Mukesh Kumar

ഒരു പോസ്റ്റ് കൈവിട്ടു പോയ കഥ

2020 ഏപ്രില്‍  രാവിലെ പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന കണ്ടതിനു ശേഷം നിരാശ തോന്നി. സ്ഥിരം റെട്ടറിക്കിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടാവുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിച്ചു. അടുത്ത ഘട്ട കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ചോ ദിവസ വേതനക്കാര്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനെക്കുറിച്ചോ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയത് നമ്മുടെ തെറ്റ്. അഞ്ചാം തീയതി രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് നേരം ലൈറ്റെല്ലാം കെടുത്തി വീട്ടു പടിക്കലോ ബാല്‍ക്കണിയിലോ നിന്ന് വിളക്ക് കത്തിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം എന്ന് മാത്രം പറഞ്ഞ് പ്രധാനമന്ത്രി സന്ദേശം അവസാനിപ്പിച്ചു. പക്ഷേ ഒമ്പത് മിനിറ്റ് ലൈറ്റണച്ച് വിളക്ക് കത്തിക്കാനുള്ള ആഹ്വാനം സംഘ് പരിവാര്‍ ആത്മാര്‍ത്ഥതയോടെ ഏറ്റെടുക്കുമെന്നും അതിന് പിന്നിലെ ‘ശാസ്ത്ര’ത്തെക്കുറിച്ച് വ്യാഖ്യാനങ്ങള്‍ വരുമെന്നും ഉറപ്പായിരുന്നു. അങ്ങനെയാണ് അവരുടെ പ്രചാരണ രീതിയെ സ്പൂഫ് ചെയ്ത് ഒരു പോസ്റ്റിടാം എന്ന് കരുതിയത്.


D6w_XYVVsAAE7P9


വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ ദിവസേന ഇത്തരം സന്ദേശങ്ങള്‍ കാണുന്നത് കൊണ്ട് അവയുടെ പൊതുവായ കണ്‍സ്ട്രക്ഷനെക്കുറിച്ചൊരു ധാരണയുണ്ടായിരുന്നു. ആദ്യം അഞ്ചാം തീയതിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന് കലണ്ടറില്‍ നോക്കി. അഞ്ചാം തീയതി ദ്വാദശി, ആറാം തീയതി ത്രയോദശി. അതില്‍ നിന്നു തന്നെ തുടങ്ങിക്കളയാം എന്നു കരുതി. ‘മീനമാസത്തിലെ ദ്വാദശിയില്‍ നിന്ന്’ എന്നെഴുതിത്തുടങ്ങാം എന്ന് കരുതിയപ്പോഴാണ് ഇത് ദേശീയ സംഭവമാണല്ലോ എന്നോര്‍ത്തത്. അപ്പോള്‍ മീന മാസം വെട്ടി നാഷണല്‍ കലണ്ടറിലെ ചൈത്രമാസമാക്കി. അഞ്ചാം തീയതി ആറാട്ടുപുഴ പൂരമാണെന്ന് കണ്ടതോടെ അതും എടുത്ത് ചേര്‍ത്തു. ആറാട്ടുപുഴ പൂരത്തെ ദേവസംഗമം എന്നാണ് ഇവിടെ തൃശ്ശൂരില്‍ പൊതുവേ പറയാറ്. ആ വിശേഷണവും ഉപയോഗിച്ചു.


ആധികാരികത തോന്നിക്കാന്‍ ഒരു സംസ്കൃത ശ്ലോകം കൂടി ചേര്‍ക്കാം എന്ന് കരുതി. ‘നമോ നമഃ’ എന്നവസാനിക്കുന്ന ശ്ലോകമാണെങ്കില്‍ സന്ദര്‍ഭത്തിന് യോജിച്ചതും കൂടിയാകും. അപ്പോഴാണ് ആദിത്യ ഹൃദയത്തില്‍ അങ്ങനെ ഉണ്ടെന്ന ഒാര്‍മ്മ വന്നത്… ഇന്റര്‍നെറ്റില്‍ നിന്ന് ആദിത്യ ഹൃദയം തപ്പിയെടുത്തു. അതില്‍ ‘നമോ നമഃ’ എന്ന് കണ്ടതോടെ അത് തന്നെ മതിയെന്ന് ഉറപ്പിച്ചു. ആദ്യ മൂന്നു വരി പൊക്കി. ഇതില്‍ ഏറ്റവും രസകരമായ കാര്യം ആദിത്യ ഹൃദയ മന്ത്രം സൂര്യപ്രീതിക്ക് വേണ്ടി ഉരുവിടുന്നതാണ്. സന്ധ്യക്ക് ശേഷം അത് പറയാറില്ല.


Mukesh Kumar


ഇനിയാണ് മെയിന്‍ ഐറ്റം. വിളക്ക് കത്തിക്കുന്നതിനെ ശാസ്ത്രവുമായി ബന്ധിപ്പിക്കണമല്ലോ! The science behind lighting the lamp എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്ത് സെര്‍ച്ച് കൊടുത്തു. അധികം പരതാനെന്നും മെനക്കെടാതെ ആദ്യത്തെ സെര്‍ച്ച് റിസള്‍ട്ടില്‍ തന്നെ ക്ലിക്ക് ചെയ്തു. ഇംഗ്ലീഷിലുള്ള ആ ലേഖനത്തിലെ ഒരു ഭാഗത്തില്‍ കണ്ണുടക്കി. “Due to the movement of the Raja particles emitted by the flame of a lamp, the nirgun (Non-materialised) kriya lahiri (waves of action) of God from the Universe get converted into Sagun raja predominant kriya lahiri and the strength of kriya shakti of God helps in the formation of a protective sheath of these kriya lahiri in the environment around us. Thus, by lighting a lamp, in a way we purify the premises”


ഐവാ! ഇത് തന്നെ ധാരാളം! അതില്‍ പ്രസക്തമല്ലാത്ത ഭാഗം ഒഴിവാക്കി ബാക്കി മലയാളീകരിച്ച് മേമ്പൊടിക്ക് ‘അന്തരീക്ഷത്തെ അണുവിമുക്തമാക്കുന്ന’ കാര്യം കൂടി ചേര്‍ത്തു. പിന്നെ ഒമ്പത് മിനിറ്റിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാന്‍ ‘ആദ്യത്തെ ഒമ്പത് മിനിറ്റാണ് രജോകണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്’ എന്നൊരു ഗുണ്ടിട്ടു. ഇത്രയും മാത്രമേ ഞാന്‍ ചെയ്തുള്ളൂ..വേറൊന്നും ചെയ്തില്ല. അതിനാണ് ഇവന്‍മാര്…!!!


download


രാവിലെ 10:26-ന് ആ പോസ്റ്റിട്ട ശേഷം അധിക നേരം ഫേസ്ബുക്കില്‍ സമയം ചിലവഴിച്ചില്ല. ഇന്നലെ നേരത്തെ കിടന്നുറങ്ങുകയും ചെയ്തു. ഇന്ന് രാവിലെ എഫ്ബി ലോഗിന്‍ ചെയ്തപ്പോഴാണ് സുഹൃത്തുക്കളുടെ പോസ്റ്റുകളില്‍ നിന്നും മെസ്സേജുകളില്‍ നിന്നും സംഭവം കൈവിട്ടു പോയെന്ന് മനസ്സിലാക്കിയത്. വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിലെ കേശവന്‍ മാമന്‍മാര്‍ അത് ആധികാരിക രേഖയായി ഏറ്റെടുത്തുവെന്നും ഫാമിലി, കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലൊക്കെ അറഞ്ചം പുറഞ്ചം ഷെയര്‍ ചെയ്യപ്പെടുന്നുവെന്നും അറിഞ്ഞു. പൊന്നുംകുടത്തിന് പൊട്ടെന്ന പോലെ ആ പോസ്റ്റ് അതേ പടി കോപ്പി ചെയ്ത് ജനം ടി വി മേധാവി അനില്‍ നമ്പ്യാര്‍ തന്റെ ടൈംലൈനില്‍ ഇട്ടുവെന്ന് കേട്ടപ്പോള്‍ ചിരിച്ച് കണ്ണീര് വന്നു. ട്രോളുകള്‍ തുടങ്ങിയപ്പോള്‍ പുള്ളി അത് ഡിലീറ്റ് ചെയ്തു. പക്ഷേ പേജില്‍ എഡിറ്റഡ് വെര്‍ഷന്‍ ഇപ്പോഴുമുണ്ട്.


ഏതോ ഒരു നല്ല നിമിഷത്തില്‍ ആ പോസ്റ്റിന് ആമുഖമായി രണ്ട് വരി കൂടി കുറിക്കാന്‍ തോന്നി. അല്ലായിരുന്നെങ്കില്‍ സുഹൃത്തുക്കള്‍ മാത്രമേ മനസ്സിലാക്കുമായിരുന്നുള്ളൂ അതൊരു ട്രോള്‍ പോസ്റ്റാണെന്ന്. ബാക്കിയെല്ലാവരും കൂടി എനിക്ക് ഔദ്യോഗിക സംഘി പട്ടവും തെക്കേടത്തമ്മ പുരസ്കാരവും ഒരുമിച്ച് നല്കിയേനേ! ജസ്റ്റ് മിസ്സ്!!!


92165101_10159115409632502_6511632932879204352_o


ഒരര്‍ത്ഥത്തില്‍ സംഘ് പരിവാര്‍ ഐ ടി സെല്ലും ബൌദ്ധിക കേന്ദ്രങ്ങളും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ട ഒരു അനുഭവമായി ഇത്. എന്തും ഫോര്‍വേഡ് ചെയ്യാന്‍ തയ്യാറായി ഒരു അണി കൂടെയുള്ളപ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും. ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണല്‍സ് വരെ വിവേചനബുദ്ധിയില്ലാതെ ആ മെസ്സേജ് ഷെയര്‍ ചെയ്തിട്ടുണ്ട് എന്ന് കാണുമ്പോള്‍ ‘ലൈറ്റ് & സൗണ്ട് ഷോ’കള്‍ ഇനിയും ഉണ്ടാവും എന്നുറപ്പിക്കാം. അയ്യപ്പന്‍ നായര്‍ കോശിയോട് പറഞ്ഞതേ എനിക്കും പറയാനുള്ളൂ…”നിങ്ങള്‍ പരിവാറുകാര്‍ പാരമ്പര്യമായി പൊട്ടന്‍മാരാ…അല്ലേ?”