Gopakumar Pookkotur - Dr Sofiya Kanneth

കരനെല്‍കൃഷിയാല്‍ കതിരവനൊരുകവി നെല്ലു 'കുലയ്ക്കുമ്പോള്‍'

അഭിമുഖം
ഗോപകുമാര്‍ പൂക്കോട്ടൂര്‍ / ഡോ. സോഫിയ കണ്ണേത്ത്


പൂത്തുമ്പിയും ഇരട്ടവാലന്‍ കിളിയും വട്ടം ചുറ്റുന്ന പാറപ്പുറത്തു വീട്ടിലെ ചുറ്റുവട്ടം.. പറമ്പിനോടു ചേര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന കുന്ന് അരികില്‍ കാണാം. നെറ്റി മുറുക്കിക്കെട്ടിയ ഒരൊന്നാംതരം തോര്‍ത്തു മുണ്ട് .. ഇളം ചുവപ്പു നിറത്തിലെ കൈലി മുണ്ട്.. പറമ്പില്‍ പടര്‍ന്നു നില്‍ക്കുന്ന നെല്‍ക്കതിരുകള്‍ക്കിടയിലേയ്ക്ക് നിറഞ്ഞ ചിരിയുമായി ഒരു ചെറപ്പക്കാരന്‍ നടന്നു വരുന്നു. പ്രേമം സിനിമയിലെ ഹിറ്റ് ഗാനം 'അവള് വേണ്ട്ര ..ഇവള് ..വേണ്ട്ര " ഇടയ്ക്കിടെ അയാള്‍ മൂളുന്നുണ്ടായിരുന്നു. ഇത് ഗോപകുമാര്‍ പൂക്കോട്ടൂര്‍ .. കവി, മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങി ഭിന്ന നിലകളില്‍ പരിചിതനായ ഈ തനിനാടന്‍ മലപ്പുറത്തുകാരന്‍ എഴുത്തിന്റെ മാന്ത്രികതയ്ക്കൊപ്പം കരനെല്‍കൃഷിയിലൂടെ തന്റെ വീട്ടു മുറ്റത്ത് തനതാമൊരു കാര്‍ഷിക മുന്നേറ്റത്തിന് വിത്തുപാകിയിരിയ്ക്കുകയാണ്. മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ നിന്നും ഫിസിക്സില്‍ ബിരുദവും വാഴൂര്‍ സാഫി ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തബിരുദവും നേടി ദേശാഭിമാനിയുടെ കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം യൂണിറ്റുകളില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുകയും അധ്യാപനവൃത്തിയിലേര്‍പ്പെടുകയും ചെയ്ത ഗോപകുമാര്‍ പൂക്കോട്ടൂരിന് കൃഷി വെറും നേരംപോക്കോ താത്ക്കാലിക ആശ്വാസമോ അല്ല..മറിച്ച് കവിത പോലെ ..സൗഹൃദങ്ങള്‍ പോലെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമത്രേ ..


unnamed (6)


പാടങ്ങള്‍ അപ്രത്യക്ഷമാകുകയും ന്യൂക്ലിയര്‍ ജീവിതശൈലി കുടുംബങ്ങളിലും താമസിയ്ക്കുന്ന ഇടങ്ങളിലും സമാനമാകുകയും ചെയ്യുന്ന സമകാലീനതയില്‍ കേവലം ഒരു തുണ്ടു ഭൂമി മാത്രമുള്ളവര്‍ക്ക് എങ്ങിനെ കരനെല്‍കൃഷി സാധ്യമാക്കാം എന്നതിന്റെ പ്രവര്‍ത്തിയ്ക്കുന്ന ഉദാഹരണമായി ഈ പൂക്കോട്ടൂര്‍ക്കാരന്‍ മാറുന്നു. തന്റെ ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കിയതിനോടൊപ്പം പ്രസ്തുത അറിവുകള്‍ പൊതുസമ്പത്താകണമെന്നും അദ്ദേഹം ഉറച്ചു വിശ്വസിയ്ക്കുന്നു. നെല്ലിന്റെയുള്ളറിഞ്ഞ പൂക്കോട്ടൂര്‍ കതിരവന്‍ തന്റെ ധാന്യപ്പെ  പ്പെരുമയെ ഈവിധം അടയാളം ചെയ്യുന്നു  ...


unnamed (2)




സ്വന്തമായി ഒരു തുണ്ട് ഭൂമിയുള്ളവരാണോ നിങ്ങള്‍.? എങ്കില്‍ വരൂ നമുക്ക് കരനെല്‍കൃഷി തുടങ്ങാം. കേരളത്തില്‍ ഇനിയൊരു കലാപമുണ്ടാകുമെങ്കില്‍ അത് ഭക്ഷണത്തിന്റെ പേരിലാകുമെന്നതില്‍ ഇനി ആരും സംശയിക്കേണ്ട. കാരണം ചരിത്രത്തിന്റെ താലുകളില്‍ ഇപ്പോഴും കാര്‍ഷികസമരങ്ങളുടെ രക്തപ്പാടുകള്‍ മാഞ്ഞുപോയിട്ടില്ല. അത് ഏറനാട്ടിലെ മാപ്പിളകുടിയാന്മാരുടേതോ, കയ്യൂരിലെയും കരിവള്ളൂരിലെയും ജന്മിക്കുടിയാന്മാരുടേതോ ആകാം. ഒരേ നിറമുള്ള പാടുകള്‍.


10407540_708455452609622_781981749026058392_n


മനുഷ്യരാശിയുടെ ഭക്ഷണത്തിന്റെ അഞ്ചില്‍ ഒന്ന് കലോറി ലഭിക്കുന്നത് നെല്ല് കുത്തിയ അരിയുടെ ഭക്ഷണത്തില്‍ നിന്നാണ് എന്ന് ശാസ്ത്രം. കേരളത്തെ കേരളമാക്കിയ പോരാട്ടങ്ങളില്‍ നെല്‍കര്‍ഷക-ജന്മി-കുടിയാന്‍ ബന്ധങ്ങളിലെ അശ്വാരസ്യ രഭിവാജ്യഘടകമായിരുന്നുവെന്ന് നെല്ലിന്റെ രാഷ്ട്രീയം. ഇനി പറയുന്നത് നെല്‍കൃഷിയുടെ ആശങ്കാജനകമായ ഭാവിയും അല്‍പം കൃഷിപാഠങ്ങളും.


11167792_711647738957060_945171457949984767_n


നെല്ല് ഏത് മരത്തിലുണ്ടാകുന്നുവെന്ന് കുട്ടികള്‍ ചോദിക്കുന്ന കാലമാണ്. തെക്കേ തെക്കു കിഴക്കേ ഏഷ്യയിലും ആഫ്രിക്കയുടെ മദ്ധ്യഭാഗങ്ങളിലും ആണത്രേ നെല്ലിന്റെ ഉത്ഭവം. കേരളത്തില്‍ ഏറ്റവും കൂടുതലായി ഉദ്പാദിപ്പിക്കുന്ന ഈ ധാന്യവിള സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴെയുള്ള കുട്ടനാട് മുതല്‍ സമുദ്രനിരപ്പില്‍ നിന്നും 1000 -1500 മീറ്റര്‍ ഉയരമുള്ള ഇടുക്കി ജില്ലയിലെ വട്ടവടയില്‍ വരെ കൃഷിചെയ്യുന്നു. വയലിലെന്നപോലെ മലഞ്ചരിവിലും നെല്‍കൃഷി ചെയ്യാം. എന്നാല്‍ നമ്മുടെ നെല്‍വെയല്‍ ചുരുങ്ങുന്നതിനും എത്രയോ മുന്‍പെ മലഞ്ചെരിവുകളില്‍ കൃഷി ചെയ്തിരുന്ന കരനെല്ല് അഥവാ കൃഷി അപ്രത്യക്ഷമായികൊണ്ടിരുന്നു.



ഡോ. സോഫിയ കണ്ണേത്ത്എന്താണ് ഈ കരനെല്‍കൃഷി .


ഗോപകുമാര്‍ പൂക്കോട്ടൂര്‍ :സാധാരണ വയലിലെ നെല്‍കൃഷിയില്‍ നിന്നും വ്യത്യസ്തമായി ജലം അധികം ആവശ്യമില്ലാത്ത കൃഷി രീതിയാണ് കരനെല്ല് എന്ന് വിളിക്കപ്പെടുന്നത്. മലഞ്ചെരിവുകളിലെ മോടന്‍ എന്നുവിളിക്കുന്ന നെല്‍കൃഷി, പള്ള്യാല്‍ (ചോലപ്രദേശം), തെങ്ങിന്‍ തോപ്പുകള്‍ എന്നിവിടങ്ങളിലും മറ്റു അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന കൃഷിയെയാണ് പൊതുവെ കരനെല്‍കൃഷി എന്നോ കരനെല്ല് എന്നോ അറിയപ്പെട്ടിരുന്നത്.


unnamed (7)


മരങ്ങള്‍ക്കിടയിലെ തണലിലും വളരും എന്നതും, വരള്‍ച്ചയെ ചെറുക്കാന്‍ കഴിയും എന്നതുമാണ് കരനെല്ലിന്റെ സുപ്രധാന സവിശേഷത. വിവിധ ഗുണഗണങ്ങളുള്ള നിരവധി നാടന്‍ ഇനം നെല്ലിനങ്ങള്‍ കേരളത്തില്‍ ഒരു കാലത്ത് സുലഭമായിരുന്നു. വയല്‍ ചുരുങ്ങുമ്പോഴും ഒഴിഞ്ഞ തെങ്ങിന്‍ തോപ്പുകള്‍ ധാരാളമുള്ള നമ്മുടെ നാട്ടില്‍ കരനെല്ല് അപ്രത്യക്ഷമായി എന്നത് ഏറെ ദൗര്‍ഭാഗ്യകരമായി തോന്നാം. എന്നാല്‍ ചില ആദിവാസി ഗോത്രങ്ങളും മറ്റുചിലരും ഭക്ഷണത്തിനായി കരനെല്ല് കൃഷി ചെയ്യുന്നു. കേരള സര്‍ക്കാര്‍ കരനെല്ല് പ്രോത്സാഹനത്തിനായി രണ്ടുവര്‍ഷം മുന്‍പുവരെ സബ്‌സിഡിയും മറ്റു ആനുകുല്യങ്ങളും നല്‍കിയിരുന്നു.


എവിടെയും നെല്‍ കൃഷി സാധ്യമാണോ.


unnamed (8)


തുറന്ന പ്രദേശങ്ങളാണ് കരനെല്‍കൃഷിക്ക് അനുയോജ്യമായതെങ്കിലും പലനെല്ലിനങ്ങളും സൂര്യപ്രകാശവും മഴയുമെല്ലാം കുറഞ്ഞ സാഹചര്യങ്ങളിലും വളരും. 25-ലധികം വര്‍ഷം പ്രായമുള്ള തെങ്ങിന്‍തോപ്പുകളിലും കൃഷി ചെയ്യാവുന്നതാണ്. കൃഷിചെയ്യുന്ന സ്ഥലം പയര്‍വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്ത് ജനുവരിമാസത്തോടെ ഉഴുത് മണ്ണ് വെയില്‍ കൊള്ളിക്കണം. ഏപ്രില്‍ പകുതിയാകുമ്പോള്‍ വീണ്ടും ഉഴുത് നിലമൊരുക്കണം. ഉഴുന്ന സമയത്ത് ജൈവവളങ്ങള്‍ അടിവളമായി ചേര്‍ക്കുന്നത് നല്ലതാണ്. കോഴിക്കാഷ്ടവും ഏറെ അനുയോജ്യം.


കരനെല്‍ വിത്തുകള്‍ എവിടെക്കിട്ടും


കരനെല്‍ വിത്തുകള്‍ പലതും അന്യം നിന്നുപോയെങ്കിലും പട്ടാമ്പിയിലെ നെല്ലുഗവേഷണകേന്ദ്രം ചില വിത്തുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 120 ദിവസം മൂപ്പുള്ള ചുവന്നമോടന്‍, കറുത്ത മോടന്‍, സുവര്‍ണമോടന്‍, സ്വര്‍ണപ്രഭ, വൈശാഖ് എന്നിവയാണവ. മലമ്പ്രദേശങ്ങളിലും പറമ്പുകളിലും മാത്രം കൃഷി ചെയ്യുന്ന നെല്‍വിത്തുകളാണ് ഈ മോടന്‍ വിത്തുകള്‍. കൂടാതെ വയലില്‍ കൃഷിചെയ്യുന്ന ഐശ്വര്യ, ആതിര, മട്ടത്രിവേണി എന്നിവയും കരകൃഷിക്ക് ഏറെ അനുയോജ്യമാണ്. പക്ഷേ അന്യമായ വിത്തുകള്‍ നിരവധിയാണ്. സമ്പന്നമായൊരു കാര്‍ഷിക സംസ്‌കാരത്തിന്റെ നേര്‍ത്തെളിവുകളായിരുന്നു നാടുനീങ്ങിയ എണ്ണമറ്റ കരനെല്‍വിത്തുകള്‍.


unnamed (1)


അതാത് പ്രദേശത്തെ സവിശേഷ സാഹചര്യങ്ങള്‍ക്കും, കാലാവസ്ഥയ്ക്കും മണ്ണിന്റെ സ്വഭാവത്തിനുമനുസരിച്ച് രൂപപ്പെട്ട വിത്തുകള്‍ പരമ്പരാഗതമായി കര്‍ഷകര്‍ കൈമാറ്റം ചെയ്തുപോന്നവയായിരുന്നു. ആധുനികതയിലേക്കുള്ള മനുഷ്യന്റെ ചുവടുവെയ്പ്പിനിടെ ചുരുങ്ങിയില്ലാതായ കരനെല്‍കൃഷിക്കൊപ്പം, ഇത്തരം വിത്തുകളും നമുക്ക് നഷ്ടമായി. ആ വിത്തുകളില്‍ കറുത്തക്കുടുക്കന്‍, കല്ലടിയാരന്‍, ചൊമാല, ചുവന്ന തൊണ്ണൂറാന്‍, വെള്ളത്തൊണ്ണൂറാന്‍, കറുത്ത ഞവര, പാല്‍ക്കയമ, കുന്തിപ്പുല്ലന്‍, ഓക്കക്കുഞ്ഞ്, ചോമ, വെളുത്ത പനംകുറവ, കറുത്ത പനംകുറവ, ആനചോടന്‍, ചാര, ചീരനെല്ല്, ചുവന്നാര്യന്‍, ജീരകചന്ന, കുറുമുട്ടി, കൊച്ചാണ്ടന്‍ എന്നിവയുണ്ടായിരുന്നു.


unnamed (4)
മലയാളികളുടെ കാര്‍ഷിക കലണ്ടര്‍ പ്രകാരം വിഷുവിനുശേഷമുള്ള ആദ്യമഴ കഴിഞ്ഞ് അതായത് മേട മാ,ത്തിലെ ഭരണി ഞാറ്റുവേലയാണത്രേ വിത്തെറിയാന്‍ അനുയോജ്യമായ സമയം. വിത്തെറിഞ്ഞാല്‍ പിന്നെ മഴയില്ലാതെ തന്നെ, കാറ്റേറ്റ് വിത്തുമുളച്ച് പൊന്തുമത്രേ. മഴയെ ആശ്രയിച്ചാണ് കരനെല്‍ കൃഷി എങ്കിലും കതിരുവരുംവരെ മണ്ണില്‍ ഈര്‍പ്പമുണ്ടാവണം. വയലിലെ നെല്‍കൃഷിയെ അപേക്ഷിച്ച് കഠിനാദ്ധ്വാനവും പരിചരണവും വേണ്ടത്ര ആവശ്യമില്ലെന്നതാണ് കരനെല്‍കൃഷിയെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്ന്.


കളയടക്കമുള്ള പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിയ്ക്കാം .


കരനെല്‍കൃഷിയിലെ പ്രധാനകളകള്‍ മുത്തങ്ങപ്പുല്ലുകളാണ്. കളപറിക്കുകതന്നെയാണ് ഉചിതമാര്‍ഗം. നിലമൊരുക്കുന്നതിന് മുന്‍പ് ഒരുവിധം കളകളെ വേരോടെ പിഴുതോ പെറുക്കിയെയുത്തോ മാറ്റാമെങ്കിലും നെല്ലുമുളച്ച സമയത്തും കതിരുവന്ന സമയത്തും കളപറിക്കല്‍ ആവശ്യമായി വന്നേക്കാം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം, തൊഴിലാളികളെ കാര്‍ഷികാനുബന്ധജോലികള്‍ക്കുകൂടി വിന്യസിച്ചത് ഏറെ അനുഗ്രഹമായിരിക്കുകയാണ്.


കീടം / ചാഴി തുടങ്ങിയവയുടെ ആക്ക്രമണം എങ്ങിനെ നേരിടും.


കീടങ്ങള്‍ കരനെല്‍കൃഷിയില്‍ പൊതുവെ കുറവാണ്. കതിരിടുന്ന സമയത്തെ ചാഴിയുടെ ആക്രമണം തടയാന്‍ കാന്താരിമുളകും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം ഗോമൂത്രത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്. സന്ധ്യാസമയത്ത് കരിയിലയിട്ട് തീയിടുന്നതും നല്ലതാണ്. ഈന്തച്ചക്ക മുറിച്ച് ചാലില്‍ വെച്ചാലും ചാഴി വരില്ല. കതിരുകള്‍ക്കിടയിലെ പുഴുക്കേടിന് കടുകിന്റെ ഇലയുടെ നീരും പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. രാസ കീടനാശിനിയായി മലാത്തിയോണ്‍ തളിക്കലാണ് മറ്റൊരു മാര്‍ഗം.


എന്താണ് ഈ റിബണ്‍വിദ്യ.


കതിരിടുന്ന വേളയില്‍ പക്ഷിശല്യമകറ്റാന്‍ ഇന്ന് നൂതനമാര്ഗ്ഗങ്ങള്‍ ലഭ്യമാണ്. മണ്ണൂത്തിയിലെ കാര്‍ഷിക സര്‍വകലാശാല മയില്‍, തത്തകള്‍ തുടങ്ങിയ പക്ഷികളെ അകറ്റാന്‍ റിബ്ബണ്‍ വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ ആറ്റക്കുരുവികളുടെ ശല്യമകറ്റാന്‍ ചില വിദ്യകളും ആവിഷ്‌കരിച്ചിട്ടുണ്ട്.


11831688_745446555577178_1509056129962115712_n


കണ്ണൂര്‍ ഗവ. ഐടിഐയില്‍ രണ്ടു വര്‍ഷം വാച്ച്മാനായിരുന്ന ഗോപകുമാര്‍ 2013 -ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പ്രവേശിച്ചു. ഡെല്‍ഹിയില്‍ ഡി.എ.വി.പി യില്‍ പബ്ലിസിറ്റി അസിസ്റ്റ് ആയിരിക്കുമ്പോഴാണ് നെല്‍കൃഷിയോട് താല്‍പര്യം ജനിക്കുന്നത്. പിന്നീട് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ് ആയി തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ തിരിച്ചെത്തിയതോടെ കരനെല്‍കൃഷിയിലേക്കു ശ്രദ്ധ പതിപ്പിച്ച അദ്ദേഹം സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മാനസിക പിന്തുണയും വീട്ടുകാരുടെ നിസ്സീമമായ സഹകരണവും താരതമ്യങ്ങള്‍ക്കപ്പുറമെന്ന് അടിവരയിടുന്നു. -


unnamed


പറഞ്ഞു തീരാത്ത നെല്‍കൃഷി മാര്‍ഗ്ഗങ്ങളാണ് ഈ പൂക്കോട്ടുകാരന് കൈമുതലായുള്ളത്. വാട്ട്സപ്പിലോ വിക്കിപീഡിയയിലോ സാമൂഹ്യ മാധ്യമങ്ങളിലോ ഒരു പക്ഷേ തദ്ദേശീയമായ ഈ അറിവുകള്‍ ലഭ്യമായി എന്നു വരില്ല. അതെല്ലാം ഉപാധിരഹിതമായി പങ്കു വെയ്ക്കാന്‍  ഈ യുവകവി ഒരുക്കമാണ്..


അപ്പൊ ..ഗഡീ ..നമുക്കും തൊടങ്ങാല്ലേ .. ഇത്തിരിയൊള്ള പറമ്പങ്ങ്ട് ഉഷാറാക്കി !