Aswathy Krishnakumar

ആമി

ആമി ..ഓരോരുത്തരുടെയും മനസ്സില്‍ ഓരോ രീതിയിലാണ് മാധവിക്കുട്ടി കയറിയിരിക്കുന്നത്. ചിലര്‍ക്ക് മാധവിക്കുട്ടി ആമിയോപ്പു ആണ്; ചിലര്‍ക്ക് കമലയാണ്. ജാനുവമ്മയെ പോലുള്ളവര്‍ക്ക് കമലൂട്ടിയാണ്. മറ്റുചിലര്‍ക്ക് ആമി ആണ്; കമലാ ദാസ് എന്ന ഇംഗ്ലീഷ് കവി ആണ്; മാധവിക്കുട്ടി എന്ന എഴുത്തുകാരിയാണ്. ചിലര്‍ക്ക് അമ്മയാണ്, കാമുകിയാണ്. അങ്ങനെ പലര്‍ക്കും പലതാണ് ആമി. മാധവിക്കുട്ടി ജീവിച്ചിരുന്ന കാലത്ത്  ജീവിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അടുത്തറിയാനോ കാണാനോ സാധിച്ചിട്ടില്ല. എങ്കിലും അവരുടെ കഥകളിലൂടെ, കവിതകളിലൂടെ ഒക്കെ  മനസ്സിലും ഒരു രൂപം കൊളുത്തിയിട്ടുണ്ട്. സ്വന്തമായി ഒരു ലോകം സൃഷ്ടിച്ച് ആ ലോകത്തുമാത്രം സ്വതന്ത്രമായി ജീവിക്കാന്‍ആഗ്രഹിച്ച ഒരാള്‍. വികാരങ്ങളുടെ തീവ്രതയാണ് മാധവിക്കുട്ടിയുടെ രചനകളെ എന്നും വ്യത്യസ്ഥമാക്കിയത്. നാളെയെ കുറിച്ച് ചിന്തകളില്ലാത്ത കുട്ടിക്കാലമാണ് ജീവിതത്തില്‍ ഏറ്റവും മനോഹരമെന്ന് മാധവിക്കുട്ടി എന്ന വ്യക്തി നമ്മളെ കാണിച്ചുതന്നു.പ്രണയത്തില്‍ മതങ്ങളുടെ വൃത്തികെട്ട നിറം ആരോപിക്കുന്ന ഈ കാലത്ത്, സദാചാര മൂരാച്ചികളുടെ കൂടെ നിന്നും സ്നേഹിക്കുന്ന മനുഷ്യരെ തല്ലാനും കൊല്ലാനും നടക്കുന്ന സംഘടനകള്‍ ഉള്ള ഈ കാലത്ത്, മാധവിക്കുട്ടിയുടെ ജീവിതത്തില്‍ വലിയ പ്രസക്തിയുണ്ട്. അത് ഒരു സിനിമയാക്കാന്‍ ഇറങ്ങിയപ്പോള്‍ എടുത്ത റിസ്കിനെ കണ്ടില്ലെന്നു നടിക്കാന്‍ആവില്ല. ആ ഒരു ശ്രമം ഒട്ടും നിരാശപ്പെടുത്തിയില്ല എന്നുതന്നെ പറയണം. കമല്‍ എന്ന സംവിധായകനേക്കാള്‍ ഒരു പക്ഷെ ഒരു പടി മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹത്തിലെ തിരക്കഥാകൃത്താണ് എന്ന് തോന്നുന്നു.ശുദ്ധ ശൂന്യമായ മനസ്സുമായിട്ടാണ് ആമി എന്ന സിനിമ കണ്ടത്; ഒരു മുന്‍ധാരണകളും ഇല്ലാതെ. സിനിമയുടെ ആദ്യം മുതലേ ഒരു ‘ജീവിതം’ മുന്നില്‍ കാണുന്ന കൗതുകത്തോടെ കണ്ടു. വളര്‍ച്ചയുടെ ഏതോ അവസരത്തില്‍ നഷ്ടപ്പെട്ടുപോയ ബാല്യം. സംശയങ്ങളും കുറുമ്പും വികൃതിയും നിറഞ്ഞ കുട്ടിക്കാലം. അമ്മമ്മയുടെ വാത്സല്യത്തിന്റെ സുരക്ഷിതത്വം കണ്ടെത്തിയ ഒരു കുറുമ്പുകാരി. ഏതൊരു പെണ്‍കുട്ടിയുടെയും മനസ്സില്‍ എന്നപോലെ, എന്നും എപ്പോഴും കൂടെ ഒരാള്‍ എല്ലാം മനസിലാക്കാന്‍ഉണ്ടായിരുന്നെകില്‍ എന്ന് ആഗ്രഹിച്ചിരുന്നു ആമി. ആ ഒരു സങ്കല്‍പരൂപത്തിനെ കൃഷ്ണനായി ചിത്രീകരിച്ചത് അവരുടെ മനസിലെ നിഷ്കളങ്കതയായിട്ടാണ് തോന്നിയത്. ആമി എന്ന സിനിമയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ‘കൃഷ്ണന്‍’ എന്ന രൂപത്തിന് ജീവന്‍കൊടുത്ത ടോവിനോയുടെ അഭിനയമാണ്. സ്ത്രീകള്‍ എന്നല്ല, ഏതൊരു ജീവജാലവും ആഗ്രഹിച്ചു പോവും അങ്ങനെ ഒരാള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്. എന്തും പറയാന്‍ , കൂടെ ഒന്നു കൈ പിടിച്ച് ഇരിക്കാന്‍, നീ ഒറ്റക്കല്ലെന്ന് പറഞ്ഞ് ഒന്നു കെട്ടിപ്പിടിക്കാന്‍ , സങ്കടപ്പെട്ടിരിക്കുമ്പോള്‍ ഒന്നു ചിരിപ്പിക്കാന്‍ , അങ്ങനെ ജീവനുള്ളിടത്തോളം കാലം കൂടെ നില്‍ക്കാന്‍ഒരാള്‍. ആ കഥാപാത്രത്തിനെ എന്തുമാത്രം ജീവനും സ്നേഹവും കൊടുത്താണ് ടോവിനോ അവതരിപ്പിച്ചിട്ടുള്ളത് എന്ന് പറയാതിരിക്കാന്‍ആകില്ല.പ്രായപൂര്‍ത്തിയാവുന്നതിനും മുന്നേ വിവാഹം കഴിക്കേണ്ടി വന്ന ഒരു കൗമാരക്കാരിയെ നീലാഞ്ജന അവതരിപ്പിച്ചപ്പോള്‍ അതിനൊരു പുതുജീവന്‍കിട്ടി. പാതിവ്രത്യം, കന്യകാത്വം എന്നിവ പോലെ സ്ത്രീയുടെ മേല്‍ അടിച്ചേല്‍പിച്ച ചില പരമ്പരാഗത മൂല്യ സങ്കല്‍പങ്ങളെ തകര്‍ത്തെറിയാനാണ് രാധാ-കൃഷ്ണ പ്രണയ സങ്കല്‍പം മാധവിക്കുട്ടി ഉപയോഗിച്ചത് എന്ന് തോന്നുന്നു. അതിന് ഇത്രയും മനോഹരമായി വരികളെഴുതിയ റഫീഖ് അഹമ്മദും അതിന് ജീവന്‍നല്‍കിയ എം. ജയചന്ദ്രനും ജീവന്‍നിലനിര്‍ത്തിയ ശ്രേയ ഘോഷാലും വിജയ് യേശുദാസും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവരാണ്.സിനിമയില്‍ എടുത്തു പറയേണ്ടത് മറ്റൊന്നുമല്ല – മാധവിക്കുട്ടിയുടെ കുറുമ്പും നിഷ്കളങ്കമായ സംസാരവും നമ്മുടെ മനസിലേക്ക് ജീവനോടെ എത്തിച്ച മഞ്ജുവാരിയരുടെ അഭിനയമാണ്. അത് മഞ്ജുവാരിയര്‍ക്ക് അപ്പുറം വേറെ ആര്‍ക്കും ഇത്ര മനോഹരമായി നമ്മുടെ മനസ്സില്‍ എത്തിക്കാന്‍കഴിയില്ല. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ മഞ്ജു വാരിയരിലെ ആമി കൂടുതല്‍ മിഴിവേകിയതായി തോന്നി. സിനിമയില്‍ മികച്ചു നിന്ന മറ്റൊരാള്‍ മുരളി ഗോപിയുടെ മാധവദാസ് എന്ന കഥാപാത്രമാണ്. മാധവദാസായി തന്റെ പതിവ് ഭാവങ്ങളിലും ആ നടന്‍മികവ് പുലര്‍ത്തി.ഭാവനയിലും രചനാശൈലിയിലും വ്യത്യസ്തത പുലര്‍ത്തിയിരുന്ന മാധവിക്കുട്ടിയുടെ രചനകളില്‍ നിറഞ്ഞു നിന്നത് സ്നേഹത്തോടും തീവ്ര പ്രണയത്തോടും അടങ്ങാത്ത ദാഹമാണ് എന്ന് തോന്നിയിട്ടുണ്ട് എനിക്ക്. അതില്‍  എടുത്തുപറയാനുള്ളത് അനൂപ് മേനോന്‍ അവതരിപ്പിച്ച അക്ബര്‍ അലിയുടെ കഥാപാത്രമാണ്. മാധവിക്കുട്ടി അക്ബര്‍ അലിയെ കുറിച്ച് പറയുന്നത് ഒരിക്കല്‍ ഒരു പുസ്തകത്തില്‍ വായിക്കുകയുണ്ടായി. “എന്റെ കാല്‍ക്കല്‍ അയാളിരുന്നു. സുന്ദരനാണയാള്‍. ഒരു രാജകുമാരന്റെ ചിരി.” ഒത്തിരി ഭംഗിയോടെ ആ കഥാപാത്രത്തെ അനൂപ് മേനോന്‍അവതരിപ്പിച്ചു.


“എന്റെ കഥ” എന്ന കഥയിലെ മാധവിക്കുട്ടിയെ അല്ല; ആ കഥ എഴുതിയ മാധവിക്കുട്ടിയെ ഇതില്‍ കാണാന്‍സാധിച്ചു.