Dr Maya Madhavan

ആമസോണ്‍ കാടുകളിലെ തീപിടുത്തം: എന്ത് .. എങ്ങനെ ..എന്തുകൊണ്ട്

പശ്ചിമഘട്ടം എങ്ങനെയാണോ മലയാളികളുടെ ജൈവസമ്പത്താവുന്നത്, അത് പോലെയോ അതിനേക്കാളേറെയോ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ആമസോണ്‍ മഴക്കാടുകള്‍ . ബ്രസീ ല്‍, പെറു , ഇക്വഡോര്‍, ബൊളീവിയ, സുറിനാം , കൊളമ്പിയ , വെനിസ്വേല, ഗയാന, ഫ്രഞ്ച് ഗയാന എന്നീ ഒന്‍പത് വികസരരാജ്യങ്ങളില്‍ പടര്‍ന്ന് കിടക്കുന്നതാണ് ഈ ജൈവവൈവിധ്യമേഖല. ആമസോണ്‍ കാടുകളുടെ മൂന്നില്‍ രണ്ടും ഉള്‍ക്കൊള്ളുന്നത് കൊണ്ട് തന്നെ ബ്രസീലിലാണ് ഭൂമിയിലെ അവശേഷിക്കുന്ന മഴക്കാടുകളുടെ മൂന്നില്‍ ഒന്നും സ്ഥിതി ചെയ്യുന്നത്. ബ്രസീലിന്റെ കാടുകള്‍ വെട്ടിത്തെളിക്കപ്പെടുന്നത് അങ്ങനെയാണ് ഒരു സാര്‍വലൗകിക പ്രശ്നമായി മാറുന്നത് . 70 കളില്‍ ട്രാന്‍സ് ആമസോണിയന്‍ ഹൈവേയുടെ നിര്‍മാണത്തോടെ അധിനിവേശകര്‍ക്കും ചൂഷകര്‍ക്കും തുറന്ന് കൊടുക്കപ്പെട്ടതോടെ ആമസോണ്‍ മേഖലയുടെ ഏകദേശം 15 ശതമാനത്തോളം നഷ്ടപ്പെട്ടു കഴിഞ്ഞു.


amazon-forest-fire-759-1



ആമസോണ്‍ കത്തിയെരിയുമ്പോള്‍ വീണാവാദനം നടത്തിയവരോട്



ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്റെ വേദനാജനകമായ ചിത്രങ്ങളാണ് കഴിഞ്ഞ  ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന് ലോകമനഃസാക്ഷിയെ വിഷാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. കാട്ടു തീ എന്നത് തീര്‍ത്തും സ്വാഭാവികമായ ഒരു പ്രക്രിയയാണ്, പ്രത്യേകിച്ചും വരള്‍ച്ചക്കാലത്ത്. ജൂലൈ മുതല്‍ നവംബര്‍   വരെ നീണ്ടു നില്‍ക്കുന്ന വരള്‍ച്ചക്കാലത്തിന്റെ തുടക്കത്തിലാണ് ആമസോണില്‍  തീ പ്രത്യക്ഷപ്പെട്ടത്. ബ്രസീലിലെ നാഷണല്‍ ഇ ന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസേര്‍ച്ച്   ( I N P E ) പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2019 ല്‍ 73 ,000 “തീപിടിത്തങ്ങളാണ്“ ഉണ്ടായിരിക്കുന്നത്. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 83 ശതമാനം അധികമാണെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത.

694940094001_6076662838001_6076675725001-vs

വരള്‍ച്ചക്കാലമാണെങ്കില്‍ പോലും, നനവും ഈര്‍പ്പവും അധികമായുള്ള മഴക്കാടുകളില്‍ ഇത്രയധികം തീ പടര്‍ന്ന് പിടിക്കുന്നതിലെ അസ്വാഭാവികത ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ബ്രസീല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.തീവ്രവലതുപക്ഷക്കാരനായ ജെയര്‍ ബൊള്‍സൊനാരോ കഴിഞ്ഞ ഒക്ടോബറി ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് തന്നെ ആമസോണ്‍ എന്ന 'തുറുപ്പ്ചീട്ട്' ഉപയോഗിച്ചാണ്. ആമസോണ്‍ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സന്നദ്ധസംഘടനകളുടെ ഇടപെടല്‍ അവസാനിപ്പിക്കുമെന്നും തദ്ദേശീയര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കി ആ മേഖലയെ സ്വാതന്ത്രമാക്കുമെന്ന വാഗ്ദാനം നിറവേറ്റുകയാണോ അദ്ദേഹം ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന സംശയം ലോകരാഷ്ട്രങ്ങള്‍ക്കുണ്ട്.

കാലാവസ്ഥ വ്യതിയാനത്തില്‍ മഴക്കാടുകളുടെ പങ്ക്

ജീവജാലങ്ങള്‍ പുറത്തു വിട്ടിരിക്കുന്ന വാതകമാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് . കൂടാതെ, വ്യവസായികവത്കരണവും പലവിധ അന്തരീക്ഷമലിനീകരണ പ്രക്രിയകളും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂട്ടുന്നു. പെട്രോള്‍ , കല്‍ക്കരി തുടങ്ങിയ ജൈവ ഇന്ധനങ്ങളുടെ ഉപയോഗവും ഇതിന് മറ്റൊരു കാരണമാണ്. കാര്‍ബണ്‍ ഡയോക്‌സൈഡ് ഉള്‍പ്പെടുന്ന ചില വാതകങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ താപത്തെ തടഞ്ഞു വയ്ക്കുന്നു. ജീവന്റെ ആധാരമായ ഈ പ്രതിഭാസത്തെ ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കുന്നു. പ്രകൃതിയെ കണക്കിലെടുക്കാതെയുള്ള മനുഷ്യന്റെ കുത്സിത പ്രവര്‍ത്തനങ്ങള്‍ മൂലം കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് ക്രമാതീതമായി കൂടുന്നത് ആഗോളതാപനത്തിന് വഴി വയ്ക്കുന്നു. കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കാനുള്ള കഴിവുള്ളത് കൊണ്ട് തന്നെയാണ് സസ്യവൈവിധ്യക്കലവറയായ ആമസോണ്‍ ഉള്‍പ്പെടെയുള്ള മഴക്കാടുകള്‍ക്ക് (Green house sinks) ആഗോളതാപനവുമായി ബന്ധമുള്ളത് .


ബൊള്‍ സൊനാരോയുടെ തുഗ്ലക്ക് നയങ്ങള്‍   



കാലാവസ്ഥാവ്യതിയാനത്തിനെതിരെ പോരാടാനുള്ള പാരീസ് ഉടമ്പടി പ്രകാരം കാത്ത് സൂക്ഷിക്കപ്പെടേണ്ടതാണ് ഗ്രീ ന്‍ ഹൌസ് ഗ്യാസുകളുടെ സിങ്കുകള്‍. ബോള്‍ സൊനാരോ അധികാരത്തിലേറിയ ഉടനെ ചെയ്തത് ആമസോണ്‍ കാടുകളുടെ പരിരക്ഷ ചുമതലയുണ്ടായിരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെയും തദ്ദേശവാസികളുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന നിയമ മന്ത്രാലയത്തിന്റെയും ഉത്തരവാദിത്തങ്ങള്‍ കൃഷിമന്ത്രാലയത്തിന് കീഴിലാക്കുകയായിരിന്നു.

50129537_303

മേച്ചില്‍ പ്രദേശങ്ങള്‍ക്കും ഖനികള്‍ക്കും തുറന്നുകൊടുക്കപ്പെട്ട ആമസോണിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ട ഒരു നിയമജ്ഞന്‍ “കുറുക്കനെ കോഴിക്കൂടിന്റെ കാവല്‍ ഏല്‍പ്പിച്ചത് പോലെ” എന്നാണ് പറഞ്ഞത്. “ഭൂമിയുടെ ശ്വാസകോശ“ത്തിനോട് എന്നും അവജ്ഞ നിറഞ്ഞ ധാര്‍ഷ്ട്യം സൂക്ഷിച്ചിരുന്ന ബോള്‍ സൊനാരോയുടെ വാദം ലോകത്തിന് ആമസോണിനോടുള്ള സ്നേഹം കാരണമാണ് ബ്രസീലിന്റെ സാമ്പത്തികസ്ഥിതി താറുമാറിലായത് എന്നാണ്.

നയങ്ങള്‍ പാരിസ്ഥിതിക പ്രാധാന്യമുള്ളതാകണം 


പാരീസിലെ നോത്രെദാം പള്ളി കത്തിയെരിയുമ്പോള്‍ നാടൊട്ടുക്കും ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഒരംശം പോലും അഗ്നിക്കിരയാവുന്ന ആമസോണിന് വേണ്ടി ഉണ്ടായില്ല എന്നതില്‍ അരിശം പൂണ്ട് W W F ട്വീറ്റ് ചെയ്തിരുന്നു. “ഇപ്പോ ള്‍ നഷ്ടപ്പെട്ടാല്‍, അത് എന്നത്തേക്കുമായി നഷ്ടപ്പെട്ടു പോയേക്കും “എന്ന് ജനങ്ങള്‍ അഭിപ്രായം രൂപപ്പെടുത്തിയപ്പോള്‍  “ഇത് ബ്രസീലിന്റെ വീട്ടു കാര്യം” എന്ന മട്ടിലായിരുന്നു ബൊള്‍ സൊനാരോയുടെ പ്രതികരണം.

download


മുന്‍പെങ്ങുമില്ലാത്ത വിധം ആമസോണില്‍ പടര്‍ന്ന തീയുടെ സ്ഥിതി വിവരക്കണക്ക് പുറത്തു വിട്ട ബ്രസീലിന്റെ ബഹിരാകാശ ഏജന്‍സിയായ I N P E, കാലാവസ്ഥ അല്ല, മറിച്ച് പ്രസിഡന്റിന്റെ പരിസ്ഥിതിക നയങ്ങളാണ് ഇതിന് കാരണമെന്ന് തുറന്നടിച്ചതിന് അതിന്റെ മേധാവിയെ പുറത്താക്കിയ ബൊള്‍ സൊനാരോ ആദ്യം തീയണയ്ക്കാന്‍ അയച്ചത് 40 അഗ്നിശമനസേനാനികളെയാണ്. ആഗോളസമ്മര്‍ദം കനത്തപ്പോള്‍ നാല്‍പ്പത്തി നാലായിരത്തോളം വരുന്ന ബ്രസീലിയന്‍ പട്ടാളത്തെ തന്നെ അയയ്‌ക്കേണ്ടി വന്നു എന്നത് മറ്റൊരു കാര്യം.


G-7  ലെ ചര്‍ച്ച 



കഴിഞ്ഞ ദിവസങ്ങളി ല്‍ നടന്ന G-7 ഉച്ചകോടിയിലെ പ്രധാന ച ര്‍ച്ചാവിഷയമായിരുന്നു ആമസോണ്‍ തീ .ഓരോ രാജ്യത്തിന്റെയും പരമാധികാരത്തിന് വില കല്‍പ്പിച്ചു കൊണ്ട് തന്നെ അഗ്നിക്കിരയായ മഴക്കാടുകളുടെ സംരക്ഷണത്തിന് ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ സഹായിക്കുന്നതിന് ധാരണയിലെത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് മക്കറോണ്‍ പറഞ്ഞു.

g7

ഉച്ചകോടിയുടെ തുടക്കത്തില്‍ ഈ അഗ്നിബാധ ഒരു അടിയന്തരാവസ്ഥയാണെന്നും നിയന്ത്രിച്ചില്ലെങ്കില്‍ ശിക്ഷനടിപടികളിലേക്ക് പോകേണ്ടി വരുമെന്നും ഓര്‍മ്മിപ്പിച്ചെങ്കിലും പിന്നീട് മക്കറോണ്‍ സമീപനത്തില്‍ അല്‍പ്പം  മൃദുത്വം വരുത്തുകയുണ്ടായി. ആമസോണിന്റെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫ്രഞ്ച് ഗയാനയുടെ നിയന്ത്രണമുള്ളത് കൊണ്ടാണ് ഫ്രാന്‍സിന് ഈ ആഗോള പ്രശ്നത്തില്‍ ഇടപെടാന്‍ താല്പര്യം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്വഡാറിലെ ഗോത്ര വര്‍ഗ്ഗ സമരം

ബൊള്‍ സൊനാരോയ്ക്ക് ജനുവരിയില്‍ ഭരണം കൈവന്ന ശേഷം ജൂലൈയില്‍ മാത്രം നാലിരട്ടിയോളം വനം നശീകരിക്കപ്പെട്ടത് കൃഷി (പ്രധാനമായും സോയാബീന്‍), കാലിവളര്‍ത്തല്‍, ഖനനം എന്നിവയുടെ വിപുലീകരണത്തിലൂടെ ബ്രസീലിന്റെ സാമ്പത്തികവളര്‍ച്ച ലക്ഷ്യമിട്ടായിരുന്നു. ഇപ്പോള്‍ ഉണ്ടായ ഈ അഗ്നിബാധയ്ക്ക് ഇക്വഡോറില്‍ ഖനനത്തിന് വേണ്ടി മഴക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനെതിരെ ഇക്വഡോറിലെ ഒരു ഗോത്രവിഭാഗം നടത്തിയ നിയമപോരാട്ടത്തിന്റെ വിജയവുമായി പലരും കൂട്ടിവായിക്കുന്നതില്‍ തെറ്റ് പറയാനാവില്ല.

download (1)




യു എന്‍ അജണ്ട 




11000 വര്‍ഷത്തെ മനുഷ്യവാസചരിത്രമുള്ള ആമസോണ്‍ മേഖലയി ല്‍ അധിവസിക്കുന്ന 34 മില്യ ണ്‍ ജനങ്ങളില്‍ 420 ഗോത്രവര്‍ഗ്ഗങ്ങളില്‍ നിന്നായി 86 ഭാഷകളി ല്‍ സംസാരിക്കുന്ന 3 മില്യണ്‍ സ്വദേശി ജനങ്ങളുമുണ്ട് . പരിസ്ഥിതിയുടെ കാവലാളുകളായ സ്വദേശിഗോത്രവര്‍ഗ്ഗങ്ങളുടെ അവകാശസംരക്ഷണം ഉറപ്പ് വരുത്തിക്കൊണ്ട് മാത്രമേ ജൈവവൈവിധ്യം സംരക്ഷിക്കപെടുകയുള്ളൂ എന്നാണ് 2030 അജണ്ട (UN ) പറഞ്ഞു വച്ചിട്ടുള്ളത് .

ഫുട്ബാള്‍ മൈതാനങ്ങള്‍ 


ഓരോ രണ്ട് സെക്കന്റിലും ലോകമെമ്പാടും ഒരു ഫുട്ബാള്‍ മൈതാനത്തിന്റെ വലിപ്പത്തില്‍  വനഭൂമി നശീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് കണക്കുകള്‍ പറയുന്നത്. വേണ്ട ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാനുള്ള കൃഷിയിടങ്ങള്‍ ഉണ്ടാക്കാ ന്‍, കാലിവളര്‍ത്തിന്, പെട്രോള്‍ തുടങ്ങിയ ജൈവ ഇന്ധനങ്ങള്‍ കുഴിച്ചെടുക്കാന്‍ അടക്കം വനനശീകരണം വ്യാപകമാകുകയാണ്. ചുരുക്കത്തില്‍ വേണ്ട ഓക്സിജന്റെ അഞ്ചിലൊന്നിന്റെ ഉറവിടമായ ആമസോണ്‍ ഇന്ന് കത്തിയെരിയുന്നത് നമുക്ക് വേണ്ട ഹൈ കലോറി ബര്‍ഗറുകള്‍ , ഹൈ പ്രോട്ടീന്‍ കാലിത്തീറ്റ, ഹൈ കാര്‍ബണ്‍ ഇന്ധനങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ വേണ്ടിയാണ്. ബ്രസീ ല്‍ ഉള്‍പ്പെടെ ആമസോണ്‍ ഉള്‍ക്കൊള്ളുന്ന രാജ്യങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നതിന് മുന്‍പ്  ഓരോരുത്തരും അവരവരുടെ  പാരിസ്ഥിതിക ഉത്തരവാദിത്തത്തോട് നീതി പുല ര്‍ത്തുന്നുണ്ടോ എന്ന് സ്വയം ചോദിക്കേണ്ടതാണ്. ‘പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍’ ഇറങ്ങുന്നവരേയും ‘എവിടെയോ കത്തുന്ന പുരയ്ക്ക് നമുക്ക് എന്ത് കാര്യം’ എന്ന് ചിന്തിക്കുന്നവരെയും തിരിച്ചറിയേണ്ടിയിരിക്കുന്നു.