Pratheep Kumar B

മേഘവിസ്‌ഫോടനം - ഒരു ജല - അന്തരീക്ഷജന്യ പ്രകൃതിദുരന്തം

Pratheep Kumar B

മേഘവിസ്‌ഫോടനം എന്നാല്‍ വളരെ ചെറിയ ഒരു പ്രദേശത്ത്, ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ വളരെ ഉയര്‍ന്ന തോതില്‍ ലഭ്യമാകുന്ന  മഴ എന്നതാണ്. ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ  നിര്‍വ്വചന പ്രകാരം ഒരു പ്രദേശത്ത് ഒരു മണിക്കൂറിനുള്ളില്‍ 100 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കുകയാണെങ്കില്‍ അതിനെ ഉച്ച മേഘവിസ്‌ഫോടനമായി കണക്കാക്കാം. അതേ സമയം അടുത്തടുത്തുള്ള രണ്ട് മണിക്കൂറുകള്‍ക്കിടയില്‍ 50 മില്ലിമീറ്ററോ  അതില്‍ അധികമോ മഴ ലഭിക്കുന്ന  സാഹചര്യങ്ങളില്‍ അതിനെ ലഘു മേഘവിസ്‌ഫോടനം എന്നും 24 മണിക്കൂറിനുള്ളില്‍ 200 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കുകയാണെങ്കില്‍ അതിനെ അതിതീവ്രമഴ എന്ന  ഗണത്തിലും ഉള്‍പ്പെടുത്തുന്നു.

qqqqq

ഇന്ത്യയിലെ മേഘവിസ്‌ഫോടനങ്ങളെല്ലാം തന്നെ മൺസൂൺ മഴക്കാല  മാസങ്ങളിലായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മൺസൂൺ  മഴമേഘങ്ങളായ ക്യുമുലോനിംബസ് മേഘങ്ങളില്‍ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന  മണ്ഡലങ്ങളിലെ മര്‍ദ്ദ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന  അസ്ഥിരത, ലംബതലത്തിലുള്ള ശക്തിയേറിയ വായു ചംക്രമണകോശങ്ങളുടെ രൂപീകരണത്തിന് കാരണമായിത്തീരുന്നു. അടരുകളായി അന്തരീക്ഷത്തിന്റെ ഉയര്‍ വിതാനങ്ങളിലേക്ക് വ്യാപിക്കുന്ന  നിരവധി വായു ചംക്രമണ കോശങ്ങള്‍ അടങ്ങിയ കൂമ്പാരമേഘങ്ങളായി ഇവ ക്രമേണ പരിവര്‍ത്തനപ്പെടുന്നു.

qq

പര്‍വ്വതച്ചരിവുകള്‍ക്ക് മുകളില്‍ നില്‍ക്കുന്ന  ഈ മേഘങ്ങളിലേക്ക് ചരിവുകളിലൂടെ ഉയർന്ന് ചെന്നെത്തുന്ന  നീരാവി പൂരിതവായു, വര്‍ദ്ധിച്ചതോതിലുള്ള ഘനീകരണത്തിന് കാരണമായിത്തീരുന്നു. എന്നാല്‍, മേഘങ്ങള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന  അതിശക്തമായ ലംബതല വായുപ്രവാഹങ്ങള്‍, ഘനീഭവിച്ചുണ്ടാകുന്ന  മഴത്തുള്ളികളെ താഴേയ്ക്ക് വീഴാന്‍ അനുവദിക്കാതെ മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുന്നു, ഒപ്പം കൂടുതല്‍ ഘനീകരണത്തിന് ഇടയാകുകയും ചെയ്യുന്നു. കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ അനേകലക്ഷം ഗ്യാലന്‍ ജലം ഈവിധത്തില്‍ മേഘങ്ങള്‍ക്കുള്ളില്‍ സംഭരിക്കപ്പെടുന്നു. ലംബതലത്തിലുള്ള വായുപ്രവാഹത്തിന്റെ തീവ്രതയില്‍ കുറവ് വരുന്ന  ഘട്ടത്തില്‍ സംഭരിക്കപ്പെട്ട ജലം ഒരു വാട്ടര്‍ ബലൂണില്‍ നിന്നെന്നപോലെ  ഭൗമോപരിതലത്തിന്മേല്‍ പതിക്കുന്നു.
 
ഒരു കിലോമീറ്ററിന് 27 മീറ്റര്‍ എന്ന  തോതില്‍ പടിഞ്ഞാറ് നിന്നും  കിഴക്കോട്ടുള്ള ചരിവ് വര്‍ദ്ധനവ്, ഉയര്‍ന്ന  നദിവ്യൂഹ സാന്ദ്രത, വര്‍ഷങ്ങളുടെ ഖാദന പ്രക്രിയ മൂലം ദുര്‍ബലമാക്കപ്പെട്ട കുന്നിന്‍ചരിവുകളിലെ ലാറ്ററൈറ്റ് മണ്ണിന്റെ സാന്നിധ്യം, വ്യക്തമായ മൺസൂൺ മഴക്കാലം, നിലവിലുള്ള ഭൂവിനിയോഗതരങ്ങളിലാകമാനം വ്യാപിച്ചുകിടക്കുന്ന   മനുഷ്യവാസസ്ഥാനങ്ങള്‍, ഉയര്‍ന്ന  ജനസാന്ദ്രത, മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങളാണ് കേരളത്തിലെ ജല -അന്തരീക്ഷ ജന്യ പ്രകൃതിദുരന്തങ്ങളുടെ തീവ്രതയേയും നാശനഷ്ടങ്ങളുടെ വ്യാപ്തിയേയും നിര്‍ണ്ണയിക്കുന്നത്. ഉപഗ്രഹ-ഭൂതല അധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, തല്‍സമയ വിവര വിനിമയ ഉപാധികളുടെ പ്രയോഗം, ഏകോപനത്തോടെയുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വഴി ഒരു പരിധിവരെ ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങളുടെ സാധ്യതകളെ പ്രവചിക്കാനും അവയുണ്ടാക്കുന്ന  ദുരന്തങ്ങളെ ലഘൂകരിക്കാനും സാധിക്കും.