Vineeth

വെളിച്ചം കൊണ്ട് പൊള്ളുന്നവള്‍

പറയേണ്ട കാര്യങ്ങളെ പ്രേക്ഷകന് എളുപ്പത്തില്‍ വിട്ടുകൊടുക്കാന്‍ ആഗഹിക്കാത്തവരായ ചില സംവിധായകരുണ്ട്. ആന്തരാര്‍ത്ഥങ്ങളുടെ ഒരു നീണ്ട നിര സൃഷ്ടിച്ച് അവര്‍ എപ്പോഴും കാഴ്ചക്കാരനെ വഴി തെറ്റിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ പലപ്പോഴും ഈ രീതി യാഥാസ്ഥിതികരായ സിനിമാസ്വാദകരില്‍ നിന്നകന്ന് നില്‍ക്കുമെങ്കിലും സൂക്ഷ്മഗ്രാഹികളായ ആസ്വാദകരെ ഇത് വളരെയേറെ ആകര്‍ഷിക്കുകയും ചെയ്യും. ഒട്ടുമിക്ക സിനിമകളിലും മേല്‍പ്പറഞ്ഞ ഈ രീതി സ്വീകരിച്ചിരുന്ന സംവിധായകനാണ് റഷ്യക്കാരനായ ആന്ദ്രേ സ്വഗിന്‍സ്റ്റേവ്. ഒരുപാട് ആരാധകരുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ പ്രേക്ഷകപക്ഷത്ത് നിന്ന് ഒരുപാട് എതിര്‍പ്പുകള്‍ ഏറ്റുവാണ്‍ഗ്ങിയിട്ടുണ്ടെങ്കിലും ആ ചിത്രങ്ങളിലെ കഥാപാത്രങ്ങളൊന്നും തന്നെ പ്രേക്ഷകമനസ്സുകളില്‍ നിന്ന് എളുപ്പത്തില്‍ ഇറങ്ങിപ്പോവില്ല. സിനിമയിലൂടെ തങ്ങളുടെ ജീവിതത്തിലെ ചില നിമിഷങ്ങളെ ഒരുകൂട്ടര്‍ ആസ്വദിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ സിനിമയെ വെല്ലുവിളികളായും പസിള്‍ ഗെയിമുകളായും സമീപിക്കുന്നു. ഇവരുടെ ആസ്വാദനരീതികളെയാണ് ആന്ദ്രേ സ്വഗിന്‍സ്റ്റേവിനെപ്പോലുള്ള സംവിധായകര്‍ തങ്ങളുടെ സിനിമയുടെ നട്ടെല്ലായി കണ്ടിരുന്നത്.


മേല്‍ത്തരം കാഴ്ചക്കാരുടെ അഭിരുചികളെ മുതലെടുത്തുകൊണ്ട് വിവിധ തലത്തില്‍ പരന്നുകിടക്കുന്ന കാഴ്ചകളുടെ സങ്കലനമായ തിരക്കഥകളും പരിചിതമല്ലാത്ത സംഗീതസമീപനവും പെട്ടെന്ന് പിടികൊടുക്കാത്ത സംവിധാനതന്ത്രവും ഉപയോഗിച്ച് സിനിമയില്‍ പലതരം ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിച്ച ഒരാളാണ് സ്പെയിനിലെ പ്രതിഭാശാലിയായ അലക്സാണ്ട്രോ അമെനബാര്‍. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങളെല്ലാം കാലാതീതമായി നിലനില്‍ക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുമെന്ന് ചരിത്രം തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്റെ വ്യക്തിപരമായ അഭിപ്രായ്യത്തില്‍ പ്രേക്ഷകന്റെ വായിലേക്ക് സംവിധായകന്‍ കോരിക്കൊടുക്കുന്ന ഒന്നാവരുത് സിനിമ. പ്രേക്ഷകന് സിനിമയിലൂടെ അന്വേഷിക്കാനും, ചിന്തിക്കാനും, ചില നിഗമനങ്ങളിലേക്കെത്താനുമുള്ള അവസരങ്ങള്‍ ഒരു സംവിധായകന്‍ നല്‍കിയിരിക്കണം. ആസ്ട്രിയക്കാരനായ മൈക്കല്‍ ഹനാകെയും ഫിന്‍ലാന്റുകാരനായ കൗറിസമാകിയുമൊക്കെ ഇത്തരം സിനിമകളിലൂടെയാണ് പ്രേക്ഷകരെ വശീകരിച്ചിരുന്നത്.



ക്രിസ്റ്റ്യന്‍ പെറ്റ്സോള്‍ഡ് സംവിധാനം ചെയ്ത യെല്ല എന്ന ജര്‍മ്മന്‍ സിനിമയെക്കുറിച്ച് പറയുവാനാണ് ഇതെല്ലാം പറഞ്ഞത് . പ്രേക്ഷകര്‍ക്ക് കാഴ്ചകളുടെയും ചിന്തകളുടെയും വിരുന്നൊരുക്കുകയാണ് ഈ ചിത്രത്തിലൂടെ പെറ്റ്സോള്‍ഡ് ചെയ്തിരിക്കുന്നത്. ബദ്ധശ്രദ്ധനായ ഒരു കാഴ്ചക്കാരന് ഈ സിനിമയിലൂടെ ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരവും, അല്ലാത്തവന് യാഠൊരു ശല്യവുമില്ലാത്ത ഒരു സുഖനിദ്രയുമാണ് തിയ്യറ്ററില്‍ സംവിധായകന്‍ വാഗ്ദാനം ചെയ്യുന്നത്.


'യെല്ല' എന്നത് ഈ സിനിമയിലെ പ്രധാനകഥാപാത്രത്തിന്റെ പേരാണ്. അവള്‍ക്ക് അച്ഛനും, വഴക്കടിച്ച് അകന്നു നില്‍ക്കുന്ന ഭര്‍ത്താവും മാത്രമേ ബന്ധുക്കളായി ഈ ചിത്രത്തില്‍ കാണിക്കുന്നുള്ളൂ. ന്നാല്‍ അവളുടെ അമ്മയെ കുറിച്ച് സംവിധായകന്‍ ഒന്നും പറയുന്നില്ല. ആ സ്ത്രീ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും പ്രേക്ഷകന് മനസ്സിലാക്കാനുള്ള ഒരു സൂചനപോലും തരുന്നില്ല. അതിനെക്കുറിച്ച് സൂചനകള്‍ നല്‍കാന്‍ ഇടയുള്ള അനേകം അവസരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെ അതൊരു ചെറിയ ഒരു കല്ലുകടിയായി പ്രേക്ഷകന് തോന്നിയേക്കാം. യെല്ല ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഈ സിനിമയില്‍ അധികസമയവും ധരിക്കുന്നത്. ഈ നിറങ്ങള്‍ ജര്‍മ്മനിയിലെ രാഷ്ട്രീയസാഹചര്യങ്ങളുമായും യെല്ലയുടെ ചുറ്റുപാടുകളുമായും ബന്ധപ്പെടുത്തിയാല്‍ പ്രേക്ഷകന് ലഭിക്കുന്ന ഒരു വലിയ ചിന്താദേശമുണ്ട്. അതിലൂടെ സഞ്ചരിച്ച് പോവുമ്പോള്‍ യെല്ല വെറുമൊരു കഥാപാത്രമല്ലാതാവുകയും അവള്‍ ഒരു രാജ്യത്തിലെ ജനതയെ പ്രതിനിധാനം ചെയ്യുന്നവളുമായിത്തീരുന്നു.


പക്ഷികളും മരങ്ങളും നാഗരികത തൊട്ടുതീണ്ടിയീട്ടില്ലാത്ത അന്തരീക്ഷവും സൗഹാര്‍ദ്ദതയ്ക്ക് വലിയ സ്ഥാനം നല്‍കുന്നതുമായ ഒരു പ്രദേശത്താണ് യെല്ലയുടെ താമസം. എന്നാല്‍ അവള്‍ക്ക് ജോലി ലഭിക്കുന്നത് കുറഞ്ഞ ജനസാന്ദ്രതയും, ചതിക്കാനും വഞ്ചിക്കാനും ഒട്ടും മടിയില്ലാത്ത ധനികരായ കോപ്പറേറ്റുകള്‍ക്കും ഇടയിലാണ്. ഈ രണ്ട് സാഹചര്യങ്ങളുടെയും ഇടയിലൂടെയാണ് ഈ സിനിമ പ്രേക്ഷകനിലേക്ക് കടന്നുവരുന്നത്.


സിനിമയുടെ ആദ്യപകുതിയില്‍ കഥ മാറുന്നത് യെല്ലയും അവളുടെ ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാര്‍ മനഃപ്പൂര്‍വ്വം ഒരു പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് വീഴ്ത്തുന്ന അപകടത്തോടെയാണ്. ഈ അപകടത്തിന് ശേഷം വരുന്ന കാഴ്ചകളാണ് പ്രേക്ഷകനെ അലട്ടുന്നത്. ആ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്ന യെല്ല ഒരു ട്രെയിനിലെ ഒഴിഞ്ഞ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് തന്റെ നനഞ്ഞ വസ്ത്രം മാറുമ്പോള്‍ ഒരു പുരുഷന്‍ വന്ന് എത്തി നോക്കുമെങ്കിലും അയാള്‍ അവളെ ഒഴിവാക്കി അവിടെ നിന്നും പോവുന്നു. പിന്നീട് ഒരു മയക്കത്തില്‍ പെട്ട യെല്ല, മയക്കത്തില്‍ നിന്നുണരുമ്പോഴാണ് ട്രെയിന്‍ തനിക്കിറങ്ങേണ്ട സ്റ്റേഷനില്‍ എത്തിയതായി കാണുന്നത്. അവിടെ ഇറങ്ങിയ അവള്‍ അവള്‍ നഗരത്തിലൂടെ അലസമായി നടക്കുന്നു. അവിടെ വച്ച് കുലീനയും ധനികയുമായ ഒരു സ്ത്രീയെ കണ്ട് യെല്ല നോക്കിനില്‍ക്കുന്നത് കാണുമ്പോള്‍ നഷ്ടമായ ഒരു ജീവിതത്തെയാണ് യെല്ലയില്‍ സംവിധായകന്‍ പ്രതിഫലിപ്പിക്കുന്നത്. ഈ രംഗമാണ് ഈ സിനിമയിലെ ശക്തമായതും ഗൂഢാര്‍ത്ഥങ്ങളെ സൂചിപ്പിക്കുന്നതുമായ ഭാഗം. സിനിമ കഴിയുമ്പോള്‍ മാത്രമാണ് ഈ രംഗത്തിന് സിനിമയില്‍ ഇത്രമാത്രം പ്രാധാന്യമുണ്ടായിരുന്നു എന്ന് പ്രേക്ഷകന്‍ മനസ്സിലാക്കുന്നത്. യെല്ല നോക്കിനില്‍ക്കുന്ന ആ സ്ത്രീ ആരാണ് എന്ന ഒരു ചോദ്യം പ്രേക്ഷകന്റെ അന്വേഷണ പരിധിയിലേക്ക് കടന്നുവരുന്നത് സിനിമയുടെ അവസാനഭാഗങ്ങളിലാവുന്നത് സംവിധായകന്‍ തന്ത്രപരമായി നിര്‍മ്മിച്ചെടുത്ത ഒരു ക്രാഫ്റ്റുകൊണ്ട് മാത്രമാണ്.



സിനിമയുടെ രണ്ടാം പകുതിയില്‍ ഏകദേശം ആളൊഴിഞ്ഞ് കിടക്കുന്ന ഹോട്ടലിലാണ് കഥ നടക്കുന്നത്. അവിടെ പ്രേക്ഷകന് സിനിമയെ മനസ്സിലാക്കാനായി ചില സൂചനകള്‍ സംവിധായകന്‍ ഒളിച്ചുവച്ചിട്ടുണ്ട്. അവയില്‍ പലതും യാഥാര്‍ത്ഥ്യങ്ങളോടടുക്കാത്തതും പ്രേക്ഷകന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമായ ചില സൂചനകളാണ്. പൂട്ടിയിട്ട ഒരു ഹോട്ടല്‍ മുറിയിലേക്ക് പ്രവേശിക്കാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാനും അവിടെ നിന്ന് ആരും കാണാതെ അപത്യക്ഷനാവാനും ഒരാള്‍ക്ക് കഴിയുമോ? കഴിയും എന്ന് വാദിക്കാം. പക്ഷേ, യൂറോപ്പിലെ സാഹചര്യങ്ങളെയും സിനിമയിലെ ചുറ്റുപാടിനെയും അധികരിച്ച് അങ്ങനെ സംഭവിക്കാന്‍ യാഠൊരു പഴുതുമില്ല. എന്നാലും അങ്ങനെയൊന്ന് സംഭവിച്ചാല്‍ തന്നെ അതിനെക്കുറിച്ച് പരാതിപ്പെടാതെ അയാളില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കാതെ അതാരാണ് എന്നന്വേഷിച്ചുകൊണ്ട് ഇരുട്ടിലേക്ക് തനിച്ച് പോകാന്‍ മാത്രം ആരെങ്കിലും തയ്യാറാവുമോ?


ഒരു കാര്യത്തില്‍ സമാധാനമുണ്ട്. സാധാരണയായി യൂറോപ്യന്‍ സിനിമകളില്‍ അപകടം സംഭവിച്ചാല്‍ പിന്നീട് കാണിക്കുന്നത് വെള്ളത്തിന് മുകളില്‍ ഒഴുകിനടക്കുന്നതോപ്പ് പൊങ്ങിക്കിടക്കുന്നതോ ആയ പാശ്ചാത്യനാസ്തികത്വത്തിന്റെയും അഭിവൃദ്ധിയുടെയും അടയാളമാക്കപ്പെട്ട ഒരു ഒഴിഞ്ഞ കൊക്കക്കോളയുടെയോ മറ്റോ കുപ്പികളാണ്. അതെന്തായാലും ഇവിടെ സംവിധായകന്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നത് നല്ല കാര്യം.


ഈ സിനിമയുടെ ചില ഭാവങ്ങള്‍ പ്രേക്ഷകനെ വല്ലാതെ അലട്ടുന്നു. എന്തുകൊണ്ടാണ് യെല്ല ഭര്‍ത്താവിനെ ഉപേക്ഷിച്ചത്? അയാള്‍ അവളോട് ക്രൂരമായി പെരുമാറിയിരുന്നോ? എന്തുകൊണ്ട് യെല്ലയുടെ അമ്മ എന്ന കഥാപാത്രം പൂര്‍ണ്ണമായും ഈ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി? യഥാര്‍ത്ഥസ്നേഹത്തെയും പ്രതീക്ഷ്കളെയും മറച്ചുവച്ച് നിരാശയും കപടസ്നേഹവും മാത്രം ചിത്രീകരിച്ചതിലൂടെ സംവിധായകന്‍ ഓരോ കഥാപാത്രത്തെയും സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നോ? തുടങ്ങിയ ഒരുപാട് ചോദ്യങ്ങള്‍ എനിക്കിപ്പൊഴും ബാക്കി നില്‍ക്കുന്നുണ്ട്.


നിരവധി അംഗീകാരങ്ങള്‍ വാങ്ങിക്കൂട്ടിയ യെല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നിനഹോസ് എന്ന നടിയാണ്.സിമോണ്‍ ബയര്‍ എഴുതിയ ഈ സിനിമയുടെ കഥ വ്യക്തിപരമായ കുറ്റങ്ങളുടെയും ജീവിതാഭിലാഷങ്ങളുടെയും ഓരോ ഗുണങ്ങളുടെയും അടയാളപ്പെടുത്തലുകലാവുന്നു.


സിനിമ കണ്ട ശേഷം ചിന്തിക്കാനും അതിനെക്കുറിച്ച് തര്‍ക്കിക്കാനും പെറ്റ്സോള്‍ഡും യൂറോപ്പിലെ ചില സംവിധായകരും പ്രേക്ഷകരെ ക്ഷണിച്ചിരുന്നു. രാഷ്ട്രീയത്തിലും സദാചാരത്തിലും വ്യവസായത്തിലുമൊക്കെയുള്ള വീക്ഷണങ്ങളെ ഒരു സ്ത്രീപക്ഷത്ത് നിന്ന് കൊണ്ട് പ്രേക്ഷകന് കാണിച്ചുതരുന്ന ഈ കാഴ്ചകള്‍ ഒരു ശരാശരി പ്രേക്ഷകന് കഴിയുകയോ കഴിയാതിരിക്കുകയോ ചെയ്യാം. അത് കണ്ടെത്താന്‍ കഴിയുന്നവക്ക് വേണ്ടി സംവിധായകന്‍ എല്ലാം ഈ സിനിമയില്‍ പലയിടത്തും കരുതിവച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഇതിന്റെ ആന്തരാര്‍ത്ഥങ്ങളെ വിതരണം ചെയ്യാന്‍ ഒരുപക്ഷേ സംവിധായകന്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കാം. ഒരു പ്രധാനവസ്തുത മേല്‍ത്തരം പ്രേക്ഷകരുമായി ഈ ചിത്രം സിനിമയ്ക്കിടയിലെല്ലാം തര്‍ക്കിച്ചുകൊണ്ടിരിക്കും എന്നതാണ്. ഓരോ തര്‍ക്കങ്ങളും പ്രേക്ഷകന് പുതിയ വഴികള്‍ താണ്ടാനായി തുറന്നുകൊടുക്കുകയും ചെയ്യും. ആ പുതുവഴികളിലൂടെയാണ് അവന്‍ കാഴ്ചയുടെ കാണാത്ത നിഴലുകളോട് പടവെട്ടുന്നതും അവയെ പിടിച്ചടക്കുന്നതും.