സംസ്കാരത്തിന്റെ ആധാരസ്വരൂപമായി വര്‍ത്തിക്കുന്ന ഭാഷയും മാനവികതയുടെ പ്രകാശമണ്ഡലങ്ങള്‍ തേടുന്ന സാഹിത്യവും നെഞ്ചോടു ചേര്‍ത്തു പിടിക്കുവാനുള്ള പ്രവാസിയുടെ അഭിവാഞ്ച എന്നും സുശക്തമാണ്. വിവിധ ജ്ഞാന മണ്ഡലങ്ങളിലും മാനുഷികബന്ധങ്ങളിലും വന്ന മാറ്റങ്ങള്‍ നാഗരികസമൂഹത്തില്‍ സൃഷ്ടിക്കുന്ന പുതിയ ഭാവുകത്വം എഴുത്തിന്റെ ലോകത്തും വലിയ അടിയൊഴുക്കുകളും അടയാളങ്ങളും സൃഷ്ടിക്കുന്നുണ്ട്.
പുതിയ മനുഷ്യാനുഭവങ്ങളുടെ വെളിച്ചത്തില്‍ മലയാളിയുടെ ആന്തരികസ്വത്വത്തിലും അനുഭവമണ്ഡലത്തിലും വന്നുചേര്‍ന്നുകൊണ്ടിരിക്കുന്ന രാസപരിണാമങ്ങള്‍ രചനയുടെയും ആസ്വാദനത്തിന്റെയും തലത്തില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ സഹൃദയലോകം എങ്ങനെ നേരിടുന്നു എന്നതിന്റെ പ്രസക്തി വലുതാണ്. സംഘര്‍ഷഭരിതമായ ഒരു ലോകത്തിന്റെ പ്രശ്നമണ്ഡലങ്ങളെ ചേര്‍ത്തു നിര്‍ത്തിയും സമൂഹമനസ്സിന്റെ കാഴ്ചയുടെ ഭൂപടത്തില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായും നമ്മുടെ സംസ്കാരത്തിന്റെ വിമോചനശക്തിയെ വീണ്ടെടുക്കാനും പുനസൃഷ്ട്ടിക്കാനുമുള്ള പരിശ്രമങ്ങള്‍ ഇന്നനിവാര്യമാക്കുന്നുണ്ട്. മാനുഷികതയെ ചോര്‍ത്തിക്കളയുന്ന ഹിംസാത്മകയന്ത്ര- സംസ്കൃതി ഉയര്‍ത്തിക്കൊണ്ട് വന്ന വ്യവഹാരമണ്ഡലങ്ങളെ ചോദ്യം ചെയ്തും നൈതികവും സാംസ്കാരികവും ദാര്‍ശനികവുമായ തലങ്ങളില്‍ സഹൃദയലോകവുമായി നിരന്തരം സംവദിച്ചും ധൈഷണികവും മാനുഷികവുമായ ഒരന്വേഷണപാത തെളിയിച്ചെടുക്കെണ്ടതിന്റെ ഈ അനിവാര്യതയെയാണ്, 'ദല സാഹിത്യോത്സവം’ വെളിച്ചപ്പെടുത്തിയത്.
ആവിഷ്കാരത്തിന്റെ പുതിയ ആഖ്യാനസങ്കല്‍പ്പങ്ങളേയും ക്രിയാംശങ്ങളെയും സംബന്ധിച്ചുള്ള അന്വേഷണങ്ങളായിരുന്നു, നോവല്‍, കഥ, കവിത എന്നീ ശാഖകളെ മുന്‍നിര്‍ത്തി, ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍, ഒരു മുഴുദിവസം നീണ്ടുനിന്ന സാഹിത്യസംവാദങ്ങളുടെ കാതല്‍. സഹൃദയന്റെ സംവേദനാനുഭൂതികളെ നവീകരിക്കുന്നതില്‍ രചയിതാവ് നേരിടുന്ന പുതിയ വെല്ലുവിളികള്‍ അനിവാര്യമാണെന്നും, സങ്കീര്‍ണജടിലമായ ജിവിതം ഉത്പാദിപ്പിക്കുന്ന സൌന്ദര്യാനുഭവങ്ങള്‍ സര്‍ഗ്ഗക്രിയയെ പുതിയ തറക്കല്ലുകള്‍ സൃഷ്ട്ടിക്കാന്‍ പര്യാപ്തമാവണമെന്നും സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സാഹിത്യ-സാംസ്കാരിക-നിരൂപക പ്രതിഭകള്‍ - കെ ഇ എന്‍, എന്‍ പ്രഭാവര്‍മ്മ , കെ മധുപാല്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി. അക്ഷരലോകത്ത് കൈയൊപ്പ് ചാര്‍ത്തിയ UAE യിലെ നിരവധി എഴുത്തുകാരടക്കം വന്‍ സഹൃദയസഞ്ചയം ഇടപെടലുകള്‍ കൊണ്ട് കണ്ണികള്‍ തീര്‍ക്കുകയും സംവാദങ്ങളെ ഉശിരുറ്റതാക്കുകയും ചെയ്തു.
സാഹസികമായ യാത്രകളിലൂടെ താന്‍ കടന്നുപോന്ന ദേശങ്ങളുടെ സാംസ്കാരികസ്ഥലികളെയും മനുഷ്യമനസ്സുകളുടെ സങ്കീര്‍ണതകളെയും അവ തന്നില്‍ ഉളവാക്കിയ വാങ്ങ്മയ വിസ്മയങ്ങളുടെ ലോകത്തെയും അനശ്വരമാക്കിയ രചനകളിലൂടെ, കേരളീയമനസ്സുകളിലേക്ക് നിതാന്ത സഞ്ചാരം നടത്തിയ എസ്കെ പൊറ്റെക്കാടിന്റെ ജന്മശതാബ്ദി സ്മരണ നിര്‍വഹിച്ചുകൊണ്ടാണ്, പ്രശസ്ത കവി ശ്രീ എന്‍ പ്രഭാവര്‍മ്മ സാഹിത്യോത്സവത്തിനു നാന്ദി കുറിച്ചത്.
ഒരു ഗ്രന്ഥം തൊടുമ്പോള്‍ ഒരു മനുഷ്യനെ തൊടുന്നു എന്ന വാള്‍ട്ട് വിറ്റ്മാന്റെ പ്രശസ്ത വാക്യം പൊറ്റെക്കാടിനെ സംബന്ധിച്ചേടത്തോളം അന്വര്‍ഥമാണ് . കെട്ട കാലത്ത് കെട്ട കവിത സമൂഹത്തിന്റെ പുനസൃഷ്ടിയെ സഹായിക്കുമെന്ന ബ്രഹ്തിയന്‍ ആശയം എക്കാലവും പ്രസക്തമാണ്. നമ്മുടെ അസ്തിത്വത്തിന്റെ പ്രകാശനത്തിനും പുനരുജ്ജീവനത്തിനും വ്യാഖ്യാനം നല്‍കാന്‍ വേസ്റ്റ്പോ ലാന്റ്ലു പോലുള്ള പാശ്ചാത്യ ഭാവുകത്വത്തെ മാതൃകയാക്കുന്ന കൃതികള്‍, സര്‍ഗരചനയുടെ പാതകളെ സംരക്ഷിക്കുകയില്ല; മറിച്ച്, ജീവിതത്തിന്റെ മര്‍മ്മ സ്ഥലികളോട് സംവദിക്കുന്ന ചിന്തയുടെ പുനരുത്പ്പാദനം രചനയെ തേജസ്സുറ്റതാക്കുമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗ്വാണ്ടനാമോ തടവറയില്‍ നരകയാതനകള്‍ അനുഭവിച്ച ഇബ്രാഹിം അല്‍രുബാഇഷിന്റെ കവിതയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം, ഇതിഹാസപശ്ചാത്തലമുള്ള വിശ്വ സാഹിത്യകാരന്മാര്‍ രേഖപ്പെടുത്തിയ സമാന അനുഭവങ്ങളെക്കാള്‍ അപലപനീയമാണ്. സരസ്വതിയെ വ്യംഗമായി വര്‍ണ്ണചായങ്ങളില്‍ വരച്ചിട്ട കാളിദാസനും പിക്കാസ്സോയും മുതല്‍ എം എഫ് ഹുസസൈന്‍ വരെയുള്ള വിശ്വോത്തര പ്രതിഭകളെ ലോകം ആദരിച്ചത്, അവരുടെ സൃഷ്ടികളിലെ മൂല്യം മാനിച്ചു കൊണ്ടായിരുന്നു എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൈവായുധങ്ങളെക്കാള്‍ സ്ഫോടകശേഷി ഭാഷക്കുണ്ടെന്നും, ഭാഷയിലും ആഖ്യാനത്തിലും ഒളിപ്പിച്ചു വെച്ച പ്രധിനിധാനങ്ങളെ കൂടി അപഗ്രധനവിധേയമാക്കുമ്പോള്‍ മാത്രമേ, കൃതിയുടെ അവധാരണവും വിമര്‍ശനവും ക്രിയാത്മകമാകൂ എന്നും ചിന്തകനും വിമര്‍ശക പ്രതിഭയുമയ കെ ഇ എന്‍ , 'വായനയിലെ സംഘര്‍ഷങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. കൃതിയില്‍ പ്രത്യക്ഷീഭവിക്കുന്ന വൈരുധ്യങ്ങള്‍ക്കും വക്രതകള്‍ക്കും ഒപ്പം ആഖ്യാനത്തില്‍ സന്നിഹിതമല്ലാത്ത പ്രധിനിധാനങ്ങള്‍ കൂടിയുണ്ടെന്നും, സാമൂഹ്യബന്ധങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും സമര്‍ഥമായി തമസ്ക്കരിക്കുന്ന രചനാതന്ത്രങ്ങള്‍ സ്വീകരിക്കുന്ന മുഖ്യധാരാ സൃഷ്ടികളെ തിരിച്ചറിയെണ്ടതുണ്ടെന്നും അദ്ദേഹം വ്യത്യസ്ത കൃതികളെ അപഗ്രഥിച്ച്ശ വിശകലനം ചെയ്തു.
സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളുടെ ഒരേ ചിറകിലാണ് ചന്തുമേനോനും തകഴിയും സഞ്ചരിച്ചിരുന്നതെങ്കിലും, ഏകപക്ഷീയമായ പാത്രരചനയിലൂടെ തകഴി രൂപകല്‍പ്പന ചെയ്ത പുരാവൃത്തത്തെ - കടലില്‍ പോയ കണവന്‍ കാവല്‍, മാടത്തില്‍ കഴിയുന്ന അരയത്തിയുടെ ചാരിത്ര്യമാണന്ന മിത്തിനെ - അതിന്റെ പ്രച്ഛന്നബിംബത്തെയും - ആസ്ഥാന ആധര്‍മന്മാര്‍ ഭ്രഷ്ട് കല്പിച്ചു നിര്‍ത്തിയ ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ എന്ന നവോത്ഥാന നായകന്‍ തകര്‍ത്തു കളയുകയായിരുന്നു. മറിച്ച്, പതിനെട്ടാം അദ്ധ്യായം തലകുറിയിട്ട 'ഇന്ദുലേഖ' യിലെ സൂരി നമ്പൂതിരിയും ചെറുശ്ശേരി നമ്പൂതിരിയും സാക്ഷ്യപ്പെടുത്തുന്ന വ്യത്യസ്ത പ്രധിനിധാനങ്ങള്‍, നമ്പൂതിരിയെ പരിഹാസ്യനാക്കുന്ന സാമുദായിക സങ്കല്‍പ്പങ്ങളോട് വിട പറയാനാണ് ശ്രമിച്ചത്. നാം അറിയുന്ന വസ്തുവിനെ മാത്രമല്ല, അറിയാന്‍ ശ്രമിക്കുന്ന മാധ്യമത്തെ കൂടി അപഗ്രഥനവിധേയമാക്കുന്നതാണ് മൂല്യനിര്‍ണ്ണയത്തിന്റെ നീതിശാസ്ത്രം എന്ന് കെ ഇ എന്‍ വിലയിലുരുത്തി.
സങ്കീര്‍ണ്ണമായ ജീവിതവുമായി എഴുത്തുകാരന്‍ അതിരിടുന്ന സാങ്കല്‍പ്പികലോകത്തിന്റെ വൈയക്തികവും വൈരുധ്യാത്മകവുമായ കാഴ്ച്ചകളിലേക്കും ദര്‍ശനങ്ങളിലേക്കുമാണ് പുതിയ എഴുത്തുകാരനെ നയിക്കുന്നതെന്ന് 'കവിതയിലെ പാരമ്പര്യവും ആധുനികതയും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രഭാവര്‍മ്മ ചൂണ്ടിക്കാട്ടി. കാഴ്ച്ചയുടെ കോയ്മ ആധുനികാനുഭവത്തിന്റെ മുഖമുദ്രയാണ്. അബോധത്തിന്റെ അദൃശ്യകോണുകളില്‍ പോലും അത് കൂട് കൂട്ടുന്നുണ്ട്. സാഹിത്യത്തിലും ചലച്ചിത്രത്തിലും നവ-മാധ്യമങ്ങളിലും എന്നു വേണ്ട, സര്‍ഗ്ഗക്രിയയുടെ എല്ലാ മേഖലകളിലും അധിനിവേശങ്ങളുടെ വേലിയേറ്റം രൂക്ഷമായിരിക്കെ, സമകാലാനുഭവങ്ങളുടെ അന്തസത്തയെ, ജനതയുടെ ബൌദ്ധികവും വൈചാരികവുമായ നിലനില്‍പ്പിന്റെ ഉള്ളടരുകളിലേക്ക് സാംക്രമിപ്പിക്കുന്ന രചനകളാണ് കാലം ആവശ്യപ്പെടുന്നതെന്ന് പ്രഭാവര്‍മ്മ ഓര്‍മ്മിപ്പിച്ചു.
വര്‍ത്തമാനകാലജീവിതത്തിന്റെ വ്യക്ത്യനുഭവങ്ങളുടെയും വിപര്യയങ്ങളുടെയും സൂക്ഷ്മതലങ്ങളെ കണ്ണിചേര്‍ക്കുന്ന കഥകള്‍ പുതിയ സ്വത്വവും ശക്തിയും കൈവരിക്കുന്നത് ആശാവഹമാണെന്ന് 'കഥയുടെ വര്ത്തമാനപരിസരം' എന്നാ വിഷയത്തെ ആസ്പടിച്ച്ചുള്ള പ്രഭാഷണത്തില്‍ ശ്രീ കെ മധുപാല്‍ ചൂണ്ടിക്കാട്ടി. എഡിറ്ററെ കൂടാതെയും ഒരാള്‍ക്ക് സ്വയം എഴുത്തുകാരനായി അവരോധിക്കാന്‍ കഴിയുന്ന ഒരു കാലത്ത്, ജീവിതക്കാഴ്ച്ചകള്‍ക്ക് മൌലികമായ നിരീക്ഷണങ്ങളിലൂടെയും ബിംബകല്‍പ്പനകളിലൂടെയും പുതിയ വെളിച്ചം പകരാന്‍ കഴിയണമെന്നും, ജീവിതത്തിന്റെ മര്‍മ്മസ്ഥലികളോട് സംവദിക്കുന്ന ആഖ്യാനശില്‍പ്പങ്ങളേയും ജീവിതദര്‍ശനങ്ങളെയും ഉത്പാദിപ്പിക്കാന്‍ അവയ്ക്ക് കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നോവല്‍ , കവിത, കഥ എന്നീ ശാഖകളിലായി അവതരിപ്പിക്കപ്പെട്ട വിഷയങ്ങളിന്മേല്‍ മണികണ്ടന്‍ , തോമസ് ചെറിയാന്‍, സലിം അയ്യനേത്ത്, ലത്തീഫ് മമ്മിയൂര്‍ ,അനൂപ് ചന്ദ്രന്‍, അരവിന്ദന്‍ പണിക്കശ്ശേരി, ജലീല്‍ പട്ടാമ്പി, മനോജ് കളരിക്കല്‍, സുന്ദരീദാസ് തുടങ്ങി നിരവധി പേര്‍ സംവാദങ്ങളില്‍ പങ്കെടുത്തു. കെ കെ മൊയ്തീന്‍കോയ, കെ എം അബ്ബാസ്, പി ശിവപ്രസാദ് എന്നിവര്‍ വ്യത്യസ്ത സെഷനുകളില്‍ മോഡറേറ്റര്‍മ്മാരായി . ദല പ്രസിഡന്റ് മാത്തുക്കുട്ടി കടോണ്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തല്‍ സ്വാഗതസംഗം കണ്‍വീനര്‍ ആമുഖവിവരണം നല്‍കി.
സര്‍ഗ്ഗാത്മകതയുടെ പിന്മടക്കം പുതിയ കാലത്തിന്റെ മുഖമുദ്രയായിരിക്കെ, സര്‍ഗജീവിതവുമായി ബന്ധപ്പെട്ട എല്ലാ തുരുത്തുകളെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും, ആവിഷ്കാരത്തിന്റെയും സംവേദനത്തിന്റെയും തലങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുക്കയും ചെയ്യുമെന്ന പ്രതീക്ഷയര്‍പ്പിച്ചാണ് കൊണ്ടാണ്, ദുബായ് ഗള്‍ഫ്മോ ഡല്‍ സ്കൂളില്‍ സമ്മേളിച്ച വന്‍ സഹൃദയസദസ്സ് അടുത്ത ഒത്തു ചേരലിനായി വിടവാങ്ങിയത്.