ചിത്രകാരൻ, ചലച്ചിത്ര സംവിധായകൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം തുടങ്ങിയ നിലകളിൽ സർഗ്ഗധനനായ നേമം പുഷ്പരാജിനു നേരെ സംഘപരിവാർ അക്രമണം നടത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലേയ്ക്ക് കല്ലെറിയുകയും അസഭ്യവർഷം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിന്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സാംസ്കാരികവകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സാംസ്കാരികസ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. അക്കാദമി സംഘടിപ്പിച്ച കാർട്ടൂൺ മത്സരത്തിൽ കോവിഡ് 19 ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന തലക്കെട്ടില്‍ കാർട്ടൂൺ രചിച്ച എറണാകുളം വൈറ്റില പൊന്നുരുന്നി സ്വദേശി അനൂപ് രാധാകൃഷ്ണന് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു. കാര്‍ട്ടൂണില്‍ കാവി പുതച്ച പശുവിനെ കണ്ടതോടെയാണ് സംഘപരിവാറിന് ഹാലിളകിയത്. 25,000 രൂപയുടെ സമ്മാനത്തുക നിശ്ചയിയ്ക്കപ്പെട്ടിട്ടുള്ള ഓണറബിള്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണാണ് സംഘപരിവാർ പ്രകോപനത്തിനിരയായത്.
കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി, അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ്, സെക്രട്ടറി പി.വി. ബാലന്‍, നിര്‍വ്വാഹകസമിതി അംഗങ്ങളായ പോള്‍ കല്ലനോട്, കാരക്കാമണ്ഡപം വിജയകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിയമാനുസൃതമായി പുരസ്‌ക്കാരാർഹരെ തെരഞ്ഞെടുത്തത്. നേമം പുഷ്പരാജ് ജൂറി അംഗമായിരുന്നു എന്നതിനാലാണ് അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിയ്ക്കുന്നതിനുള്ള അജണ്ടകൾ സംഘപരിവാരം നടപ്പിലാക്കുന്നത്. കാർട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണനു നേരെ താരതമ്യങ്ങളില്ലാത്ത സൈബർ ആക്രമണമാണ് സംഘപരിവാർ ഹാന്റിലുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഭീകരമായ സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ തനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന അനൂപ് രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റിനു കീഴിൽ തന്നെ അറയ്ക്കുന്ന തെറികളുമായി സ്വയംസേവകരെക്കാണാം. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഫേസ് ബുക്കിലൂടെ നടത്തിയ ഭീഷണിയ്ക്കുശേഷമാണ് സൂചിത സംഭവവികാസങ്ങളെന്നത് പ്രശ്നത്തിന്റെ ആസൂത്രണത്തിലേയ്ക്കും ഗൂഡാലോചനയിലേയ്ക്കും വെളിച്ചം വീശുന്നു.
'തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഉത്തരവാദികളെ സമൂഹം വെറുതെ വിടുമെന്നു കരുതേണ്ടതില്ല..'
കെ സുരേന്ദ്രൻ
ബി ജെ പി സംസ്ഥാന പ്രസിഡന്റ്
'‘പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ വരക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അവാര്‍ഡിന് പിന്നാലെ താന്‍ നേരിടുന്നത് അതിഭീകര സൈബര്‍ ആക്രമണമാണ്. താന്‍ രാജ്യദ്രോഹകുറ്റം ചെയ്തുവെന്നാണ് ബി.ജെ.പി പ്രചാരണം. ഒരു കാര്‍ട്ടൂണ്‍ വരച്ചു, അതിന് അംഗീകാരം കിട്ടി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. 2020 മാര്‍ച്ച് 5 ന് വരച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കാര്‍ട്ടൂണാണിത്. കൊവിഡ് ഉള്‍പ്പെടെ അസാധാരണമായ സാഹചര്യമായിരുന്നു അതിന്. അതിനപ്പുറത്തേക്ക് ഗോമൂത്രം, ചാണക ചികിത്സ തുടങ്ങിയവയെല്ലാം പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയായിരുന്നു. പാര്‍ട്ടി നേതാക്കള്‍ തന്നെയായിരുന്നു ഇതെല്ലാം പ്രചരിപ്പിച്ചത്. 2020 മാര്‍ച്ചില്‍ വരച്ച കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് വര, വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കും'.
അനൂപ് രാധാകൃഷ്ണൻ
ഡോ. സംഘ്പരിവാർ (Cow M B S) ന്റെ ഗോമൂത്ര - ചാണക പരീക്ഷണങ്ങൾ : (കൊറോണാ എഡിഷൻ)
അസാധാരണങ്ങളിൽ അസാധാരണമായ കൊവിഡ് 19 മഹാവ്യാധിയുടെ വിവിധ തരംഗ വേളകളിലെല്ലാം വ്യാധിയെ പ്രതിരോധിയ്ക്കുന്നതിന് ഗോമൂത്രം - ചാണകം - ഭസ്മം അടക്കമുള്ള അശാസ്ത്രീയമായ രോഗപ്രതിരോധ മാർഗ്ഗങ്ങളാണ് സംഘപരിവാരം പ്രചരിപ്പിച്ചത്. പാത്രം കൂട്ടിമുട്ടിച്ചും ടോർച്ചു മിന്നിച്ചും കൊറോണാ വൈറസിനെ അതിജീവിയ്ക്കാമെന്ന് ഉറച്ചു വിശ്വസിക്കുകയും അത് അനുവർത്തിക്കുകയും ചെയ്തൊരു പ്രധാനമന്ത്രിയുടെ പാർട്ടിയിലെ നേതാക്കൾ തന്നെയാണ് ഈവിധം ശാസ്ത്രചിന്തയ്ക്കും യുക്തിബോധത്തിനും ഒട്ടുമേ നിരക്കാത്ത ആഗോള ഭോഷ്ക്കുകളുടെ ദർഘാസുകളാകുന്നുവെന്നതെന്നതിൽ അത്ഭുതമുണ്ടാകേണ്ടതില്ല. കോവിഡിനെതിരായ ഗോമൂത്ര, ചാണക ചികിത്സകൾ തികച്ചും അശാസ്ത്രീയവും അപകടകരവുമെന്ന് ലോകാരോഗ്യ സംഘടനയും ആരോഗ്യ രംഗത്തെ വിദഗ്ധരും വ്യക്തമാക്കുമ്പോഴും തങ്ങളുടെ മതരാഷ്ട്രീയത ശക്തിപ്പെടുത്താൻ ഒരു ജനതയെ ആകെത്തന്നെ ആർ എസ് എസ് ഒറ്റുകൊടുക്കുകയായിരുന്നു.
കൊറോണയ്ക്കെതിരായ ഏറ്റവും ഫലപ്രദമായ ഔഷധം എന്ന നിലയിലാണ് സംഘപരിവാരത്തിന്റെ ഭാഗമായ ഹിന്ദുമഹാസഭ ഗോമൂത്രത്തെയും ചാണക ചികിത്സയേയും സമീപിച്ചത്. ഗോ മൂത്രം ഉപയോഗിക്കുന്നതിലൂടെ കൊറോണാ വ്യാപനം തടയാം എന്നവർ പ്രചരണം നടത്തി. ഗോമൂത്ര പാർട്ടിയും ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ നടന്നു. ഗോ മൂത്രം അടങ്ങിയ പ്രത്യേക തരം പാനീയം ഉത്പ്പാദിപ്പിയ്ക്കുകയും പാര്‍ട്ടിയില്‍ ആഘോഷപൂർവ്വം ഉപയോഗിക്കുകയും ചെയ്തു. ഗോമൂത്രം, ചാണകം, നെയ്യ്, പാല്‍, തൈര്,എന്നിവയാണ് ഇവയിലെ മൂലകങ്ങൾ. ഹിന്ദു മഹാസഭാ പ്രസിഡന്റ് ചക്രപാണി മഹാരാജാണ് ചാണകകേക്കടക്കമുള്ള ഉൽപ്പന്നങ്ങളുടെ ബുദ്ധികേന്ദ്രം.
‘ ടീ പാര്‍ട്ടി നടത്തുന്നത് പോലെ ഗോമൂത്ര പാര്‍ട്ടി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ആ പാര്‍ട്ടിയില്‍ വെച്ച് ഞങ്ങള്‍ ജനങ്ങള്‍ക്ക്, പശു തരുന്ന ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് ബോധ്യപ്പെടുത്തികൊടുക്കും. ജനങ്ങളെ രക്ഷിക്കും.’
ചക്രപാണി മഹാരാജ്
ഹിന്ദുമഹാസഭ
ഇതിലേക്കായി രാജ്യമാകെ നിരവധിയായ ഗോമൂത്ര കൗണ്ടറുകളാണ് ഹിന്ദുമഹാ സഭ ആരംഭിച്ചത്. ചാണകനിർമ്മിത കേക്കുകൾ, അഗര്‍ബത്തികൾ തുടങ്ങിയവയാണ് ഇവിടെനിന്നും ലഭ്യമാകുക. ഗുജറാത്ത് സാങ്കേതിക സര്‍വ്വകലാശാലയുടെ ഭാഗമായി കൗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ ഗവർണ്ണർ തന്നെ ഉത്തരവായിട്ടുണ്ട്. പശുവിന്‍ പാല്‍, ഗോ മൂത്രം, ചാണകം എന്നിവ സംബന്ധിച്ചുള്ള പഠനങ്ങള്‍ക്കായാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ ഭാഗമായ പ്രസ്തുത കേന്ദ്രം പ്രവര്‍ത്തിക്കുക.
ഗോമൂത്രം കുടിയ്ക്കുന്നതുകൊണ്ടാണ് തനിക്ക് കോവിഡ് പിടിപെടാത്തതെന്ന പ്രഖ്യാപനത്തിലൂടെയാണ് ഭോപ്പാലിൽ നിന്നുള്ള ബി ജെ പി രാജ്യസഭാ അംഗം പ്രജ്ഞാ സിംഗ് ഠാക്കൂർ ശ്രദ്ധേയയാകുന്നത്. 'ചാണകം വളരെ നല്ലതാണെന്ന് നമുക്കറിയാം. പശുവിന്റെ മൂത്രം പ്രദേശത്ത് തളിക്കുമ്പോൾ അവിടം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു'. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികൂടിയായ പ്രജ്ഞാ സിംഗ് ഠാക്കൂർ പറഞ്ഞുവെയ്ക്കുന്നു. ഗോ മൂത്രം കുടിച്ചാണ് താൻ സ്തനാർബുദം മാറ്റിയതെന്നുകൂടി പ്രജ്ഞാ സിംഗ് കൂട്ടിച്ചേർക്കുന്നു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ശുദ്ധീകരണശേഷി കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നതാണ് ആസാമിൽ നിന്നുള്ള ബി ജെ പി എം എൽ എ ഹരി പ്രിയയുടെ വാദം. മീററ്റിൽ നിന്നുള്ള ബി ജെ പി നേതാവ് ഗോപാൽ ശർമ്മ ഒരു കാളവണ്ടിയിൽ ശംഖ് മുഴക്കിയും അന്തരീക്ഷത്തിലേക്ക് ഭസ്മമെറിഞ്ഞും ശ്രീറാം - ഹർ ഹർ മഹാദേവ് വിളികളാലും കൊവിഡിനെ പ്രതിരോധിയ്ക്കാൻ ശ്രമിയ്ക്കുന്ന വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വിപുലമായ നിലയിൽ പ്രചരിപ്പിയ്ക്കപ്പെട്ടിരുന്നു. ശർമ്മയുടെ ആരോഗ്യ ശാസ്ത്രപ്രകാരം ഭസ്മം അന്തരീക്ഷത്തിൽ വെച്ചുതന്നെ രോഗാണുക്കൾ പടരുന്നത് തടയും എന്നു മാത്രമല്ല ശംഖ് മുഴക്കുന്നതിലൂടെ വായുവിലെ ഓക്സിജൻ അളവ് വർദ്ധിക്കുകയും അങ്ങനെ രോഗനിവാരണം സാധ്യമാകുകയും ചെയ്യും.
മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂർ കൊവിഡ് 19 ന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ യജ്ഞ ചികിത്സകൾ വ്യാപകമാക്കണമെന്ന നിർദ്ദേശമാണ് പങ്കുവെക്കുന്നത്. യാഗങ്ങളിലൂടെ ശുദ്ധീകരിയ്ക്കപ്പെടുന്ന അന്തരീക്ഷം രോഗാണുക്കളെ ചെറുക്കുമത്രേ. തുടർച്ചയായി നാല് ദിവസങ്ങളിലായി യാഗം സംഘടിപ്പിച്ചാൽ കൊവിഡ് 19 മൂന്നാം തരംഗം ഇന്ത്യയെ തൊടുക പോലും ചെയ്യില്ല എന്ന നിലയിലെ ആത്മവിശ്വാസവും സാംസ്കാരിക വകുപ്പ് മന്ത്രി വെച്ചു പുലർത്തുന്നുണ്ട്. മാസ്ക്ക് ധരിക്കാതെ പൊതുഇടങ്ങളിൽ സഞ്ചരിച്ചതിന് ഇതേ മന്ത്രി വിമർശനം നേരിട്ടിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ബി ജെ പി എം എൽ എ സുരേന്ദ്ര സിംഗ് ഗോമൂത്രം തന്നെ എങ്ങനെയാണ് കൊറോണാ വൈറസിൽ നിന്നും രക്ഷിച്ചതെന്ന് വാചാലനാകുന്നു. 50 മില്ലീലിറ്റർ ഗോമൂത്രവും 100 മില്ലീലിറ്റർ വെള്ളവും ചേർത്ത നേർപ്പിച്ച മിശ്രിത സേവയിലൂടെ കൊറോണ മാത്രമല്ല ഹൃദ്രോഗവും പമ്പ കടക്കുമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ കണ്ടെത്തൽ പ്രകാരം കൊറോണാ വൈറസ് ഒരു സചേതന ജീവിയാണ്. അതുകൊണ്ടുതന്നെ മറ്റാരെപ്പോലെയും അതിനും ജീവിയ്ക്കുന്നതിനുള്ള അവകാശവുമുണ്ട്. പക്ഷേ മനുഷ്യർ തങ്ങളുടെ മേൽക്കോയ്മമനോഭാവത്താൽ കൊറോണാ വൈറസിനെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു. അതുകൊണ്ടുമാത്രമാണ് അതിന് നിരന്തരം മാറ്റമുണ്ടാകുന്നത്. കേന്ദ്രമന്ത്രി അർജുൻ രാം മേഘ്‌വാലിന്റെ അഭിപ്രായത്തിൽ ഭാപ്പ്ജി പപ്പടം യഥേഷ്ടം കഴിച്ചാൽ ധാരാളം ആന്റി ബോഡീസ് ഉത്പ്പാദിപ്പിയ്ക്കപ്പെടുമെന്നും അങ്ങനെ കൊറോണാ വൈറസിനെ അതിജീവിയ്ക്കാം എന്നതുമാണ്. അയോധ്യയിൽ രാമക്ഷേത്രം ഉയർന്നാൽ മാത്രമേ കൊറോണാ വൈറസിന് അന്ത്യമുണ്ടാകൂ എന്നതിൽ മധ്യപ്രദേശിലെ പ്രൊ ടേം സ്പീക്കർ രാമേശ്വർ ശർമ്മയ്ക്ക് യാതൊരു സംശയവുമില്ല. ബി ജെ പി നേതാവ് മീനാക്ഷി ലേഖിയ്ക്ക് പറയുവാനുള്ളത് ഗോമൂത്രം എങ്ങനെയാണ് ഒരു നിയമ വകുപ്പ് ഉദ്യോഗസ്ഥനെ ഗുരുതരമായ അസുഖ ബാധയിൽ നിന്നും രക്ഷിച്ചത് എന്നതിനെക്കുറിച്ചാണെങ്കിൽ പശ്ചിമ ബംഗാൾ ബി ജെ പി തലവൻ ദിലീപ് ഘോഷിനും ഗോമൂത്രം ആരോഗ്യദായകമാണെന്ന നിലപാടാണുള്ളത്. അദ്ദേഹം അത് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടത്രേ.
ആവിഷ്‌ക്കാര - അഭിപ്രായ സ്വാതന്ത്ര്യങ്ങൾ :
ആർ എസ് എസ്സ് വെല്ലുവിളികളെ ചെറുക്കണം
ലോകത്തിന്റെ ചരിത്രം മാറ്റിമറിയ്ക്കുന്നതിൽ പൊളിറ്റിക്കൽ കാർട്ടൂണുകൾ വഹിച്ച പങ്ക് സുപ്രധാനമാണ്. സമകാലീന രാഷ്ട്രീയ പ്രശ്നങ്ങൾക്കുമേലുള്ള മുഖപ്രസംഗങ്ങളുടെ ഭാഗമായോ അതല്ലാതെയോ എല്ലാം കാർട്ടൂണുകൾ വ്യാപകമായി പ്രയോഗിയ്ക്കപ്പെടാറുണ്ട്. ചിത്രങ്ങൾ, അവയുടെ ഹാസ്യാനുകരണം അതുമല്ലെങ്കിൽ ഭാവുകത്വം കലർന്ന വർണ്ണന തുടങ്ങിയവയെല്ലാം കാർട്ടൂണുകളുടെ പൊതു സവിശേഷതകളാണ്. ആവിഷ്‌ക്കാര - അഭിപ്രായ - മാധ്യമ സ്വാതന്ത്ര്യങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംവാദങ്ങളിൽ കാർട്ടൂണുകൾ വലിയ പങ്കാണ് വഹിച്ചു പോരുന്നത്. അവ രൂപകങ്ങളും ആക്ഷേപ ഹാസ്യങ്ങളും ഉള്ളടക്കം ചെയ്ത കലയുടെ വാഹനങ്ങളാണ്. അഭിപ്രായ രൂപീകരണം, തീരുമാനമെടുക്കൽ അടക്കമുള്ള സോഷ്യൽ എഞ്ചിനിയറിങ് സാധ്യമാക്കുന്ന മാധ്യമമെന്ന നിലയിൽ കാർട്ടൂണുകളുടെ രചനാ പദ്ധതിയിൽ അടയാളങ്ങൾ, അന്തരാർത്ഥ സൂചനകൾ, ഇവയുടെയെല്ലാം വിദഗ്ധമായ സാങ്കേതിക സംയോജനം എന്നിവ ഏറെ പ്രധാനമാണ്. സമൂഹത്തെ ക്രിയാത്മകമായ വിമർശനത്തിനുവിധേയമാക്കുന്നതിനും ഒപ്പം നിയന്ത്രിയ്ക്കുന്നതിനു പോലുമോ ഫലപ്രാപ്തിയുള്ള കാർട്ടൂണുകൾക്കു കഴിയുന്നു.
അനൂപ് രാധാകൃഷ്ണന്റെ കാർട്ടൂണും സൂചിതമായൊരു രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത്. കൊറോണാ വൈറസിനെ അതിജീവിയ്ക്കുന്നതിനുള്ള ശാസ്ത്രീയവും ഫലപ്രദവുമായ ഔഷധങ്ങൾ ലിംഗ, വർണ്ണ, വംശ ഭേദമെന്യേ പൊതുസമൂഹത്തിനാകെ ലഭ്യമാക്കുന്നതിനു പകരം കേന്ദ്ര ബി ജെ പി - ആർ എസ് എസ് നേതൃത്വം ഒന്നാകെ ചാണകം ഗോമൂത്രം എന്നിവയുടെ പരസ്യ ബോർഡുകളായി മാറുകയായിരുന്നു. അന്ധവിശ്വാസം പ്രോജ്വലിപ്പിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനുള്ള ഉപായമായും സംഘപരിവാരം പശുവിനെ ഉപയോഗപ്പെടുത്തുന്നു. വിനാശകരമായ ഹിന്ദുത്വ ഫാസിസത്തിനെതിരെ മതനിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത എന്നിവകൾ പുലർന്നു കാണാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും അവരാലാകുന്ന വിധം പ്രതികരണങ്ങൾ സാധ്യമാക്കുന്നുണ്ട്.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയേക്കാൾ ഭീതിതമായ സ്ഥിതിവിശേഷമാണ് രാജ്യത്തെങ്കിലും ആത്മാഭിമാനപ്രചോതിദരായ കലാകാര സമൂഹം സർഗ്ഗാത്മകതയെ മാധ്യമമാക്കി അനീതിയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലാണ്. പ്രസ്തുത സഹനങ്ങളുടെ ഭാഗമായാണ് കലയുടെ സാമൂഹികമാറ്റ പക്ഷപാതിത്വം മുറുകെപ്പിടിച്ച് അനൂപ് രാധാകൃഷ്ണൻ അടക്കമുള്ളവർ കാർട്ടൂണിനെ സമരായുധമാക്കുന്നത്. അനൂപ് രാധാകൃഷ്ണൻ വരച്ച കാർട്ടൂൺ ഓണററി അവാർഡിനായി തെരഞ്ഞെടുത്ത ജൂറി പാനലും ഏകപക്ഷീയവും ഒറ്റതിരിഞ്ഞതുമായ ആക്രമണത്തിലും അതോടൊപ്പം നിലകൊണ്ട കേരള ലളിതകലാ അക്കാദമിയും ചെയർമാൻ നേമം പുഷ്പ്പരാജും ബഹുസ്വരതയുടെ അടയാളങ്ങളാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ മാതൃകാപരമായ സാംസ്കാരിക നയത്തിന്റെ ബഹുസ്ഫുരണമാണ് വർഗ്ഗീയവാദികളുടെ ആക്രമണത്തിനു മുന്നിലും കലാകാരനൊപ്പമുള്ള ലളിത കലാ അക്കാദമിയുടെ ഉറച്ചു നിൽപ്പ്. E.P. Unny, Ashok Dongre, RK Laxman, Abu Abraham, Rajinder Puri, Satish Acharya, Shaky Lines, David Pope, PENCILASHAN, P. Mahmud, Rachita Taneja, Mir Suhail, Nala Ponappa, Bobby, Shweta Karambelkar,, Satwik, Surendra, Vasini Varadan, Deepak Harichandan, Keshav, Sandeep Adhwaryu, Alok Nirantar,E.P. Unny, Ashok Dongre, RK Laxman, Abu Abraham, Rajinder Puri, Satish Acharya, Shaky Lines, David Pope, P. Mahmud, Rachita Taneja, Mir Suhail, Nala Ponappa, Bobby, Shweta Karambelkar തുടങ്ങി പൂർവ്വസൂരികളും സമകാലീനരുമായ നിരവധിയായ കാർട്ടൂണിസ്റ്റുകൾ രാഷ്ട്രീയ അടിയന്തിരാവസ്ഥയുടെ ജനാധിപത്യവിരുദ്ധതയ്ക്കും മോഡി സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കാർട്ടൂണിനെ ആവിഷ്‌ക്കാര മാധ്യമമാക്കിയവരാണ്.
ആർ എസ് എസ് നിയന്ത്രിത കേന്ദ്ര ബി ജെ പി സർക്കാരിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങളുടെ ഭാഗമായി പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും വിദ്വേഷപ്രചരണവും അനുദിനമെന്നോണം വര്‍ദ്ധിയ്ക്കുകയാണ്. ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങി പാര്‍ശ്വവത്‌കൃത ജനവിഭാഗങ്ങളൊന്നാകെ മത വര്‍ഗ്ഗീയതയുടെ ഭാഗമായി അരുംകൊല ചെയ്യപ്പെടുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സങ്കീർണ്ണവും സവിശേഷവുമായ പ്രസ്തുത സാമൂഹിക സാഹചര്യത്തെ സുധീരം ചോദ്യം ചെയ്ത തൊഴിലാളികൾ, കർഷകർ, കലാകാരർ, രാഷ്ട്രീയ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, ബുദ്ധിജീവികൾ, മാധ്യമ പ്രവർത്തകർ, ശാസ്ത്രപ്രചാരകർ, യുക്തിവാദികൾ, അന്ധവിശ്വാസവിരുദ്ധ പ്രവര്‍ത്തകർ, സാമൂഹ്യപ്രവര്‍ത്തകർ, വിദ്യാർത്ഥികൾ, സ്ത്രീകൾ തുടങ്ങി വിവിധ ജനവിഭാഗങ്ങൾക്കാകെമേൽ പാർലമെന്ററി അധികാരവും കൈക്കരുത്തും ഉപയോഗിച്ചുള്ള സ്റ്റീം റോളർ പ്രയോഗമാണ് ഹിന്ദുത്വവാദികൾ രാജ്യമെമ്പാടും നടത്തിക്കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോഡി സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധമുയർത്തുന്നവർക്കെതിരെ യു എ പി എ അടക്കമുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കി തടവിലിടുന്നു. പരിവാർ വിഭാഗങ്ങളെ ഉപയോഗിച്ച് കൊന്നൊടുക്കുന്നു. സംവാദങ്ങളേയും പൊതുഇടങ്ങളേയും ഭയക്കുന്ന സംഘപരിവാരം വഴങ്ങുന്നവരെ സ്ഥാനമാനങ്ങളാൽ നിശ്ശബ്ദരാക്കുന്നു.
ഗാന്ധിജി, നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രൊഫ. എം .എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ്, എം എഫ് ഹുസ്സൈന്‍, രോഹിത് വെമുലെ, സ്റ്റാൻ സാമി, പ്രൊഫ. കെ എസ് ഭഗവാന്‍, ചേതന തീര്‍ത്ഥനഹള്ളി , ഹുച്ചുംഗി പ്രസാദ്, ഗുലാം അലി, അമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഹബീബ് തന്‍വീര്‍, എം എം ബഷീര്‍, യു ആര്‍ അനന്തമൂര്‍ത്തി, ഗിരീഷ് കര്‍ണാട്, പെരുമാള്‍ മുരുകന്‍, ദീപ മേത്ത, ആനന്ദ് പട്വര്‍ദ്ധന്‍, വിരാട് കോഹ്‌ലിയുടെ ഒൻപത് മാസം പ്രായമുള്ള മകൾക്കെതിരായ ബലാത്സംഗ ഭീഷണി, മീന കന്ദസ്വാമിക്കും മകനുമെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടന്ന വധഭീഷണി, എസ് ഹരീഷ്, പ്രതീക് ഗാന്ധി, എ ആർ റഹ്‌മാൻ, എം ടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, സച്ചിദാനന്ദൻ, പ്രഭാവർമ്മ, കുരീപ്പുഴ ശ്രീകുമാർ, സുനിൽ പി ഇളയിടം, സഖറിയ, ബെന്യാമിൻ, കെ. പി. രാമനുണ്ണി, വരവര റാവു, സുധ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിംഗ്, സുധീർ ധാവ്ലെ, റോണ വിത്സൺ, ഷോമ സെൻ, മഹേഷ് റാവത്ത്, വെർനോൺ ഗോൺസാൽവസ്, അരുൺ ഫെറാരി, ഗൗതം നവ്‌ലഖ, ആനന്ദ് ടെൽടുംബ്ടെ, ദേവാംഗന കലിത, നടാഷ കാർവ്വാൽ, ആസിഫ് ഇഖ്ബാൽ തൻഹ (ജെ എൻ യു), ഡോ. അജിത്ത് നവാലെ തുടങ്ങി വെറുപ്പിന്റെ സംഘപരിവാര വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരായ നിലപാടു കൈക്കൊണ്ട സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗങ്ങളിലെ നിരവധിയായ ജനാധിപത്യവിശ്വാസികളെയാണ് അരുംകൊല ചെയ്തും തടവിലാക്കിയും ശാരീരികാക്രമണങ്ങൾ നടത്തിയും നിശബ്ദമാക്കാൻ ശ്രമിച്ചത്.
ഹിന്ദുത്വ പശു ഒരു ഭീകര മൃഗമാണ്
പശുവിന് മനുഷ്യനേക്കാൾ സവിശേഷാധികാരങ്ങളും പ്രത്യേക പരിഗണനയും ലഭ്യമാകുന്ന ലോകത്തിലെ ഒരേഒരു രാജ്യം സംഘപരിവാറിന്റെ രാഷ്ട്രീയ രൂപമായ ഭാരതീയ ജനതാപാർട്ടി യൂണിയൻ ഭരണം കയ്യാളുന്ന ഇന്ത്യയാണ്. 2021 ലെ ആഗോള പട്ടിണി സൂചികയിൽ നൂറ്റിഒന്നാമതായാണ് ഇന്ത്യ നടന്നുകയറിയത്. 2020ൽ തൊണ്ണൂറ്റിനാലാമതായിരുന്നു അത്. പോഷകാഹാരക്കുറവ്, ഉയരത്തിനനുസരിച്ചുള്ള ഭാരമില്ലായ്‌മ, പ്രായത്തിനനുസരിച്ച ഭാരമില്ലായ്‌മ, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് എന്നിവയാണ് Global Hunger Index സൂചികയ്ക്ക് ആധാരം. വിശക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുൻപിലുള്ള രാജ്യം എന്ന നിലയിൽ ഭരണം കയ്യാളുന്ന ബി ജെ പി യ്ക്കും നയം നിശ്‌ചയിക്കുന്ന സംഘ്പരിവാറിനും ലജ്ജയോടെ തലതാഴ്ത്താം.
ലവ് ജിഹാദും - പശുക്കൊലയും2015 ഒക്ടോബർ 30 - നവംബർ 1 തിയതികളിലായി ജാർഖണ്ഡിലെ റാഞ്ചിയിൽ ചേർന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ അഖില ഭാരതീയ പ്രതിനിധി സഭയാണ് ലവ് ജിഹാദും - പശുക്കൊലയും പ്രശ്നവത്ക്കരിയ്ക്കാൻ തീരുമാനമെടുക്കുന്നത്. ആസൂത്രിതമായ പ്രസ്തുത പദ്ധതിയുടെ പരീക്ഷണകേന്ദ്രം ഉത്തർപ്രദേശത്തായിരുന്നു. ബി ജെ പി നേതാക്കന്മാർ ഗോ രക്ഷാ സേനകളുടെ നേതാക്കന്മാരായി.
വിശുദ്ധ പശുവിനാൽ കൊലചെയ്യപ്പെട്ടവർ2012 - 2020 കാലയളവിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സംഘപരിവാർ സ്പോൺസർ ചെയ്യുന്ന ഗോരക്ഷാ സംഘങ്ങൾ ആക്രമിച്ചതും കൊലചെയ്തതുമായ 82 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭീഷണിപ്പെടുത്തിയും സമ്മർദ്ദങ്ങളിലാഴ്ത്തിയും ഒതുക്കിത്തീർത്ത സംഭവങ്ങൾ ഇതിലുമധികമാണ് ഉണ്ടാകുക. 43 പേരാണ് വിവിധ സന്ദർഭങ്ങളിളായി അരുംകൊല ചെയ്യപ്പെട്ടത്. 145 പേർ ഭീകരമായ ശാരീരിക ആക്രമണങ്ങൾക്ക് വിധേയരായി. മുസ്ലിങ്ങളും ദളിതരുമാണ് ഈവിധം തെരഞ്ഞുപിടിച്ചുള്ള സംഘപരിവാർ നിഷ്ടൂരതകൾക്ക് വിധേയരായത്. 2016 ജൂലൈയിൽ ഗുജറാത്തിൽ നാല് ദളിത് വിഭാഗത്തിലെ ചെറുപ്പക്കാരെ കെട്ടിയിട്ട് മർദ്ദിച്ച ഗോരക്ഷാ സേനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണുയർന്നുവന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി കഴിക്കുകയും വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് അമ്പതു വയസ്സുകാരനായ മുഹമ്മദ് അഖ്ലാഖിനെ വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയത്. 2014നുശേഷം ഇന്ത്യയിൽ വ്യാപകമായ ആള്‍ക്കൂട്ട കൊലപാതക പരമ്പരയുടെ തുടക്കം ഇവിടെനിന്നായിരുന്നു.
അഖ്ലാഖ് വധക്കേസിലെ പ്രതി ജയിലില്‍ മരിച്ചപ്പോള്‍ മൃതദേഹത്തെ ദേശീയപതാക പുതപ്പിച്ചത് ലോകം കണ്ടതാണ്. അതേസമയം അഖ്ലാഖിന്‍റെ കുടുംബാംഗങ്ങള്‍ക്കെതിരെ മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചു എന്ന വ്യാജ കുറ്റം ചുമത്തി കേസെടുക്കുകയും അഖ്ലാഖിനെ ആക്രമിച്ച 15 പേര്‍ക്ക് എന്‍ ടി പി സി യില്‍ തൊഴില്‍ നല്‍കുകയും ചെയ്തു. രാജസ്ഥാനിലെ ആൽവറിൽ 2017 ഏപ്രിലിലാണ് പെഹ്‌ലൂഖാൻ എന്ന ക്ഷീര കർഷകനെ ഗോരക്ഷാ സേന വധിയ്ക്കുന്നത്. ജയ്പൂര്‍ മേളയില്‍നിന്ന് പശുക്കളെ വാങ്ങിയതിന്‍റെ രസീത് കൈവശമുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്‍റെ സഹോദരനും സുഹൃത്തുക്കള്‍ക്കുമെതിരെ അനധികൃതമായി പശുവിനെ കടത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തത്. അദ്ദേഹത്തെ കൊലപ്പെടുത്തിയ പ്രതികളൊന്നാകെ ഇതിനോടകം കുറ്റവിമുക്തരാക്കപ്പെട്ടിട്ടുണ്ട്. കുറ്റവാളികൾ ശിക്ഷിയ്ക്കപ്പെടുന്നില്ല എന്നുമാത്രമല്ല അവർക്ക് എല്ലാ വിധ ഒത്താശകളും മോഡി ഭരണത്തിൽ ലഭ്യമാകുകയും ചെയ്യുന്നു.
ബീഫ് ഉത്പ്പാദനം : ആദ്യ ആറിൽ നാലും ഹിന്ദുമതസ്ഥർ
ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിലാക്കി വിചാരധാരാനുസരണം ഭക്ഷണശീലങ്ങള്‍ക്കുമേലടക്കം ഗോള്‍വല്‍ക്കറിസം നടപ്പിലാക്കാന്‍ സംഘപരിവാര്‍ മത്സരിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ആറ് ബീഫ് ഉത്പ്പാദകരില്‍ നാലും ഹിന്ദുക്കളാണെന്ന പരമാര്‍ത്ഥം യാഥാർത്ഥ്യമായുണ്ട്.
വിശദാംശങ്ങള്‍ ചുവടെ :
1) Al-Kabeer Exports Pvt. Ltd.
Owner’s name: Mr. Shatish &Mr. Atul Sabharwal
92, Jolly makers, Chembur Mumbai 400021
2) Arabian Exports Pvt.Ltd.
Owner’s name: Mr.Sunil Kapoor
Russian Mansions, Overseas, Mumbai 400001
3) M.K.R Frozen Food Exports Pvt. Ltd.
Owner’s name Mr. Madan Abott.
MG road, Janpath, New Delhi 110001
4) P.M.L Industries Pvt. Ltd.
Owner’s name: Mr. A.S Bindra
S.C.O 62-63 Sector -34-A, Chandigarh 160022
ബീഫ് വിരുദ്ധ പോരാട്ടങ്ങളിലൂടെ കുപ്രസിദ്ധനായ ഭാരതീയ ജനതാ പാര്‍ട്ടി എം എല്‍എ യും മുസാഫിര്‍ നഗര്‍ കലാപത്തിലെ മുഖ്യപ്രതികളിലൊരാളുമായ സംഗീത് സിങ്ങ് സോം ഇന്ത്യയിലെ മുന്‍നിര ഹലാല്‍ബീഫ് കയറ്റുമതികമ്പനിയായ Al-Dua യുടെ ഉടമസ്ഥരിലൊരാളാണെതും രേഖകളിലൂടെ വ്യക്തമാകുന്നു.
പിണറായി വിജയൻരാജ്യമെമ്പാടും വർദ്ധിച്ചുവരുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾക്കെതിരെ അതിശക്തമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയത്തിലൂടെ അവതരിപ്പിച്ചത്.
' മനുഷ്യത്വത്തിനെതിരായ നിഷ്ഠൂരമായ കുറ്റകൃത്യമാണ് ആള്‍ക്കൂട്ട കൊലപാതകം. ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ വലിയ ഒരു പ്രത്യേകത അത് നീതി നിര്‍വഹണാധികാരം ഒരു കൂട്ടമാളുകള്‍ നിയമവിരുദ്ധമായി കൈയേല്‍ക്കുന്നു എന്നതാണ്. സമൂഹത്തില്‍ അധീശാധികാരമുള്ള ഒരു വരേണ്യവിഭാഗം അവരുടെ താല്‍പര്യ നിര്‍വഹണത്തിനായി വിയോജന നിലപാടുകളുള്ളവരെ ഉന്മൂലനം ചെയ്യാനുള്ള ഉപാധിയായി ഇതിനെ മാറ്റുന്നു. ഒരു നീതിന്യായ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സമൂഹത്തിലും ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അവകാശമില്ല'.
പിണറായി വിജയൻകേരള നിയമസഭ
പശുക്കമ്മീഷൻ കേന്ദ്ര ബജറ്റില്‍ ദേശീയ പശു കമ്മീഷനും ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ കാമധേനു അയോഗ് എന്നാണ് പദ്ധതിയുടെ പേര്. പശു മൂത്രം, ചാണകം തുടങ്ങിയവയുടെ പ്രയോജനങ്ങള്‍ വിശദീകരിച്ച് ആര്‍ എസ് എസ് ഗൗ സേവാ സെല്‍ വിവിധ പ്രദേശങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നതായി നേതാവ് അജിത്ത് മഹാപത്ര പറയുന്നു.
മോഹൻ ഭാഗവത്തിന് പശുശാസ്ത്രത്തിൽ ഡി - ലിറ്റ്
പശു ശാസ്ത്ര'ത്തിലുള്ള വിലപ്പെട്ട സംഭാവനകൾ മുൻനിർത്തി ആര്‍ എസ് എസ് തലവൻ മോഹന്‍ ഭഗവത്തിന് മഹാരാഷ്ട്ര അനിമല്‍ ആന്റ് ഫിഷറീസ് സയന്‍സ് യൂണിവേഴ്‌സിറ്റി ഡി-ലിറ്റ് ബിരുദം നൽകിയത് 2017 മാർച്ച് ഒൻപതിനാണ്.മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവുവും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്നാണ് ബിരുദദാനം നടത്തിയത്. പാലിനേക്കാള്‍ ഗോശാലകളുടെ സാമ്പത്തിക സ്രോതസ്സ് മൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്ന ഉത്പന്നങ്ങളാണെന്ന് പ്രവർത്തിയിലൂടെ കാണിച്ചുതന്നതിനാണ് മോഹന്‍ ഭഗവത്തിന് ഡി - ലിറ്റ് നൽകിയതെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നു.
'സാംസ്കാരിക ദേശീയത'യ്ക്ക് ബദൽ 'സാംസ്കാരിക രാഷ്ട്രീയം'
അശാസ്ത്രീയത, യുക്തിയുടെ നിരാസം തുടങ്ങിയവകളിലൂടെ വിഭ്രാന്തമായ അന്ധവിശ്വാസത്തിന്റേയും മതഭ്രാന്തിന്റെയും ദാർശനികവത്ക്കരണം സാധ്യമാക്കുന്നതിൽ പശുവിനെ കേന്ദ്ര സ്ഥാനത്ത് നിർത്തി ആർ എസ് എസ് നടത്തുന്ന കുത്സിത നീക്കങ്ങൾക്കെതിരെ നല്ല ജാഗ്രത വേണ്ടതുണ്ട്. ബഹുസ്വരതകളുടെ ആകെത്തുകയായ ഇന്ത്യൻ ദേശീയതയെ അതിന്റെ അലകും പിടിയും തകർത്ത് ഏകധ്രുവമാക്കുന്നതിനുള്ള ആർ എസ് എസ് പദ്ധതിയാണ് 'സാംസ്കാരിക ദേശീയത'. അത് ജനാധിപത്യവിരുദ്ധവും മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവെയ്ക്കുന്നതുമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ്. വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്ത് ജാതീയമായ അസഹിഷ്ണുതയും മതപരമായ വിദ്വേഷവും വ്യാപകമാക്കി ജനാധിപത്യത്തിന്റെ അന്തസ്സത്തയെ അപ്പാടെ കവരുന്നതിനുള്ള നീക്കമാണിത്. ഹിന്ദുമതത്തിന്റെ രാഷ്ട്രീയവത്ക്കരണമാണ് 'ഹിന്ദുത്വ'. അത് 'നാനത്വത്തിൽ ഏകത്വമെന്ന' മഹത്വരമായ ഇന്ത്യൻ ദേശീയ സങ്കൽപ്പത്തെ അടിമുടി നിരാകരിക്കുകയും ഇന്ത്യൻ യൂണിയനെ ഒരു മതരാഷ്ട്രമാക്കുന്നതിനായി വിഭാവനം ചെയ്യുകയും ചെയ്യുന്നു. വൈവിധ്യങ്ങളുടേയും വൈരുധ്യങ്ങളുടേയും സമ്മേളനമായ ഇന്ത്യൻ ദേശീയതയെ ഏകശിലാരൂപമാക്കിമാറ്റുന്നതിനുള്ള ആർ എസ് എസ്സിന്റെ ചിന്താ പദ്ധതിയാണ് സാംസ്കാരിക ദേശീയത.
അതുകൊണ്ടുതന്നെ സംഘപരിവാർ കൊട്ടിഘോഷിയ്ക്കുന്ന ഹിന്ദുത്വയ്ക്കും ഹിന്ദുമതത്തിനും ആടും ആടലോടകവും തമ്മിലുള്ള ബന്ധം മാത്രമാണുള്ളത്. ഭരണകൂടം മതത്തിലും മതം ഭരണകൂടത്തിലും ഇടപെടാതിരിക്കുകയെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ കാതൽ. എന്നാൽ കേന്ദ്ര ബി ജെ പി സർക്കാർ മതവർഗ്ഗീയത പ്രോത്സാഹിപ്പിയ്ക്കുന്ന നിലപാടെടുക്കുന്നതിൽ ഹരം കൊള്ളുകയാണ്. അത്യന്തം അപകടകരമായ മതരാഷ്ട്രവാദത്തെ പ്രതിരോധിയ്ക്കാൻ സാംസ്കാരിക രാഷ്ട്രീയം ശക്തിപ്പെടുത്തുക എന്നതിനപ്പുറം മറ്റുപോംവഴികളില്ല. സാംസ്കാരിക രാഷ്ട്രീയം എന്നാൽ ജനാധിപത്യത്തിന്റേയും ബഹുസ്വരതയുടേയും മതനിരപേക്ഷതയുടേയും സമ്മിശ്രമാണ്. സർഗ്ഗാത്മകതയ്ക്കെതിരായ സംഘപരിവാർ അതിക്രമണങ്ങളെ ചെറുത്തുതോൽപ്പിയ്ക്കുക എന്നത് ഒട്ടുമേ ലളിതമായൊരു ഹൃസ്വകാല പ്രവർത്തന പദ്ധതിയല്ല. സാംസ്കാരിക പോരാട്ടത്തിന്റെ പ്രാധാന്യം ബഹുജനങ്ങളെ ബോധവത്ക്കരിയ്ക്കുന്നതിലൂടെ മാത്രമാണത് സാധ്യമാകുക. അങ്ങിനെ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ഊർജ്ജം രൂപപ്പെടുകയും വൈവിധ്യങ്ങളെ നിരാകരിയ്ക്കുന്ന ആർ എസ് എസ് സിദ്ധാന്തം സാംസ്കാരിക ദേശീയത അനിവാര്യമായ പതനം നേരിടുകയും ചെയ്യും.