ഞാന്‍ ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനില്‍ ജോലി ചെയ്യുന്ന ഒരു നേഴ്‌സാണ്. ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് പതിന്നാല് വര്ഷങ്ങളായി. കാര്‍ഡിയാക് ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലാണ് ജോലി. പല തരം അണുബാധയുള്ള രോഗികളെ ഇത് വരെയുള്ള എന്റെ പ്രൊഫെഷണല്‍ ജീവിതത്തില്‍ പരിചരിച്ചിട്ടുണ്ട്. ശരീര സ്രവങ്ങളില്‍ കൂടിയും പകരാവുന്ന ലാസ്സ ഫീവര്‍ ഉണ്ടെന്നു സംശയിച്ചിരുന്ന രോഗിയെ വരെ നോക്കിയിട്ടുണ്ട്. 2014 ല്‍ എബോള പകര്‍ച്ചവ്യാധി പരിമിതമായ തോതിലാണെങ്കിലും ന്യൂയോര്‍ക്കിലും എത്തിയപ്പോഴും യാതൊരു ആത്മവിശ്വാസ കുറവും എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ ഈ 2020 ല്‍ കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ അതല്ല സ്ഥിതി. ഞങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ടെക്‌നീഷ്യന്മാര്‍, കെയര്‍ അസിസ്റ്റന്റുമാര്‍, തുടങ്ങി രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് ആവശ്യത്തിന് വ്യക്തിഗത സുരക്ഷാ ഉപാധികള്‍( PPE ) കിട്ടാനില്ല എന്നതാണ് പ്രധാന കാരണം.
രോഗികളുടെ എണ്ണം വളരെയധികം കൂടുതലാണ്, ഞാനിത് എഴുതുമ്പോള്‍ ന്യൂയോര്‍ക് സ്റ്റേറ്റില്‍ 30,611 പോസിറ്റീവ് കേസുകള്‍, ന്യൂയോര്‍ക് സിറ്റിയില്‍ 17,000 കേസുകളുമുണ്ട്. യു .എസില്‍ മൊത്തം 63,744 കേസുകള്‍. ഒരു ചെറിയ സമയത്തിനുള്ളില്‍ വന്ന തള്ളിക്കയറ്റം ആണ്( Patient surge ). ഇത് ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും കൂടുതലാണ്. വൈറസിന്റെ കമ്മ്യൂണിറ്റി സ്‌പ്രെഡ് തുടങ്ങിയെന്നു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പല സ്ഥലങ്ങളിലും മനസ്സിലായെങ്കിലും ആവശ്യത്തിന് PPE ഇല്ലാത്തതിനാല്‍ മുന്നില്‍ വരുന്ന എല്ലാ രോഗികളെയും കോവിഡ് 19 ബാധിതര്‍ ആയിരിക്കും എന്ന രീതിയില്‍ സുരക്ഷാ മാര്ഗങ്ങള് എടുക്കാന്‍ പറ്റുന്നില്ല. അത് കൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ രോഗബാധിതരാകുന്നുണ്ട്. ഇവര്‍ സുഖമില്ലാതെ ലീവില്‍ പോകുമ്പോള്‍ നേരത്തെ തന്നെയുള്ള സ്റ്റാഫ് ഷോര്‍ട്ടേജ് പിന്നെയും രൂക്ഷമാണ്.
ന്യൂയോര്‍ക് സിറ്റിയില്‍ ഇനിയും വളരെ കുറച്ചു ദിവസങ്ങള്‍ കൂടി ഉപയോഗിക്കാനുള്ള മെഡിക്കല്‍ സപ്പ്ളൈ മാത്രമേ ഉള്ളു, മാസ്കുകള്‍ ഉള്‍പ്പടെ. കൂടുതല്‍ മാസ്കുകള്‍, വെന്റിലേറ്റര്‍, ഐ സി യു ബെഡുകള്‍ എല്ലാം വേണം. ന്യൂയോര്‍ക് സ്റ്റേറ്റില്‍ ഇനി വരുന്ന മൂന്നാഴ്ചകള്‍ കൊണ്ട് 140,000 രോഗികളെ പ്രതീക്ഷിക്കുന്നു, എന്നാലുള്ളത് 53,000 ബെഡുകളാണ്. ഇപ്പോള്‍ 7000 വെന്റിലേറ്ററുകള്‍ ഉണ്ട്, ഇനിയും 30,000 കൂടി വേണ്ടി വരുമെന്നാണ് ഗവര്‍ണര്‍ കോമോ പറയുന്നത്. ഇത് വരെ ഏകദേശം 300 മരണങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് രോഗികളുടെ എണ്ണം വളരെ വേഗം കൂടിയത്. ന്യൂയോര്‍ക്കിലെ ആദ്യ രോഗി പോസിറ്റീവ് ആയത് മാര്‍ച്ച് ഒന്നിന് മാത്രമാണെന്ന് കാണുമ്പോഴേ ഇത് എത്ര വേഗമാണ് പടര്‍ന്നത് എന്ന് മനസ്സിലാകൂ. രണ്ടു കോടി ജനസംഖ്യയുള്ള ഒരു സംസ്ഥാനത്താണ് ഈ നമ്പറുകളെല്ലാം, ന്യൂയോര്‍ക് സിറ്റിയില്‍ ജനസംഖ്യ 85 ലക്ഷവും.
ഇതെന്ത് കൊണ്ടാണ് മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയില്‍ ഇങ്ങനെ ഒരു സ്ഥിതി ഉണ്ടായത് എന്ന് പലരും എന്നോട് അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടെ ഇന്റെന്‍സീവ് കെയര്‍ വരുന്ന Tertiary ഹെല്‍ത്ത് കെയര്‍ രംഗം വളരെ മെച്ചപ്പെട്ടതാണെങ്കിലും പ്രാഥമിക ആരോഗ്യരംഗം എന്നത് വളരെ ശോചനീയമായ അവസ്ഥയിലാണ്. നമ്മള്‍ കേരളത്തില്‍ കാണുന്നത് പോലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, പിന്നെ മെഡിക്കല്‍ കോളേജുകള്‍ ഇങ്ങനെയൊരു ആശുപത്രി ശൃംഖല ഇവിടെയില്ല. ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് നെറ്റ് വര്‍ക്കിലുള്ള ജനറല്‍ പ്രാക്ടീഷണര്മാരെ അവരുടെ ക്ലിനിക്കുകളില്‍ കാണാം, എന്തെങ്കിലും രോഗമുണ്ടെങ്കില്‍. അവര്‍ ആവശ്യമുണ്ടെങ്കില്‍ അവര്‍ പ്രാക്ടീസ് ചെയ്യുന്ന ആശുപത്രികളില്‍ ഇവരെ അഡ്മിറ്റ് ചെയ്യും, അതിന് ശേഷം സ്പെഷ്യല്‍റ്റി ചികിത്സ ആവശ്യമുണ്ടെങ്കില്‍ അത്. നമ്മള്‍ ക്യാഷുവല്‍റ്റി എന്ന് പറയുന്ന എമെര്‍ജന്‍സി ഡിപ്പാര്‍ട്മെന്റില്‍ പോയാല്‍ വലിയ തിരക്കാണ്, തന്നെയുമല്ല മിക്കവാറും ഇന്‍ഷുറന്‍സുകള്‍ അത് മുഴുവന്‍ കവറേജ് നല്‍കില്ല, രോഗിക്ക് കൈയില്‍ നിന്ന് പണം നഷ്ടമാകും. എമെര്‍ജന്‍സിയില്‍ കാണുന്ന ഡോക്ടര്‍മാര്‍, ലഭ്യമാകുന്ന ചികിത്സകളും ടെസ്റ്റുകളും, ഒക്കെ ഇന്‍ഷുറന്‍സില്‍ covered ആണോ എന്ന് രോഗി എപ്പോഴും കൃത്യമായി ചെക്ക് ചെയ്തു കൊണ്ടിരിക്കുകയും വേണം, അപ്രതീക്ഷിത ബില്ലുകള്‍ ഒന്നും കിട്ടാതിരിക്കാന്‍. കുറച്ചു ആശുപത്രികള്‍ ഗവണ്മെന്റ് അധീനതയില്‍ ഉണ്ട്, പക്ഷെ പലപ്പോഴും എല്ലാ തരം അഡ്വാന്‍സ്ഡ് ചികിത്സകളോ എല്ലാ മരുന്നുകളോ ഒന്നും ഇവിടെ കിട്ടിയെന്നു വരില്ല. ഇന്‍ഷുറന്‍സ് എടുക്കുന്നത് ഒരു വലിയ ചിലവാണ്, പലര്‍ക്കും താങ്ങാന്‍ പറ്റുന്നതല്ല. ഇത് കൊണ്ടൊക്കെ പലര്‍ക്കും നല്ല coverage ഉള്ള, നല്ല ചിലവുള്ള ഇന്‍ഷുറന്‍സ് കാണില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ആയാലുള്ള ഇന്‍ഷുറന്‍സിനു പുറമെ വരാവുന്ന ചിലവുകള്‍, സിക്ക് ലീവ് ഇല്ലാത്ത ജോലി ആണെങ്കില്‍ ഉണ്ടാകാവുന്ന ജോലി നഷ്ടം, ശമ്പള നഷ്ടം ഇതൊക്കെ പേടിച്ചിട്ടു പലരും സമയത്തിനു മെഡിക്കല്‍ സഹായം തേടില്ല.
ഇപ്പോള്‍ ഈ കോവിഡ് 19 മഹാമാരിയുടെ കാലത്ത് തന്നെ, ഇപ്പോള്‍ ലോക്ക് ഡൌണ്‍ ഉള്ള പ്രദേശങ്ങളില്‍ പോലും മനുഷ്യര്‍ ജോലിക്ക് പോകാന്‍ നിര്ബന്ധിതര്‍ ആകുന്നുണ്ട്. ടാക്സി ഡ്രൈവര്‍മാര്‍, ഡെലിവറി ഡ്രൈവര്‍മാര്‍, അങ്ങനെ ഉള്ളവര്‍. പാര്‍ട്ട് ടൈം/ ചെറിയ ജോലികള്‍ ഒക്കെ ചെയ്യുന്നവര്‍ക്ക് ശമ്പളമില്ല ചില സ്ഥാപനങ്ങളില്‍. ഈയവസ്ഥയില്‍ മനുഷ്യര്‍ സാമൂഹിക അകലം പാലിക്കാനോ വീട്ടില്‍ ഇരിക്കാനോ തയ്യാറാവില്ല. തനിക്ക് രോഗം വന്നേക്കാം, താന്‍ വേറൊരാള്‍ക്ക് രോഗം പകര്‍ന്നു കൊടുത്തേക്കാം എന്നൊക്കെയുള്ള കാര്യങ്ങള്‍ വിശക്കുമ്പോള്‍ ഓര്‍ക്കാന്‍ പറ്റില്ലല്ലോ!
നമ്മുടെ കേരളത്തിലെ കാര്യം പറയുക ആണെങ്കില്‍ വളരെ സുശക്തമായ ഒരു ആരോഗ്യ ശൃംഖലയും അതിനു പിന്തുണയേകുന്ന സംസ്ഥാന സര്‍ക്കാര്‍ മുതല്‍ പഞ്ചായത്ത് വരെ വികേന്ദ്രീകൃത ഭരണസംവിധാനങ്ങളുമുണ്ട്. സബ് സെന്റര് തലം മുതല്‍ മുകളിലേക്ക് പോകുന്ന ഡേറ്റ കളക്ഷന്‍, ചികിത്സ സൗകര്യങ്ങള്‍ ഒക്കെ. പിന്നെ ആശാ വര്‍ക്കര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാര്‍, ഹെല്‍ത്ത് സെന്ററുകളിലെയും ആശുപത്രികളിലെയും നേഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ അങ്ങനെ ആരോഗ്യ പ്രവര്‍ത്തകരും. ഇതിന്റെ മെച്ചമെന്നു പറഞ്ഞാല്‍ ഒരു പകര്‍ച്ചവ്യാധി പോലുള്ള രോഗങ്ങള്‍ ഉണ്ടായാല്‍ ആര്‍ക്കാണ് വന്നത്, അവരുടെ കോണ്ടാക്ട്സ്, അവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ ഇതൊക്കെ ഫോളോ അപ്പ് ചെയ്യാന്‍ കഴിയും.
ഇവിടെ അമേരിക്കയില്‍ കോവിഡ് ബാധിതരുടെ കോണ്‍ടാക്ട് ട്രേസിങ് ഒന്നും കേരളത്തില്‍ ചെയ്യുന്നത് പോലെ ചെയ്തിട്ടേയില്ല. അത് ചെയ്യാന്‍ ആവശ്യമായ മാന് പവര്‍ ഇല്ലായെന്നതാണ് സത്യം. കഴിയുന്നത്ര കുറച്ചു ആള്‍ക്കാരെ നിയമിച്ചു കൂടുതല്‍ ജോലി ചെയ്യിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഇങ്ങനെയുള്ള ഫീല്‍ഡ് വര്‍ക്ക് ഒന്നും ചെയ്യാനുള്ള ആളില്ല. രോഗം ആദ്യം പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ നേഴ്‌സുമാര്‍ ഒരു പോസിറ്റീവ് രോഗിയോട് സമ്പര്‍ക്കം വന്നാല്‍ 14 ദിവസം ക്വാറന്‍റ്റൈനില്‍ പോകണമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു രോഗിയുമായി സമ്പര്‍ക്കം വന്നാലും പനി, ചുമ, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഏഴു ദിവസം ക്വാറന്‍റ്റൈനില്‍ പോകുക, പനി ഇല്ലെങ്കില്‍ നെഗറ്റീവ് ടെസ്റ്റ് ഇല്ലാതെ തന്നെ തിരിച്ചു ജോലിയില്‍ കയറുക എന്നതാണ് കിട്ടിയിരിക്കുന്ന നിര്‍ദേശം. പൊതുജനം ആയാലും ആരോഗ്യപ്രവര്‍ത്തകര്‍ ആയാലും വീട്ടില്‍ ക്വാറന്‍റ്റൈനില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാരിന്റെ വകയായി യാതൊരു സഹായങ്ങളുമില്ല. അവരവര്‍ തന്നെ സ്വന്തം ആഹാരവും മറ്റ് കാര്യങ്ങളുമൊക്കെ ഏര്‍പ്പാടാക്കണം. ഇത് കൊണ്ട് തന്നെ ആള്‍ക്കാരോട് ക്വാറന്‍റ്റൈനില്‍ പോകാന്‍ പറഞ്ഞാലും അവരത് പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാന്‍ വഴിയില്ല.
ഇത് വൈറസ് ബാധ ഇത്രയും പടര്‍ന്നു പിടിക്കാന്‍ കാരണമായ ആരോഗ്യ മേഖലയിലെ കുറവുകള്‍. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ ചില പിഴവുകളും സ്ഥിതി ഇത്രയും വഷളാകുന്നതില്‍ കാരണമായിട്ടുണ്ട്. 2016 ല്‍ പ്രസിഡന്റ് ഒബാമ നാഷണല്‍ സെക്യൂരിറ്റി കൗണ്സിലിന്റെ ഭാഗമായി Global Health Security and Biodefense എന്ന ഒരു വിഭാഗം സ്ഥാപിച്ചിരുന്നു. പ്രസിഡന്റ് ട്രംപ് ഭരണത്തില്‍ വന്നതിനു ശേഷം ഈ വിഭാഗം പല തരത്തിലുള്ള ഭരണ മാറ്റങ്ങളും പുനഃസംഘടനയും ഒക്കെ നേരിടേണ്ടി വന്നു. ഇതിന്റെ ഫലമായി മഹാമാരികളുടെ പ്രതിരോധം എന്നതിനേക്കാള്‍ ഇവരുടെ ശ്രദ്ധ Bio terrorism പ്രതിരോധിക്കുക എന്നതായി എന്ന് വിമര്ശനങ്ങളുണ്ട്. ചൈനയുടെ കേന്ദ്ര സാംക്രമികരോഗ ഏജന്‍സിയില്‍ അമേരിക്കയുടെ പ്രതിനിധി ആയി ജോലി ചെയ്തിരുന്ന CDC വിദഗ്ദ്ധ അവരുടെ ജോലി രാജി വെച്ചത് കഴിഞ്ഞ വര്ഷം ജൂലൈയിലാണ്. അതിനു ശേഷം ആ പോസ്റ്റില്‍ വേറെയാരെയും നിയമിച്ചില്ല. ഡിസംബര്‍ അവസാനം ആയപ്പോഴാണ് ഉത്ഭവം കണ്ടെത്താനാവാത്ത 27 ന്യൂമോണിയ കേസുകള്‍ ലോകത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇത് കൂടാതെ CDC യുടെ ഫണ്ടിങ് കുറയ്ക്കുക, വൈറസ് ബാധയുടെ ആദ്യ ഘട്ടങ്ങളില്‍ വളരെ കുറഞ്ഞ തോതില്‍ ടെസ്റ്റിംഗ് നടത്തുക, പ്രസിഡന്റ് ട്രംപ് തന്നെ മഹാമാരിയെ വളരെ നിസ്സാരമാക്കി സംസാരിക്കുക തുടങ്ങി പല രീതിയില്‍ വളരെ കുത്തഴിഞ്ഞ പ്രതികരണമാണ് നടത്തി കൊണ്ടിരുന്നത്. ഇതൊക്കെ ഈ കോവിഡ് 19 രോഗബാധയെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ വീഴ്ചകള്‍ വരുത്തിയിട്ടുണ്ട്.
എന്തായാലും ഇപ്പോള്‍ രണ്ട് ട്രില്യണ്‍ ഡോളറിന്റെ കൊറോണ വൈറസ് പാക്കേജ് അമേരിക്കന്‍ സെനറ്റ് പാസ്സാക്കിയിട്ടുണ്ട്. ബിസിനസ്സുകള്‍, സംസ്ഥാനങ്ങള്‍, വ്യക്തികള്‍ ഇവര്‍ക്കൊക്കെ സാമ്പത്തിക സഹായം ഇത് വഴി വാഗ്‌ദാനം ചെയ്തിട്ടുണ്ട്. കോവിഡ് രോഗബാധയെ ഫലപ്രദമായി നേരിടുന്നതിന് ഈ പാക്കേജ് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂട്ടത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനവും വ്യക്തികള്‍ക്ക് സാമ്പത്തിക സഹായവും. എന്നാല്‍ ഇതേ സമയം പ്രസിഡന്റ് ട്രംപും ചില റിപ്പബ്ലിക്കന്‍സും കൊറോണ ലോക്ക് ഡൌണ്‍ വലിയ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു, അതിനാല്‍ കഴിയുന്നത്ര വേഗം, ഈസ്റ്റര് ആകുമ്പോഴേക്കും ഇത് പിന്‍വലിക്കണം എന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. വൈറസിനെ തടഞ്ഞു നിര്‍ത്താതെ ലോക്ക് ഡൌണ്‍ പിന്‍വലിച്ചാല്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ വഷളാകുമെന്നും വളരെയധികം മരണങ്ങള്‍ ഉണ്ടാകുമെന്നും മെഡിക്കല്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് പോലെ “മനുഷ്യനല്ലേ വലുതെന്നും, മനുഷ്യന്‍ ബാക്കിയായാല്‍ അല്ലെ മറ്റെല്ലാം” എന്നും പറയുന്ന ഭരണാധികാരി ഇവിടെയും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. എനിക്കും ഈയടുത്ത ദിവസങ്ങളില്‍ ഞാന്‍ സംസാരിച്ച മറ്റ് പല മലയാളികള്‍ക്കുമുള്ള വിഷമം ഒന്ന് തന്നെയാണ്, ഇവിടെ ഞങ്ങള്‍ക്ക് അസുഖം വന്നാല്‍ താങ്ങാകും എന്നുറപ്പുള്ള ഒരു വ്യവസ്ഥിതി ഇല്ല. ഏറ്റവും ചെറിയവരെ പോലും കരുതുന്ന, നിസ്സാരമെന്നു പലര്‍ക്കും തോന്നുന്ന എന്നാല്‍ പ്രധാനമായ കാര്യങ്ങളില്‍ വരെ ശ്രദ്ധ ചെലുത്തുന്ന ഭരണകൂടവും വ്യവസ്ഥിതിയും ആയിരുന്നെങ്കില്‍ ഈ മഹാമാരി ഇത്ര അനിയന്ത്രിതമായ കഷ്ടപ്പാടുകള്‍ ഉണ്ടാക്കില്ലായിരുന്നു. ഇനിയിപ്പോള്‍ ചെയ്യുന്ന നടപടികള്‍ കൊണ്ട് സ്ഥിതി വേഗം നിയന്ത്രണത്തില്‍ ആകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ സര്‍ക്കാരും ജനങ്ങളും കൂടി ഈ മഹാമാരിയെ വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ പിടിച്ചു നിര്‍ത്താന്‍ കഴിയട്ടെ. ഞങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന Patient surge അവിടെ വരാതിരുന്നാല്‍ നല്ലത്. അതുണ്ടാകാതിരിക്കാന്‍ വൈറസിന്റെ സാമൂഹിക വ്യാപനം കഴിയുന്നത്ര കുറയ്ക്കണം. അതിനായി സാമൂഹിക അകലവും ഹാന്‍ഡ് വാഷിംഗും ക്വാറന്റ്റൈനും ഒക്കെ പാലിക്കുക.