Dr Sofiya Kanneth

കെ ടി ഇര്‍ഫാന്‍ സംസാരിക്കുന്നു

 

ഒളിമ്പിക്സില്‍ ദേശീയ റെക്കോര്‍ഡു തിരുത്തിയ രാജ്യത്തിന്റെ അഭിമാന താരം ..

ഒളിമ്പിക്സിലേക്ക് നടന്നു കയറിയ ആദ്യ മലയാളി.
മലപ്പുറത്തിന്റെ ആദ്യ ഒളിമ്പ്യന്‍
അങ്ങിനെ വിശേഷണങ്ങള്‍ ഏറെയുണ്ട് മലപ്പുറം ജില്ലയിലെ കുനിയിളിലെ കോലോത്തുംതുടി ഇര്‍ഫാന് ..
താരത്തെത്തേടി അക്ഷരം മാസികയ്ക്കു വേണ്ടി നടത്തിയ യാത്രയില്‍ വഴിയിലുടനീളം അദ്ദേഹത്തെ വരവേല്‍ക്കുന്ന ബഹുവര്‍ണ്ണ ഫ്ലക്സുകളും ബോര്‍ഡുകളും നിരവധി കണ്ടു.
നാട് മുഴുവന്‍ നെഞ്ചേറ്റുന്ന കായികതാരത്തിന്റെ വീടു കണ്ടുപിടിക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.
പാതയോരത്തെ കുഞ്ഞു വീട്ടില്‍ ഞങ്ങളെ എതിരേ റ്റത് അദ്ദേഹത്തിന്റെ ഉപ്പയും ഉമ്മയും കുഞ്ഞനുജത്തിയുമായിരുന്നു.
പതിവ് പുഞ്ചിരിയോടെ ഇര്‍ഫാന്‍ കടന്നു വന്നു. തിരക്കുകള്‍ക്കിടയിലും അനുഭവങ്ങള്‍ പങ്കുവെച്ചു.

2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യ വിശേഷിച്ച് കേരളം അതിന്‍റെ അഭിമാനമുയര്‍ത്തിപ്പിടിച്ചത് താങ്കളിലൂടെയാണ്. ലോകോത്തര ചാമ്പ്യന്മാര്‍ മത്സരിക്കുന്ന നടത്ത മത്സരത്തില്‍ പത്താമതായി നടന്നു കയറാന്‍ താങ്കള്‍ക്കായി. അതൊരു ദേശീയ റെക്കോര്‍ഡ്‌ കൂടി ആണ്. ഇന്ത്യന്‍ കായിക സാഹചര്യങ്ങള്‍ പരിമിതമാണ്. അത്തരമൊരു പരിതസ്ഥിതിയില്‍ എങ്ങിനെയാണ്‌ ഇത്തരമൊരു മികച്ച നേട്ടം കൈവരിക്കാന്‍ താങ്കള്‍ക്കായത്.

അവസാനവട്ട പരിശീലന വേളയില്‍ ദേശീയ റെക്കോര്‍ഡ്‌ ആയിരുന്നു മനസ്സില്‍. പക്ഷെ അത് ആദ്യത്തെ പത്തില്‍ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. പരിമിതികളിലൂടെയാണ് ഇത്രയും വരെ എത്തിയത്. പാട്യാലയിലെ പരിശീലനം അതിനു ഒത്തിരി സഹായിച്ചു.

പഠനവും കായിക രംഗത്തേക്കുള്ള പ്രവേശനവും എല്ലാം എങ്ങനെയായിരിന്നു.

പ്ലസ്‌ 2 വരെ പഠിച്ചത് കീഴുപറമ്പ് ഗവണ്മെന്റ് ജി വി എച്ച് എസ് എസ് ലായിരുന്നു

അവിടുത്തെ കയികാധ്യാപകനായ ജോസ്‌ സാര്‍ ആണ് ജീവിതത്തില്‍ വഴിത്തിരിവായത്. ബിരുദ പഠനം കോഴിക്കോട് ദേവഗിരി കോളേജില്‍ ബി എ ഇക്കണോമിക്ക്സ് ആയിരുന്നു. ഇതേ സമയം കോഴിക്കോട് സായിയില്‍ എ ബോസിന്‍റെ ശിക്ഷണവും ഹോസ്റ്റല്‍ ജീവിതവും.

ദക്ഷിണമേഖലാ ജൂനിയര്‍ മീറ്റില്‍ 10 കി മി നടത്തത്തില്‍ 3 വര്‍ഷവും സ്വര്‍ണം നേടാനായത്‌ മറ്റൊരു നേട്ടമായിരുന്നു. ബിരുദ പഠനത്തിന്‍റെ അവസാന വര്‍ഷം മദ്രാസ്‌ റെജിമെന്റ് സെന്‍ററില്‍ ജോലി കിട്ടി.  ഇന്‍റര്‍  സ്റ്റേറ്റ് സീനിയര്‍ മീറ്റിലെ വെള്ളി മെഡല്‍ ആദ്യത്തെ ദേശീയ അംഗീകാരമായിരുന്നു. പിന്നീട് ദേശീയ ഗെയിംസില്‍ നേടിയ നാലാം സ്ഥാനം മറ്റൊരു നേട്ടമായിരുന്നു. ആ ക്യാമ്പിന്‍റെ കോച്ച് ശ്രീ ഗുരുദേവ് ആണ് പിന്നീടുള്ള ജീവിതത്തെ മാറ്റിമറിച്ചത്.

കോളേജ് രാഷ്ട്രീയത്തെ കുറിച്ച് എന്ത് പറയുന്നു.

പഠിക്കുന്ന കാലത്ത്‌ സീരിയസ് ആയിട്ടല്ലെങ്കിലും ഞാനും രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു..

അംഗീകാരങ്ങള്‍ കിട്ടി തുടങ്ങുന്നത് എപ്പോഴാണ്.

സ്കൂള്‍ കാലഘട്ടത്തിനു ശേഷമാണു എന്നിലെ കായികതാരത്തെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്.

ഇഷ്ടപ്പെട്ട കായിക ഇനങ്ങള്‍

ആദ്യമൊക്കെ ജാവലിനും ഡിസ്കസും ഹാമറും ഒക്കെ പരീക്ഷിക്കുമായിരുന്നു. ആദ്യമായി ജില്ലാതലത്തില്‍ നേട്ടം കൈവരിക്കാനായത് ഹാമര്‍ ത്രോയിലാണ്. റവന്യു ജില്ലാ സ്കൂള്‍ ചാമ്പ്യന്‍ഷിപില്‍ സീനിയര്‍ വിഭാഗം ഡിസ്കസില്‍ വെള്ളി നേടിയെങ്കിലും ചാമ്പ്യന്‍ഷിപ്പിനു പോയില്ല. പിന്നീട് ശ്രദ്ധിച്ചത് നടത്തത്തിലായിരുന്നു..

കുടുംബത്തെ പറ്റി.

ഉമ്മ, ഉപ്പ, 3 പെങ്ങന്മാര്‍,ഏട്ടന്‍, അനിയത്തി, ഇതാണെന്‍റെ കുടുംബം.ഇത്തമാരുടെയൊക്കെ കല്യാണം കഴിഞ്ഞു. ഏട്ടന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. അനിയത്തി 6 ആം ക്ലാസ്സ്‌ ല്‍ പഠിക്കുന്നു.

കായിക രംഗത്തേക്കപ്പുറത്തേക്കുള്ള ഇഷ്ടങ്ങള്‍

കമ്പ്യൂട്ടര്‍ ഗെയിം ആണ് എന്‍റെ ഇഷ്ട വിനോദം

കൂട്ടുകാര്‍ നല്‍കിയ പ്രചോദനം എങ്ങനെ സഹായിച്ചു

സുഹൃത്തുക്കളും നാട്ടുകാരും വീട്ടുകാരും ഒരുപോലെ നല്‍കിയ പിന്തുണയാണ് എന്നെ ഇവിടം വരെ എത്തിച്ചത്.

നാടിനെ കുറിച്ച് ഇര്‍ഫാന് ഒരുപാട് പറയാനുണ്ടാകുമെന്നറിയാം. കുനിയിലിന്റെ മുത്ത് എന്നാണല്ലോ അവര്‍ താങ്കളെ വിശേഷിപ്പിക്കുന്നത്.

എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായവും എന്നെ ഒരുപാട് സഹായിച്ചു. ഒളിമ്പിക്‌സ് കഴിഞ്ഞു തന്ന സ്വീകരണം എന്നെ ശരിക്കും ഞെട്ടിച്ചു.

ഇപ്പോള്‍ ജോലി ചെയ്യുന്നത് എവിടെയാണ്

ഊട്ടിയിലെ മദ്രാസ്‌ റെജിമെന്റ് സെന്‍റെറില്‍

എന്താണ് ഇര്‍ഫാന്റെ സ്വപ്‌നങ്ങള്‍

ഒളിമ്പിക്‌സ് മെഡലാണ് ഏതു കായികതാരത്തിനെ പോലെയും എന്റെ സ്വപ്നം. ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നതായിരുന്നു മുന്‍പ് ഇന്ത്യക്ക് വെളിയില്‍ ദേശീയ റെക്കോര്‍ഡ്‌ നേടാന്‍ ആയതിലൂടെ ആ മോഹം പൂവണിഞ്ഞു. ഇനി സ്വപ്നം ഒളിമ്പിക്‌സ് മെഡലാണ്.

റോള്‍ മോഡല്‍ ആയി ആരെങ്കിലും ഉണ്ടായിരുന്നോ

ഇത് വരെ അങ്ങനെ ആരും ഇല്ല

കല്യാണം. പ്രണയം.

ഇത് വരെ അങ്ങനെ ഒന്നും തലയില്‍ കയറിയിട്ടില്ല.അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ 2012 ഒളിമ്പിക്‌സ്  സ്വപ്നത്തില്‍ ഉണ്ടാകുമായിരുന്നില്ല

അടുത്ത ഒളിമ്പിക്‌സ് വരെ ഒന്ന് ഉണ്ടാവില്ലെന്നാണോ

(ചിരിക്കുന്നു) അത് പറയാന്‍ പറ്റില്ല. മനസ്സിന്റെ കാര്യം അല്ലേ?

ഒളിമ്പിക്‌സ് അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ

രസകരമായ കുറെ അനുഭവങ്ങള്‍ ഉണ്ടായി. പ്രമുഖരായ കായിക താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനും ഭക്ഷണം കഴിക്കാനും ഒക്കെ സാധിച്ചത് മറക്കാനാവാത്ത അനുഭവങ്ങളാണ്. എല്ലാം പറഞ്ഞറിയിക്കാനാവാത്ത ഓര്‍മ്മകള്‍...

ബ്രിട്ടനെ കുറിച്ച്, ലണ്ടനെ കുറിച്ച് എന്താണ് പറയാനുള്ളത്. അവിടുത്തെ ആ സമയത്തെ കാലാവസ്ഥ ഏതെങ്കിലും തരത്തില്‍ പരിശീലനത്തെ ബാധിച്ചോ

നല്ല രാജ്യം. കാണാന്‍ ഒരുപാടുണ്ട്. തണുപ്പായിരുന്നു പക്ഷെ മത്സരത്തിന്‍റെ മുന്‍പുണ്ടായിരുന്ന കാലാവസ്ഥ ഒരല്പം പേടിപ്പിച്ചു പക്ഷെ മത്സരത്തെ അതൊന്നും ബാധിച്ചില്ല.

ഒളിമ്പിക്‌സിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ ഏതൊക്കെയാണ്.

28നു വിമാനം കയറി 29 നു എത്തിയത് മുതല്‍ 14 നു തിരിച്ചു കയറുന്നത് വരെയുള്ളതെല്ലാം മറക്കാനാവാത്ത ഓര്‍മകളാണ്....

വളര്‍ന്നു വരുന്ന കായികതാരങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടുന്നില്ല എന്ന പരാതിയോട് എങ്ങനെ പ്രതികരിക്കുന്നു.

ശരിയാണ്....ഒരാള്‍ ഉയരങ്ങളിലീക്കെത്തിയാല്‍ അവരെ പിന്തുണക്കാന്‍ ഒരുപാട് പേരുണ്ടാകും....പക്ഷെ ഉയര്‍ന്നു വരാനുള്ള സാഹചര്യങ്ങളാണ് ഉണ്ടാവേണ്ടത്....

ഈ അടുത്തു നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയിയുടെ മേളയായിരുന്നു...എങ്ങനെ പ്രതികരിക്കുന്നു ഇതിനോട്.

അറിയില്ല. ഞാന്‍ പങ്കെടുത്തിരുന്നില്ല...അടുത്ത തവണ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്...

ഹുസൈന്‍ ബോള്‍ട്ട്നെ പോലുള്ള വലിയ കായിക താരങ്ങല്‍ക്കൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു

സംസാരിക്കനൊന്നും പറ്റിയില്ല..അവരുടെ പ്രകടനം നേരിട്ടു കണ്ടു. അതായിരുന്നു ഏറ്റവും വലിയ അനുഭവം.

സ്വീകരണ യോഗത്തില്‍ കേരള സര്‍ക്കാര്‍ ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നല്ലോ. എന്ത് തോന്നി

സര്‍ക്കാര്‍ നല്‍കുന്ന എന്തും സ്വീകരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്...മറ്റു കാര്യങ്ങള്‍ പരിശീലന കേന്ദ്രത്തില്‍ പോയി കോച്ചുമായി ഡിസ്കസ് ചെയ്യേണ്ടതുണ്ട്.

അടുത്ത ഒളിമ്പിക്‌സില്‍ ഞങ്ങള്‍ക്കൊരു മെഡല്‍ പ്രതീക്ഷിക്കാമല്ലോ അല്ലേ.

ദൈവം അനുഗ്രഹിച്ചാല്‍ തീര്‍ച്ചയായും..

ഉരുകിത്തിളച്ച ലാവ

ഓരോ മലയാളിക്കും ഇന്ത്യക്കാരനും ഇര്‍ഫാന്‍റെ വാക്കുകള്‍ ആത്മവിശ്വാസം പകരുന്നു. 

ഒപ്പം ഒളിമ്പിക്സ്‌ മെഡലിലേക്ക് നടന്നു കയറുമെന്ന ഉറപ്പും.

കായിക രംഗത്തോട് തികഞ്ഞ പ്രതിബദ്ധതയും ആത്മാര്‍ഥതയും കാത്തു സൂക്ഷിക്കുന്ന പ്രിയ താരത്തെ നമുക്കതിരുകളില്ലാതെ പിന്തുണക്കാം.
കാരണം തീക്ഷ്ണമായ ജീവിത സാഹചര്യങ്ങളോട് പൊരുതി ഉരുകിത്തിളച്ച ലാവയാണത്.
പ്രിയ ഇര്‍ഫാന്‍, നേട്ടങ്ങള്‍ക്കായി കാതോര്‍ക്കുന്നു.
താങ്കള്‍ക്ക് ലോക മലയാളി സമൂഹത്തിന്റെ പിന്തുണ ...പിന്തുണ ....പിന്തുണ ...