Adv I B Sathish

അറിയുക വിവേകാനന്ദനെ

നിങ്ങള്‍ക്കു സാമൂഹ്യപരിഷ്കര്‍ത്താവാകണമെങ്കില്‍ മൂന്നൂകാര്യങ്ങള്‍ വേണ്ടതുണ്ട്. ആദ്യം നെഞ്ചിനകത്തൊരു നോവ് നിങ്ങളുടെ കൂടെപിറപ്പുകള്‍ക്കുവേണ്ടി നിങ്ങളുടെ നെഞ്ചു നീറുന്നുണ്ടോ? ലോകത്തില്‍ ഇത്രയധികം അഴലുണ്ടെന്ന്, അജ്ഞാനമുണ്ടെന്ന്, അന്ധവിശ്വാസമുണ്ടെന്ന് നിങ്ങളുടെ ചങ്കില്‍ തറക്കുന്നുണ്ടോ? മനുഷ്യര്‍ തന്റെ കൂടപിറപ്പുകളെന്നു നിങ്ങള്‍ക്കു വാസ്തവത്തില്‍ തോന്നുന്നുണ്ടോ? നീങ്ങളുടെ സമസ്തസത്തയിലും ഈ ആശയം വ്യാപിക്കുന്നുണ്ടോ? അതു നിങ്ങളുടെ ചോരയോടൊപ്പം ഒഴുകുന്നുണ്ടോ? അത് നിങ്ങളുടെ ഞരമ്പുകളില്‍ തുടിക്കുന്നുണ്ടോ? അതു നിങ്ങളുടെ ദോഹത്തിലെ ഓരോ ധമനിയിലും തന്തുവിലും കൂടി വ്യാപരിക്കുന്നുണ്ടോ? അനുതാപം എന്ന ആശയം കൊണ്ടു നിറഞ്ഞവനാണോ നിങ്ങള്‍ ആണെങ്കില്‍ അതാദ്യത്തെ ചുവടുവെയ്പേ ആകുന്നുള്ളൂ അടുത്തതായി അതിനെന്തെങ്കിലും പ്രതിവിധി കണ്ടിട്ടുണ്ടോ എന്നു ചിന്തിക്കണം. പഴയ ചിന്തകളെല്ലാം മൂഢവിശ്വാസങ്ങളാകാം. എന്നാല്‍ ഈ ആഢ്യ സമൂഹത്തിന്റെ ഇടക്കും അടുത്തുമായി കാഞ്ചന ശകലങ്ങളും ഉണ്മകളും കുടികൊള്ളുന്നുണ്ട്. അതിലെ അഴുക്കൊക്കെ നീക്കി പൊന്നുമാത്രമെടുക്കാനുള്ള ഉപായം നിങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് രണ്ടാം പടിയേ ആകുന്നുള്ളൂ. ഒരു കാര്യം കൂടി വേണ്ടതുണ്ട് എന്നാണ് നിങ്ങളുടെ പ്രേരകമായ ആന്തരചിന്ത. പൊന്നിലുള്ള ദുരയോ പേരിനും പെരുമയ്ക്കുമുള്ള കൊതിയോ അല്ല നിങ്ങളെ ഉന്തിവിടുന്നതെന്ന് തീര്‍ച്ചയാണോ? ലോകമാസകലം നിങ്ങളെ ഞെരിച്ചരക്കണമെന്നു കരുതിയാലും തന്റെ ലക്ഷ്യം കയ്യൊഴിക്കാതെ മുന്നേറാമെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ? പ്രാണന്‍ പണയത്തിലായാലും, തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുമെന്ന്, തന്റെ ക്യത്യമിന്നതാണെന്ന്, തനിക്ക് നിശ്ചയമുണ്ടെന്ന് നല്ല ഉറപ്പുണ്ടോ? അവസാനശ്വാസം വരെ, നെഞ്ചിലെ ഒടുക്കത്തെ മിടുപ്പുവരെ, വിടാതെ പരിശ്രമിക്കുമെന്ന് തന്റേടം തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങളൊരു ശരിയായ പരിഷ്കര്‍ത്താവ്, മാനവസമുദായത്തിനൊരനുഗ്രഹം.''

കേവലം മുപ്പത്തിയൊമ്പതു വര്‍ഷത്തെ ജീവിത സാന്നിദ്ധ്യം കൊണ്ട് ധിഷണയില്‍ തീ വിതറിയ സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിത്. ഒരു പക്ഷേ വര്‍ത്തമാനകാലത്ത് ഇത്രയധികം ദുരുപയോഗം ചെയ്യപ്പെട്ട മറ്റൊരു പ്രതീകവുണ്ടാകില്ല. വംശവെറിയുടെ ജര്‍മന്‍ തത്വശാസ്ത്രത്തിന് മതവൈരത്തിന്റെ ഇന്ത്യന്‍ ഭാഷാന്തരം നല്‍കിയ സംഘപരിവാര ബൌദ്ധിക പ്രമുഖര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പാതകങ്ങളിലൊന്ന് വിവേകാനന്ദ ദര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നതാണ്. ഹ്രസ്വവും തീഷ്ണവുമായ ജീവിത സംവത്സരങ്ങളിലൂടെ തിരയൊടുങ്ങാത്ത കലാപ കടലിനെ സൃഷ്ടിച്ചാണ് അദ്ദേഹം കാലയവനിക മറഞ്ഞത്. വാക്കുകളിലൂടെ അദ്ദഹം വ്യാകുലപ്പെട്ടത് ഭൌതികമായ അസമത്വങ്ങളുടെ നിരര്‍ത്ഥക്തയെ കുറിച്ചാണ്. അദ്ദേഹം വിവരിച്ച നെഞ്ചിനകത്തെ നോവ് ഒരു കാലവും വിട്ടകന്നിരുന്നില്ല. ആ നോവ് അസമത്വങ്ങളെ ഉത്പാദിപ്പിക്കുന്ന സാമൂഹ്യ ഘടനയുടെ ക്രൂരതകളെ പ്രതിയുള്ള നോവായിരുന്നു. ലോകത്ത് നിലനില്‍കുന്ന അഴലും അജ്ഞാനവും അന്ധവിശ്വാസവും അദ്ദേഹത്തിന്റെചങ്കില്‍ തന്നെ തറച്ചിരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യര്‍ തന്റെ കൂടപ്പിറപ്പുകളെന്നു തന്നെ പ്രഖ്യാപിച്ചു. ചിക്കാഗോ പ്രസംഗത്തില്‍ മാത്രമല്ല നിരന്തരവും നിരവധിയുമായ പ്രഭാഷണങ്ങളിലൂടെ.

സാമൂഹ്യ പ്രവര്‍ത്തകനെ രൂപപ്പെടുത്തുന്ന മാനസിക ഘടനയെ സംബന്ധിച്ച കുറിക്കുകൊള്ളുന്ന നീരീക്ഷണം നടത്തിയ വിവേകാനന്ദ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തി കാലദേശാതീതമാണ്. നൂറ്റമ്പതാം ജന്മവാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്ന കാലയളവിലെ ചര്‍ച്ചകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. തന്റെ ജീവിതംകൊണ്ടും ചിന്തകൊണ്ടും എവിടെയാണെന്ന് തെളിയിച്ച വിവേകാനന്ദദര്‍ശനങ്ങളെ വിപരീതധ്രുവത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളുടെതു കൂടിയായി ഈ ആഘോഷങ്ങള്‍ മാറുന്നുണ്ടോ? സംസ്ഥാന സര്‍ക്കാരും സംഘപരിവാര കുടുംബാംഗങ്ങളും സംഘടിപ്പിക്കുന്ന ആഘോഷങ്ങളില്‍ അങ്ങനെയൊരു സന്ദേശംകൂടി പതിയിരിക്കുന്നുണ്ടോയെന്ന സന്ദേഹം ഉയരുന്നുണ്ട്. ആത്മീയതയുടെ അമ്പാസിഡര്‍ മാത്രമായി പരിമിതപ്പെടുത്തുക എന്നത് കര്‍മ്മയോഗിയായ ആത്മീയാന്വേഷകന്റെ ഓര്‍മകളോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത അനീതിയാകും. ജീവിച്ചിരിക്കുന്ന തലമുറയെ ഓര്‍മിപ്പിക്കുകയും അറിയിക്കുകയും ചെയ്യേണ്ട ഒരു ചിന്താസരണിയുടെ യഥാര്‍ത്ഥ സത്തയെ പരിചയപ്പടുത്തുക എന്നത് ഏറെ അനിവാര്യമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

സ്വാമി വിവേകാനന്ദന്‍ നിരന്തരം ഉരുവിട്ടുകൊണ്ടിരുന്ന ഒരു ഋഗ്വേദസൂക്തമുണ്ട്. "ഏകം സദ്വിഗ്രബഹുധാവദന്തി'' പലരൂപത്തില്‍ വിവരിക്കപ്പെടുന്ന അഭിപ്രായങ്ങളുടെയെല്ലാം (മതങ്ങളുടെ) സാരാംശം ഒന്നാണ്. എല്ലാ ദര്‍ശനങ്ങളുടെയും അകക്കാമ്പില്‍ തെളിയുന്ന പരമമായ സത്തയെ അറിയുക എന്ന ദൌത്യമാണ് ആത്മീയയാത്രികര്‍ക്കുമുന്നില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ലോകത്തെ പിടിച്ചുലച്ച ചിക്കാഗോ പ്രസംഗം മുതല്‍ അദ്ദേഹത്തെ പിന്തുടരുന്നവര്‍ ഈ ദര്‍ശനത്തിന്റെ സാര്‍വ്വലൌകികപ്രസക്തിയെക്കൂടി പിന്തുടര്‍ന്നു. മനുഷ്യന്‍ സൃഷ്ടിച്ച മതങ്ങളും മതങ്ങള്‍ സൃഷ്ടിച്ച ദൈവങ്ങളും ചേര്‍ന്ന് ഭിന്നിപ്പിക്കുന്നത് മനുഷ്യ മനസുകളെയാണെന്നതില്‍ അദ്ദേഹം ഖിന്നനായിരുന്നു, രോഷാകുലനും. കേരളം ഭ്രാന്താലയമാണെന്ന ശബ്ദം ആ വികാരങ്ങളില്‍ നിന്നുമുയര്‍ന്നതാണ്. മാനവികതയുടെ മര്‍മ്മ മറിയാത്ത സ്വപ്നാടകരായ കപടസന്യാസിമാരെ അദ്ദേഹം നിശിതമായി ചോദ്യം ചെയ്യുന്നുണ്ട്.

നവ്യവേദാന്തമെന്ന ചിന്താധാര അവതരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ ജ്ഞാനകര്‍മ്മ സമുച്ചയവാദം എന്ന കര്‍മ്മത്തിന് ഊന്നല്‍ നല്‍കുന്ന ആശയമണ്ഡലത്തിന് രൂപം നല്‍കി. സന്യാസിവേഷം കെട്ടിയ ആളുകള്‍ സമൂഹത്തിന് നല്‍കുന്നത് നിഷേധാത്മക ഊര്‍ജമാണെന്ന് അദ്ദേഹം വളര്‍ച്ചുകെട്ടില്ലാതെ തന്നെ പറഞ്ഞിരുന്നു.

" ഇന്ത്യയുടെ ഇങ്ങേയറ്റത്ത് പാറക്കെട്ടില്‍ കന്യാകുമാരി മാതാവിന്റെ ക്ഷേത്രത്തില്‍ ഇരുന്നപ്പോള്‍ എന്റെ മനസില്‍ ഒരു പദ്ധതി ഉദയം ചെയ്തു. സന്യാസിമാരായ നമ്മള്‍ ഒരുപാട് പേരുണ്ട്. ചുറ്റിനടന്ന് നാം ജനങ്ങളെ ആദ്ധ്യാത്മിക വിദ്യ പഠിപ്പിക്കുന്നു. വിശന്ന വയറ് മതത്തിനു നല്ലതല്ല. ഇന്ത്യയിലെ എല്ലാ കുചേഷ്ടിതങ്ങള്‍ക്കുമുള്ള കാരണമതാണ്.'' പട്ടിണിയും വിശപ്പുമാണ് മനുഷ്യകുലത്തിന്റെ സ്വസ്ഥതയെ കെടുത്തുന്നതെന്ന് അദ്ദേഹം നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ഇഹ ലോകത്ത് റൊട്ടിതരാത്ത ദൈവം പരലോകത്ത് മോക്ഷം തരുന്നതെങ്ങനെയെന്ന് ചോദ്യം എക്കാലവും എല്ലായിടത്തേയും ആത്മീയ വ്യാപാരികളുടെ നേര്‍ക്ക് നിരന്തരം ചാട്ടൂളിയായിരുന്നതാണ്. അദ്ദേഹം നിരീക്ഷിക്കുന്നതിങ്ങനെയാണ്.

"ലോകത്തിലെ മതങ്ങള്‍ ജീവനറ്റ പേക്കൂത്തുകളായിരിക്കുന്നു. ലോകത്തിനുവേണ്ടത് സ്വാഭാവമാണ്. ആരുടെ ജീവിതമാണോ ഉജ്ജ്വലനിസ്വാര്‍ത്ഥ പ്രേമമായിരിക്കുന്നത്. അവര്‍ക്ക് വേണ്ടി ലോകം അഭിലാഷം കൊള്ളുന്നു. ആ പ്രേമം അവരുച്ചരിക്കുന്ന ഓരോ വാക്കിനും ഇടിത്തീയുടെ ശക്തി നല്‍കുന്നു.''

പട്ടിണിയും ദാരിദ്യ്രവും ഉണ്ടാകുകയല്ല, ഉണ്ടാക്കപ്പെടുകതന്നെയെന്ന് അദ്ദേഹം വിളിച്ചുപറയുന്നു. ചൂഷണത്തിനു ഉപാധിയായ സാമൂഹ്യവ്യവസ്ഥിതികള്‍ പടച്ചുണ്ടാക്കുന്ന ഭരണക്രമങ്ങള്‍ക്കെതിരായ നിശിത വിമര്‍ശനവും സ്വാമി വിവേകാനന്ദനുയര്‍ത്തുന്നുണ്ട്.

വിത്തനാഥന്റെ ബേബിക്കു പാലും

നിര്‍ദ്ധന ചെറുക്കനുമിനീരും

ഈശ്വരേഛയില്ലെങ്കിലമ്മട്ടി

ലീശ്വരനെ ചവുട്ടുക നമ്മള്‍

ആഗ്നിയുടെ അട്ടഹാസമൊത്ത കവിതാശകലത്തില്‍ ചങ്ങമ്പുഴ ആവിഷ്കരിച്ചത് വിവേകാനന്ദ ദര്‍ശനങ്ങളെത്തന്നെയാണ്. ചൂഷണത്തിനായി വേലിക്കെട്ടുകളും വേര്‍തിരിവുകളും സൃഷ്ടിക്കുന്നത് ഈശ്വരനല്ല- ഈശ്വരനുവേണ്ടിയുമല്ല. അധികാര സ്ഥാപനങ്ങളില്‍ ആധിപത്യം സ്ഥാപിച്ച പ്രമാണിമാരാണ്. മനുഷ്യന്‍ സൃഷ്ടിച്ച മതങ്ങളും ദൈവങ്ങളും മനുഷ്യസമൂഹത്തെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരായി സമരം ചെയ്യുന്ന പക്ഷത്താണ് അദ്ദേഹം ചിന്തകൊണ്ട് നിലയുറപ്പിച്ചിരുന്നത്. ആരുടെ ജീവിതമാണോ ഉജ്ജ്വല നിസ്വാര്‍ത്ഥ പ്രേമമായിരിക്കുന്നത് അവര്‍ക്കുവേണ്ടി ഈ ലോകം അഭിലാഷം കൊള്ളുന്നുവെന്ന് പ്രഖ്യാപിച്ച അദ്ദേഹം കൃത്യമായി പറഞ്ഞു. "ക മാ മ ീരശമഹശ'' ഞാനൊരു സോഷ്യലിസ്റാണ്. അത് പൂര്‍ണമായൊരു വ്യവസ്ഥിതിയാണെന്നത് കൊണ്ടല്ല, മറിച്ച് മുഴു പട്ടിണിയില്ലാത്ത കാലം സോഷ്യലിസ്റ് സമൂഹത്തിന് ഉണ്ടാവുകയെന്നത് കൊണ്ടാണ്.

ഈ നിലപാടില്‍ നിന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ വികസിക്കുന്നത് ശൂദ്രരാജ് എന്ന സങ്കല്‍പ്പത്തിലേക്കാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ ഏറ്റവും താഴെത്തട്ടിലെ വിഭാഗമായിരുന്ന ശൂദ്രര്‍ അധികാരം കൈയാളുന്ന കാലത്തെ വിഭാവനം ചെയ്യുമ്പോള്‍ അതിന് മറ്റൊരു അര്‍ത്ഥതലം കൂടി കൈവരുന്നു. 1864ല്‍ സകലരാജ്യങ്ങളിലെ വേലക്കാരെ യോജിപ്പിന്‍ (സര്‍വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍) എന്ന ആഹ്വാനം കാറല്‍ മാര്‍ക്സ് ഉയര്‍ത്തുന്നുണ്ട്. 1883 മാര്‍ച്ച് 14 ന് ലോകത്തോട് വിട പറയുന്നതിനുമുമ്പ് അധ്വാനം ജീവിതോപാധിയാക്കുന്ന വര്‍ഗം ലോകത്തിന്റെ നേതൃത്വമാകേണ്ടതിന്റെ സംഗത്യം ആശയങ്ങളിലൂടെ അവതരിപ്പിച്ചിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയെ ശൂദ്രവര്‍ഗം തൊഴില്‍ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ തൊഴിലെടുക്കുന്ന വര്‍ഗംകൂടിയായിരുന്നു. ചൂഷണത്തിനു വിധേയമാകുന്നവരായിരുന്നു. അടിച്ചമര്‍ത്തപ്പെടുന്നവരായിരുന്നു. ശൂദ്രരാജ് എന്ന സമൂഹഘടനയെ സ്വപ്നം കാണുകയും സാധൂകരിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദന്‍ തന്റെ കാലത്ത് ലോകമാസകലം രൂപപ്പെട്ട ഒരു ചിന്താധാരയോടെ തന്റെ ആശയമണ്ഡലത്തെയും ചേര്‍ത്തുപിടിക്കുകയായിരുന്നുവെന്ന് കാണാം.

1863 ജനുവരി 12 ന് അഭിഭാഷകനായ വിശ്വനാഥദത്തിന്റെയും ഭുവനേശ്വരിയുടെയും മകനായി ജനിച്ച നരേന്ദ്രനാഥ്, 18-ാം വയസ്സില്‍ ശ്രീരാമ കൃഷ്ണപരമഹംസനെ കാണുന്നു. ഈശ്വരനെ തേടിയുള്ള അദ്ദേഹത്തിന്റെ യാത്രയിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ആ കൂടിക്കാഴ്ച. അദ്ധ്വാനത്തെയും കര്‍മ്മശേഷിയെയും ഈശ്വരസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചിന്താധാരയായിരുന്നു അദ്ദേഹം നാല് പതിറ്റാണ്ട് തികയുന്നതിനു മുമ്പ് 1902 ജൂലൈ 4 ലെ സന്ധ്യക്ക് ലോകത്തോട് വിടപറയുന്നതുവരെ ലോകത്തിനു നല്‍കിയത്.

"പാശ്ചാത്യരുടെ പീഢനത്തില്‍പ്പെട്ടു ഞെരുങ്ങുകയാണ് പാശ്ചാത്യലോകം. പുരോഹിതന്‍മാരുടെ പീഢനത്തില്‍ പൌരസ്ത്യ ലോകവും'' സ്വാമി വിവേകാനന്ദന്റെ യൌവന തീഷ്ണതയുടെ നിമിഷങ്ങള്‍ അദ്ദേഹം അനുഭവിച്ചറിഞ്ഞ അക്കാലത്തെ സാമൂഹ്യയാഥാര്‍ത്ഥ്യമായിരുന്നു അത്. അറുത്തകൈക്ക് ഉപ്പുതേക്കാത്ത ധനാര്‍ത്തി മൂത്ത ഷൈലോക്കുമാരുടെ രീതിശാസ്ത്രം പിന്തുടരുന്ന ആത്മീയ വ്യാപാരികള്‍ സന്യാസവേഷപൂര്‍ണ ആത്മീയതയെ ദുരുപയോഗം ചെയ്യുകയാണിന്ന്. ധനസമ്പാദനത്തിനുള്ള ഉപാധിയായി ആത്മീയതമാറുകയും, അധികാരത്തിലേക്കുള്ള എളുപ്പവഴി മതബോധം സൃഷ്ടിച്ച് സംഘടന നിലനിര്‍ത്തുകയുമാണെന്ന് വരുമ്പോള്‍ വിവേകാനന്ദദര്‍ശനത്തിന്റെ പൊരുളറിയുകയും പരിചയപ്പെടുകയും ചെയ്യുക എന്നത് പ്രധാന്യമേറിയൊരു ദൌത്യമാണ്.