Manju M N

മാനവീയം 
മാനവീയം തെരുവിടം
മാനവീയത്തെളിവിടം
പിഞ്ചുകള്‍ക്കും കളിയിടം
നന്മ പൊഴിയും വഴിയിടം

ഭേദചിന്തകളില്ലയിവിടം
സംസ്കൃതിയ്ക്കുമിരിപ്പിടം
പൂര്‍വ്വസൂരികള്‍ വാണതിവിടം
പൂര്‍ണമാനസര്‍ ചേര്‍ന്നിടം

അക്ഷരങ്ങള്‍ പൂക്കുമൊരിടം
ചിന്തകള്‍ മുളപൊട്ടുമൊരിടം
തമ്പുരാക്കന്മാരൊഴിഞ്ഞിട-
മിതു ജനത്തിനു തണലിടം

പാട്ടുപാടും കൂട്ടരുള്ളിട-
മാട്ടമാടാന്‍ വേദിയുള്ളിട-
മേതുരാവിലുമുണരുമിവിടം
ഏവരെയും ചേര്‍ക്കുമിവിടം

വരിക കാണുക നിങ്ങളിവിടം
സ്വന്തമാക്കുക എന്നുമിവിടം
അന്യമാവരുതാര്‍ക്കുമിവിടം
പൊതുവിടം ഈ തെരുവിടം