Surjith Ayyappath

തൂവാനത്തുമ്പികള്‍

ഇടവപ്പാതി ഇടമുറിയാതെ പെയ്യുമ്പോള്‍ ആണ് കലശമലയില്‍ തിരക്ക് ഏറുക. അതിനു കാരണവും ഉണ്ട്. മെയ് ചൂടില്‍ പൊള്ളുന്ന കുന്നിന്‍ ചെരിവിടത്തില്‍ മഴ വീണു കഴിഞ്ഞാല്‍ കാഴ്ചകളുടെ ഉത്സവം ആണ്. സഞ്ചാരികള്‍ക്ക് കലശമല ഒരു പൂക്കാലം തന്നെ നല്‍കുന്നു. പച്ച വിരിച്ച പുല്‍മേട്ടില്‍ ഒരായിരം കണ്ണാന്തളി പൂക്കള്‍ പടര്‍ന്നു നില്‍ക്കും. അതോടൊപ്പം പേരറിയാത്ത കുറെ കാട്ടുപൂക്കളും.

കലശമലയെ ആദ്യമായി പുറം ലോകം കണ്ടത് പദ്മരാജന്റെ തൂവന തുമ്പികളിലൂടെയാണ്. തൂവാനതുമ്പികളില്‍ ചില പ്രണയ രംഗങ്ങള്‍ക്ക് മിഴിവേകിയത് കലശമലയുടെ പശ്ചാത്തലം. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂര്‍ പോര്‍ക്കുളം പഞ്ചായത്തുകളുടെ വടക്ക്‌ തെക്കന്‍ അതിര്‍ത്തിയിലാണ് ഈ ഇടനാടന്‍ ചെങ്കല്‍കുന്നിന്‍റെ സ്ഥാനം.മലയാളത്തിന് വാസ്തുഹാരയും ഇരിക്കപിണ്ഡവും ശീമതമ്പുരനും പോലുള്ള നിരവധി കഥകള്‍ സമ്മാനിച്ച സി വി ശ്രീരാമന്‍റെ ജന്മനാട് കൂടിയാണ് ഈ പ്രദേശം. അദ്ദേഹത്തിന്‍റെ പൊന്തന്‍മാട ചലച്ചിത്ര രൂപമായപ്പോള്‍ പല രംഗങ്ങളും ചിത്രീകരിക്കപ്പെട്ടത് ഇവിടെയാണ്. തുടര്‍ന്ന്‍ ഒട്ടനവധി ചലച്ചിത്രങ്ങളില്‍ കലശമല നിറ സാന്നിദ്ധ്യമായി.

കലശമലയുടെ പൂര്‍ണ രൂപം ആസ്വദിക്കണമെങ്കില്‍ ഈ ചിത്രങ്ങള്‍ തന്നെ കാണണം. ഇന്ന് അതിന്റെ മുഖം വൃണിതമാണ്. കലശമലയുടെ നെഞ്ചകം കോറി മണ്ണുമാന്തി യന്ത്രങ്ങള്‍ കയറി ഇറങ്ങി. അവിടെ നിന്നും മാറ്റിയ മണ്ണെല്ലാം താഴെ വയലുകളില്‍ ഉപേക്ഷിക്കപ്പെട്ടു. സ്വത്വം നഷ്ടപ്പെടുമെന്ന അവസ്ഥ ഗ്രാമവാസികള്‍ക്കിടയില്‍ ഭീതിജനകമായപ്പോഴാണ് പ്രതിഷേധത്തിന് മൂര്‍ച്ച കൂടിയത്. ഒരു പ്രദേശം നടത്തിയ ചെറുത്തുനില്‍പ്പില്‍ മണ്ണ് മാഫിയക്ക് മുട്ട് മടക്കേണ്ടി വന്നു. ഈ ഇടനാടന്‍ ചെങ്കല്‍ക്കുന്നില്‍ പടര്‍ന്നു കിടക്കുന്ന ഗ്രീന്‍ ടോണില്‍ ഒരു അപവാദം പോലെ ചോര കിനിയുന്ന പാടുകള്‍ . ഒരിക്കലും പിന്മടക്കം ഇല്ലാത്ത വിധം ഒരു മലയോരം മരണത്തിലേക്ക് മാറപ്പെടുന്നു.

കലശമലയിലെ കാഴ്ചകളില്‍ അതി പ്രധാനം ഒരു ഗുഹമുഖമാണ്. പ്രകൃതിയുടെ അപൂര്‍വ നിര്‍മിതികളില്‍ ഒന്ന്. ഇവിടം പണ്ട് നരികളുടെ വാസ സ്ഥലം ആയിരുന്നത്രെ. അത് കൊണ്ട് തന്നെയാകണം കലശമലക്ക് നരിമടക്കുന്ന് എന്ന പേരും സ്വന്തമാണ്. കുന്നിന്റെ വടക്കന്‍ ചെരുവില്‍ മനോഹരമായ ഒരു ചോലവനം. ചോല വനത്തിന്‍റെ പശ്ചാത്തലത്തില്‍ കലശമല ശിവ ക്ഷേത്രം. ചോലക്കാടിലെ നാലോളം പാറയിടുക്കില്‍ നിന്നും ഒരിക്കലും നിലക്കാത്ത ജലപ്രവാഹം ഒരു പ്രദേശത്തിന്‍റെ ആകെ കുടിനീരാണ്. കുന്നിന്‍ പുറങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് കടുത്ത വേനലില്‍ ആശ്വാസം പകരുന്നത് ഈ ജലപ്രവാഹം ആണ്. ചതുപ്പ് നിറഞ്ഞ ചോലക്കാടില്‍ കുളവെട്ടി എന്ന പ്രാദേശിക നാമത്തില്‍ അറിയപ്പെടുന്ന ജലസസ്യം സമൃദ്ധമായി വളരുന്നു. ഇത് ഇത്രയധികം ഇട തൂര്‍ന്നു വളരുന്ന ലോകത്തിലെ തന്നെ അപൂര്‍വ പ്രദേശം ആണ് ഇവിടം. കേന്ദ്ര ജൈവ വൈവിദ്യ ബോര്‍ഡ് ********* ആയി ഉള്‍പ്പെടുത്തിയ കേരളത്തിലെ നാല് കേന്ദ്രങ്ങളില്‍ ഒന്ന് കലശമലയാണ്. ഇവിടുത്തെ ചതുപ്പ് കുറഞ്ഞതും കുളവെട്ടി മരങ്ങളുടെ നാശവും കുന്നിടിക്കലിന്‍റെ പരിണിത ഫലം .

തുലാമാസ വാവില്‍ ബലി തര്‍പ്പണത്തിനായി ഈ കുളവെട്ടിക്കാട്ടിലേക്ക് ആയിരങ്ങള്‍ എത്തുന്നു. അരിയും, തുളസിയിലയും, ദര്‍ഭയും, ചന്ദനവും തൊട്ട് പിതൃമോക്ഷത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ശിവ ക്ഷേത്രത്തിലെ ഉത്സവവും തുലാം മാസത്തില്‍ തന്നെയാണ്. ആ ദിവസം കേരളത്തിലെ പ്രതിഭാധനരായ പഞ്ചവാദ്യ കലാകാരന്‍മാരുടെ നിര തന്നെ ഈ ദിവസം ഒരു നിഷ്ഠ പോലെ ഇങ്ങോട്ടേക്കു എത്തുന്നു; മേളക്കമ്പം സിരകളില്‍ സൂക്ഷിക്കുന്നവരും. അത്രമേല്‍ മനോഹരമാണ് തുലാമാസ വാവ് ദിനത്തിലെ പഞ്ചവാദ്യം. അപൂര്‍വമായ പച്ചമരുന്നുകളുടെ കേദാര ഭൂമികൂടിയാണ് ചോലക്കാട് ഒരല്പം സ്വാസ്ഥ്യം കൊതിക്കുന്നവര്‍ക്ക് ഇങ്ങോട്ട് വരാം. ചോലക്കാടിന്റെ ശീതളിമ ഹൃദയത്തിലേക്ക് പെയ്തു പടരും എന്നുറപ്പ്. സായാഹ്നത്തില്‍ കുന്നിന്‍ പുറത്തു അല്‍പനേരം ചിലവഴിക്കാം. മഴകാണം .