Akhil L

ഡയമണ്ട് നെക്ക്ലസ്സ്

ആനുകാലിക മലയാള സിനിമ മാറ്റത്തിന്റെ പുതിയ പാതയിലാണ്. ക്ലിഷേകള്‍ക്കും അമിതഭാവപ്രകടനങ്ങള്‍ക്കും അശേഷം പ്രാധാന്യം നല്‍കാത്ത വൈവിധ്യങ്ങളില്‍ വിശ്വസിക്കുന്നൊരു പുതുതലമുറയാണ് ഈ മാറ്റത്തിന്റെ അമരക്കാര്‍.ന്യൂജെന റേഷന്‍ സിനിമയെന്ന്‍ പൊതുലോകം അടയാളം ചെയ്യുന്ന ഈ 'വിപ്ലവം' കുറച്ചൊന്നുമല്ല നിലവിലെ ചലച്ചിത്ര സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചത്. അതിന്റെ ഭാഗമെന്നോണം ചില 'ഓള്‍ഡ്‌' ജനറേഷന്‍ അതികായകന്മാരും ചുറുചുറുക്കുള്ള കഥകളുമായി മുന്നോട്ടു വരുന്നുണ്ട്. ഈ ശ്രേണിയിലെ മികവുറ്റ ചിത്രങ്ങളിലൊന്നാണ് ഡയമണ്ട് നെക്ക്ലസ്സ്. പുതുതലമുറ ചിത്രങ്ങളുടെ അപ്രഖ്യാപിത ബ്രാന്റ് അമ്പാസിഡറായ ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ പ്രധാന കേന്ദ്രം. ജീവിതത്തെ തികഞ്ഞ ആഘോഷമാക്കുന്ന ഒരു യുവഡോക്ടറുടെ കഥയാണ് ചിത്രം പ്രമേയവല്‍ക്കരിക്കുന്നത്. സമ്പന്നരായ സുഹൃത്തുക്കള്‍ / വൈദേശിക ജീവിതം ഇവയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഡോ അരുണിന്റെ ലക്ഷ്യം. സ്വപ്നസാഫല്യത്തിനായി നിരവധി വായ്പ്പകള്‍ എടുത്തുകൂട്ടുന്ന കഥാപാത്രം വന്‍ കടക്കെണിയിലേക്കാണ് കൂപ്പുകുത്തുന്നത്. കടബാധ്യതകളില്‍ നിന്നും വിടുതല്‍ നേടാന്‍ ഇംഗിതത്തിനെതിരായ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഡോ അരുണ്‍ നിര്‍ബന്ധിതനാകുന്നു. സ്വാഭാവികമായും സ്വന്തം പ്രണയത്തെ അതിനായി ഉപേക്ഷിക്കേണ്ടി വരുന്നു. അനുബന്ധമായി കുടുംബജീവിതത്തില്‍ സംഭവിക്കുന്ന അസ്വസ്ഥത്തകളും മായ എന്ന പെണ്‍കുട്ടിയുമായി ഉടലെടുക്കുന്ന ആത്മബന്ധവുമെല്ലാമാണ് ചിത്രത്തിന്റെ കഥാതന്തു.

ജീവിതത്തെ തികഞ്ഞ ആഘോഷമാക്കുന്ന ഒരു യുവഡോക്ടറുടെ കഥയാണ് ചിത്രം പ്രമേയവല്‍ക്കരിക്കുന്നത്.
ചിത്രം ആദ്യപകുതി പിന്നിടുന്ന ശേഷമാണ് നായകന്‍ 'ഡയമണ്ട് നെക്ക്ലെസ് കടന്നു വരുന്നത്. അനുബന്ധമായി അപ്രതീക്ഷിതമായനിലയില്‍ പ്രമേയത്തില്‍ ട്വിസ്റ്റുകളുണ്ടാകുന്നു. ലാല്‍ ജോസ് ചിത്രങ്ങളില്‍ ഏറ്റവും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രമാണിത്. അദ്ദേഹം പിന്തുരുന്ന പാറ്റെണുകളില്‍ നിന്ന്‍ കഥയും പാശ്ചാത്തലും ഏറെ വേറിട്ടു നില്‍ക്കുന്നു. അത്തരമൊരു മാറ്റം കൃത്യായുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ സംവിധായകനായി എന്നത് നിസംശയം പറയാം.ലാല്‍ജോസ് എന്ന ചലച്ചിത്ര പ്രതിഭയുടെ പരിച്ചയസബന്നത ചിത്രത്തിന്റെ സാങ്കേതികവും സൌന്ദര്യാത്മകവുമായ തലങ്ങള്‍ക്ക്‌ ഗുണകരമായെന്നത് നിസ്തര്‍ക്കമാണ് . പ്രേക്ഷകരുചിക്കനു സൃതമായി തിരക്കഥയൊരുക്കുന്നതില്‍ ഇഖ്ബാല്‍ കുറ്റിപ്പുറം വിജയം കാണുന്നു. ആദ്യപകുതിയെ മേന്മയുള്ള നര്‍മ്മവും അതിനു ശേഷം പുരോഗമിക്കുന്ന ഉദ്യേഗതയും തിരക്കഥയുടെ മിടുക്കല്ലാതെ മറ്റെന്താണ് ? സ്വപ്ങ്ങളില്‍ ജീവിതം കണ്ടെത്തുന്ന ഒരു അഭ്യസ്തവിദ്യന്റെ കഥ എന്നതിലുപരി ഗള്‍ഫ് ജീവിതങ്ങളിലെ കയ്പ്പും കണ്ണീരും അതിഭാവുകത്വമില്ലാതെ തിരക്കഥ സമര്‍ത്ഥമായി വരച്ചിടുന്നു.

സ്ത്രീകളുടെ പൊതുവായ ചില പ്രശ്നങ്ങളിലേക്ക് സിനിമ സഞ്ചരിക്കുന്നുണ്ട്. വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് കണ്ണു മയങ്ങുന്ന പെണ്‍കുട്ടി / തമിഴ്നാട്ടുകാരിയായ നെഴ്സ് / തുടങ്ങി വിവിധ പ്രതിനിധാനങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും പ്രവാസി സ്ത്രീ ജീവിതത്തെ പ്രമേയം സ്പര്‍ശിക്കാതെ കടന്നു പോകുന്നു. ഫഹദ് ഫാസിലിന്റെ പ്രൊഫഷണല്‍ ഇടപെടലുകള്‍ ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു. സംവൃതാ സുനിലും അനുശ്രീയുമെല്ലാം കഥാപാത്രങ്ങ ളോട് അഭിനേതാക്കള്‍ പൂര്‍ണ്ണനിലയില്‍ നീതി പുലര്‍ത്തുന്നു. ശ്രീനിവാസന്‍ , മണിയന്‍ പിള്ള രാജു , രോഹിണി, കൈലാഷ് തുടങ്ങി പ്രഗല്‍ഭാമായൊരു താര നിര ചിത്രത്തിലുണ്ട്. സമീര്‍ താഹിറിന്റെ ച്ഛായാഗ്രഹണവും വിദ്യാസാഗറിന്റെ സംഗീതവുമാണ് ചിത്രത്തിന്റെ സവിശേഷതകളില്‍ പ്രധാനം. ആദ്യ പകുതിയിലെ വേഗം നിലനിര്‍ത്താന്‍ എന്തുകൊണ്ടോ സംവിധായകനാകുന്നില്ല. വര്‍ത്തമാനകാലത്തിന്റെ ഹൃദയത്തുടിപ്പുകള്‍ സ്വാഭാവികമായി പകര്‍ത്താന്‍ ചിത്രത്തിനാകുന്നു.