B L Bijulal

അച്ഛന്‍ എന്നെ വൃത്തിയാക്കുകയായിരുന്നു .. അപ്പോഴാണ് റേഡിയോയില്‍ ഫാദേഴ്സ് ഡേ എന്നു കേട്ടത്

എപ്പോഴും എല്ലാം വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം..
അച്ചടക്കമെന്നാല്‍ പട്ടാളച്ചിട്ട..
എപ്പോഴും പഠിത്തം പഠിത്തം..
ദേഹത്ത് ഒരു ചെറിയ മുറിവ് പറ്റിയാല്‍പ്പോലും അടി ഉറപ്പ്..


തീരെ ചെറുതിലേ അമ്മയേയും അച്ഛനേയും നഷ്ടപ്പെട്ട് ബന്ധുക്കളുടെയൊക്കെ സഹായത്താല്‍ വളര്‍ന്ന അച്ഛന്‍ എന്നോടും അനിയത്തിയോടും ഇങ്ങനെയൊക്കെയായിരുന്നു. ഒരുപക്ഷേ അരക്ഷിതമായ ഒരു ബാല്യമേല്‍പ്പിച്ച അനുഭവങ്ങളില്‍ കുരുത്ത കരുതല്‍ക്കൂടുതലായിരിക്കാം.


a


അച്ഛന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ത്തന്നെയായിരുന്നു പ്രൈമറി വിദ്യാഭ്യാസം. ദിവസവും അങ്ങോട്ടുമിങ്ങോട്ടുമായി 4 കിലോമീറ്റര്‍ അച്ഛനോടൊപ്പം നടന്നാണ് സ്കൂളില്‍പ്പോക്ക്. പോകുന്ന വഴിയില്‍ പല വീടുകള്‍ക്കും അടുത്തെത്തുമ്പോള്‍ കുട്ടി ഭീകരന്മാര്‍ വീടിനുള്ളിലൊളിച്ച് ജനാലയിലൂടെയൊക്കെ ഒളിഞ്ഞുനോക്കുന്നത് കാണാം..


പലപ്പോഴായി രുചിക്കേണ്ടി വന്നിട്ടുള്ള സാറിന്റെ ഇടംകൈയുടെ ചൂടിന്റെ ഓര്‍മ്മയുള്ള ഒളിച്ചോട്ടങ്ങളും ഒളിഞ്ഞുനോട്ടങ്ങളുമായിരുന്നു അതെന്ന് കുറെക്കാലം കൂടി കഴിഞ്ഞിട്ടാണ് തിരിച്ചറിവുണ്ടാകുന്നത്. ശരിക്കും പൂര്‍ണ സമയവും അച്ഛന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ശുശ്രൂഷയിലുമുള്ള ആ കാലഘട്ടം പ്രൈമറി ക്ലാസ്സോടെ അവസാനിച്ചു.


b


പിന്നെ വേറെ സ്കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റല്‍ താമസം അങ്ങനെ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി കൂടിവന്നു. പക്ഷേ MSc ക്ക് കാര്‍ഷിക കോളേജില്‍ പഠിക്കുമ്പോള്‍ പോലും മുന്‍കൂട്ടി പറയാതെയെല്ലാം അച്ഛന്‍ ഹോസ്റ്റലില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് മകന്‍ അബദ്ധത്തിലൊന്നും ചീത്ത കൂട്ടുകെട്ടിലോ ദു:ശ്ശീലങ്ങളില്‍ പെട്ടിട്ടില്ല എന്നുറപ്പു വരുത്താനായിരുന്നു. ഫോണൊന്നുമില്ലാത്ത അക്കാലത്ത് ഇടക്ക് നിര്‍ബന്ധിച്ചാലും കത്തയക്കാന്‍ മടി കാണിച്ചിരുന്ന എനിക്ക് ഷോക്ക് ട്രീറ്റ്മെന്റ് തരാന്‍ അച്ഛന്‍ വന്നിരുന്നത് മേല്‍വിലാസവും ഉള്ളടക്കവും ഒക്കെ അച്ഛന്‍ തന്നെയെഴുതി മടക്കി പശയൊട്ടിച്ച ഇന്‍ലന്റുകളുമായിട്ടായിരുന്നു..
ആഴ്ചയിലൊരിക്കല്‍ പോസ്റ്റ് ബോക്സില്‍ അത് കൊണ്ടിടാന്‍ എന്നെ ഓര്‍മ്മിപ്പിക്കണമെന്ന് റൂംമേറ്റിനോട് ഒരു അഭ്യര്‍ത്ഥനയും..


പഠനം തീര്‍ന്നയുടനെ ജോലിയായി ദൂരേക്ക്..
പിന്നെ വിവാഹം..
നഗരത്തിലേക്ക് പറിച്ചുനടല്‍..
ജോലിത്തിരക്കുകള്‍..
ജോലിയോടൊപ്പം പുതിയ പഠനോദ്യമങ്ങള്‍..
പിന്നെ അവധിയില്‍ പ്രവേശിച്ച് സ്വന്തമായി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കല്‍..
അതുമായി ബന്ധപ്പെട്ട നൂലാമാലകള്‍, കേരളമൊട്ടുക്കുള്ള നിരന്തര യാത്രകള്‍…
ദിവസത്തിന് 24 മണിക്കൂര്‍ പോരെന്ന പോലെ മറ്റേതെല്ലാമോ ലോകത്തുകൂടി നമ്മള്‍ വ്യാപരിക്കുമ്പോഴും പഴയ ആ കോലായിലിരുന്ന് മനസ്സുകൊണ്ട് നമ്മളെ അനുനിമിഷം പിന്തുടരുന്ന രക്ഷാകര്‍തൃത്വം.


c


2018 ഏപ്രില്‍ 18 ന് രാത്രി 10 മണിക്ക് എന്റെ നിര്‍ത്താതെയുള്ള ഓട്ടത്തിന് ബ്രേക്ക് വീണു.. ആക്കുളം ബൈപാസില്‍ റോഡരികില്‍ കാര്‍ നിര്‍ത്തി മറുവശത്തേക്ക് ക്രോസ് ചെയ്യുന്നതിനിടയില്‍ ഇരുട്ടില്‍ ലൈറ്റിടാതെ വന്ന ബൈക്ക് 30 അടിയോളം ദൂരേക്ക് എന്നെ ഇടിച്ചു തെറിപ്പിച്ച് കടന്നുപോകുമ്പോള്‍ പുതിയൊരു അധ്യായം തുടങ്ങുകയായിരുന്നു..
ദേഹമാസകലം ചതഞ്ഞ് ഇരുകാലിലും നിരവധി പൊട്ടലുകളോടെ ഇരുട്ടത്ത് ഓടയ്ക്കരികില്‍ ബോധരഹിതനായി കിടന്ന എന്നെ അതുവഴി കടന്നുപോയ ആരെല്ലാമോ ചേര്‍ന്ന് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പല തരം വേദനകളുടെ മണിക്കൂറുകള്‍.. ദിവസങ്ങള്‍.. ഇടത് തുടയെല്ല് 12 കഷണങ്ങളായി, കുറെയേറെ പൊടിഞ്ഞ് പോയി.,
വലത് കാല്‍മുട്ടും തകര്‍ന്നു..
ദീര്‍ഘനേരമെടുത്ത് 2 സര്‍ജറികള്‍..
40 ദിവസത്തെ ആശുപത്രിവാസം..
ടോയിലറ്റില്‍ ഒന്നും പോകാന്‍ കഴിയാത്ത അനുഭവം ആദ്യമായിട്ടായിരുന്നു..


d


അങ്ങനെ പതിയെ ബാത്ത് റൂമും ടോയ്ലറ്റും ഒന്നുമില്ലാതെ ഡയപ്പറുകളുടേയും പാഡുകളുടേയും പാനുകളുടേയും ലോകത്ത്. മിക്ക ദിവസവും വെളുപ്പിന് 4.30 നാവും ആശുപത്രി മുറിയില്‍ ക്ലീന്‍ ചെയ്യാനുള്ള സാമഗ്രികളുമായി നഴ്സിംഗ് അസിസ്റ്റന്റുമാരെത്തുക. ആ സമയത്ത് വയറെല്ലാം ഒഴിച്ച് റെഡിയായി കിടന്നോളണം.. അഥവാ അപ്പോള്‍ നമ്മള്‍ തയ്യാറായില്ലെങ്കില്‍ പിന്നെ ചിലപ്പോള്‍ മണിക്കൂറുകള്‍ കാത്തു കിടന്നാലാവും ഒന്ന് വൃത്തിയാക്കിക്കിട്ടുക. സര്‍ജറി കഴിയുന്ന ആദ്യ ദിവസങ്ങളില്‍ പലവിധ വേദനകള്‍ കാരണം വൃത്തിയൊന്നും നമ്മുടെ ചിന്തയില്‍ വരില്ല.


h


പക്ഷേ ദിവസങ്ങള്‍ നീങ്ങുമ്പോള്‍ എത്രമാത്രം ശ്രദ്ധയില്ലായ്മയോടെയാണ് നമ്മള്‍ വൃത്തിയാക്കപ്പെടുന്നത് എന്നത് അലട്ടാന്‍ തുടങ്ങും. പിന്നെയെങ്ങനെയെങ്കിലും ആശുപത്രിയില്‍ നിന്ന് പോയിക്കിട്ടിയാല്‍ മതിയെന്ന് തോന്നും. അങ്ങനെ 40 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം അവിടുത്തെപ്പോലെ അനങ്ങാതെ കിടന്നുകൊള്ളാം എന്ന കരാറില്‍ വീട്ടിലെത്തുമ്പോള്‍ എല്ലാ കാര്യവും നോക്കാനായി ഒരു ഏജന്‍സി വഴി വന്ന മെയില്‍ നഴ്സുമുണ്ടായിരുന്നു. പക്ഷേ ഈ വരുന്നവരൊക്കെ യാതൊരു പരിശീലനവും നേടാതെയാണ് വന്നിരിക്കുന്നതെന്ന തിരിച്ചറിവും, വൃത്തിക്കുറവിലെ അതൃപ്തിയും വീട്ടുസാഹചര്യങ്ങളുമായി ചേര്‍ന്നുപോകുന്നതിലെ വൈഷമ്യവും കാരണം 3 മാസത്തിനിടയില്‍ 3 പേരെ മാറി പരീക്ഷിച്ചിട്ടും പൊരുത്തപ്പെടാനാവാത്ത അവസ്ഥവന്നു..
അങ്ങിനെയാണ് 80 വയസ്സുള്ള അച്ഛന്‍ എന്റെ പരിചരണം സ്വയം ഏറ്റെടുത്തു കൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നത്.


e


ഒരു പക്ഷേ അച്ഛനെ സംബന്ധിച്ച് പ്രൈമറി സ്കൂള്‍ കാലഘട്ടത്തിന് ശേഷം മകനെ പൂര്‍ണമായും സ്വന്തം മേല്‍നോട്ടത്തില്‍ കിട്ടുന്ന അപൂര്‍വ അവസരം കൂടിയായിരുന്നിരിക്കാം. എന്തായാലും പൂര്‍ണ തൃപ്തിയോടെ ദിനചര്യകള്‍ ക്രമീകരിക്കപ്പെട്ടു. ഡയപ്പറുകള്‍ വയ്ക്കലും, അത് മാറ്റി വൃത്തിയാക്കലും, ദിവസം രണ്ടുനേരം ദേഹംമുഴുവന്‍ ശുചിയാക്കലും, Bed sore ഒഴിവാക്കാന്‍ സമയാസമയം ക്രീമുകള്‍ ഇട്ടു തരലും, വസ്ത്രം ധരിപ്പിക്കലുമൊക്കെ അച്ഛനും മകനും തൃപ്തിയുള്ള രീതിയില്‍ നടന്നു. വീണ്ടും 2 സര്‍ജറികള്‍ക്കായി 3 തവണ കൂടി ആശുപത്രി വാസം വേണ്ടി വന്നപ്പോള്‍ ചെറിയ അതൃപ്തിയൊക്കെ തോന്നിയെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളെ നോക്കിക്കാണാനും അതുമായി ഒത്തു പോകാനുമൊക്കെ കൂടുതല്‍ കൂടുതല്‍ പ്രാപ്തി വന്നു കഴിഞ്ഞിരുന്നു. ഓരോ തവണയും അച്ഛന്റെ പരിചരണത്തിന്റെ മഹത്വത്തെക്കുറിച്ചു ചിന്തിക്കാനുള്ള അവസരം കൂടിയായി അത് മാറി.


g


കിടപ്പ് തുടങ്ങിയിട്ട് 14 മാസമാവുന്നു..
ഇനിയും കുറഞ്ഞത് 3 മാസമെടുത്തേ ഗ്രാഫ്റ്റ് ശരിയാവു..
പിന്നെ പിച്ചവച്ച് പഠിക്കല്‍, പിടിച്ചു നടക്കല്‍, പിടിക്കാതെ നടക്കല്‍ അങ്ങനെ പല കടമ്പകള്‍ കിടക്കുന്നു.


64805822_10157399691318086_4355616537776750592_n


അച്ഛന്‍ എന്നെ വൃത്തിയാക്കിക്കൊണ്ട് നിന്നപ്പോഴാണ് റേഡിയോയില്‍ ഇന്ന് ഫാദേഴ്സ് ഡേ യാണെന്ന് കേട്ടത്. അച്ഛനറിയാതെ ഒരു ചിത്രമെടുത്ത് ഫേസ് ബുക്കിലിട്ടു. കുറെയേറെപ്പേര്‍ നേരിട്ട് വിളിച്ചു, മെസേജുകള്‍ അയച്ചു. ഇതുവരെ അച്ഛനിക്കാര്യം അറിഞ്ഞിട്ടില്ല. കാണിച്ചുകൊടുക്കാന്‍ പോകുന്നതേയുള്ളു. എനിക്കിത് ശരിക്കും ഫാദേഴ്‌സ് ഡേയല്ല, ഫാദേഴ്‌സ് ഇയറാണ്.