രക്തസാക്ഷിത്വം വിപ്ലവ വഴികളിലെ സമാനതകളില്ലാത്ത അധ്യായമാണ് . തുല്യതക്കും നീതിക്കുമായുള്ള പ്രസ്തുത സഹന സമര വഴിയില്‍ നാമേറെ മുന്നിട്ടിരിക്കുന്നു . രക്തസാക്ഷികള്‍ .. കനല് വഴികളില്‍ മുന്‍പേ നന്നവര്‍ .. വര്‍ഗ്ഗ സമരത്തിന്റെ തീച്ചൂളകളില്‍ സ്വയമേ ഉരുകി വെളിച്ചമായവര്‍ .. അനശ്വരര്‍ .. അമരന്മാര് ..ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥികളുടെ സമര സംഘടന എസ് എഫ് ഐ ക്ക് വര്‍ഗ്ഗീയതക്കും സാമ്രാജ്യത്വത്തിനുമെതിരായ ഇതിഹാസതുല്യ പോരാട്ടത്തില്‍ നഷ്ടമായത് അനവധിയായ സഖാക്കളെയാണ് . സ. ദേവപാലന് മുതല്‍ പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഴിമതി ഹിറ്റ്ലറിയന്‍ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മമതയുടെ പോലീസ് അതിക്രൂരമായി ആരുംകൊല ചെയ്ത സാഖാവ് സുദീപ്താ ഗുപ്ത വരെ .
ജനുവരി 5 : 7 , 2013
തിരുവനന്തപുരത്ത് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രൊഫഷണല്‍ വിദ്യാര്‍ഥി കണ്വെന്ഷന് തീരുമാനിച്ചിരിക്കുന്നു. ജില്ലയിലെ സംഘടന എണ്ണയിട്ട യന്ത്രം പോലെ ദിവസങ്ങള്‍ക്കു മുന്‍പേ സംഘാടനവുമായി ബന്ധപ്പെട്ട പിന്നൊരുക്കങ്ങള്‍ ആരംഭിച്ചു . എല്ലാവരും വലിയ ആവേശത്തിലാണ് . ദേശീയ തലത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ സംഘടനാപരമായ ഇടപെടലുകള്‍ ശക്തമാകുന്നതിനോടൊപ്പം ശെരിയും ശാസ്ത്രീയവുമായ പോരാട്ടങ്ങള്‍ക്കും ഉന്നതവിദ്യാഭ്യാസ മേഖലയിലെ വലതുപക്ഷവല്‍ക്കരണത്തിനെതിരായ ആലോചനകള്‍ക്കും അത് വേദിയാകും . ഒപ്പം ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത വിവിധ സംസ്ഥാനങ്ങളിലെ ഒരുപാടു സമര സഖാക്കളെ പരിചയപ്പെടുകയും അറിവുകള്‍ പങ്കു വെക്കുകയും ആകാം .
തലേ ദിവസം രാവിലെ മുതല്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഖാക്കള്‍ എത്തിക്കഴിഞ്ഞു. ഹിമാചലില്‍ നിന്നും സഖാവ് വിക്രംസംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യമെത്തിയത് . വൈകുന്നേരത്തോടെ വിവിധ സംസഥാനങ്ങളില്‍ നിന്നുള്ള സഖാക്കളും ബംഗാളിലെ സഖാക്കളും എത്തിക്കഴിഞ്ഞു . അക്കൂട്ടത്തിലെ ഒരു കുഞ്ഞു സഖാവ് കാഴ്ച്ചയില്‍ തന്നെ കൌതുകമുണര്‍ത്തിയിരുന്നു . അവനൊരു പ്ലസ് റ്റൂക്കാരനെ അനുസ്മരിപ്പിച്ചു . ജിജ്ഞാസക്കറുതിയായി . ബിരുദാന്തര ബിരുദ വിദ്യാര്‍ഥിയായ ആ സഖാവ് നമ്മുടെ ബംഗാള്‍ ഘടകത്തെ പ്രതിനിധീകരിക്കുന്ന സംസ്ഥാന സമിതി അംഗമാണ് ; പേര് സുദീപ്താ ഗുപ്ത. കണ്വെന്ഷനോടനുബന്ധിച്ചൊരുക്കിയ വിവിധ പ്രദര്‍ശനങ്ങള്‍ പ്രതിനിധി സഖാക്കളില്‍ ആവേശം നിറച്ചു കൊണ്ടിരുന്നു. സംഭാഷണങ്ങളിലെ തികഞ്ഞ നിഷ്കളങ്കതയിലൂടെ കുഞ്ഞു സൂദീപ്ത ഞങ്ങളെല്ലാവരുമായി വേഗം അടുത്തു . കണ്വെന്ഷന് ആരംഭിക്കുകയാണ് . ഉദ്ഘാടന സെഷനും വിവിധ ക്ലാസുകളും പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ സഖാക്കള്‍ കലാ സാംസ്ക്കാരിക പരിപാടികള്‍ അവതരിപ്പിക്കുകയാണ് . സുദീപ്തയുടെ ഊഴമെത്തിക്കഴിഞ്ഞു . ദുര്‍ബലമെന്നു തോന്നുമെങ്കിലും അവന്റെ കുഞ്ഞു കണ്ടനാളത്തില്‍ നിന്നും ബംഗാളിഗീതങ്ങളൊഴുകാന് തുടങ്ങി. മാറ്റത്തിന്റെ ഉണര്‍ത്തു പാട്ടുകളായി അതു പുരോഗമിച്ചു . അതില്‍ വിപ്ലവവും പ്രണയവുമുണ്ടായിരുന്നു ; സ്വപ്നങ്ങളും തീയാളും ചിന്തകളുമുണ്ടായിരുന്നു . സംവേദനത്വത്തിന് ചില വേളകളില്‍ ഭാഷ പോലും തടസമാകാതിരിക്കുന്നത് ഇങ്ങനെയെല്ലാമാകണം . മമത സര്‍ക്കാരിന്റെ കൊടിയ പീഡനങ്ങളേയും വിദ്യാഭ്യാസ അവകാശ നിഷേധങ്ങളേയും സംബന്ധിച്ചെല്ലാം സുദീപ്ത ദീര്‍ഘമായി സംസാരിച്ചു . ഇടയ്ക്കിടെ പ്രതിനിധികളെയാകെ ആവേശം കൊള്ളിച്ച് മുദ്രാവാക്യം മുഴക്കി .. സഖാവ് സുദീപ്ത ചുരുങ്ങിയ സമയം കൊണ്ട് എല്ലാ സഖാക്കളുടേയും പ്രിയങ്കരനാകുകയായിരുന്നു . എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് സിബിയടക്കമുള്ള സഖാക്കള്‍ സുദീപ്തയുടെ ഉറ്റകൂട്ടുകാരായി .
ജില്ല ജോയിന്റ് സെക്രട്ടറി ഹരിലാല്‍ രാജനും, നേമം കമ്മിറ്റിയിലെ അബ്ദുവിനോടുമൊപ്പമാണ് സുദീപ്തയും കൂട്ടരും കോവളം കാണാന്‍ പോയത് . കടലിന്റെ വൈവിദ്യങ്ങളെ സുദീപ്ത ഒരുപാടിഷ്ടപ്പെട്ടിരുന്നുവത്രേ . പൊതുപ്രകടനദിവസമാണ് സുദീപ്തയെ വീണ്ടും കണ്ടത് . സഖാവിന്റെ മുദ്രാവാക്യം ഉയര്‍ന്നു കേള്‍ക്കുന്നു .. അപ് അപ് സോഷ്യലിസം, ഡൌണ്‍ ഡൌണ്‍ ക്യപിറ്റലിസം . പ്രകടനം അവസാനിച്ചിരിക്കുന്നു . ഞാന്‍ പതാകകള്‍ അടുക്കി വെക്കുന്ന തിരക്കിലായിരുന്നു . ചുമലില്‍ ആരോ കയ്യമര്ത്തുന്നു .അത് പ്രിയ സുദീപ്തയായിരുന്നു . സഖാവേ ഒരു പതാക തരാമോ . രക്തനക്ഷത്രം തുള്ളിക്കളിക്കുന്ന ശുഭ്രപതാക അവന്റെ കൈവെള്ളയില്‍ മടക്കിയേല്‍പ്പിച്ചു .നിമിഷനേരത്തിനകം അവനെനിക്കൊരു തൂവെള്ളക്കൊടി തന്നു . ഒപ്പം പറഞ്ഞു വെച്ചു . ഇതു ഞാന്‍ ഭദ്രമായ് സൂക്ഷിക്കും . ഞങ്ങളുടെ ഓര്‍മ്മക്കായ് നീയും ഇതു സൂക്ഷിക്കണം. കണ്വെന് കഴിഞ്ഞ് മാസങ്ങളായിരിന്നെങ്കിലും സുദീപ്ത കേരളത്തിലെ സഖാക്കളുമായുള്ള നിരന്തര സൗഹൃദം നിലനിര്‍ത്തിയിരുന്നു .
ഏപ്രില്‍ 3 : 2013
ബംഗാളിലെ എസ് എഫ് ഐ ഘടകം മമത സര്‍ക്കാരിന്റെ ഹിറ്റ്ലറിയന്‍ നയങ്ങള്‍ക്കെതിരായി തീഷ്ണമായ സമരത്തിലാണ് . കലാലയ യൂണിയന് തിരഞ്ഞെടുപ്പുകള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി നിരോധിച്ചിരിക്കുന്നു . എസ് എഫ് ഐയ്യുടെ ക്യാംപസ്സുകളിലെ അജയ്യമായ ശക്തിയേയും ഉറപ്പുള്ള വിജയത്തേയും കേരളത്തിലേതെന്നപോലെ ഭരണകൂടം ഭയക്കുകയാണ് . മെല്ലെ മെല്ലെ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം മരവിപ്പിക്കുക എന്നതാണ് മമതയുടെ അജണ്ട . മമതയുടെ ജനാധിപത്യക്കശാപ്പിനെതിരെ മുന്‍കൂര്‍ അനുമതി നേടി നടത്തുന്ന പ്രകടനം കല്ക്കത്തിയന് തെരുവുകളെ പ്രകമ്പനം കൊള്ളിച്ച് മുന്നോട്ടു നീങ്ങുകയാണ് . വിവിധ കൈവഴികളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പൊതു പ്രകടനത്തോടണി ചേര്‍ന്നു തുടങ്ങി . പ്രകോപനങ്ങളൊന്നുമില്ലാതെ മമതയുടെ പോലീസ് പ്രകടനത്തെ കടന്നാക്ക്രമിക്കാന് തുടങ്ങി . ദേശീയ മാധ്യമങ്ങളടക്കം വിവരങ്ങള്‍ അവതരിപ്പിച്ചു തുടങ്ങി . മിന്നിമായുന്ന ഫ്ലാഷ് ന്യൂസുകളില്‍ പോലീസ് കസ്റ്റടിയില്‍ ഒരു സഖാവ് ആരുംകൊലചെയ്യപ്പെട്ടതായി അറിയുന്നു . പ്രിയ സുദീപ്താ അതു നീയായിരുന്നോ.കാക്കിയുടെ കയ്യൂക്കില്‍ വേദനിച്ചു പിടയുബോള്‍ ഒപ്പമുണ്ടായിരിക്കാന്‍ ഞങ്ങൾക്കായില്ല . പക്ഷേ പ്രിയ സുദീപ്താ നീയുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ നടപ്പിലാക്കാന്‍ ധീരനായ ആ അച്ഛന്റെ ഒരായിരം പുത്രന്മാരായി ഞങ്ങളുണ്ടാകും . നെഞ്ചിനവസാന മിടിപ്പുളവോളം.