ഉച്ചവെയിൽ ചൂടവശേഷിപ്പിച്ചുപോയ ഒരുവൈകുന്നേരമാണ് അയാളെ വീണ്ടുംകാണുന്നത്. വർഷങ്ങൾക്കുശേഷമുള്ള കാഴ്ചയിലും അയാളെനിക്ക് പരിചിതനായിരുന്നു. മറക്കുന്നതെങ്ങനെ, ഇതേ നിരത്തിൽവെച്ച് വർഷങ്ങൾ മുമ്പുള്ള ആരാത്രി !!!
പ്രണയനാളുകളിലെ ഒരു ബൈക്ക് റൈഡ്. പ്രതീക്ഷിച്ചതിലും വൈകി, ആ വെപ്രാളവും പേറി, പായുമ്പോഴാണ് ഇതേസ്ഥാനത്ത് വഴിതടഞ്ഞുകൊണ്ടയാൾ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. ഇരുളിൻ്റെ മറവിൽ വഴിയാത്രക്കാരെ കവർച്ചനടത്തുന്ന ഊരും പേരുമറിയാത്തവൻ്റെ രൂപം മനസ്സിലിപ്പോഴും മായാതെ നിൽക്കുന്നുണ്ട്.
അന്ന് ബൈക്കിന് നേരെയെന്ന പോലെയയാൾ ജീപ്പിന് വിലങ്ങനെ കൈകാണിക്കുന്നു.
"അയാൾടടുത്ത് നിർത്ത്..." ഡ്രൈവർക്ക് നിർദേശം കൊടുത്തു.
''അത് പഴയൊരു ഗുണ്ടയാണ് സർ... ഇപ്പോൾ ലോട്ടറിക്കച്ചോടാണ് "
"അതെന്തേ... വയ്യാണ്ടായോ..!!"
" ഏയ്... കണ്ടില്ലേ, എന്താ ആരോഗ്യം...!!! "
" മാനസാന്തരപ്പെട്ടതാണോ....."
" അതാ സാറെ അതിശയം!! എത്ര കേസ് വന്നിട്ടും ഇടികൊണ്ടിട്ടും മാറാത്തവനാ... ഇപ്പോ അവനെപ്പോലെ ഡീസൻറ്..."
അയാൾ നീട്ടിപ്പിടിച്ച കയ്യിൽ ഒരു കുത്തുലോട്ടറി.
വണ്ടി തിരിച്ചറിഞ്ഞിട്ടാകാം പെട്ടന്നയാൾ കൈവലിച്ച് ഒതുങ്ങി നിന്നു.
" പോലീസുജീപ്പ് തടഞ്ഞാണോടാ ലോട്ടറിവിൽപ്പന " ഡ്രൈവറുടെ പരുക്കൻചോദ്യം.
'' അയ്യോ സർ, കണ്ണിന് അത്ര പിടുത്തം പോര... അടുത്തുവന്നപ്പോഴാ മനസ്സിലായത്..." മറുപടിയിൽ താണുവഴങ്ങുന്ന ഭാവം.
സൗഹാർദ്ദത്തിലല്ലാതെ ഡ്രൈവർ എന്തൊക്കെയോ ചോദിച്ചു - തപ്പിയിറങ്ങിയ ചില പുള്ളികളുടെ വിവരങ്ങളും മറ്റും... പിന്നെ, ഭീഷണമായ ഭാവത്തിലെന്നെ അവതരിപ്പിച്ചു - " ഇതാണ് പുതിയ സീയൈ..."
അയാൾ എന്നെയും വണങ്ങി.
ഈ സമയത്തൊക്കെ അയാളുടെ നോട്ടം തൊട്ടടുത്ത കടയ്ക്കുള്ളിലേയ്ക്ക് പിടഞ്ഞുമാറുന്നതും ഗൂഢമായൊരു മന്ദഹാസം മിന്നിമായുന്നതും ഞാൻ കണ്ടു.
വണ്ടി മുന്നോട്ടെടുത്തപ്പോൾ കടയിലേയ്ക്ക് നോക്കി - സുന്ദരിയായൊരു മധ്യവയസ്ക്ക - അവരുടെ നോട്ടവും അയാളിലാണെന്നെനിക്ക് തോന്നി. അവരുടെ മുഖത്തുമുണ്ട് ഗോപ്യമായൊരു ചിരിയല.
" ആ കടയിലെ സ്ത്രീ ഏതാണ്? അയാളുടെ ഭാര്യയോ മറ്റോ ആണോ..."
മിററിലൂടെ ഞാൻ ലോട്ടറിക്കാരനെ നോക്കി. കടയിലേയ്ക്ക് നോക്കി നിൽക്കുന്ന അയാളിൽ പ്രസരിപ്പാർന്ന ചലനങ്ങൾ.
" ഏയ്... അവരൊരു നല്ല സ്ത്രീയാ... " ഡ്രൈവറുടെ സ്വരത്തിൽ അനുകമ്പ - " അവരുടെ ജീവിതം വല്യ ട്രാജഡിയാ സാറെ... "
" ഉം...?' " ഞാനയാളെ കേട്ടിരുന്നു.
" വല്യരു തറവാട്ടിലെ പെണ്. തങ്കപ്പെട്ട സ്വഭാവം. കാണാനും സുന്ദരി... പറഞ്ഞിട്ടെന്താ, കെട്ടിയോൻ കൊണമില്ലാത്തോനാര്ന്ന്... "
തൊട്ടടുത്ത ജംഗ്ഷനിൽ ചവുട്ടി, അവിടെ നിന്ന കുറച്ചു ചെറുപ്പക്കാരോട് പൊലീസ് ഭാഷയിൽ സ്നേഹം പ്രകടിപ്പിച്ചിട്ടയാൾ തുടർന്നു - " കഷ്ടപ്പാടും ദുരിതോമാര്ന്ന് എന്നാ കേട്ടിട്ടുള്ളത്.. എന്തായാലും രണ്ടു വർഷം മുന്നേ അയാള് ചത്തു. രണ്ടുമക്കളും അവരുങ്കൂടി ഇവിടെ വന്ന് താമസായി... "
" മക്കളൊക്കെ വലുതാണോ!!"
" രണ്ടു പെമ്മക്കളാ.. ഒന്നിനെ കെട്ടിച്ച്..."
" ഉം..." എൻ്റെ മൂളലിലെ പൂർണ്ണവിരാമം ജീപ്പിനുള്ളിൽ നിശബ്ദതയായി.
ജീവിതത്തിൽ ഏറ്റവും പക തോന്നിയിട്ടുള്ളവനെ മുഖാമുഖം കണ്ടിട്ടും ഒരക്ഷരം പറയാതിരുന്നതെന്തേ!!
ഒരർത്ഥത്തിൽ ആലോട്ടറിക്കാരന് എൻ്റെജീവിതത്തിൽ നിർണ്ണായകസ്ഥാനമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്?!
അന്ന് രാത്രി, കയ്യിലെ പണവും അവളുടെ സ്വർണ്ണാഭരണങ്ങളും അയാൾക്ക് നൽകി, കഠാരത്തുമ്പിൽ നിന്ന് പ്രാണനും വാരിപ്പിടിച്ചു പാഞ്ഞുകയറിയത് വലിയ പ്രശ്നങ്ങളിലേക്കായിരുന്നു. പതറിയ ചുവടുകൾ വെച്ച് വീട്ടിനുള്ളിലേയ്ക്ക് പോയവളെ കാത്ത് പുറത്തു നിൽക്കുമ്പോൾ പ്രതീക്ഷിച്ച ബഹളങ്ങൾ കേട്ടു തുടങ്ങി.
അന്ന് കൈപിടിച്ചിറങ്ങിയ യാത്രയാണ് ഇവിടെയെത്തി നിൽക്കുന്നത്.
" ആ സ്ത്രീ അയാളുടെ പഴയ കാമുകിയാണെങ്കിലോ!! അവരുടെ മടങ്ങിവരവാണ് അയാളെ മാറ്റിയതെങ്കിലോ?!"ഭാര്യയുടെ ചോദ്യം. എന്നോട് ചേർന്നുകിടന്ന്,
വൈകുന്നേരത്തെ സംഭവം കേൾക്കുകയായിരുന്നു അവൾ.
" സാധ്യതയില്ലാതില്ല... പെണ്ണൊരുമ്പെട്ടാൽ മാറാത്ത പുരുഷനുണ്ടോ... ദാ എന്നെനോക്ക്..." അവളെ ചേർത്തുപിടിച്ച് ഞാൻ പൊട്ടിച്ചിരിച്ചു.
" ഓ.. വലിയൊരു പുരുഷൻ... " എന്നവളുടെ കളിവാക്ക്.
" എന്താടി നിനക്കിപ്പോഴും സംശയമുണ്ടോ..."
" ഉണ്ടേലെന്താ നീ തീർത്തു തര്വോ..."
കളിവാക്കുകൾ പ്രണയലീലകളായി. പൊട്ടിച്ചിരികൾ ചിതറിവീണ് കുറുകലുകളായി.
ദേഹങ്ങൾ അന്യോന്യം സാക്ഷ്യം പറഞ്ഞ്, ഒറ്റ ദേഹിയായി. നിശ്വാസങ്ങളുടെ അവരോഹണത്തിന് ചെവികൊടുത്ത് തമ്മിലണച്ചുകിടക്കുമ്പോൾ അവൾ ചോദിച്ചു - " അവരിപ്പോൾ എന്തുചെയ്യുകയാകും?!"
" ആവോ... എന്തായാലും രണ്ടാളും മന്ദഹസിക്കുന്നുണ്ടാകും. "
" അരികിലല്ലാതെ ഉണർന്നുകിടന്നുകൊണ്ട് അവർക്ക് മാത്രം കഴിയുന്നഭാഷയിൽ ചിലത് പറയുന്നുമുണ്ടാകും"