Prabha Varma

അക്ഷരാത്മകം
അക്ഷരങ്ങളിലഗ്‌നിയാ,യന-
വദ്യസാത്വിക ശക്തിയായ്
അപ്രമേയ മനോജ്ഞമംഗല-
സത്യസാധകസിദ്ധിയായ്
രത്‌നസന്നിഭകാന്തിയാ,യതു-
ലപ്രഭാവ വിശുദ്ധിയായ്
നിത്യദീപിക വിദ്യ വന്നുവി-
ളങ്ങിടാവു മനസ്സിതില്‍!
അക്ഷതം പൊഴിയുന്നപോലെ ശി-
രസ്സിലിന്നു ധനുസ്സിലും
അക്ഷരാത്മകമാ,മനുഗ്രഹ
വര്‍ഷമേ,യുതിരാവു നീ.
അക്ഷയദ്യുതിയാര്‍ന്ന സൂര്യമ-
ഹസ്സുപോലെ വചസ്സുമി-
ങ്ങഷ്ടബന്ധസുശക്തിയോടെയു-
റയ്ക്കുവാന്‍ കനിയാവു നീ!
കണ്ണുനീരു കടഞ്ഞ ശുദ്ധിയെ-
ഴുന്നതായ്, ധവളാഭമാം
മഞ്ഞുതുള്ളി വഴിഞ്ഞതായ്, മണി
നൂപുരധ്വനിയാര്‍ന്നതായ്
ചാരുചന്ദനസന്ധ്യതന്നൊളി
ചേര്‍ന്നതാ,യലിവാര്‍ന്നതായ്
ചേരു,കക്ഷരതാരദീപ്തിയി-
ണങ്ങിവാക്കിതിലൊക്കെയും!

പ്രാണധാരകലര്‍ത്തി മാത്രമു-
രുക്കഴിക്കുകയാലെയു-
ണ്ടേതുവാക്കിലുമിന്നു ജീവിത-
തത്വമി,ങ്ങമൃതത്വവും
നിര്‍മ്മലത്വമെഴുന്ന ചിന്തക-
ളെന്നി,യൊന്നിനെയും തൊടാ-
നെന്നുമേയിടയായിടാതെ വ-
രേണമേ പദ,മര്‍ത്ഥവും!
വാങ്മയങ്ങളിലാര്‍ദ്ര ജീവന-
മായി സംഭൃതശക്തിയായ്
വാനമാകെമുഴങ്ങുമുജ്ജ്വല-
നാദമായി ഗഭീരമാം
ധീരനൂതനമംഗളാത്മക
സത്യമായി വിഭുത്വമായ്
ചേര്‍ന്നുനില്‍ക്കുക സാമസാധക
സാരസത്ത,യഹര്‍നിശം!
ഏതുമാപിനിയാലുമാര്‍ക്കു-
മളക്കുവാനരുതാത്തതാം
ബോധസത്തു പകര്‍ന്നെടുക്കുവ-
തിന്നു ദര്‍ശനമാത്രകള്‍
ജീവനാഡികളില്‍ക്കൊരുത്തു ത-
പിക്കുമിപ്പുലര്‍വേളയില്‍
സൂര്യചിന്മയമണ്ഡലങ്ങളു-
ദിച്ചിടാവു നിരന്തരം!

ആദിമൗനനഭസ്സു പൊട്ടിവി-
ടര്‍ന്ന നേരമുണര്‍ന്നതാം
നാദമേ, പലകാലമായ് സുസ-
മീരണത്വമിയന്നപോല്‍
വാര്‍ന്നുപോരുകയാണു സുശ്രുതി-
ധാരയാ,യുടലിന്റെ മണ്‍-
വീണകള്‍ക്കു സ്വരങ്ങളേകി വി-
ലോലതന്ത്രിയിലാകെ നീ!
രാവിലേതൊരു സാഗരത്തിലു-
മുണ്ടു ഗര്‍ഭസമാധിയാര്‍-
ന്നേതുനേരവു,മാരുമേ,യറി-
യാതൊരുജ്ജ്വലകാന്തിമാന്‍.
എങ്കി,ലെന്തിരുളിന്റെ നീഡ-
മുടച്ചു താപസനിദ്രവി-
ട്ടെത്തുമി,ങ്ങുദയാദ്രിമേലതു
പോലെ വാക്കുണരേണമേ!
ഭാവശുദ്ധിയെഴുന്ന പത്മദ-
ലങ്ങളായ്, പൊരുളായി വ-
ന്നേതു നേരുണരുന്നു; നേരിതു
വെണ്‍മയാവുക വാക്കിതില്‍!
സാന്ദ്രശംഖനിനാദമന്ദ്രത-
രംഗമായ്, ധ്വനിയായി വ-
ന്നേതു നേരുണരുന്നു; നേരുമു-
ഴങ്ങിനില്‍ക്കുക വാക്കിതില്‍!