു. സ്ത്രീകള്‍ സ്വതന്ത്രമായി സമരങ്ങള്‍ ഏറ്റെ ടു ക്കുകയും തികഞ്ഞ അച്ച ട ക്കത്തോടെ യും ഏ കോപനത്തോടെയും അതുനടപ്പിലാക്കുക്കുകയും ചെയ്തിരിക്കുന്നു. ധീരസമരം ചരിത്രത്തിന്റെ ഭാഗമാക്കിയ മുഴുവന്‍ പടയാളികളേയും അഭിവാദനം ചെയ്ത് കുടുംബശ്രീ സംരക്ഷനവേദി സംരക്ഷനവേദി ചെയര്‍പേഴ്സന്‍ പി കെ ശ്രീമതി ടീച്ചറും കണ്‍ വീനര്‍ ഡോ ടി എന്‍ സീമ ടീച്ചര്‍ എം പിയും സംസാരിക്കുകയാണ്. കുടുംബശ്രീ പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയമാക്കേണ്ടതിനെക്കുറിച്ച്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ സാമ്പത്തികനയങ്ങള്‍ക്കതിരെ ഏറ്റെടുക്കേണ്ട പോരാട്ടങ്ങളെക്കുറിച്ച് ... സമരം താല്‍ക്കാലികമായി അവസാനിച്ചുവെന്ന സീമ ടീച്ചറുടെ പ്രഖ്യാപനമവസാനിച്ചിട്ടും , സമരയോദ്ധാക്കള്‍ പിരിഞ്ഞു പോകുന്നതേയില്ല. അവരുടെ സിരകളില്‍ വിപ്ളവം സംഗീതം മുഴക്കിക്കൊണ്ടിരിക്കുന്നു. സ്നേഹാലിംഗനങ്ങളുടെ ഊഷ്മളതയില്‍ ലക്ഷ്മിയേ ട്ട ത്തിമാര്‍ മടങ്ങുകയാണ് . അനീതിക്കെതിരായ സഹനസമരത്തിന്റെ ചരിത്രത്തിലിടം നേടി. മുന്നോട്ട് .
പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല..
Stills:
Ratheesh Rohini
Ratheesh Sundaram
Joji Aji Alphonse