അകാലത്തിൽ വിട്ടു പിരിഞ്ഞ ആർ സുനിൽ സഹോദരതുല്യനായ പ്രിയ സഖാവായിരുന്നു. തെറ്റുകുറ്റങ്ങൾക്കെതിരെയും അനീതിക്കെതിരായും നിരന്തരം കലഹിച്ച് വിമർശനം ഉറക്കെ വിളിച്ചു പറയാൻ ഒട്ടുo മടികാട്ടാതിരുന്ന തികഞ്ഞ പോരാളിയായിരുന്നു സുനിൽ. സമര പോരാട്ട വീഥികളിൽ പുരോഗമന ആശയ സാക്ഷാത്ക്കാരത്തിനായി നമുക്കേവർക്കുമൊപ്പം നടന്ന തീക്ഷ്ണയൗവ്വനം ബാക്കിയാക്കിയത് ഒരു പിടി കരുത്തുറ്റ ഓർമ്മകളാണ്.
തൊണ്ണൂറുകളിലെ യൂണിവേഴ്സിറ്റി കോളേജിൻ്റെ സമര തീഷ്ണത പ്രകടമായി ജീവിതത്തിൽ സൂക്ഷിച്ചിരുന്ന വ്യക്തിയാണ് സുനിൽ .ലോകത്തിന് മഹാപ്രതിഭകളെ സമ്മാനിച്ച കലാലയ മുത്തശ്ശി രാഷ്ടീയ - സാമൂഹ്യ രംഗത്ത് ഒട്ടേറെ വ്യക്തികളെ വളർത്തിയെടുത്ത ഇടം കൂടിയാണ്. അക്കാലയളവിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. വ്യക്തിപരമായ വിഷമതകൾ, ദുർഘടം പിടിച്ച ദൈനം ദിന പ്രശ്നങ്ങൾ തുടങ്ങി പ്രക്ഷോഭ മുഖരിതമായായ നാളുകൾ. ഓരോ ഘട്ടവും തരണം ചെയ്യുമ്പോൾ ഒരു സഖാവ് വളരുകയയായിരുന്നു . അത്തരത്തിൽ നേതൃപാടവം തെളിയച്ചയാളാണ് സുനിൽ .എസ് എഫ് ഐ യുടെ നേതാവായും കോളേജ് യൂണിയൻ ഭാരവാഹിയായും മികച്ച കാര്യശേഷിയാണ് സുനിൽ പ്രകടിപ്പിച്ചത്. സംഘടനയ്ക്കുമപ്പുറം വലിയ സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തി.
ചോര ചീന്തിയ പോരാട്ട നാളുകളിൽ സുനിൽ മുൻപന്തിയിലുണ്ടായിരുന്നു. പോലീസ് ലാത്തി ചാർജും ജയിൽവാസവും എതിരാളികളുടെ അക്രമവും എല്ലാം കൊണ്ടും കലുഷിതമായ അന്തരീക്ഷം. എല്ലായിടത്തും മുൻപന്തിയിൽ സുനിൽ ഉണ്ടായിരുന്നു. ആരെയും കൂസാത്ത വിമർശന സമീപനം മറ്റൊരു പ്രത്യേകതയാണ്. പുതുതലമുറക്കാർക്ക് പ്രചോദനവും ആവേശവുമായിരുന്ന സുനിൽ നമുക്ക് മുന്നേ നടന്നു നീങ്ങി. ആഗോള - ഉദാര സ്വകാര്യ വത്ക്കരണ നയങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്തി ഉള്ളവനുമാത്രമായി നിശ്ചയിക്കപ്പെടുമ്പോൾ സുനിൽ മുന്നോട്ടുവെച്ച വർഗ്ഗ രാഷ്ട്രീയം പൂർവ്വാധികം ശക്തിമത്താകേണ്ടതുണ്ട്.
വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണവും വര്‍ഗ്ഗീയവത്ക്കരണവും ലക്ഷ്യമിടുന്ന പുതിയ വിദ്യാഭ്യാസ നയം കേന്ദ്രീകരണം, വാണിജ്യവത്ക്കരണം, വര്‍ഗ്ഗീയവത്ക്കരണം എന്നിവയുടെ ആകെത്തുകയാണ്. ത്രിഭാഷാ പദ്ധതി, ഗവേഷണ രംഗം, വിദേശ-സ്വകാര്യ സര്‍വ്വകലാശാലകള്‍ , പരീക്ഷകളുടെ അതിപ്രസരം, സിലബസ് പരിഷ്‌ക്കരണം എന്നിങ്ങനെയുള്ള ഈ നയത്തിന്റെ ഉള്ളടക്കത്തെ സമഗ്രമായി പരിശോധിക്കുമ്പോള്‍ നിര്‍ബന്ധമായും എതിര്‍ക്കപ്പെടേണ്ടതും വിയോജിപ്പ് പ്രകടിപ്പിക്കേണ്ടതുമായ അപകടം ഇതില്‍ പതിയിരിക്കുന്നതായി വിദ്യാഭ്യാസ വിചക്ഷണൻമാർ വ്യക്തമാക്കിയിട്ടുണ്ട്.
അത്യന്തം സങ്കീർണ്ണമായ സംഘപരിവാർ വിദ്യാഭ്യാസകച്ചവട കാലയളവിൽ സുനിൽ പിൻപറ്റിയ ഉദാത്തമായ വിദ്യാർത്ഥിപക്ഷ രാഷ്ട്രീയം സുശക്തമാക്കാൻ വിദ്യാർത്ഥി സമൂഹത്തിനൊന്നാകെയെന്നതുപോലെ സുനിലിന്റെ കൂട്ടുകാർക്കും ഉത്തരവാദിത്വമുണ്ട്. സുനിലിന്റെ സ്വപ്നങ്ങൾ സാധിതപ്രായമാക്കാൻ നമുക്കൊറ്റക്കെട്ടായി നക്ഷത്രാങ്കിത ശുഭ്രപതാകയ്ക്കു കീഴിൽ അണിനിരക്കാം.