Jyothi Tagore

ആന്റണി മോസ്സസ്-A V/S ആന്റണി മോസ്സസ്-B

മുംബൈ പോലീസും പൃഥ്വിരാജും മലയാളസിനിമ ലോകത്തും നവമാധ്യമങ്ങളിലും ഉയര്‍ത്തി വിട്ട ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കാസനോവ എന്ന ബ്രഹ്മാണ്ടവീഴ്ചയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ തിരിച്ച് വരവ് ചിത്രം കൂടിയാകുന്നു മുംബൈ പോലീസ് സിനിമ. സിനിമ എന്ന ആഘോഷത്തിന് കഥയുടെ ഉള്ളടക്കം പകരുന്നതിനു ബോബി സഞ്ജയ്‌ ടീം വീണ്ടും മികവ് തെളിയിച്ചു. മലയാളി എന്നും തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന സ്വവര്‍ഗരതിയെ അഭ്രപാളിയില്‍ പകര്‍ത്താന്‍ കാണിച്ച ധൈര്യര്യം തന്നെയാണ് സിനിമയെ ആകര്‍ഷകമാക്കുന്നത്. ഭൂരിപക്ഷത്തിന് അഹിതമാകുന്നത് കൊണ്ട് മാത്രം സദാചാരലംഘനം, ലൈംഗിക ന്യൂനപക്ഷം തുടങ്ങിയ സംജ്ഞകള്‍ക്കകത്ത് അരക്ഷിതമായി ജീവിക്കുന്ന മനുഷ്യരുണ്ട്. അവരെ മാധ്യമത്തിന്റെ പരിഗണനയ്ക്ക് ഉള്ളിലേയ്ക്ക് കൊണ്ട് വരികയെന്നത് ശരിയായ ഇടപെടല്‍ തന്നെ. സ്തീത്വം പാപമായ ലോകത്ത് സ്ത്രൈണത പ്രകടമാക്കുന്ന ഇണ കല്ലെറിയപ്പെടുകയും അദൃശ്യനായ പുരുഷയിണ മാന്യതയുടെ പുകമറയ്ക്കപ്പുറം സുരക്ഷിതനാവുകയുമാണല്ലോ പതിവ്? ആ പതിവ് തെറ്റുന്പോള്‍ സുഖം പോകുന്നവര്‍ കൂവുകയും രസം തോന്നുന്നവര്‍ കൈയടിക്കുകയും ചെയ്യുന്നുണ്ട്.എന്നാല്‍ കൈയടികള്‍ക്കും കൂക്കുവിളികള്‍ക്കും അപ്പുറം എന്താണ് ഈ സിനിമ മുന്നോട്ട് വെയ്ക്കുന്ന കാഴ്ച? പുതുതലമുറ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഒന്നായ സ്വവര്‍ഗപ്രണയം ആണോ? ആണെങ്കില്‍ തന്നെ അതിനോട് അനുതാപപൂര്‍ണ്ണമായ സമീപനം പുലര്‍ത്തുകയൊ; അതിനെ അതിന്റെ വഴിക്ക് വിടുക എന്ന ജനാധിപത്യ സമീപനം കൈക്കൊള്ളുകയോ ചെയ്യുന്നില്ല. അത്തരം സംവാദങ്ങളെ റദ്ദാക്കുകയും സിനിമയ്ക്ക് വിഷയമായി മാറുന്ന കുറ്റകൃത്യത്തിന്റെ കാരണമായി അതിനെ അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഭൂരിപക്ഷ സമൂഹത്തിന്റെ നിലപാട് എന്താണോ, അതിനോട് ഐക്യപ്പെട്ട്‌ തന്നെയാണ് സിനിമയും ഈ വിഷയത്തെ നോക്കി കാണുന്നത്. ലൈംഗികത തികച്ചും സ്വകാര്യമായ ഒന്നാണ്. ഏതു തരം ലൈംഗികത ആയാലും , മറ്റൊരാളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുകയോ ഹിംസാത്മകമാകുകയൊ ചെയ്താല്‍ മാത്രമേ സാമൂഹിക പ്രശ്നമാകുകയുള്ളൂ . പൊതു സമൂഹം ശരിയെന്ന് കരുതുന്ന ആണ്‍-പെണ്‍ ലൈംഗികതയുമായി തട്ടിച്ച് നോക്കിയാല്‍ ഹിംസയും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ക്രിമിനലിസവും ഒക്കെ ഇവിടെ കുറവാണെന്നും കാണാം. ശരിയെന്നു സ്വയം മാര്‍ക്ക് ഇടുന്ന നാമൊക്കെ സദാചാര പോലീസ് ചമഞ്ഞ് ഒളിഞ്ഞ് നോക്കുന്നത് മുതലാണ് ശരിക്കും പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. അത്തരം ചര്‍ച്ചകളൊന്നും ഈ സിനിമ മുന്നോട്ട് വെയ്ക്കുന്നില്ല .സൗഹൃദം നല്കിയ സ്വാതന്ത്ര്യം മൂലം വാതിലില്‍ മുട്ടാതെ കടന്നു വരുന്ന ആര്യന്‍ എന്ന കഥാപാത്രത്തിന്റെ കാഴ്ചയിലൂടെയാണ് സിനിമ സ്വവര്‍ഗ്ഗപ്രണയത്തെ അവതരിപ്പിക്കുന്നത് . സൗഹൃദവും ലൈംഗികതയും തികച്ചും വ്യത്യസ്തമായ രണ്ട് ജീവിതാവസ്ഥകളാണ്. ഇവ തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നിരിക്കെ ആര്യന്‍ എന്ന സുഹൃത്തിന്റെ കാഴ്ചപ്പാട് സമൂഹം പുലര്‍ത്തുന്ന അധികാര പ്രയോഗത്തിന്റെ ഭാഗമായി മാറുന്നു . ഇവിടെ സൗഹൃദം എന്നത് വ്യവസ്ഥിതിയുടെ ഉപകരണം മാത്രമായി ചുരുങ്ങുന്നുണ്ട് . തുടര്‍ന്ന് അല്‍പ്പം അസ്വാഭാവികതയോടെയാണെങ്കിലും കഥാഗതി ആര്യന്റെ മരണത്തിലെയ്ക്കും സിനിമയുടെ climax ലേയ്ക്കുമാണ് നീങ്ങുന്നത് . സ്വവര്‍ഗപ്രണയം ഇവിടെ ഹിംസയ്ക്ക് കാരണമായി ഭവിക്കുന്നു. ഒരു കൊലപാതകത്തിലേയ്ക്ക് നയിക്കാനും മാത്രമുള്ള ഇടപെടലാണോ കഥാഗതിയില്‍ ആര്യന്‍ നടത്തിയത് എന്ന് ഒരു വട്ടം കൂടി ചിന്തിക്കാന്‍ ഇവിടെ അവസരം ലഭിക്കുന്നുണ്ട് . അതിനൊടുവില്‍ വീണ്ടും അതേ ചോദ്യം ആവര്‍ത്തിക്കപ്പെടും എന്താണ് ഈ സിനിമ കാഴ്ചയ്ക്കായി മുന്നോട്ടു വെയ്ക്കുന്നത്? അത് കേവലം സ്വവര്‍ഗരതിയുടെ അടയാളപ്പെടുത്തലല്ല .രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന സ്വവര്‍ഗാനുരാഗത്തിന് പകരം മറ്റെന്തെങ്കിലും സംഭവമോ സ്വഭാവമോ ( തീവ്രവാദ ബന്ധമോ വന്‍ അഴിമതിയോ കവര്‍ച്ചയോ) കൂട്ടിച്ചേര്‍ത്താലും സിനിമയുടെ ഘടനയ്ക്കോ കെട്ടുറപ്പിനോ സാരമായ കോട്ടമൊന്നും സംഭവിക്കുകയുമില്ല. അത്തരമൊരു പുനര്‍വായനയിലാണ് മുംബൈ പോലീസ് കൂടുതല്‍ ആഴവും പരപ്പുമുള്ള കാഴ്ചയായി തീരുന്നത് .ആന്റണി മോസ്സസ് A -ആന്റണി മോസ്സസ് B എന്നീ ദ്വന്ദങ്ങളെ സൃഷ്ടിക്കുക വഴി സിനിമ നമ്മുടെ സമൂഹത്തിനു നേരെ വീണ്ടുവിചാരത്തിന്റെ കണ്ണാടിക്കഷ്ണം പിടിക്കുന്നു. മനുഷ്യമുഖം നഷ്ടമായിപ്പോയ ഒരു വ്യവസ്ഥിതിക്ക് കീഴില്‍ നാമോരോരുത്തരും ജീവിച്ച് തീര്‍ക്കാന്‍ നിര്‍ബന്ധിതമായിപ്പോകുന്ന ഓരോ ജീവിതങ്ങളുണ്ട്‌'; അതിലൂടെ എത്തിച്ചേരുന്ന അപചയങ്ങളുണ്ട്. അതൊക്കെയും വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ജീവിച്ചിരിക്കുമ്പോള്‍ തങ്ങളെ തിരിഞ്ഞു നോക്കാതിരുന്ന അച്ചനെക്കുറിച്ചോര്‍ത്ത് വേദനിക്കുന്ന പെങ്ങളോട് ആന്റണി കലഹിക്കുന്നുണ്ട് . അമ്മ മരിച്ചതിനു ശേഷം അവളെയും കൊണ്ട് ഓടിയ ഓട്ടമാണ് തന്റെ ജീവിതം എന്ന് വേദനിക്കുന്ന അയാള്‍ തുരുത്ത് ജീവിതം നയിക്കുന്ന ആളാണ്. ആ ഒറ്റപെടല്‍ തന്നെയാണ് അയാളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കുന്നതും.


ആന്റണി മോസ്സസ് A,താന്‍ ജീവിക്കുന്ന സമൂഹവുമായി പുലര്‍ത്തുന്ന നിരന്തര ബന്ധത്തിനാധാരം ഓര്‍മ്മകള്‍ തന്നെയാണ്. ഓര്‍മ്മകള്‍ നഷ്ടമാകുമ്പോള്‍ അയാള്‍ തികച്ചും വ്യത്യസ്ഥനായ, ആന്റണി മോസ്സസ് B ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നത് കൌതുകമുണര്‍ത്തുന്ന കാഴ്ചയാണ്. കുടുംബം,സൗഹൃദം,ലൈംഗികത,പക,ഭയം എന്നിങ്ങനെ എല്ലാ സാമൂഹിക ബന്ധനങ്ങളില്‍ നിന്നും അയാള്‍ മുക്തനാകുന്നു. മറ്റൊരാളായി മാറി നിന്ന് തന്റെ തന്നെ ജീവിതത്തെ നോക്കിക്കാണാനാകുന്നു. എനിക്ക് എന്നോടുള്ള സ്നേഹത്തെ ജയിക്കാന്‍ മറ്റൊന്നിനുമാകില്ല .അതിന്റെ വിവിധരൂപങ്ങള്‍ തന്നെയാണ് സ്വജനപക്ഷപാതം മുതല്‍ സഹജീവിസ്നേഹം വരെയുള്ള വികാരങ്ങളിലും പ്രകടിതമാകുന്നത്. ആ സ്വാര്‍ത്ഥതയില്‍ നിന്ന് അകന്നു നിന്ന് സ്വയം വിലയിരുത്താന്‍ കഴിഞ്ഞാല്‍ ജീവിതം ചിലപ്പോള്‍ നെറികെട്ടതോ ,അര്‍ത്ഥ ശൂന്യമോ ഒക്കെ ആയി തോന്നാം. ഉയര്‍ന്ന ദാര്‍ശനികമാനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ, കച്ചവടസിനിമയുടെ രസക്കൂട്ടിലെയ്ക്ക് സന്നിവേശിപ്പിക്കണമെങ്കില്‍ accident പോലെ എന്തെങ്കിലും സംഭവിച്ചേ മതിയാകൂ .ഓര്‍മ്മകള്‍ എന്നത് വ്യക്തി, ജനനം മുതലിങ്ങോട്ട് ഇടപെടുന്ന സമൂഹവും അതില്‍ നിന്ന് അവനാര്‍ജിച്ച ശേഷികളുടെയും സ്വഭാവത്തിന്റെയും സഞ്ചയമാണ്. ഓര്‍മകളുടെ കണ്ണി മുറിയുന്നതോടെ അപരവ്യക്തിത്വം ജനിക്കുന്നു .അത് സ്വയം വിമര്‍ശനത്തിനുള്ള ഉപാധി ആയി ഉപയോഗിക്കപ്പെടുന്നു. വികസനം ,സാംസ്കാരികം, പരിസ്ഥിതി എന്നിങ്ങനെ കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എല്ലാം തന്നെ സ്വയംവിമര്‍ശനപരമായ വശങ്ങള്‍ കൂടിയുണ്ടെന്ന് സിനിമ ഓര്‍മ്മിപ്പിക്കുന്നു .അത്തരം സംവാദങ്ങളില്‍ വ്യക്തി എന്ന നിലയില്‍ പങ്കു ചേരുക മാത്രമല്ല, സമൂഹം വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുകയാണ് പ്രധാനം. അധികാര ദുര്‍വിനിയോഗം ആകട്ടെ, സ്വജന പ്രീതിയാകട്ടെ , ലൈംഗിക അരാചകത്വമോ അക്രമപ്രവര്‍ത്തങ്ങളോ ആകട്ടെ എല്ലാം തന്നെ വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്നതിന് ആന്റണി മോസ്സസ് B എന്ന അപര വ്യക്തിത്വത്തിന്റെ രൂപീകരണം വഴി സാധിക്കുന്നു. അത് കൈയടക്കത്തോടെ ചെയ്ത് ഫലിപ്പിച്ചു എന്നത് തന്നെയാണ് സിനിമയുടെ സൗന്ദര്യവും പ്രാധാന്യവും . മാധ്യമം എന്ന നിലയിലുള്ള ഉത്തരവാദിത്വവും സിനിമ ഇതിലൂടെ നിര്‍വഹിക്കുന്നു .


അഭിനയത്തിലും രംഗസജ്ജീകരണത്തിലും പുലര്‍ത്തിയ മിതത്വവും ശാന്തതയും ഹൃദ്യമായ അനുഭവം പകരുന്നുണ്ട് . പതിഞ്ഞ താളത്തില്‍ , പക്ഷെ അവസാനം വരെ കാത്തു സൂക്ഷിക്കുന്ന സസ്പെന്‍സ്സ് തന്നെയാണ് സിനിമയുടെ മികവ് .ആന്റണി മോസ്സസ്സിന്റെ വിഭിന്ന മുഖങ്ങള്‍ അനായാസം അഭിനയിച്ച് ഫലിപ്പിച്ച പൃഥ്വിരാജ് നടനെന്ന നിലയില്‍ ഒരുപാട് മുന്നേറിയിട്ടുണ്ട്.( അയാളും ഞാനും തമ്മില്‍ , സെല്ലുലോയ്ഡ് എന്നെ ചിത്രങ്ങളിലും പൃഥ്വി ഒരേ കഥാപാത്രത്തിന്റെ ഭിന്നഭാവങ്ങള്‍ പകര്‍ന്നാടി എന്നത് യാദൃശ്ചികം ) വെറുക്കപ്പെട്ടവനില്‍ നിന്ന് വിജയിച്ചവനിലേക്കുള്ള പൃഥ്വിയുടെ മടങ്ങി വരവ് മലയാള സിനിമയുടെ നവോന്മേഷത്തെ കൂടുതല്‍ വൈവിദ്ധ്യമുള്ളതാക്കും .താരത്തെക്കാള്‍ നടനാകാന്‍ പരിശ്രമിക്കുന്ന ജയസൂര്യ, മലയാളിയുടെ പ്രീയനടന്‍ റഹ്മാന്‍ , അപര്‍ണ്ണ നായര്‍ മുതല്‍ ചെറിയ വേഷങ്ങള്‍ ചെയ്ത കുഞ്ചനും മുകുന്ദനും വരെ സിനിമയുടെ വിജയത്തില്‍ താന്താങ്ങളുടെ പങ്ക് വഹിച്ചിട്ടുണ്ട്‌ . കടന്നു പോയിക്കൊണ്ടിരിക്കുന്ന സംക്രമണഘട്ടത്തില്‍ , മലയാള സിനിമയെ സംബന്ധിച്ച് മുംബൈ പോലിസ് നല്ലൊരു കാല്‍ വെയ്പ്പ് തന്നെയാണ് .