വിദ്യാര്‍ഥി യുവജന സമരങ്ങളെ നവ ഉദാരവല്‍കൃത കൊളോണിയല്‍ ലോകം രണ്ടു നിലകളിലാണ് പൊതുവില്‍ വിലയിരുത്തുക. ഒന്നുകില്‍ രാഷ്ട്രീയപ്രേരിതം അല്ലെങ്കില്‍ അക്ക്രമാസക്തം. ധനമൂലധന ശക്തികള്‍ നേതൃത്വം നല്‍കുന്ന ബഹുഭൂരിപക്ഷം ശ്രോതസ്സുകളിലൂടെ അവരത് തന്ത്രപൂര്‍വ്വം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഇത്തരം ആസൂത്രിത പരികല്‍പ്പനകളുടെ സവിശേഷ വിനിമയപശ്ചാത്തലത്തിലാണ് തിരുവനന്തപുരം നഗരത്തിലെ പട്ടം സര്‍ക്കാര്‍ ഗേള്‍സ് ഹൈയ്യര്‍ സെക്കന്ററി സ്ക്കൂളിലെ ആയിരത്തിലധികം വരുന്ന വിദ്യാര്‍ഥിനികള്‍ തങ്ങളുടെ പ്രഥമാധ്യാപകന്‍ രത്നകുമാര്‍ സാറിന്റെ അന്യായമായ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് ഘെരാവോ അടക്കമുള്ള സമരമാര്‍ഗ്ഗങ്ങളവലംബിച്ച് പൊതുസമൂഹത്തെ അതിസംബോധന ചെയ്യുന്നത്.
എന്തുകൊണ്ടാകും ഈ കുരുന്നുകള്‍ എരിപൊരിവെയിലിലും ഒരേഒരധ്യാപകനു വേണ്ടി തീപൊള്ളും പട്ടത്തെ താര്‍ നിറത്തില്‍ പകല്‍ച്ചൂടിനോടുച്ചത്തില്‍ മത്സരിച്ച് തങ്ങളുടെ പ്രതിഷേധം പൊട്ടിത്തെറിപ്പിക്കുന്നത്. ഒരു കൊടിപോലും നിറം പകരാതെ എങ്ങിനെയാകാം ഒറ്റച്ചരടില്‍ക്കോര്‍ത്തെടുത്ത സംഘബോധം ഇവര്‍ക്കാര്‍ജ്ജിക്കാനായത്. ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ തീരുമാനങ്ങളോ സമരാനുഭവങ്ങളോ ഇല്ലാതെ ക്ലാസ്സ് മുറികള്‍ ബഹിഷ്ക്കരിക്കാന്‍ / മുഷ്ടി മുറുക്കാന്‍ / ആകാശത്തേക്കു വീശിയെറിയാന്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ നീതിക്കായ് പോരാടാന്‍ എവിടെനിന്നാകും ഇവര്‍ ആത്മവീര്യം അവലംബിച്ചിരിക്കുക. ഒരു പ്രഥമാധ്യാപകന് എങ്ങിനെയാകും തന്റെ വിദ്യാലയത്തിലെ മൂവായിരത്തോളം വരുന്ന കുട്ടികളോടും അധ്യാപകരോടും അനധ്യാപകരോടും രക്ഷാകര്‍ത്താക്കളോടും ഒരേ നിലയില്‍ ഹൃദയബന്ധം സൂക്ഷിക്കാനാകുക.
എല്ലാ അന്വേഷണങ്ങളും ആകാംക്ഷകളും അവസാനിക്കുകയാണ് . സമയം പത്തിനോടടുക്കുന്നു. ഉദ്യേഗങ്ങളുടെ പാരമ്യതയില്‍ അവരുടെ രത്നകുമാര്‍ സാര്‍ സ്ക്കൂള്‍ മുഖത്തെത്തിക്കഴിഞ്ഞു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട റിലീവിങ്ങ് ഉത്തരവ് കൈപ്പറ്റുന്നതിനു വേണ്ടിയാണ് അദ്ദേഹം എത്തിയിരിക്കുന്നത്. കുട്ടികള്‍ തിരമാലകള്‍ പോലെ അദ്ദേഹത്തെ വലയം ചെയ്തു കഴിഞ്ഞു. "ഇല്ല സാര്‍ ; സാറിനെ മറ്റൊരു സ്ക്കൂളിലേക്ക് ഞങ്ങള്‍ വിടില്ല. സാര്‍ ഞങ്ങള്‍ക്ക് സ്വന്തം അഛനെപ്പോലെയാണ് . കുട്ടികളുടെ സ്നേഹവായ്പ്പില്‍ ആ അദ്ധ്യാപകനും കണ്ടുനിന്നവരും വിതബുന്നുണ്ടായിരുന്നു. സദാ തിരക്കേറിയ എം സി റോഡിലെ ഗതാഗതം താറുമാറായിക്കഴിഞ്ഞു. ചില ക്രമീകരണങ്ങള്‍ക്കു മുതിര്‍ന്ന പോലീസ് സംഘം കുട്ടികളുടെ സ്നേഹാശ്ലേഷങ്ങലില്‍ പതറിമാറിക്കഴിഞ്ഞു. കുട്ടികള്‍ അങ്ങിനെയാണ്, സ്നേഹത്തിന്റെ ശുദ്ധ സംഗീതം ; തോക്കിനും ലാത്തിക്കും കീഴ്പ്പെടുത്താനാകാത്തത്.
കുട്ടികള്‍ക്കിടയില്‍നിന്നും ഏറെ പണിപ്പെട്ടാണദ്ദേഹത്തെ തിരഞ്ഞു പിടിച്ചത്. സ്നേഹത്താല്‍ ശബ്ദാനമായ അന്തരീക്ഷമെങ്കിലും തൊട്ടടുത്ത ബസ്സ് വെയ്റ്റിങ്ങ് സ്റ്റാന്റിന്റെ പരിമിതികളില്‍ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച് അദ്ദേഹം അവധാനതയോടെ ഹൃദയം തുറന്നു.
ജീവനക്കാരും അധ്യാപകരും നടത്തിയ പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് താങ്കള്‍ തന്നെ സ്കൂളിന്റെ പ്രധാന കവാടം പൂട്ടിയിട്ടു പോയതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. അതുകാരണം അന്നേ ദിവസം സ്ക്കൂളിലെത്തിയ കുട്ടികള്‍ക്കോ പണിമുടക്കാത്തവര്‍ക്കോ പ്രവേശിക്കാനായില്ലത്രേ. എന്താണ് ഈ അഭ്യൂഹത്തിന്റെ യാഥാര്‍ത്ഥ്യം.
പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും സിവില്‍ സര്‍വീസ് തകര്‍ത്ത് നവഉദാരവല്‍ക്കരണ നയത്തിന് പരവതാനിയൊരുക്കുന്നതിനുള്ള നീക്കത്തിനെതിരെയും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അണിനിരന്ന ജനുവരി 8 ആരംഭിച്ച പണിമുടക്കില്‍ ഞാനും പങ്കെടുത്തിരുന്നു. ബന്ധപ്പെട്ട വിവരം ജനുവരി 5 നു ചേര്‍ന്ന സ്റ്റാഫ് മീറ്റിങ്ങില്‍ അവതരിപ്പിക്കുകയും പകരം സംവിധാനം എന്ന നിലയില്‍ സ്കൂളിലെ ഏറ്റവും സീനിയര്‍ ആയ അധ്യാപിക ഷേര്‍ലിയോട്ചാര്‍ജ്ജ് ഏറ്റെടുക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ പ്രിന്‍സിപ്പള്‍മാര്‍ അവധിയില്‍ പ്രവേശിച്ചാല്‍ താത്ക്കാലിക ക്രമീകരണമെന്ന നിലയില്‍ സീനിയര്‍ ആയ ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍ / അധ്യാപിക പ്രിന്‍സിപ്പലിന്റെ താത്ക്കാലിക അധികച്ചുമതല യാതൊരു പരാതിക്കും ഇടം നല്‍കാതെ ഏറ്റെടുക്കേണ്ടതാണെന്നുമുള്ള ഹയര്‍ സെക്കന്ററി ഡയറക്ടറുടെ 05.01.1013 ലെ എ . ഡി .ബി 1/57189/എച്ച് എസ് ഇ /2012 നബര്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശാനുസരണമാണ് പ്രസ്തുത ക്രമീകരണം നടപ്പില്‍ വരുത്താന്‍ ശ്രമിച്ചത്. പക്ഷേ, ബന്ധപ്പെട്ട അധ്യാപിക ചാര്‍ജ്ജ് ഏറ്റെടുക്കാന്‍ വിസമ്മതം രേഖപ്പെടുത്തുകയായിരുന്നു. വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തിനു തൊട്ടു താഴെ സീനിയോരിറ്റിയുള്ള അധ്യാപികയോട് ചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു.
പിന്നീട് എന്താണ് സംഭവിച്ചത്
തിങ്കള്‍ (07.01.2012) ഉച്ച വരേയും ബന്ധപ്പെട്ട ആരെങ്കിലും ചുമതലയെടുക്കും എന്നു കരുതിയെങ്കിലും ആകെയുള്ള 32 അധ്യാപകരില്‍ 8 പേരും വിസമ്മതം അറിയിച്ച് കത്തു തരികയാണ് ചെയ്തത്. ഇതിനിടയില്‍ ഒരധ്യാപകന്‍ ഔദ്യോഗികമായി ചുമതല ഏറ്റുവാങ്ങാന്‍ കഴിയില്ലെങ്കിലും ശബളം ലഭിക്കുമെങ്കില്‍ ചുമതലയില്‍ പ്രവര്‍ത്തിക്കാം എന്നറിയിച്ചതിന്റെ പാശ്ചാത്തലത്തില്‍ പ്രസ്തുത വിവരം ആര്‍ ഡി ഡി ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ മുരുകരാജിനെ രാത്രി 7.45 വരെ കാത്തിരുന്നെങ്കിലും അദ്ദേഹം എത്തിച്ചേര്‍ന്നില്ല. പ്രസ്തുത വിശദാംശങ്ങളെല്ലാം സ്റ്റാഫ് മീറ്റിങ്ങ് മിനിറ്റ്സില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് (ആര്‍ക്കും പരിശോധിക്കാം). എല്ലാ വിവരങ്ങളും ആര്‍ ഡി ഡി യെ സമയാസമയം അറിയിക്കുകയും ചെയ്തിരുന്നു.
8.01.2013 (പണിമുടക്ക് ആരംഭിച്ച ദിവസം) രാവിലെ 9.30 ഓടെ ആര്‍ ഡി ഡി ഓഫീസില്‍ താക്കോല്‍ കൈമാറുന്നതിനായി എത്തിയെങ്കിലും ഓഫീസ് തുറന്നത് 10.15 നായതിനാല്‍ 10.30 സമയം രേഖപ്പെടുത്തി ആര്‍ ഡി ഡി താക്കോല്‍ കൈപ്പറ്റുകയായിരുന്നു.
അതേ സമയം ഒരു സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത താങ്കള്‍ സ്ക്കൂളിന്റെ പ്രധാനകവാടം പൂട്ടി പോയെന്ന നിലയില്‍ ആണല്ലോ . ഒപ്പം സമരാനുകൂലികള്‍ താങ്കളെ തടഞ്ഞു വെച്ചിരിക്കുന്നതായും ന്യൂസ് ഫ്ലാഷ് ഉണ്ടായിരുന്നു.
തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനായി ചിലര്‍ നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട വാര്‍ത്തയാണത് .
1)സ്ക്കൂള്‍ കവാടം പൂട്ടിപ്പോയി എന്നതാണല്ലോ. വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്ന സമയം പോലും കുട്ടികളും പണിമുടക്കാത്ത അധ്യാപകാരും സ്ക്കൂള്‍ കോംബൗണ്ടിലുണ്ടായിരുന്നു. കവാടം പൂട്ടിയിടപ്പെട്ടിരുന്നുവെങ്കില്‍ കുട്ടികള്‍ക്ക് എങ്ങിനെയാണ് സ്ക്കൂളിനുള്ളില്‍ പ്രവേശിക്കാനാകുക.
2) ആകെ മൂന്നു മുറികളാണ് പൂട്ടിയിടപ്പെട്ടിരുന്നത്. അതില്‍ ഒന്ന് പ്രിന്‍സിപ്പലിന്റെ മുറിയാണ്. മറ്റു രണ്ടു മുറികള്‍ എല്‍ സി ഡി പ്രൊജക്ടര്‍ അടക്കമുള്ള വിലപിടിപ്പുള്ള ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതു കൊണ്ട് ആവശ്യമുള്ളപ്പോള്‍ മാത്രം തുറക്കുകയാണ് പതിവ്. ഇതര ക്ലാസ് മുറികള്‍ക്കൊന്നും വാതിലുകളില്ല (അതു കൊണ്ട് പൂട്ടിയിട്ടു എന്ന ആരോപണങ്ങളില്‍ അശേഷം കഴമ്പില്ല തന്നെ)
3) കെ എസ് റ്റി എ സംസ്ഥാന കൌണ്‍സില്‍ അംഗം എന്ന നിലയില്‍ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുബോള്‍ എന്നെ തന്നെ എങ്ങിനെയാണ് സമരാനുകൂലികള്‍ക്ക് തടഞ്ഞുവെക്കാനാകുക.ഒരുവിധ യുക്തിയുമില്ലാത്ത പ്രചാരണമായിരുന്നു രണ്ടും.
വിശേഷിച്ച് ആരുടെ പേരും ഇതിലേക്ക് വലിച്ചിഴക്കുന്നില്ല . പക്ഷേ, ഒന്നുമാത്രം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സ്ക്കൂളിനു ചേരാത്ത പെരുമാറ്റങ്ങളുടെ ഭാഗമായി നടപടിക്കു വിധേയനായ ഒരധ്യാപകനും അദ്ദേഹത്തിന്റെ ഭരണതലത്തില്‍ ബന്ധമുള്ള സുഹൃത്തുമാണ് എല്ലാ നുണപ്രചരണങ്ങള്‍ക്കും അന്യായമായ സ്ഥലംമാറ്റത്തിനും പിന്നില്‍. ഇവര്‍ക്ക് പരിസരത്തുള്ള ചില സ്വകാര്യ സ്ക്കൂള്‍ മാനേജ്മെന്റുകളുമായുള്ള ബന്ധവും പരിശോധിക്കപ്പെടേണ്ടതു തന്നെ.
അവര്‍ക്ക് താങ്കളോട് വിദ്വേഷം തോന്നുന്നതെന്തിന് .
രാഷ്ട്രീയമായ അഭിപ്പ്രായവ്യത്യാസത്തേക്കാള്‍ ബന്ധപ്പെട്ട വ്യക്തിക്കെതിരായെടുത്ത കര്‍ക്കശ നടപടികളാണ് വ്യക്തിപരമായ വിരോധത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. സ്ക്കൂളില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടത്തുന്ന വിദ്യാര്‍ഥി ക്ഷേമപ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കുക എന്നതു മാത്രമാണ് ബന്ധപ്പെട്ടവരുടെ ലക്‌ഷ്യം. അത് സ്വാഭാവികമായും ഗുണം ചെയ്യുക പരിസരത്തെ സ്വകാര്യ സ്ക്കൂള്‍ മാനേജ്മെന്റുകള്‍ക്കാകും.
പ്രസ്തുത അധ്യാപകന്റെ വിശദാംശങ്ങള്‍ ലഭ്യമാകുമോ.
ആരുടേയും പേരുപറയാന്‍ ആഗ്രഹിക്കുന്നില്ല. വിശദാംശങ്ങള്‍ സ്ക്കൂളില്‍ അന്വേഷിക്കുകയകും നല്ലത്.
സമാനമായ നിലയില്‍ സമരത്തില്‍ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനവ്യാപകമായി നടന്ന സമരത്തില്‍ പങ്കെടുത്ത 65 പ്രധാനാധ്യാപകരെ സസ്പ്പെന്റ്റ് ചെയ്തിട്ടുണ്ട്. എനിക്കെതിരായ നടപടി ആദ്യം സംസ്പ്പെന്‍ഷന്‍ ആയിരുന്നെങ്കിലും പിന്നീടത് ട്രാന്‍സ്ഫര്‍ ആക്കി മാറ്റുകയായിരുന്നു.
എന്താണ് ട്രാന്‍സ്ഫറിനാധാരമായ കാരണമായി ഉത്തരവു പറയുന്നത്.
പൊതുതാല്‍പ്പര്യപ്രകാരം ട്രാന്‍സ്ഫര്‍ ചെയ്യുന്നു എന്നാണ് ഉത്തരവു സൂചിപ്പിക്കുന്നത്.
സമീപത്തെ സ്വകാര്യ സ്ക്കൂള്‍ മാനേജ്മെന്റുകളെ സഹായിക്കാനും പട്ടം സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്ക്കൂളിനെ തകര്‍ക്കുന്നതിനും സ്ക്കൂളിനുള്ളില്‍ നിന്നു തന്നെ ഒരധ്യാപകന്‍ നടത്തിയ ശ്രമങ്ങളുടെ പരിണിത ഫലമായി താങ്കളുടെ ട്രാന്‍സ്ഫറിനെ വിലയിരുത്താമോ.
അങ്ങിനെ വിശ്വസിക്കുന്നവരാണ് എണ്ണത്തില്‍ അധികം.
നിരവധി സ്ക്കൂളുകള്‍ നമ്മുടെ നാട്ടിലുണ്ട്, പ്രഥമാധ്യാപകരും. അധ്യാപകരുടെ സ്ഥലംമാറ്റം തികച്ചും സാധാരണമായൊരു പ്രക്രിയയാണ് . എന്നിട്ടും എന്ത് 'സ്പെഷ്യാലിറ്റിയാണ് പട്ടം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്ക്കൂളിലെ രത്നകുമാര്‍ സാറിന് മാത്രമുള്ളത് ? റിലീവിങ്ങ് ഉത്തരവ് കൈപ്പറ്റാന്‍ പോലും അനുവദിക്കാത്ത വിധം ആയിരക്കണക്കിനു വരുന്ന ഈ കുട്ടികളും അധ്യാപകരും രക്ഷാകര്‍ത്താക്കളുമെല്ലാം താങ്കളെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. എതു തരം മാന്ത്രികതയാണ് താങ്കള്‍ ഇവരില്‍ പ്രയോഗിച്ചിരിക്കുന്നത് .
കഴിഞ്ഞ പതിമൂന്നു വര്‍ഷത്തെ ആത്മബന്ധമാണ് സ്ക്കൂളുമായുള്ളത് . എനിക്കിത് വെറുമൊരു കോണ്‍ഗ്രീറ്റുകെട്ടിടമല്ല. മറിച്ച് സ്വന്തം വീടു തന്നെയാണ് .ഓരോ കുട്ടിയും എനിക്ക് സ്വന്തം മകളാണ്. അധ്യാപകര്‍/ അനധ്യാപകര്‍ / കുട്ടികള്‍ / രക്ഷകര്‍ത്താക്കള്‍ / പൂര്‍വ്വവിദ്യാര്‍ഥികള്‍ , ഇത് ഞങ്ങളുടെ കുടുംബമാണ്. ഓരോരുത്തരും പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു. കൃത്യവും സൂക്ഷ്മവുമായ നിലയില്‍ ആശയവിനിമയം നടത്തുന്നു. ഓരോ വിദ്യാഭ്യാസ വര്‍ഷത്തിലും കൃത്യമായ ആഭ്യന്തര ആസൂത്രിത പദ്ധതികള്‍ കൂട്ടായി ചര്‍ച്ച ചെയ്യുന്നു . തീരുമാനിക്കുന്നു. പ്രതികൂല സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നും കടന്നെത്തുന്ന കുട്ടികളാണ് ബഹുഭൂരിപക്ഷമിവിടെ.അതുകൊണ്ടു തന്നെ ബുദ്ധിമുട്ടുകള്‍ ഉള്ള കുട്ടികള്‍ക്ക് പാഠ്യപാഠ്യേതര വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. അവരുടെ കുടുംബങ്ങളുമായി പ്രത്യേക ബന്ധം നിലനിര്‍ത്തുന്നു. വിഷമങ്ങള്‍ , ആഗ്രഹങ്ങള്‍ , പ്രയാസങ്ങള്‍ എല്ലാം തുറന്നു പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്നു. ഒരു ടീം എന്ന നിലയില്‍ പരിഹാരം കണ്ടെത്തുന്നു. അങ്ങിനെ കുടികളുടെ, സ്ക്കൂളിന്റെ അക്കാദമികവും സര്‍ഗ്ഗാത്മകവുമായ പ്രവര്‍ത്തനങ്ങളെ പരമാവധി സചേതനമാക്കി പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ കാത്തു സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം കൂട്ടായി നിര്‍വ്വഹിക്കുന്നു. സ്നേഹസൗഹാര്‍ദ്ദങ്ങളുടെ ഊഷ്മളതകള്‍ക്കപ്പുറം ഒരുവിധ മാന്ത്രികതയും അമാനുഷികതയും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല.അതു തന്നെയാണ് കുട്ടികളുടെ ഈ സ്നേഹപ്രകടനത്തിന്റെ അടിസ്ഥാനവും.
സ്ക്കൂളിന്റെ പാഠ്യപാഠ്യേതര നിലവാരമുയര്‍ത്തുന്നതിന് താങ്കള്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിക്കാമോ.
സ്വകാര്യ സ്ക്കൂള്‍ മാനേജ്മെന്റുകളുടെ ധനാഡ്യതകളുടെ മധ്യത്തിലാണ് ഞങ്ങളുടെ പ്രിയപ്പെട്ട സര്‍ക്കാര്‍ പള്ളിക്കൂടം പ്രവര്‍ത്തിക്കുന്നത്. പരാധീനതള്‍ക്കിടയിലും ഉയര്‍ന്ന വിജയശതമാനം ആര്‍ജ്ജിക്കാന്‍ ഞങ്ങള്‍ക്കായി. കലോത്സവങ്ങളില്‍ മികച്ച വിജയം നേടി. ഇതൊന്നും വ്യക്തിഗതമായ സംഘാടന മികവല്ല മറിച്ച് ആത്മാര്‍ഥമായ കൂട്ടായ്മയില്‍ നിന്നുരുത്തിരിഞ്ഞ കഠിന പ്രയത്നങ്ങളുടെ പ്രതിഫലനമാണത് .
വിഷാദഭരിതമെങ്കിലും രത്നകുമാര്‍ സാറിന്റെ മുഖത്തു നിന്നും പുഞ്ചിരി മായുന്നതേയില്ല . ചിലരങ്ങിനെയാണ് കനത്ത സമ്മര്‍ദ്ദങ്ങളിലും സമചിത്തത കൈവെടിയാത്തവര്‍.. വര്‍ത്തമാനം ദീര്‍ഘിപ്പിക്കാനാകുമെന്നു തോന്നുന്നില്ല . അവര്‍ വന്നെത്തിക്കൊണ്ടിരുന്നു. രത്നകുമാര്‍ സാര്‍ ഒരുതേനീച്ചക്കൂടായി
കുട്ടികള്‍ പറഞ്ഞത്
തരിശുഭൂമി സമ്പുഷ്ടമായതു പോലെ : സ്വാതി
മൂന്നു വര്‍ഷം മുന്‍പ് പാസ്സ് ഔട്ടായ വിദ്യാര്‍ഥിനിയാണു ഞാന്‍ . സാറിനെ ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന വാര്‍ത്ത വല്ലാത്ത ഷോക്കായി. അതുകൊണ്ടാണ് വിവരങ്ങള്‍ അറിയാന്‍ രാവിലെ തന്നെ ഇവിടെ എത്തിയത് . ഇത്ത്രയും നല്ല പിന്‍സിപ്പല്‍ സ്കൂളിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഒരു മകള്‍ക്ക് അച്ഛനോട് തോന്നുന്ന സ്നേഹമാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തോടുള്ളത്. തരിശുഭൂമി സമ്പുഷ്ടമാക്കിയതു പോലെയാണ് അദ്ദേഹം പ്രിന്‍സിപ്പല്‍ ആയതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍. അക്കാദമിക്ക് രംഗത്ത് വലിയ മുന്നേറ്റമുണ്ടായി. ഡ്രാമാ ക്ലബ് തുടങ്ങി. സമാര്‍ട്ട് ക്ലാസുകള്‍ ഉണ്ടായി. എല്ലാറ്റിനും എല്ലാവര്‍ക്കും ഉത്സാഹമായി. സ്ക്കൂളിന് ഓവര്‍ ആള്‍ ട്രോഫി കിട്ടി. വിന്റ് ഡിറക്ഷന്‍ ക്ലാസു പോലുമുണ്ടായി. സാറിനെ ഒരിക്കലും മാറ്റാന്‍ പാടില്ല.
അദ്ദേഹം ഞങ്ങള്‍ക്ക് ദൈവമാണ് : ശ്രുതി എസ് എസ് + 2
സാറിനെ അന്യായമായി സ്ഥലം മാറ്റിയതില്‍ വല്ലാത്ത വിഷമമുണ്ട്. ക്ലാസ് ടീച്ചറിനേക്കാള്‍ അടുപ്പമാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തോട്. സാര്‍ പഠിപ്പിക്കുന്നത് ജോഗ്രഫിയാണ് ; ഞങ്ങള്‍ പഠിക്കുന്നത് കോമേഴ്സും. എന്നിട്ടു പോലും എല്ലാ കാര്യങ്ങളും അദ്ദേഹം നന്നായി ശ്രദ്ധിക്കുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് ദൈവമാണ്.
അന്യായമായ ഈ ട്രാന്‍സ്ഫര്‍ പിന്‍വലിക്കണം: ഹിമ + 1
സാര്‍ വളരെ കെയറിങ്ങ് ആന്റ് ഫ്രണ്ട്ലിയാണ്. ഞങ്ങളുടെ എല്ലാ വിജയങ്ങളുടേയും ആത്മവിശ്വാസം സാറാണ്. സാറാണ് സ്ക്കൂളില്‍ പുതിയ കെട്ടിടമുണ്ടാക്കിയത് , പൂന്തോട്ടവും. പോര്‍ഷന്‍ പോലും തീരാത്ത സാഹചര്യത്തില്‍ ഞങ്ങളുടെ പഠനമോര്‍ത്തെങ്കിലും അന്യായമായ ഈ ട്രാന്‍സ്ഫര്‍ പിന്‍വലിക്കണം. അദ്ദേഹം പ്രിന്‍സിപ്പലായത്തിനു ശേഷമാണ് എല്ലാ മാസവും ലീഡേഴ്സ് മീറ്റിങ്ങ് നടന്നത്. ഞങ്ങളെല്ലാം പ്രസംഗിക്കാന്‍ പഠിച്ചതും സാറിന്റെ ശിക്ഷണത്തിലാണ്.
സാര്‍ എനിക്ക് ദൈവമാണ് : അശ്വതി എസ് +1
എനിക്ക് അച്ഛനില്ല. അമ്മക്ക് കൂലിപ്പണിയാണ്. എന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയാണ് രത്നകുമാര്‍ സാര്‍ എനിക്കിവിടെ അഡ്മിഷന്‍ തന്നത്. അദ്ദേഹം യൂണിഫോം വാങ്ങിത്തന്നു. സാര്‍ എനിക്ക് ദൈവമാണ്. സാറിനെ മാറ്റാന്‍ പറ്റില്ല.
സാറിനെ ഞങ്ങള്‍ മറ്റൊരു സ്ക്കൂളിലേക്ക് വിടില്ല: ധന്യ എസ് +1
ഞങ്ങള്‍ക്ക് ഏറ്റവും സപ്പോര്‍ട്ട് തരുന്നത് സാര്‍ ആണ്. എല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കുന്നു. സാറിന്റെ സ്വപ്ങ്ങളാണ് ഞങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്. സാറിനെ ഞങ്ങള്‍ മറ്റൊരു സ്ക്കൂളിലേക്ക് വിടില്ല.
സമരതീഷ്ണം നവ കൌമാരം..
രത്നകുമാര്‍ സാര്‍ യാത്ര പറഞ്ഞിറങ്ങിക്കഴിഞ്ഞു. കുട്ടികള്‍ മുഖ്യകവാടത്തോടു ചേര്‍ന്ന് നിലത്തിരുന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുന്നു. രക്ഷകര്‍ത്താക്കള്‍ , നാട്ടുകാര്‍ , അധ്യാപകര്‍ അങ്ങിനെ ന്യായമായൊരു ആവശ്യത്തിനു വേണ്ടി അബാലവ്രുദ്ധം ഒത്തു ചേരുകയാണ് . എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന്‍ കുട്ടികളെ അഭിവാദ്യം ചെയ്യുന്നു. ജില്ലാ സെക്രട്ടറി ബാലമുരളിയും പ്രസിഡന്റ് അന്‍സാരിയും എത്തിക്കഴിഞ്ഞു. വിവിധ സ്ക്കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുംസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കുട്ടികള്‍ എത്തിക്കൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ചിലയുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഒന്നിനും കുട്ടികളുടെ പ്രതിഷേധം തണുപ്പിക്കാനാകുമായിരുന്നില്ല . പോലീസെത്തി. ആര്‍ക്കും ഒന്നും നിയന്ത്രിക്കാന്‍ ആകുന്നില്ല.
പ്രതിഷേധം അനുദിനം പുരോഗമിക്കുന്നു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഫലപ്രദമാകുന്നില്ല. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി വകുപ്പു സെക്രട്ടറിയെ ചര്‍ച്ചക്കായി ചുമതലപ്പെടുത്തിയിരിക്കുന്നു. സ്ഥലംമാറ്റഉത്തരവ് പിന്‍വലിക്കുന്നന്നതിനുള്ള ലക്ഷണങ്ങള്‍ ഒന്നും ഉരുത്തിരിയുന്നില്ല. സ്വകാര്യ സക്കൂള്‍ മാനേജ്മെന്റുകള്‍ക്ക് ഭരണകൂടത്തിനു മേലുള്ള സ്വാധീനം എല്ലാവിധ താരതമ്യങ്ങള്‍ക്കും അതീതമത്രേ. സമരം നാലാം ദിവസത്തിലേക്കു കടക്കുകയാണ്. കുട്ടികള്‍ ക്ലാസ്മുറികള്‍ പൂര്‍ണ്ണമായും ബഹിഷ്ക്കരിച്ചിരിക്കുന്നു. അധ്യാപകരുടെ ശാസനകളോ അഭ്യര്‍ഥനയോ അവരെ അശേഷം സ്വാധീനിക്കുന്നില്ല.
വിത്തു കുത്തി തിന്നുന്നവര്‍
രാജ്യത്തിന്റെ പൊതുമേഖലയാകെ കച്ചവടവല്‍ക്കരിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ സാമൂഹ്യ സാഹചര്യമാണ് നിലവിലുള്ളത്. സര്‍വ്വ സാധാരണക്കാരന്റെ പ്രധാന ആശ്വാസമായ പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്നും ഭരണകൂടം മെല്ലെ പിന്‍വലിയുകയാണ്. ലാഭം മാത്രം ലക്ഷ്യം വെക്കുന്ന സ്വകാര്യ സ്ക്കൂള്‍ മാനേജ്മെന്റുകളടെ പ്രത്യേക താത്പ്പര്യങ്ങളാണ് ഇതിനടിസ്ഥാനം. സ്വകാര്യ സ്ക്കൂളുടെ അതിപ്രസരങ്ങളില്‍ സര്‍ക്കാര്‍ സ്ക്കൂളുകള്‍ അടച്ചു പൂട്ടപ്പെടുന്ന ഭീതിതമായ സ്ഥിതിയുണ്ട്. ഡിവിഷന്‍ ഫാള്‍ അടക്കമുള്ള ഗൗരവതരമായ നിരവധി പ്രശ്നങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്നത്. ദൈനംദിനമെന്നോണം അണ്‍ ഐഡഡ് മേഖലയില്‍ സ്ക്കൂളുകള്‍ അനുവദിക്കുകയും അവക്ക് എയ്ഡഡ് പദവി അനുവദിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന തുക ഡൊണേഷനിനത്തിലും പ്രതിമാസമെന്നോണം വിവിധയിനങ്ങളില്‍ വന്‍ അടവുകളും സവിശേഷമാകുന്ന ഇത്തരം പഞ്ചനക്ഷത്ര പള്ളിക്കൂടങ്ങള്‍ സാര്‍വ്വത്രികമാകുന്നതോടെ വിദ്യാഭ്യാസം പണമുള്ളവന്റെ മാത്രം ആര്‍ഭാടമായി മാറുന്നു. ഇത് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സൌജന്യവും സാര്‍വ്വത്രികവും നിര്‍ബന്ധിതവുമായി ഉറപ്പുവരുത്തേണ്ട വിദ്യാഭ്യാസ അവസരങ്ങളുടെ നിഷേധമാണ്.
സര്‍ക്കാര്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ സ്ഥാപനമാണ് പട്ടത്തെ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്ക്കൂള്‍. അനുകൂലമല്ലാത്ത സാമൂഹ്യ സാമ്പത്തിക സ്ഥിതിഗതികളിലെ നിരവധിയായ കുട്ടികളാണ് പ്രഥമാധ്യാപകന്‍ രത്നകുമാര്‍ മാസ്റ്ററുടേയും ഒപ്പമുള്ള അധ്യാപകരുടേയും തുലനം ചെയ്യാനാകാത്ത ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി പൊതുധാരയിലേക്ക് ഉയര്‍ന്നു വന്നത്. വാര്‍ഷിക പരീക്ഷക്കായി കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകളടക്കം ക്രമീകരിച്ചു കൊണ്ട് പുരോഗമിക്കുന്ന വിദ്യാഭ്യാസ സൌഹൃദ വിദ്യാലയാന്തരീക്ഷമാണ് പ്രഥമാധ്യാപകന്റെ അന്യായമായ സ്ഥലംമാറ്റത്തിലൂടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്.
മാതൃകാ വിദ്യാലയം ; ഉജ്വല സംഘാടനം
നൂറു വര്‍ഷത്തിലധികം പഴക്കമുള്ള പട്ടം ഗവണ്‍മെന്റ് ഹയ്യര്‍ സെക്കന്ററി സ്ക്കൂള്‍ നഗരത്തിന്റെ വിദ്യാഭ്യാസ നിഘണ്ടുവില്‍ സുപ്പ്രധാന സ്ഥാനാമാണ് വഹിക്കുന്നത്. രണ്ടാം ക്ലാസസ് മുതല്‍ +2 വരെ മൂവായിരത്തോളം കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 1988 ല്‍ ആരംഭിച്ച ഹയ്യര്‍ സെക്കന്ററി വിഭാഗത്തില്‍ ജീവശാസ്ത്രം, ശാസ്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ് , വാണിജ്യ ശാസ്ത്രം, ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിലായി ഏഴു ബാച്ചുകളാണുള്ളത്. ഫിസിക്ക്സ് , കെമിസ്ട്രി, ബോട്ടണി , സുവോളജി, ജോഗ്രഫി, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ് തുടങ്ങിയ വിഭാഗങ്ങള്‍ക്കായി സുസജ്ജമായ ലാബുകളാണ് ഒരുക്കപ്പെട്ടിരിക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യയുടെ സമസ്ത മേഖലകളേയും പരിചയപ്പെടുത്തുന്നതിനായി സ്മാര്‍ട്ട് ക്ലാസസ് റൂമുകളുണ്ട്. പഠനം, ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ നടക്കുന്നു. അധ്യാപക രക്ഷാകൃത്ര സംഘടന സ്പോണ്‍സര്‍ ചെയ്ത അഞ്ചു ബസ്സുകള്‍ കുട്ടികളുടെ യാത്രക്കായി പ്രയോജനപ്പെടുത്തുന്നു .
കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ളില്‍ എല്ലാ കുട്ടികളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ഓരോ വിദ്യാര്‍ഥിനിയും ചുരുങ്ങിയത് രണ്ടു ക്ലബ്ബുകളില്‍ എങ്കിലും അംഗമായെന്നുറപ്പു വരുത്തുന്നു. ഇക്കോ, ഡ്രാമാ, ലിറ്റററി : റീഡേഴ്സ്, മാത്ത്സ്, ഹെല്‍ത്ത്, ഹെരിറ്റേജ്, ഐ റ്റി, കണ്‍സ്യൂമര്‍, ടൂറിസം, റ്റീന്‍സ്, സൌഹൃദ ക്ലബ്ബുകളാണവ. ഇംഗ്ലീഷ് ക്ലിനിക്കും ഹിന്ദീ മഞ്ചും സജീവമായി പ്രവര്‍ത്തിക്കുന്നു. ഫിക്ഷന്‍ മുതല്‍ റഫറന്‍സ് ഗ്രന്ഥങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ലൈബ്രറി, ഇ : ലൈബ്രറി, കരിയര്‍ ഗൈഡന്‍സ് : കൌണ്‍സിലിങ്ങ് യൂണിറ്റുകള്‍ , മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിലയില്‍ കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കുന്ന പരിപാടികളാണ് നടപ്പില്‍ വരുത്തിയിരിക്കുന്നത്. കുട്ടികളുടെ പരീക്ഷാ ഭയം അകറ്റുന്നതിനായി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ബയോഗ്യാസ് പ്ലാന്റ് , രക്തദാന പരിപാടികള്‍ , ടീച്ചേഴ്സ് ഡേ തുടങ്ങി ഒട്ടനവധി പരിപാടികള്‍ അനുബന്ധമായി നടക്കുന്നു. ഈ നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാകെ മുന്‍കൈ എടുക്കുകയും നടപ്പില്‍ വരുത്തുന്നതിനായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത് സ്ക്കൂളിന്റെ പൊതുനിലവാരം ഉയര്‍ത്തിയ മികച്ച അധ്യാപകനെയാണു സ്വകാര്യ സ്ക്കൂള്‍ മാനേജ്മെന്റുകളെ സഹായിക്കുന്നതിനു വേണ്ടി അന്യായമായി സ്ഥലം മാറ്റിയത്.
കുട്ടികളുടെ പഠിപ്പുമുടക്ക് നാലാം ദിവസവും പുരോഗമിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും മുന്‍ എം എല്‍ എ യുമായ കടകംപള്ളി സുരേന്ദ്രന്‍, കെ മുരളീധരന്‍ എം എല്‍ എ, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി എം മനോജ് തുടങ്ങിയവര്‍ സജീവമായുണ്ട്. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തീരുമാനങ്ങളില്ലാതെ പിരിയുന്നു. സ്വകാര്യവല്‍ക്കരണത്തിനു ചൂട്ടു വീശുന്ന ഭരണകൂടത്തിന് രത്നകുമാര്‍ സാറുമാരെ രുചിക്കില്ലല്ലോ. അവര്‍ സ്വകാര്യ സ്ക്കൂളുകളെ സംരക്ഷിച്ച് ദേശസേവനം തുടരട്ടെ.
രത്നകുമാര്‍ സാര്‍ വീണ്ടും തന്റെ പ്രിയപ്പെട്ട സ്ക്കൂള്‍ മുറ്റത്തെത്തി കുട്ടികളെ കാണുകയാണ്. പഠിപ്പുമുടക്കൊഴിവാക്കാന്‍ കുട്ടികളോടഭ്യര്‍ഥിക്കുന്നു. അന്യായമായ ട്രാന്‍സ്ഫര്‍ ഒഴിവാക്കിയെന്ന ഉത്തരവിനു ശേഷം മാത്രമേ തിരികെ പ്രവേശിക്കൂ എന്ന് അവര്‍ തീര്‍ത്തു പറയുന്നു. ഒടുവില്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ സ്നേഹാഭ്യര്‍ഥനക്കു മുന്നില്‍ നിറഞ്ഞ കണ്ണുകളോടെ അവര്‍ ക്ലാസ്സ് മുറികളിലേക്കു മടങ്ങുന്നു. വിദ്യാര്‍ഥികള്‍ക്കും സ്ക്കൂളിനും വേണ്ടി തന്റെ സര്‍വ്വസ്വവും ഉഴിഞ്ഞു വെച്ച പരിത്യാഗിയായൊരു അധ്യാപക ശ്രേഷ്ഠന്‍ തന്റെ സപര്യ മറ്റൊരു സ്ക്കൂളിനായി തുടങ്ങുകയാണ്, പ്രതിഷേധങ്ങളോ പരാതികളോ ഇല്ലാതെ .. അദ്ദേഹത്തിന്റെ മടക്കം കാത്ത് ഒരു സ്ക്കൂളും ഒരായിരം കുട്ടികളും...
2013 ജനുവരിയിലായിരുന്നു ആ സമരം. പട്ടം ഗവണ്മെന്റ് ഗേള്‍സ് ഹൈസ്ക്കൂളിലെ വിദ്യാര്‍തിഥിനികളും രക്ഷകര്‍ത്താക്കളും ഒന്നടങ്കമാണ് അതിനു നേതൃത്വം നല്‍കിയത്. സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളുടെ സമ്മര്‍ദ്ദപ്രകാരം പിന്‍സിപ്പല്‍ എന്‍. രത്നകുമാര്‍ സാറിനെ സ്ഥലം മാറ്റുന്നതിനെതിരെയായിരുന്നു അത്. പ്രതിഷേധങ്ങളെ വകവെയ്ക്കാതെ സര്‍ക്കാര്‍ അന്യായം നടപ്പിലാക്കി. രണ്ടു കൊല്ലത്തിനിപ്പുറം തങ്ങളുടെ പ്രിയാധ്യാപകനെ പട്ടത്തെ കുട്ടികള്‍ക്ക് തിരികെ കിട്ടിയിരിക്കുന്നു.