ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ ശൃംഖലകളും വിവിധ വെബ് സൈറ്റുകള്‍ ബ്ലോഗുകള്‍ തുടങ്ങിയവയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിക്കും നിയന്ത്രണത്തിനും വിധേയമാക്കിക്കൊണ്ടു കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണല്ലോ.അത് ശരിയോ? സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ നിയന്ത്രിക്കുക എത്ര പ്രാവര്‍ത്തികമാണ്?
1.മാധ്യമ രംഗത്തെ വിപ്ലവം.
മാധ്യമ രംഗത്ത് നടന്ന അഭൂത പൂര്‍വ്വമായ വിപ്ലവമായിരുന്നു ഇന്റര്‍നെറ്റ് വഴി സാധ്യമായത്.ഇന്ത്യ പോലുള്ള രാജ്യത്ത് പോലും 9 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് ലഭ്യതയുള്ള ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ലളിതമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എന്നത് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ അഥവാ സാമൂഹ്യമാധ്യമങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നെറ്റ് വര്‍ക്കുകള്‍ക്ക് ലഭ്യമായത്. അങ്ങനെ സൈബര്‍സ്പേസ് മനുഷ്യരുടെ വലിയ സംഗമ സ്ഥാനമായി മാറി.ജാതി,മതം,രാഷ്ട്രീയം,പണം ഇവ നല്‍കുന്ന അധികാരത്തെ അതിലംഘിച്ചുകൊണ്ട് സാധാരണക്കാര്‍ക്ക് അവരുടെ ഇടപെടല്‍ നടത്താവുന്ന ഇടമായി സമൂഹ്യമാധ്യമങ്ങള്‍ മാറി.ഇവിടെ പ്രസാധകരോ എഡിറ്ററോ ഇല്ലാതെയും പ്രസിദ്ധീകരിക്കാം. ഇത് വലിയ സ്വാതന്ത്ര്യം നല്‍കി.കുറഞ്ഞ ഒരു ശ്രമം ഉണ്ടെങ്കില്‍ മൈക്ക് ഇല്ലാതെ,പ്ലാറ്റ് ഫോം ഇല്ലാതെ, ആള്‍ക്കൂട്ടം ഇല്ലാതെ ഒരേ സമയം ആയിരക്കണക്കിനു മനുഷ്യരോട് ഒരാള്‍ക്ക് തന്റെ മുറിയുടെ സ്വച്ഛതയില്‍ ഇരുന്ന് ആശയ വിനിമയം നടത്താനാകും പരസ്പരം ഉള്ള വ്യവഹാര സാധ്യത വര്‍ദ്ധിച്ചു.! ഇത് വന്‍ തോതില്‍ ജനാധിപത്യ ഇടപെടലിനു കളമൊരുക്കി..ഈയൊരു സാധ്യത രാഷ്ട്രീയക്കാര്‍ക്കും സന്നദ്ധസംഘടനകല്‍ക്കും എന്നതു പോലെ സമര മുഖങ്ങള്‍ക്കും പ്രിയപ്പെട്ട മാധ്യമമായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ മാറ്റിയിട്ടുണ്ട്.
ഒരു പ്രതേക ക്ലാസ്സ്/പണാധിപത്യം
ഇന്‍ഡ്യയില്‍ 9 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റ് ലഭ്യതയുള്ളവരാണ്. പക്ഷേ അതിലും പ്രധാനപ്പെട്ട വസ്തുത 113 കോടിയ്ക്ക് ആ സൌകര്യം ഇല്ലെന്ന താണ്.പക്ഷേ 9 കോടി നിസ്സാരമല്ല. എന്തിന് കോടികള്‍ ,കുറച്ച് ലക്ഷം ആള്‍ക്കാര്‍ക്കിടയില്‍ നടക്കുന്ന സംവാദങ്ങളും ആശയരൂപീകരണങ്ങളും വലിയ സ്വാധീനം ചെലുത്തും. മുകള്‍ത്തട്ട് ചര്‍ച്ചകള്‍ക്ക് സമൂഹത്തെയാകെ സ്വാധീനിക്കാനുള്ള ശേഷിയും സമൂഹികാനുമതി കൈക്കലാക്കാനുള്ള ബൌദ്ധിക കെല്‍പ്പും ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളെ ഇതിനായി സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയും..ഇത് മനസ്സിലാക്കി കൊണ്ട് പ്രമുഖ രാഷ്ട്രീയക്കാരും പാര്‍ട്ടികളും സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിനു മുഖ്യ സ്ഥാനം കൊടുത്തിരിക്കുന്നു. ബി.ജെ.പി 200 കോടി രൂപ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിനു മാറ്റി വെച്ചിട്ടുണ്ട്..കോണ്‍ഗ്രസ്സിനും അത്രയുമോ അതിലും കൂടുതലോ ചിലവഴിക്കാന്‍ പ്രയസമില്ല .
അടിസ്ഥാനപരമായി സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ‘ചന്ത’ (വിപണി”) സ്വഭാവമാണുള്ളത് . തങ്ങളുടെ ക്ലയന്‍സിനെ/പ്രോഡക്ടിനെ വിപണി സൌഹൃദമാക്കി അവതരിപ്പിക്കുന്നതില്‍ പരസ്യ ഏജന്‍സികള്‍ /കണ്‍സള്‍ട്ടന്‍സികള്‍ മത്സരിക്കും. കൂടുതല്‍ പണം മുടക്കുന്നവര്‍ കൂടുതല്‍ ലാഭം കൊയ്യും. സത്യം ധര്‍മ്മം,സാമൂഹിക നീതി എന്നീ മൂല്യവ്യവസ്ഥയ്ക്ക് അര്‍ത്ഥമില്ലാതെയാവുകയോ ശോഷണം സഭവിക്കുകയോ ചെയ്യുന്നത് സ്വാഭാവികം.ഇന്‍ഡ്യയില്‍ ഏറ്റവും അധികം ആളുകള്‍ ‘പിന്തുടരുന്ന’ രാഷ്ട്രീയ നേതാവ് നരേന്ദ്ര മോഡിയാണ്. ഈയടുത്ത കാലത്ത് പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് അതില്‍ കൂടുതലും ഫേക്ക് (കപട) ഐ,ഡി യാണ്. യഥാര്‍ത്ഥവും അയഥാര്‍ത്ഥവും വേര്‍തിരിച്ചറിയുക ദുഷ്ക്കരമായിരിക്കും.അത് വിവരങ്ങളുടെയും കാര്യത്തിലും സംഭവിക്കാം..നരേന്ദ്ര മോഡി കഴിഞ്ഞാല്‍ ‘ പിന്തുടര്‍ച്ചക്കാര്‍ ’ ഉള്ളത് ശശി തരൂരിനാണ്. നാഗരിക രാഷ്ട്രീയക്കാര്‍ക്ക് പ്രയോജന പ്രദമായി ഉപയോഗിക്കാവുന്നതു പോലെ ബീഹാറിലെയോ ഉത്തര്‍ പ്രദേശിലെയോ ജാര്‍ഖണ്ഡിലെയോ ഒരു രാഷ്ട്രീയ നേതാവിന് അത്തരത്തിലൊരു പ്രചരണത്തെ ക്കുറിച്ച് ആലോചിക്കുക കൂടി സാദ്ധ്യമല്ല. അതായത് ഒരു പ്രത്യേക ക്ലാസ്സ് രാഷ്ട്രീയക്കാര്‍ ഉണ്ടായി വരുന്നുവെന്ന് അര്‍ത്ഥം.വിലക്കെടുക്കപ്പെടാവുന്ന ഒരു പൊതു ഇടമായി സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ മാറാം.
സൈബര്‍ അതിക്രമം
യാതൊരു വിധത്തിലുമുള്ള ധാര്‍മ്മികതയോ നീതി ബോധമോ മനുഷ്യാവകാശ ബഹുമാനമോ ഇല്ലാതെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നടത്തുന്ന സ്വഭാവ ഹത്യ നിയന്ത്രിക്കുക ഒരു പരിധി വരെ ബുദ്ധിമുട്ടാണ്. ഒരു ഭാഗത്ത് ജനാധിപത്യവും സ്വാതന്ത്ര്യവും നല്‍കുമ്പോള്‍ തന്നെ അതേ സ്പേസ് ജനാധിപത്യ സംവാദത്തെയും ആശയരൂപീകരണത്തെയും തടയാനുള്ള ഇടമായും മാറുന്നു.
എനിക്ക് ഈയിടെ ഒരനുഭവം ഉണ്ടായി.മോഡിയുടെ കേരളാസന്ദര്‍ശനത്തെ പരാമര്‍ശിച്ച് ഒരു ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പിനോടുള്ള പ്രതികരണത്തിന്റെ അസഹിഷ്ണുത എന്നെ ഞെട്ടിച്ചു .മോശം ഭാഷ,ഭീഷണി...ഇനി ഇത്തരം അഭിപ്രായം പറയാന്‍ ധൈര്യപ്പെടരുത് എന്ന സൂചന. അദ്ദേഹത്തിന് കേരളത്തില്‍ സന്ദര്‍ശനം നടത്താന്‍ അവകാശമുള്ളതു പോലെ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആഘോഷിക്കാന്‍ അവകാശമുള്ളതു പോലെ ഗുജറാത്തിലെ വംശഹത്യയെക്കുറിച്ചും സത്നംസിംങ്ങിനെക്കുറിച്ചും നേഴ്സ്മാരുടെ സമരത്തെക്കുറിച്ചും എഴുതാനൊ പറയാനോ ഉള്ള എന്റെ ജനാധിപത്യ അവകാശത്തെ ആക്രമിക്കുന്നത് ഫാസിസം അല്ലാതെ മറ്റെന്താണ്. ഇരുപതാം നൂറ്റാണ്ടില്‍ അന്ന് ലഭ്യമായ ആധുനിക സാങ്കേതിക വിദ്യകളെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് ഹിറ്റ്ലര്‍ ആണെന്നത് ഓര്‍ക്കാതിരിക്കാനാവില്ല.
അധിനിവേശം
ട്വിറ്റര്‍ ,ഗൂഗിള്‍ ,ഫേസ് ബൂക്ക്തു ടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഗ്രൂപ്പുകള്‍ എല്ലാം അമേരിക്കന്‍ കമ്പനികള്‍ ആണ്. സോഷ്യല്‍ മീഡിയ വലിയ വിപണിസാധ്യത സൃഷ്ടിക്കുന്നു എന്നത് സ്പഷ്ടമാണ്.അതിലെ കണ്ണ് സ്വാഭാവികം. അതിലുപരി ഇന്‍ഡ്യയൂടെ അധികാര രാഷ്ട്രീയത്തില്‍ ഇടപെടാനും നിര്‍ണ്ണയിക്കാനുമുള്ള വലിയൊരു സ്പേസായി സോഷ്യല്‍ മീഡിയയെ ഈ അമേരിക്കന്‍ കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ എന്താണ് തടസ്സം.ഈ സ്പേസിലെ ഓരോ ഉപയോഗവും പരിപൂര്‍ണ്ണമായി സൂക്ഷ്മ നിരീക്ഷണത്തിലാണ് എന്നത് വസ്തുതയാണ്.
നമ്മുടെ താല്പര്യങ്ങളും രാഷ്ട്രീയവും വായനയും ചിന്തയും വരെ അളന്നു കുറിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.ഡൌണ്‍ ലോഡ് ചെയ്യുന്നതും സേര്‍ച്ച് ചെയ്യുന്നതും പോകട്ടെ നമ്മുടെ കത്തിടപാടുകളും രഹസ്യമല്ല. (പല ഗ്രൂപ്പുകളും സംഘങ്ങളും സ്വന്തം സേര്‍വ്വറുകള്‍ ഉപയോഗിച്ച് ഇത് തടയാന്‍ ശ്രമിക്കുന്നുണ്ട്.)ഈ അറിവിന് വേറെ എങ്ങും അന്വേഷിക്കേണ്ടതില്ല.. നിങ്ങള്‍ ദില്ലി സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന് വെയ്ക്കുക. ദില്ലിയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ചില അന്വേഷണങ്ങള്‍ നടത്തുകയും ദില്ലിയിലൂള്ള സുഹൃത്തിന് മെയില്‍ ചെയ്യുകയും ചെയ്യുന്നുവെന്നും കരുതുക.നിങ്ങളുടെ മെയിലില്‍ ഉള്‍പ്പെടെയുള്ള നെറ്റ് സ്പേസില്‍ ഫ്ലൈറ്റ് കമ്പനികള്‍ തുടങ്ങി ഹോട്ടല്‍, ടൂര്‍ കമ്പനികള്‍,..ഇവയുടെ പരസ്യങ്ങള്‍പ്രത്യക്ഷപ്പെടും..ഈ തൃക്കണ്ണ് എവിടെ നിന്ന് ലഭിക്കുന്നു.?അതു പോലെ സേര്‍ച്ചില്‍ ഏറ്റവും മുകളില്‍ വരാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ പണം വാങ്ങുന്നുണ്ടെന്നതും രഹസ്യമല്ല. .
-സോഷ്യല്‍ മീഡിയക്കും ചട്ടം ബാധകമാക്കണം
ആശയവിനിമയത്തിലെയും വ്യവഹാരങ്ങളിലെയും ജനാധിപത്യവല്‍ക്കരണത്തിന് സാമൂഹ്യമാധ്യമങ്ങള്‍ വലിയ സംഭാവന നല്‍കുന്നുണ്ട്. സശയമില്ല.പക്ഷേ ഇതിന്റെ സാധ്യതയെ ദുരുപയോഗപ്പെടുത്താനും ചരക്കുവല്‍ക്കരിക്കാനുമുള്ള സാധ്യതയും വര്‍ദ്ധിച്ചു വരുന്നു.മറ്റ് മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേക്കാള്‍ ഒരുപടി മുന്നിലാണു സോഷ്യല്‍ മീഡിയ. അച്ചടി മാധ്യമങ്ങള്‍ക്കും ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ക്കും നിലവില്‍ തിരെഞ്ഞെടുപ്പ് ചട്ടം ബാധകമാണ്. തീര്‍ച്ചയായും സോഷ്യല്‍ മീഡിയയും ഈ ചട്ടത്തിനുള്ളില്‍ കൊണ്ടു വരേണ്ടതാണ്. മറ്റൊന്നുണ്ട്. ഒരു ജനാധിപത്യ സമൂഹത്തില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തിക്കേണ്ടത് ചട്ടങ്ങളൊ നിയമങ്ങളോ അനുസരിച്ചാകുന്നത് അല്ല ശരി.കാരണം ഈ നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കരിനിയമങ്ങള്‍ ആകാം. സമൂഹം ജനാധിപത്യ പ്രക്രീയയിലൂടെ നേടിയെടുക്കുന്ന ഉയര്‍ന്ന ജനാധിപത്യ ബോധ്യത്തിലാകണം സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനം.