Prof. C P Aboobacker

ഉന്മാദത്തിന്റെയും അസ്വാസ്ഥ്യത്തിന്റേയും ഏഴു കവിതകള്‍ *
(ഒന്നാം കവിത)

ഉന്മാദത്തിന്റെ

ഏതവസ്ഥയിലാണ്

അയാള്‍

തന്നിലേക്കുനോക്കിയത്?

കലക്കു വെള്ളത്തില്‍

ചത്തൊടുങ്ങിയ മീനുകള്‍,

സമുദ്രകമ്പനങ്ങളില്‍നിന്ന്

കപ്പലുകളിലേക്ക്

ആഞ്ഞു വീശുന്ന തിമിംഗലങ്ങള്‍,

പ്രണയ രഹസ്യങ്ങളില്‍

കത്തിയൊടുങ്ങിയ തമോപിണ്ഡങ്ങള്‍,

പ്രപഞ്ചവിസ്മയങ്ങളില്‍

വ്രണിതമായ പരല്‍ മീനുകള്‍,

നക്ഷത്രരാശികളില്‍

തേളും കന്യകയുമാകുന്ന കനവുകള്‍,

മനോ വിശ്ലേഷണവിദഗ്ദ്ധരുടെ

വിഷബീജങ്ങള്‍ ബാധിക്കാതെ

ഒരിക്കലും തെളിയാത്ത കലക്കം.

( രണ്ടാം കവിത)

രാത്രിമഞ്ഞില്‍ നടക്കാനിറങ്ങിയ

പഴയ പാട്ടുകാരന്‍

പുലരുന്നതിനു മുമ്പ്

പുള്ളുകളോടൊപ്പം

അവസാനഗാനമാലപിച്ചു.

പുള്ളുകള്‍ ഏറ്റുപാടിയ

ലിപിയില്ലാത്ത രാഗങ്ങളില്‍

ഗായകനും ആത്മാവും ലയിച്ചുചേര്‍ന്നു.

(മൂന്നാം കവിത)

മുള്ളുവേലികളില്‍കുരുങ്ങി

ഉള്ളം പറിഞ്ഞുപോയ

പൂര്‍ണചന്ദ്രനെ നോക്കി

വളര്‍ത്തുനായകള്‍ മോങ്ങി

പടിഞ്ഞാറന്‍ മാനത്ത്

ഉലയില്‍ ആളിപ്പടര്‍ന്ന

നാളങ്ങളില്‍വെന്തുചുവന്ന

ലോഹദണ്ഡുകള്‍

തുടലുകളായി

ചങ്ങലകളായി

രൂപം പ്രാപിക്കുമ്പോള്‍

ഇനിയും ആരാണ് തടവിലാവുക?

(നാലാം കവിത)

പുരുഷാരങ്ങളില്‍ നീങ്ങിയിരുന്ന

ഹേ, പഥിക,

ചരിത്രത്തിന്റെ വഴികളില്‍

എവിടെയാണ് നിങ്ങള്‍ നഷ്ടമായത്?

നഗരചത്വരങ്ങളില്‍ ഉയര്‍ന്നുപൊങ്ങിയ

സമരത്തിളക്കങ്ങളിലോ

ഗ്രാമ വീഥികളില്‍ നനഞ്ഞൊഴുകിയ

നാദവീചികളിലോ

തിമിംഗലങ്ങള്‍ക്കും പരല്‍മീനുകള്‍ക്കും നടുവില്‍

അനായാസം തുഴഞ്ഞുകയറിയ

സമുദ്രങ്ങളിലോ

പര്‍വ്വതങ്ങളില്‍

മഞ്ഞ നീല ചെമപ്പ് പൂക്കളോടൊപ്പം

നക്ഷത്രമാവാന്‍ കൊതിച്ചവരുടെ

വിഷാദങ്ങളിലോ

പുസ്തകങ്ങളില്‍ നിരന്ന ആശ്ചര്യചിഹ്നങ്ങളില്‍

ഡെയ്‌സിയും ട്യുലിപ്പുകളും പൂത്ത

മന്ദാരവും ജമന്തിയും വിടര്‍ന്ന

സുഗന്ധപടലങ്ങളുടെ

അവസാനനിശ്വാസത്തിലോ

കടലിലേക്ക് വഴുതിവീണ പോരാളികള്‍ക്ക്

കൈനല്കാന്‍

വഴുപ്പാര്‍ന്ന പാറകളില്‍

ആഞ്ഞു നീണ്ട നിമിഷങ്ങളിലോ

ഉദ്യാനങ്ങളിലെല്ലാം

വിഷമരുന്നുമായ് വന്ന

തോട്ടക്കാരന്റെ കുഴലില്‍

ചുണ്ട് ചേര്‍ത്തരാഗങ്ങളിലോ

ധരണിയുടെ മറുകരയില്‍

മരുന്നും പുകയിലയും വമിക്കുന്ന

ധൂമസംഘങ്ങളിലോ

യുദ്ധരംഗങ്ങളെ ശപിക്കുന്ന

അക്ഷരസംഘാതങ്ങളിലോ

കപ്പല്‍ച്ചേതം വന്ന സിന്‍ബാദിന്റെ യാത്രകളില്‍

രക്ഷതേടി ചെന്നു ചേര്‍ന്ന

രാക്ഷസദ്വീപുകളിലോ

യവനവീരന്മാരുടെ മടക്കയാത്രകളിലോ

ജനകപുത്രിയെ വീണ്ടെടുത്ത

മരണനിലങ്ങളിലോ

എവിടെയാണ് നിങ്ങള്‍ സ്വയം നഷ്ടപ്പെട്ടത്?

(അഞ്ചാം കവിത)

ഇനി ഒന്നും പറയാനില്ലാതെ

ഒട്ടും കരയാനില്ലാതെ

ഈ പ്രതലത്തില്‍ പായ വിരിക്കാം

ദൂരെ ഒരു വെട്ടവും വരാനില്ല

ഒരു നാദവും മുഴങ്ങാനില്ല

കാലടിശബ്ദങ്ങളെല്ലാം അകന്നുപോയി

വേനല്ക്കാലം കടന്നുപോയി

ഇനി സുഖമായി ഉറങ്ങാം

അകലെ ഹിപ്പാലസ്സിന്റെ കാറ്റുകള്‍

ഇരുണ്ട കടലുകളില്‍

മുഴങ്ങിത്തുടങ്ങിയിരിക്കണം

കാറ്റിന്റെ കൊമ്പുകള്‍

താളമിട്ടുതുടങ്ങിയിരിക്കണം

തുടം നിറഞ്ഞ തുള്ളികളായി

അന്യോന്യമറിയാതെ

നമുക്ക് പെയ്തുകൊണ്ടിരിക്കാം.

( ആറാം കവിത)

പത്രങ്ങളിലാവാം

എവിടെയോ എന്റെ ചരമക്കുറിപ്പ്

മൂന്ന് കോളങ്ങള്‍

അടിക്കുറിപ്പോടെ ഫോട്ടോ

കിതച്ചോടുകയായിരുന്നില്ല

പകച്ചുനില്ക്കുകയായിരുന്നില്ല

പടക്കളത്തില്‍നിറഞ്ഞിരുന്നു

ഉദ്യാനങ്ങളില്‍ വിടര്‍ന്നിരുന്നു

ഹൃദയങ്ങളില്‍ കിനിഞ്ഞിരുന്നു

ചുരപൊട്ടിയ ശിഖരങ്ങളില്‍

കണ്ണീരായൊഴുകിയിരുന്നു

അഗ്നിവേഗങ്ങളില്‍ മുറുിഞ്ഞൊഴുകിയ ചോര

മൂക്കിലൂടെ പുറത്തൊഴുകി

ഞാന്‍ ഇന്നലെ രാത്രി മരിച്ചു.

( ഏഴാം കവിത)

ഏഴ് രാത്രികള്‍

ഏഴ് വാനങ്ങളിലായിരുന്നു

ഏഴ് സ്വരങ്ങളുടെ ലയത്തിലായിരുന്നു

ഏഴ് വര്‍ണ്ണങ്ങളുടെ പൊലിപ്പിലായിരുന്നു

ഏഴിന്റെ ഗുണനസാധ്യതകള്‍

ഏഴകളുടെ സങ്കടങ്ങള്‍

മലപ്പുറത്തും കുറ്റിപ്പുറത്തും

ഏലംകുളത്തും തുഞ്ചന്‍ പറമ്പിലും

ഏഴായി പ്പുണര്‍ന്ന

ഏഴായിത്തളര്‍ന്ന

ഹരിതശയ്യകളുടെ

പതുപ്പില്‍ നനുപ്പില്‍

ശീതവാഹനങ്ങളുടെ

വേഗയാനങ്ങളില്‍

കുന്നിടിഞ്ഞ്

ചാലിയാറിലും നിളയിലും

ഒഴുകി

ദിവ്യാത്ഭുതങ്ങള്‍ നിറഞ്ഞ

ഏഴ് രാത്രികള്‍ക്ക് ശേഷം

തേരാളിയായ സൂതനും

അയാളുടെ പുത്രനും

ധര്‍മ്മം പറഞ്ഞുകരഞ്ഞതും

അയാളുടെ ചങ്ങാതിമാര്‍

പകിടകളിച്ചു ചിരിച്ചതും

അശ്വത്ഥങ്ങള്‍ നിറഞ്ഞ പച്ചിലകള്‍

പൊഴിഞ്ഞു വീണതും...

ഒന്നുമറിയാതെ

ഉന്മാദത്തിന്റെ

ഏതവസ്ഥയിലാണയാള്‍?