1928 ജൂണ്‍ 14ന് അര്‍ജന്‍റ്റിനയിലെ റോസാറിയോയില്‍ സീലിയ ദെ ലാ സെര്‍ന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളില്‍ ഒരാളായാണ് ചെഗുവെരയുടെ ജനനം. ബുനെസ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാഭ്യാസ കാലത്താണ് സൗത്ത് അമേരിക്കയിലാകെ അദ്ദേഹം യാത്ര ചെയ്തത്. അധഃസ്ഥിതരുടെ സങ്കടങ്ങളും പട്ടിണിയും ചെ നേരില്‍ കണ്ടു.1953 ലാണ് അദ്ദേഹത്തിന് മെഡിക്കല്‍ ബിരുദം ലഭ്യമാകുന്നത്. തുടര്‍ന്ന് ലാറ്റിനമേരിക്കയിലൂടെ സഞ്ചാരം ആരംഭിച്ചു. മെക്സിക്കോയില്‍ വെച്ച് അദ്ദേഹം ഫിദല്‍ കാസ്ട്രോയടങ്ങുന്ന നാടുകടത്തപ്പെട്ട വിപ്ലവകാരികളുടെ സംഘത്തെ കണ്ടു. ഏകാധിപതി ബാറ്റിസ്റ്റയുടെ കിരാത ഭരണത്തിനെതിരെ ഫിദല്‍ കാസ്‌ട്രോ നയിച്ച സമാനതകളില്ലാത്ത വിപ്ലവത്തില്‍ ചെഗുവേര സുപ്രധാന പങ്കു വഹിച്ചു. സമതയ്ക്കായുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ ശക്തി.
ചെ ജനിച്ചത് ക്രിസ്തു മതത്തിലാണെങ്കിലും തന്റെ മതം കമ്യൂണിസമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ദൈവം എന്നത് തന്റെ മരണമാണെന്നും ഏക ദൈവം മരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപരിപാലന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങളാണ് അദ്ദേഹം നടത്തിയത്. ആരുംഅടുക്കാന്‍ മടിക്കുന്ന കുഷ്ടരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുവാന്‍ കുഷ്ടരോഗാശുപത്രിയില്‍ ജോലി ചോദിച്ചു വാങ്ങുകയായിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ട ചെ ഒരു മോട്ടോര്‍ ഘടിപ്പിച്ച ഒരു സൈക്കിളില്‍ നടത്തിയ യാത്ര നിരാശ്രയരുടെ ജീവിതം അടുത്തറിയാന്‍ പര്യാപ്തമാക്കി. യാത്രകള്‍ക്കെല്ലാം കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അനീതികള്‍ക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടേയിരുന്നു.
ക്യൂബയില്‍ നിന്നും മുതലാളിത്വ ശക്തികളെ തുരത്തിയ ഫിദല്‍ കാസ്ട്രോയുടെയും ചെഗുവേരയുടെയും സംഘം ക്യൂബന്‍ ജനതയ്ക്ക് സ്വാതന്ത്രം പകര്‍ന്നു നല്‍ കി. ക്യൂബയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു. ചെഗുവേര വ്യവസായ വകുപ്പു മന്ത്രിയായി . കാര്‍ഷിക പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കി. ക്യൂബയിലാകെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ കിയ അദ്ദേഹം ദേശീയ ബാങ്ക് പ്രസിഡന്റ്, ക്യൂബന്‍ സൈനിക സൈദ്ധാന്തിക തലവന്‍, ലോകമാസകലം സോഷ്യലിസ്റ്റ് ക്യൂബയുടെ നയതന്ത്രജ്ഞ മുഖം തുടങ്ങിയ നിലകളിലെല്ലാം തന്റെ ഉത്തരവാദിത്വങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചു. പക്ഷേ അദ്ദേഹത്തിന്റെ മനസ് അശാന്തമായ് തുടര്‍ന്നു. മന്ത്രി സ്ഥാനം രാജി വച്ച് വീണ്ടും വിപ്ലവത്തിലേക്കു നടന്നു.
രാജി വച്ച ചെഗുവേര ഫിഡലിന് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു.
‘ഞാന്‍ വിപ്ലവകാരിയാണ് എന്റെ ഉത്തരവാദിത്വം വിപ്ലവം സംഘടിപ്പിക്കലാണ്. ഒട്ടനവധി രാജ്യങ്ങള്‍ കഷ്ടതയിലുണ്ട്. എന്റെ യാത്ര അവിടങ്ങളിലേക്കാണ്. ശത്രുക്കളെ നിഷ്‌ക്കാസനം ചെയ്യാന്‍ വിപ്ലവമല്ലാതെ മറ്റു വഴികളില്ല’.
വിപ്ലവകാരികളുടെ യാത്ര അതീവ ദയനീയമായിരുന്നു. ഭക്ഷണവും വെള്ളവും ലഭ്യമാകാതെ രോഗത്തിലും പട്ടിണിയിലും നിരവധി പേര്‍ മരിച്ചുവീണു. തന്റെ ഭക്ഷണ വിഹിതം ഭക്ഷണം പങ്കിട്ടു നല്‍ കിയ ചെഗുവേര അവിടെയും ഉദാത്ത മാതൃകയായി. സി.എെ.എെ, അമേരിക്കന്‍ പിന്തുണയുള്ള ബൊളീവിയന്‍ സൈന്യം എന്നിവര്‍ ചേര്‍ന്നാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ എക്കാലത്തെയും പേടി സ്വപ്നമായ ചെഗുവേരയെ പിടികൂടി കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കൈകള്‍ ഛേദിക്കപ്പെട്ടു. മൃതശരീരം അജ്ഞാതമായൊരു സ്മശാനത്തിലാണ് അടക്കപ്പെട്ടത്. 1997 ല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെടുകയും ക്യൂബയിലേക്ക് അയക്കപ്പെടുകയും ചെയ്തു.
മൂന്നാംലോക രാഷ്രങ്ങളിലെ വികസനരാഹിത്വത്തിന്റെ സുപ്രധാന കാരണങ്ങള്‍ സാമ്രാജ്യത്വവും, നവകോളനിവത്ക്കരണവും കുത്തകമുതലാളിത്തവുമാണെന്ന അദ്ദേഹം ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും ലോക വിപ്ലവവും മാത്രമാണ് ഇവയ്ക്കുമേലുള്ള പരിഹാരമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.
ചെഗുവേര ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രവും നയപരിപാടികളും വിമോചിതരുടെ പടനായകന്‍ എന്ന നിലയില്‍ അതിരുകള്‍ അപ്രസക്തമാക്കി അദ്ദേഹത്തെ അനുദിനം പ്രസക്തനാക്കുന്ന ലോക സാഹചര്യത്തിലാണ് കേരളത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ചെഗുവേരക്കെതിരായ ആശയപ്രചരണം ആരംഭിയ്ക്കുന്നത്. ബി ജെ പി ഉയര്‍ത്തുന്ന വര്‍ഗ്ഗീയ നയങ്ങള്‍ക്ക് വേരോട്ടമുണ്ടാകാത്തതിന് കാരണം കേരളത്തിലെ ഇടതുപക്ഷവും യുവജനങ്ങളിലടക്കം സജീവമായി പ്രചാരം നേടുന്ന ചെഗുവേരയുടെ ആശയങ്ങളുമാണെന്ന് അവര്‍ കണക്കു കൂട്ടുന്നു. ടീ ഷര്‍ട്ടുകളില്‍ , ഗ്രാഫിറ്റികളില്‍ , ചുമര്‍ ചിത്രങ്ങളില്‍ പോസ്റ്ററുകളില്‍ ചെരുപ്പുകളില്‍ പോലും ചെഗുവേര നിറഞ്ഞു നില്‍ ക്കുന്നത് അവരെ അസ്വസ്ഥപെടുത്തുന്നു. അതുകൊണ്ടാണ് ചെഗുവേര ചിത്രങ്ങള്‍ കേരളീയ ഗ്രാമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. ചെയുടെ ചിത്രം യുവജനങ്ങളില്‍ ദോഷകരമായ സ്വാധീനം ചെലുത്തുന്നുവെന്നും കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ യുവജനങ്ങള്‍ അതിനാലാണ് കലാപകാരികളാകുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
അപക്വവും അസഹിഷ്ണുത നിറഞ്ഞതുമായ പ്രസ്തുത പ്രസ്താവനയിലൂടെ ബി ജെ പി തങ്ങളുടെ ഫാസിസ്റ്റു രാഷ്ട്രീയത്തെ ആവര്‍ത്തിനങ്ങളിലൂടെ വെളിപ്പെടുത്തുകയാണ്. എ എം രാധാകൃഷ്ണന്‍മാര്‍ ചെഗുവേരയെ ഭയക്കുന്നതില്‍ വെറുക്കുന്നതില്‍ അത്ഭുതമില്ല. കാരണം അവര്‍ക്കെല്ലാമെതിരായാണ് ചെ രക്തസാക്ഷിത്വം വരിച്ചത്. ഫാസിസം തലയുയര്‍ത്തുന്ന ഓരോ വേളയിലും ചെ ലോകമാസകലമുള്ള മനുഷ്യസ്നേഹികളിലൂടെകലാപം ചെയ്തുകൊണ്ടിരിക്കും.