Dr Divya Chandrashobha

മോദിയ്ക്ക് പിറന്നാള്‍ കൊള്ളാന്‍ ജിഗ്നേഷ് മേവാനിയെ അറസ്റ്റു ചെയ്യുന്നത് കാടത്തം

ഉനയില്‍നിന്നും മുഴങ്ങിക്കേട്ട ദളിത് പോരാട്ടകാഹളത്തിന് അംബേദ്കറാനന്തര ഇന്ത്യയില്‍ സമാനതകളില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ അതിന്റെ 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ജനസംഖ്യയുടെ 16.2 % വരുന്ന ദളിത് വിഭാഗങ്ങളും 8.2 % ആദിവാസി വിഭാഗങ്ങളും ജാതീയമായ വിവേചനത്തിനും അതിക്രമങ്ങള്‍ക്കും അസമത്വത്തിനുമെതിരെ സമരരംഗത്തിറങ്ങുന്ന കാഴ്ചയ്ക്കാണ് ലോകജനത സാക്ഷ്യം വഹിച്ചത്. രോഹീത് വെമുലയുടെ അമ്മയും ഉനയില്‍ പശുസംരക്ഷകരുടെ ഭീകരമര്‍ദ്ദലത്തിനിരയായ ദളിത് യുവാവിന്റെ പിതാവ് ബാലു സരവയ്യയും ചേര്‍ന്ന് ഉയര്‍ത്തിയ സ്വാതന്ത്ര്യപതാക പാറിക്കളിക്കുന്നത് സവര്‍ണഭരണകൂടങ്ങളും ഹിന്ദുത്വശക്തികളും കൂടി ചേര്‍ന്ന് 69 വര്‍ഷമായി കെട്ടിപ്പൊക്കിയ കപടദളിത് സ്‌നേഹത്തിന്റെ നെറുകിലാണ്.


download


തോട്ടിപ്പണിയും ചത്തപശുക്കളെ മറവുചെയ്യുന്നതടക്കമുള്ള കുലവൃത്തികള്‍ ഇനിമേല്‍ ചെയ്യില്ലെന്ന ദൃഢപ്രതിജ്ഞയാണ് അവിടെനിന്നും ഉയര്‍ന്നുകേട്ടത്. ദളിത് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോരാളിയും നേതാവുമായ ജിഗ്മേഷ് മേവാനിയുടെ മുഖ്യനേതൃത്വത്തില്‍ ആഗസ്ത് 4 ന് അഹമ്മാദാബാദില്‍നിന്നും ആരംഭിച്ച അസ്മിതയാത്ര കാല്‍നടയായി ഗുജറാത്തിന്റെ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചാണ് ആഗസ്ത് 15 ന് ഉനയില്‍ എത്തിച്ചേര്‍ന്നത്. നിങ്ങളുടെ പശുക്കളെ നിങ്ങളെടുത്തോളു. ഞങ്ങള്‍ക്ക് കൃഷിഭൂമി തരൂ. ഞങ്ങള്‍ കൃഷി ചെയ്ത് ജീവിച്ചോളാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ യാത്രയിലുടനീളം ഉയര്‍ന്നു. ബദല്‍ തൊഴില്‍ സംവിധാനങ്ങളൊരുക്കുക, റിസര്‍വേഷന്‍ നിയമത്തില്‍ ഉറപ്പുനല്‍കുന്ന ആനുകൂല്യങ്ങള്‍ നടപ്പിലാക്കു, ദളിത് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുക, ദളിത് സമുദായത്തില്‍നിന്നും ആരും തോട്ടിപ്പണി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ പത്തോളം ആവശ്യങ്ങളാണ് യാത്ര കേന്ദ്രഗവണ്‍മെന്റിന്റെ മുന്നിലും ഇന്ത്യന്‍ സമൂഹമനസ്സിന്റെ മുന്നിലും സമര്‍പ്പിക്കുന്നത്.ആവശ്യങ്ങള്‍ നടപ്പിലാക്കാത്തപക്ഷം സമരം ന്യൂഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പുനല്‍കുന്നു.



ദലിതര്‍ക്കെതിരായ സംഘപരിവാര്‍ ഫാസിസ്റ്റ് വാഴ്ച്ചയുടെ ഭാഗമായി ഉന പ്രക്ഷോഭനേതാവ് ജിഗ്നേഷ് മേവാനിയെ പോലീസ് അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പിറന്നാള്‍ ഘോഷിയ്ക്കുന്നതിനായി ഗുജറാത്തിലെത്തുന്ന മോദിയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അന്യായമായ അറസ്റ്റും കരുതല്‍ തടങ്കലും. ദളിതര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ തലത്തില്‍ രൂപീകരിച്ച സംയുക്തവേദിയായ ദളിത് സ്വാഭിമാന്‍ സംഘര്‍ഷിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടത്തിയ മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുത്ത് അഹമ്മദാബാദിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ചാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മോദിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന ജിഗ്നേഷ് മേവാനി പ്രഖ്യാപനത്തെ സംഘപരിവാരം എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊടിയ മനുഷ്യാവകാശലംഘനമായ പ്രസ്തുത അറസ്റ്റും നിര്‍ബന്ധിത തടങ്കലും. പൗരാവകാശങ്ങള്‍ക്കുമേല്‍ രാഷ്ട്രീയ അധികാരം പ്രയോഗിയ്ക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ അനീതിയ്‌ക്കെതിരെ ജനാധിപത്യവാദികള്‍ ഒന്നടങ്കം രംഗത്തു വരേണ്ടതുണ്ട്. മേവാനി തടങ്കലില്‍ കഴിയുന്ന ഓരോ നിമിഷവും ഇന്ത്യന്‍ ജനാധിപത്യത്തിനു മേല്‍ കരിനിഴല്‍ വീണുകൊണ്ടേ ഇരിയ്ക്കും. അടിയന്തിരമായി ജിഗ്നേഷ് മേവാനിയെ മോചിപ്പിച്ച് നരേന്ദ്ര മോദി രാജ്യത്തോടു മാപ്പു പറയേണ്ടതുണ്ട്.


sitaram_588599


ദളിതര്‍ക്കുനേരെയുള്ള അക്രമണങ്ങള്‍, വിവേചനം എന്നിവ ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ദളിതരോട് ആയിത്തം പാലിക്കുന്ന സാമൂഹികദുരാചാരം നമ്മുടെ രാജ്യത്ത് ഇപ്പോഴും വ്യാപകമാണ്. നാഷണല്‍ ഹ്യൂമല്‍ റൈറ്റസ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഓരോ പതിനെട്ട് മിനിറ്റിലും ദളിതര്‍ ആക്രമിക്കപ്പെടുന്നുണ്ട്. ദിനംപ്രതി ശരാശരി 3 ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും 2 ദളിതര്‍ കൊല്ലപ്പെടുകയും 2 ദളിത് വീടുകള്‍ ചുട്ടെരിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ബീഹാറിലെ മുല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ബി.സക്‌സേനയും നാഷണല്‍ ഹ്യൂമല്‍ റൈറ്റസ് കമ്മീഷനും ചേര്‍ന്ന് നടത്തിയ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 37 ശതമാനം ദളിതര്‍ ദാരിദ്രരേഖയ്ക്ക് താഴെയാണ്. 54 ശതമാനം പേര്‍ പോഷകാഹാരകുറവ് അനുഭവിക്കുന്നു. 83 ശതമാനം കുട്ടികള്‍ ജനിച്ച് ഒരു വയസ്സ് പൂര്‍ത്തിയാകുന്നതിനുമുമ്പ് മരണമടയുന്നു. 12 ശതമാനംപേര്‍ 5 വയസ്സ് തികയുന്നതിനുമുമ്പ് മരണമടയുന്നു. 45 ശതമാനം പേര്‍ നിരക്ഷരരാണ്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ 28 ശതമാനം പോലീസ് സ്റ്റേഷനുകളിലും ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. 39 ശതമാനം സ്‌കൂളുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാന്‍ വേര്‍തിരിച്ച ഇടം നല്‍കിയിരുക്കുന്നു. തൊട്ടുകൂടായ്മ കാരണം 48 ശതമാനം ഗ്രാമങ്ങളില്‍ ജലസ്രോതസ്സുകള്‍ നിഷേധിച്ചിരിക്കുന്നു. ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് മുന്‍പന്തിയില്‍. വിദ്യാഭ്യാസസ്ഥാപനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല എന്നാണ്, എന്റെ ജന്മം തന്നെയാണ് ഞാന്‍ നേരിട്ട മാരകമായ അപകടമെന്ന് എഴുതിവെച്ച് മരണത്തിലേക്ക് സ്വയം നടന്നുപോയ രോഹിത് വെമുല സാക്ഷ്യപ്പെടുത്തുന്നത്.


download-2


നോര്‍ത് ഇന്ത്യയിലും ഹൈദരാബാദുമായി നടന്ന 25 വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ 23 പേര്‍ ദളിതരായിരുന്നു. ഇതില്‍ രണ്ട് പേര്‍ ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. 11 പേര്‍ ഹൈദരാബാദിലും. സംവരണത്തിന്റെ പേരില്‍ കളിയാക്കലുകള്‍, തൊലിനിറത്തിന്റെ പേരിലുള്ള കളിയാക്കലുകള്‍, മെറിറ്റ് ചോദ്യം ചെയ്യല്‍, ഇന്റേണല്‍ അസ്സസ്സ്‌മെന്റ് കുറയ്ക്കല്‍, ബോധപൂര്‍വ്വം തോല്‍പ്പിക്കല്‍, പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകള്‍ ആണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടക്കുന്നത്. ദളിതര്‍ക്കുനല്‍കുന്ന സംവരണം മൂലം സവര്‍ണ്ണജാതിക്കാര്‍ ജോലി ലഭിക്കുന്നില്ല എന്ന ആക്ഷേപം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നടന്ന സംവരണവിരുദ്ധപ്രക്ഷോഭങ്ങള്‍ അത് കാണിക്കുന്നുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥ അവസ്ഥ ? 2014 ല്‍ ശ്രീ നാരായണ സ്വാമി ലോകസഭയില്‍ നല്‍കിയ പ്രസ്താവന പ്രകാരം കേന്ദ്രഗവണ്‍മെന്റിന്റെ 73 ഡിപ്പാര്‍ട്ട്‌മെന്‌റുകളില്‍ 25037 പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. വര്‍ഷങ്ങളായി നിയമനം നടന്നിട്ടില്ല. പ്രമോഷന്‍ പ്രകാരം നികത്തേണ്ട 4518 പട്ടികജാതി സീറ്റുകളും 7416 പട്ടികവര്‍ഗസീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. കാരണം ലളിതം യോഗ്യരായാവര്‍ ഇല്ല. ഇത് കേന്ദ്രത്തിന്റെ അവസ്ഥ. ഇനി ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി പരിശോധിച്ചാല്‍ ഇതിലും ഭീകരമായ ചിത്രമായിരിക്കും ലഭിക്കുക. ഫോര്‍ത് എസ്റ്റേറ്റ് ആയ മാധ്യമങ്ങള്‍ അവരുടെ ജീവനക്കാരുടെ ജാതിവിവരകണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാകാത്തത് എസ്.സി.എസ്ടി വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാരുടെ കണക്കുകള്‍ വെളിപ്പെടത്തേണ്ടിവരും എന്നതുകൊണ്ടുമാത്രമാണ്. സംവരണസീറ്റുകളില്‍ പഠിച്ചു വന്നവര്‍ക്ക് എങ്ങിനെയാണ് കലാസാഹിത്യ അഭിരുചികള്‍, ഭാഷാപ്രാവീണ്യം ഉണ്ടാകുക എന്ന സവര്‍ണ്ണസംവരണവിരുദ്ധബോധ്യം മാധ്യമങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.


maxresdefault


ഈവക അതിക്രമങ്ങള്‍ക്കൊക്കെയും പുറമെയാണ് ഗോസംരക്ഷകരുടെ (ഗോരക്ഷാ ദള്‍) വകയായുള്ള ക്രൂരതകള്‍. സംഘപരിവാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈ സംഘടനകള്‍ പശുക്കളെ കൊല്ലുന്നുവെന്നാരോപിച്ച് നിരവധി ദളിരെയാണ് ആക്രമിച്ചുകൊണ്ടിരിക്കുന്നുത്. തൊഴിലിന്റെ ഭാഗമായി ചത്തപശുക്കളുടെ തൊലിയുരിഞ്ഞുകൊണ്ടിരുന്ന നാല് ദളിത് യുവാക്കളെ അവര്‍ പശുക്കളെ കൊന്നാണ് തൊലിയുരിയുന്നത് എന്ന് ആരോപിച്ചുകൊണ്ട് ഗോസംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. പശുക്കളുടെ തൊലിയിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ യുവാക്കളും പശുവിനെ ആരാധിക്കുന്നവര്‍തന്നെയാണ്. പക്ഷേ, ഇതൊന്നും ഗോസംരക്ഷകര്‍ക്ക് മനസ്സിലാവുന്ന കാര്യങ്ങളല്ല. ആര്‍.എസ്.എസ് വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് പശു ഹിന്ദുക്കളുടെ മാതാവായതുകൊണ്ടുതന്നെ പശുവധം അവരുടെ മതവികാരത്തെ മുറിപ്പെടുത്തുന്നുവെന്നും അതുകൊണ്ടുതന്നെ അത് നിരോധിക്കണമെന്നും. കാര്യമായി, പശു മാംസം വിരുദ്ധമല്ലാത്ത മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യം വെച്ചാണ് അത്തരം ആവശ്യം അവര്‍ ഉന്നയിക്കുന്നതെങ്കിലും കന്നുകാലികളുടെ തൊലിയുരിഞ്ഞ് വില്‍ക്കുന്നത് ഉപജീവനമാര്‍ഗമാക്കിയ ദളിതരും ഇവരുടെ ശത്രുപട്ടികയിലാണ്. രാജ്യത്തുടനീളം നടന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രി ഗുരുതരമായ മൗനം പാലിച്ചു. ഒടുവില്‍ നിവൃത്തിയില്ലാതെ വാതുറന്നു. പക്ഷേ, അതുകൊണ്ടൊന്നും ഈ അക്രമണങ്ങള്‍ അവസാനിക്കുകയില്ല. കാരണം ഗോവധനിരോധനമെന്നത് സംഘപരിവാര അജണ്ടയാണ്. മോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്തില്‍ ഗോവധനിരോധനം നടപ്പിലാക്കിയത്. സുപ്രീംകോടതിയുടെ അംഗീകാരംകൂടി ഇതിന് ലഭ്യമായതോടെ ഗുജറാത്തിനെ പിന്തുടര്‍ന്ന് ഹരിയാനയും മഹാരാഷ്ട്രയും ഗോവധം നിരോധിച്ചു. ലതര്‍ ഇക്‌സ്‌പോര്‍ട്ട് കൗണ്‍സിലിന്റെ കണക്കുപ്രകാരം ലതര്‍ വ്യവസായത്തില്‍ ജോലിചെയ്യുന്ന 2.5 മില്ല്യണ്‍ ജനങ്ങളില്‍ ഭൂരിഭാഗവും ദളിതരാണ്. 8 ലക്ഷം ദളിതരുടെ ഉപജീവനമാര്‍ഗമാണ് ഇതിലൂടെ ഇല്ലാതാവുക. പശുക്കളെ കൊന്നുകൊണ്ട് മാംസവിപണി വികസിപ്പിക്കുകയാണെന്ന മോദിയുടെ ആരോപണം (അദ്ദേഹം അതിന് പിങ്ക് റവല്യൂഷന്‍ എന്ന് നാമകരണം ചെയ്തു) (ഏപ്രില്‍ 3, 2014 ന് ബീഹാറില്‍ നടത്തിയ പ്രസ്താവന) വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. പശുക്കളെയല്ല പോത്ത്- എരുമ എന്നിവയുടെയും പ്രത്യുല്‍പ്പാദനക്ഷമത നഷ്ടപ്പെട്ട കന്നുകാലികളെയുമാണ് ഭക്ഷണാവശ്യത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കുന്നതെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം ബോധപൂര്‍വ്വം മറച്ചുവെച്ചു. 2012 ലെ കന്നുകാലി സെന്‍സസ് പശുക്കളെ എണ്ണം വര്‍ദ്ധിക്കുകയാണ് ചെയ്തത് എന്നാണ് കാണിക്കുന്നത്. ഇതിനൊക്കെ പുറമെ മാംസകയറ്റുമതി രംഗത്തെ പ്രമുഖരില്‍ ബി.ജെ.പി.യുടെ പ്രധാനപ്പെട്ട നേതാക്കളുംപെടുന്നുണ്ട് എന്ന വാര്‍ത്ത സത്യമെങ്കില്‍ ഇവരുടെ ഗോമാതാ സ്‌നേഹം എത്ര പൊള്ളയാണെന്ന് വ്യക്തമാകും.


images


ദളിത് സ്‌നേഹം വഴിഞ്ഞൊഴുകുന്ന പ്രസ്താവനകളാണ് പ്രധാനമന്ത്രിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്. മോദി പിറന്നാള്‍ ആഘോഷിക്കുന്നത് ഗുജറാത്തിലെ ആദിവാസികളുടെ കൂടെയാണുപോലും.


മോദി 10 കൊല്ലം ഭരിച്ച ഗുജറാത്തില്‍ ഇന്നും തോട്ടിപ്പണി ചെയ്യുന്നത് ദളിതരാണ്. ചത്ത കന്നുകാലികളെ മറവുചെയ്യുന്ന പണി ചെയ്യുന്നത് ദളിതരാണ്. 80 ശതമാനം ദളിതരും ദിവസക്കൂലിക്കാര്‍, കാര്‍ഷികമേഖലയില്‍ ജോലിയെടുക്കുന്നവര്‍, ഭൂമിയില്ലാത്തവര്‍ ആണ് ദളിതര്‍. ഗുജറാത്തില്‍ ദളിതര്‍ക്കെതിരെ അക്രമണങ്ങള്‍ ദിനംപ്രതി പെരുകുന്നതായി നവസര്‍ജന്‍ എന്ന സംഘടന നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 1500 ദളിത് ഗ്രാമങ്ങളില്‍ നടത്തിയ പഠനത്തിലാണ് ദളിതര്‍ക്കുനേരെ വ്യത്യസ്തരീതിയിലുള്ള അക്രമങ്ങള്‍ പെരുകുന്നതായി കണ്ടെത്തിയത്. തോട്ടിപ്പണി ദളിതരുടെ വിധിയാണെന്ന് പറഞ്ഞതും മറ്റാരുമല്ല മോദിയാണ്. എന്നാല്‍ ജാതിവ്യവസ്ഥയെ തള്ളിപ്പറയാന്‍ സംഘപരിവാരം ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, ആര്‍.എസ്.എസ്സിന്റെ ഓരോ റാങ്കുകളിലും ജാതീയമായ വേര്‍തിരിവുണ്ടെന്ന് 29 വര്‍ഷം ബി.ജെ.പിയുടെ പ്രര്‍ത്തകനും ആര്‍.എസ്.എസ് അംഗവുമായിരുന്ന പ്രവീണ്‍ നകുല്‍ പറയുന്നു.


ജാതി വിവേചനവും ദളിതര്‍ക്കുനേരെ വര്‍ദ്ധിവരുന്ന അക്രമത്തിലും പ്രതിഷേധിച്ചുകൊണ്ട് പാര്‍ട്ടിവിട്ടതാണ് നകുല്‍. ബി.ജെ.പിയുടെ അനുസൂചി വിഭാഗം അഥവാ പിന്നോക്കജാതി വിഭാഗവിംഗില്‍ വര്‍ഷങ്ങളായി പ്രര്‍ത്തിച്ച ഞാന്‍ എന്റെ സീനിയേഴ്‌സിനോട് നിരവധി തവണ ദളിത് മേഖലക്കുപുറമെയുള്ള പ്രവര്‍ത്തനമേഖലകള്‍ തരാന്‍ ആവശ്യപ്പെടുമ്പോള്‍ അതിന് തയ്യാറായില്ലെന്ന് വെളിപ്പെടുത്തുന്നു. നേതാക്കള്‍ ദലിത് ഏരിയകള്‍ ഇലക്ഷന്‍ സമയത്ത് മാത്രമേ സന്ദര്‍ശിക്കാറൊള്ളു. അവിടെ നിന്നും ഭക്ഷണം കഴിക്കില്ല. സമ്മേളനങ്ങളില്‍ ദളിതര്‍ക്ക് താമസിക്കാന്‍ പ്രത്യേകതാമസസ്ഥലം ഏര്‍പ്പാടാക്കുമായിരുന്നെവെന്നെല്ലാം നകുല്‍ പറയുന്നു. ഏറെ ആഘോഷിക്കപ്പെടുന്ന ഗുജറാത്ത് വികസനം താഴേതട്ടിലേക്ക് എത്തിയിട്ടില്ലെന്ന് ജിഗ്മേഷ് മേവാനി പറയുന്നു. കാര്‍ഷികപ്രതിസന്ധി രൂക്ഷമാണ്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വിവേചനം, അക്രമം, തൊട്ടുകൂടായ്മ, സാമ്പത്തിക വിവേചനം എ#്‌ലലാം കാരണം ദളിത് സമുദായങ്ങള്‍ എല്ലാം അരക്ഷിതരാണ്. ദളിതരുടെ ക്ഷേത്രപ്രവേശനസമരങ്ങള ബി.ജെ.പി പിന്തുണയ്ക്കാറില്ല. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പല സവര്‍ണ്ണക്ഷേത്രങ്ങലിലും ദളിതര്‍ക്ക് പ്രവേശനമില്ല. സംവരണനിയമങ്ങള്‍ പാലിക്കുന്നില്ല. ഇവരുടെ നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ കൂട്ടായ്മക്ക് വേണ്ടി സംസാരിക്കുന്നത്.


download-3


കേരളത്തില്‍ നവോത്ഥാനാശയങ്ങളുടെ പിന്‍ബലത്തോടെ നടന്ന സമുദായപരിഷ്‌ക്കരണങ്ങളും കമ്മ്യൂണിസ്റ്റ് കര്‍ഷകസമരങ്ങളും ദളിത് വിഭാഗങ്ങളുടെ സാമൂഹിക പദവി ഉയരുന്നതിന് കാരണമായിട്ടുണ്ട്. 1957 ലെ ഇം.എം.എസ് ഗവണ്‍മെന്റിന്റെ നയങ്ങള്‍ അതിന് ആക്കം കൂട്ടി. ജാതിവിവേചനം കൂടാതെ വിദ്യാഭ്യാസം, ജോലി,വേതനം എന്നിവയെല്ലാം ലഭ്യമാകുന്ന സാഹചര്യം കേരളത്തില്‍ സംജാതമായിട്ടുണ്ട്. എന്നിരുന്നാലും ജാതീയതയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ആയിട്ടില്ലെന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടച്ചിട്ടുകാര്യമില്ല. ആദിവാസികളുടെ അവസ്ഥക്ക് വലിയ മാറ്റമൊന്നും വരുത്താന്‍ ആയിട്ടില്ലെന്നതും കാണാതിരുന്നുകൂടാ. ജാതിയെ ഒരു ഗുരുതരമായ സാമൂഹികപ്രശ്‌നമായിത്തന്നെ ഇടതുപക്ഷം അടക്കമുള്ള സെക്കുലര്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍  അഭിസംബോധന ചെയ്യേണ്ടതുണ്ട്. സംവരണങ്ങള്‍കൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല അത്. വ്യവസ്ഥിതിയെത്തന്നെ മാറ്റിമറിക്കേണ്ടതുണ്ട്.