Lakshmi Narayanan

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
മകള്‍ക്ക്

പിറക്കില്ലെന്നറിഞ്ഞിട്ടും
മനസ്സില്‍ ഞാന്‍ കെട്ടിയൊരു
ചന്ദനത്തൊട്ടില്‍, മകള്‍ക്ക്.

അമ്മ

മുലപ്പാലിന്റെ മാധുര്യം വറ്റും മുന്‍പ്
ജീവന്റെ പാതി തള്ളിപ്പറഞ്ഞ
ജന്മാന്തര പുണ്യം, അമ്മ !

പണം , പ്രണയം

ഈ കണ്ണുകള്‍ എത്ര നിറഞ്ഞാലും,
പ്രണയം എന്ന വാക്കിന്
കൂട്ടിച്ചേര്‍ക്കാന്‍ ആവുന്നതിനപ്പുറമാണ്
നമുക്കിടയില്‍ പണം തീര്‍ത്ത അന്തരമെന്ന്, അവന്‍

ചിന്തയും ചിതയും

ചിന്തയല്ല , ചിതയാണ് സത്യം
എന്റെ ചിതയില്‍
നീയെന്ന ചിന്ത സ്വതന്ത്രമാകുന്നു

മഴ

ദുഖത്തെ പടര്‍ത്തുന്ന കാറ്റാകാനല്ല ,
വേദനകള്‍ അണയ്ക്കുന്ന
മഴയാകാനാണെനിക്കിഷ്ടം

ഞാന്‍

പ്രണയത്തില്‍ നിന്നും മരണത്തിലേക്ക്
അവഗണനയുടെ 3 കാതങ്ങള്‍
അവിടെ ഞാന്‍ ജനിക്കുന്നു…തിരിച്ചറിവുള്ള ഞാന്‍

ചിത

ചിതയില്‍ നീ ദഹിക്കുമ്പോള്‍
നീയെന്ന ചിന്തയില്‍
ഞാനും എരിഞ്ഞടങ്ങുകയായിരുന്നു

അവിവാഹിത

പ്രണയത്തിനും മംഗല്യത്തിനും
ഇടയിലെ ദൂരം അവനളന്നത്
പച്ചനോട്ടിന്റെ ഗന്ധം കൊണ്ട്;
അവിവാഹിതയ്ക്ക് പറയാനുള്ളത്

പെണ്ണ്

ഈ ലോകം വെറുക്കപ്പെട്ടവര്‍ക്ക്
കൂടിയുള്ളതാണെന്ന ചിന്ത
അവളെ ജീവിക്കാന്‍ പഠിപ്പിച്ചു

ദുര്‍ബല

ഞാനെന്ന പെണ്ണിന്റെ ദുര്‍ബലതയെനിക്കിഷ്ടമാണ്;
എന്നാലത് നിന്റെ കരവലയത്തിലാ-
യിരിക്കുമ്പോളെന്നു മാത്രം

റിബല്‍

ഒറ്റപ്പെടല്‍ എന്നെ ഒരു ‘റിബലാക്കി’
ഉത്തരവാദി നീ മാത്രമാണ്
ഒറ്റവാക്കില്‍ ഒരായിരം അര്‍ത്ഥങ്ങള്‍ പേറുന്ന ‘സമൂഹം’

മരണം

സ്വപ്നം , ജീവിതം എന്നിവയുടെ
പൂര്‍ണ്ണ – അര്‍ദ്ധ വിരാമങ്ങള്‍ക്കിടയില്‍
പ്രണയിച്ചു തുടങ്ങി മരണത്തെ…

മരണപ്രണയം

മരണം ഉറപ്പനെന്നറിഞ്ഞിട്ടും
ഈയംപാറ്റയ്ക്ക് ഇന്നും
തീയോട്‌ പ്രണയം

ആത്മബലി

ആത്മാക്കളെ ഏറ്റു വാങ്ങി, ഒടുവില്‍
ആത്മാവിലല്ലാതെ  നിള
നെഞ്ചില്‍ ദര്‍ഭ പുല്ലും  ഒരുരുള ചോറും ബാക്കി !

പിന്‍വിളിക്കായ്

എന്നിലേക്ക്‌ ചുരുങ്ങനാനെനിക്കിഷ്ടം
പ്രണയം വറ്റിയ കണ്ണില്‍ സഹതാപം ചൊരിയരുതാരും
നഷ്ടം , എന്റേത് മാത്രമല്ല അവന്റെത്‌ കൂടിയാണ്
ഒരു വാക്കിന്‍ വിളിക്കിപ്പുറം എന്നും ഞാനുണ്ടാം..