Johny M L

'ഇതല്ലോ നാളെയുടെ നരകപടം, എത്ര ഭീതിദം'

കൊറോണ മരണം പതിനൊന്നായിരത്തില്‍ കവിഞ്ഞിരിക്കുന്നു. ആ എണ്ണം കൂടാനുള്ള സാധ്യതകള്‍ ഏറി വരുന്നു. സര്‍ക്കാരുകള്‍ കൊറോണയെ തടുക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട സഭയുടെ കണക്കുകള്‍ പ്രകാരം ഒരു മില്യണ്‍ അഥവാ പത്തുലക്ഷം ആളുകളില്‍ അധികം മരിക്കാനുള്ള സാധ്യതകള്‍ കൊറോണ ലോകത്തിനു മുന്നില്‍ തുറന്നിടുന്നുണ്ട്. ഇറ്റലിയും സ്പെയിനും സ്വയം അടച്ചു കഴിഞ്ഞു. ശാസ്ത്രത്തിലും സാമൂഹിക എഞ്ചിനീറിയങ്ങിലും മുന്നില്‍ നില്‍ക്കുന്ന ബ്രിട്ടനും അമേരിക്കയും സ്വയം അടയ്ക്കലിന്റ പാതയിലാണ്. നൂറ്റിമുപ്പത്തിയഞ്ചു കോടി ജനങ്ങളുമായി ഇന്ത്യ അതിന്റെ സര്‍വ ശക്തിയും സംഭരിച്ചു കൊറോണയെ തടുക്കാന്‍ ശ്രമിക്കുകയാണ്.


Novel-Coronavirus-780x515-1


മഹാമാരികള്‍, പ്രകൃതി ദുരന്തങ്ങള്‍, അഗ്നിബാധകള്‍, യുദ്ധങ്ങള്‍ എന്നിവ ലോകത്തിന്റെ സന്തുലനാവസ്ഥയെ തകിടം മറിയ്ക്കുന്ന മനുഷ്യപ്രവര്‍ത്തികള്‍ക്കുള്ള പ്രകൃതിയുടെ ശിക്ഷകളായി കാണുന്നവരുണ്ട്. ഇത്തരം കാര്യങ്ങളെ ദൈവശിക്ഷയായിരുന്നു എന്ന് മഹാത്മാ ഗാന്ധി പോലും പറഞ്ഞിരുന്നു. അത്തരം പ്രതിലോമകരമായ ചിന്തകളിലേക്കല്ല നാം ഈ സാഹചര്യത്തില്‍ പോകേണ്ടത്. എങ്കിലും ആന്ത്രോപോസീന്‍ എന്ന് പറയപ്പെടുന്ന മനുഷ്യകേന്ദ്രിത പാരിസ്ഥിതിക ബോധത്തെ മാറ്റിമറിയ്ക്കേണ്ട കാലമായിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. കൊറോണ വൈറസ് പോലുള്ള ബാധകള്‍ ഉണ്ടാകുമ്പോഴാണ് മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാനായി നടത്തുന്ന ശ്രമങ്ങളെല്ലാം നവകാലത്തെ ഫ്രാങ്കന്‍സ്റ്റീനുമാരായി നമ്മെ പിടിക്കാന്‍ വരുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നത്.


1


എന്നാല്‍ മഹാമാരികള്‍ നരകത്തിന്റെ വരവാണെന്നും അത് ദൈവം തീയും രോഗവും ഭൂമിയിലേക്കയയ്ക്കുന്നതാണെന്നും കരുതിയിരുന്ന ഒരു ലോകവീക്ഷണം മധ്യകാലത്ത് നിലനിന്നിരുന്നു. ദൈവശാസ്ത്രം ആത്യന്തികമായ ശാസ്ത്രമായി നിലനിന്നിരുന്ന കാലത്ത് എല്ലാ രോഗങ്ങളും ദൈവങ്ങളുടെ ഇടപെടലുകളോ ശിക്ഷയായോ ആയി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ശാസ്ത്രം അതിന്റെ ആദ്യചുവടുകള്‍ വെച്ച് തുടങ്ങിയ നവോത്ഥാന കാലഘട്ടത്തിലും കടന്നുപോയ മധ്യകാലത്തിന്റെ പ്രതീകങ്ങളും ചിഹ്നങ്ങളും പരാമര്‍ശസ്ഥാനങ്ങളായി കവിതകളിലും ചിത്രങ്ങളിലും കടന്നു വന്നിരുന്നു. പതിനാലാം നൂറ്റാണ്ടിലെ ദൈവശാസ്ത്രവും നരകപടവുമാണ് ദാന്തെ അലിഗിയേറി ‘ഡിവൈന്‍ കോമഡി’ എന്ന കൃതിയില്‍ എഴുതിയിട്ടത്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിലും നാം ജോണ്‍ മില്‍ട്ടന്റെ ‘പാരഡൈസ് ലോസ്റ്റി’ലൂടെ നരകത്തിന്റെ പുനര്‍ദര്‍ശനം നേടുന്നു.


2


പ്ളേഗ് ആയിരുന്നു മധ്യകാലത്തെ വിറപ്പിച്ചിരുന്ന ഒരു മഹാമാരി. ദൈവകോപം എന്നല്ലാതെ മനുഷ്യര്‍ക്ക് മറ്റൊരു വിശദീകരണവും ഇല്ലായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ പീറ്റര്‍ ബ്രൂഗല്‍ എല്‍ഡര്‍ എന്ന ഡച്ച് ചിത്രകാരന്‍ ‘ദി ട്രയംഫ് ഓഫ് ഡെത്ത്’ അഥവാ ‘മൃത്യുവിജയം’ എന്ന ചിത്രത്തില്‍ പ്ളേഗ് ബാധയുടെ ഭീകരചിത്രം വരച്ചിടുന്നു. അസ്ഥികൂടങ്ങള്‍ ലോകത്തെ കീഴടക്കുകയാണ്. ഈ ചിത്രത്തെ സൂക്ഷിച്ചു നോക്കുക; ശവപ്പെട്ടികളില്‍ നിന്നും കല്ലറകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ അസ്ഥിപഞ്ജരങ്ങള്‍ മരണദൂതന്മാര്‍ ആകുന്നു. അവര്‍ മനുഷ്യരുടെ മേല്‍ ശിക്ഷ വിധിക്കുകയാണ്. രാജാവിനെപ്പോലെ കവര്‍ച്ച ചെയ്യുന്ന അസ്ഥിപഞ്ജരങ്ങള്‍; കച്ചവടക്കാരന്റെ കഴുത്തറുക്കുന്നവര്‍, സ്ത്രീകളെ പ്രലോഭിപ്പിക്കുന്നവര്‍, മനുഷ്യരെ കഴുവേറ്റുന്നവര്‍, ചക്രത്തിലേറ്റി ഉടയ്ക്കുന്നവര്‍, മനുഷ്യരുടെ കപ്പലുകളെ തീയിട്ടു കളയുന്നവര്‍, മനുഷ്യരെ ചൂളകളിലേയ്ക്ക് തള്ളിക്കയറ്റുന്നവര്‍. ഇവര്‍ പ്ളേഗിന്റെ പ്രതിനിധികളാണ്. ഹിറ്റ്‌ലര്‍ പ്ളേഗിന്റെ പ്രതിനിധിയായിരുന്നു; മാനസികമായ പ്ളേഗിന്റെ. ആയാലും മനുഷ്യരെ ചൂളകളിലേയ്ക്ക് തള്ളിക്കയറ്റുകയായിരുന്നു. പീറ്റര്‍ ബ്രൂഗലിനു പ്രവാചകസ്വരം ലഭിക്കുന്നത് അങ്ങനെയാണ്.


3


ഇന്ന്, കൊറോണയുടെ കാലത്ത് ഒരു ചിത്രകാരന്‍ നാടിനെ വരച്ചിടാന്‍ ശ്രമിച്ചാല്‍ എങ്ങിനെയിരിക്കും? ട്രോളുകളും, കാര്‍ട്ടൂണുകളും, മീമുകളും അവ ചെയ്യുന്നില്ല എന്നല്ല. മധ്യകാലം പോലെയോ നവോത്ഥാനകാലം പോലെയോ അല്ല ഇന്ന്. ഇവിടെ സാങ്കേതിക ഉപകരണങ്ങളും ശാസ്ത്രങ്ങളും ഏറെ വികസിച്ചിരിക്കുന്നു. കാര്യങ്ങള്‍ ഡോക്യുമെന്റ് ചെയ്യാന്‍ ഫോട്ടോഗ്രാഫുകളും വിഡിയോകളും ഉണ്ട്. പക്ഷെ ഒരു ചിത്രകാരന്റെ മനസ്സില്‍ ഈ നാളുകള്‍ കടന്നു വരുന്നത് പല രീതികളില്‍ ആയിരിക്കാം. പീറ്റര്‍ ബ്രൂഗല്‍ തന്റെ ഭവാനലോകത്തിലൂടെ കടല്‍കടന്ന് കൂടി പോയ്‌കൊണ്ടിരുന്ന വിപുലമായ ഒരു ലോകത്തിന്റെ ചിത്രമാണ് വരച്ചത്. ഇന്ന് നമ്മുടെ ചിത്രകാരന്മാര്‍ അവയെ പല രീതിയിലും വരയ്ക്കാന്‍ ശ്രമിക്കുന്നുണ്ടാകണം. നിപ്പാ വൈര്സിന്റെ കാലത്ത് കെ കെ ശൈലജ ടീച്ചറെ മുന്‍ നിറുത്തി വൈറസ് എന്നൊരു സിനിമയുണ്ടായി. തീര്‍ച്ചയായും കൊറോണാ കാലത്തെക്കുറിച്ചും സിനിമയുണ്ടാകും. ഹോളിവുഡ് ആകട്ടെ ഇന്ന് വരെ ലോകത്തുണ്ടായ എല്ലാ ഏലിയന്മാരും അമേരിക്കയെ ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞു സിനിമയെടുത്തവരാണെങ്കിലും യഥാര്‍ത്ഥ വൈറസ് വന്നപ്പോള്‍ അങ്കലാപ്പിലായിരിക്കുന്നു. എവിടെയെങ്കിലും പക്ഷെ കലാകാരന്മാര്‍ അവരുടെ കാന്‍വാസുകള്‍ക്ക് മുന്നില്‍ വര്‍ത്തമാനകാലത്തിന്റെ നരകപടം രചിക്കാന്‍ ഇരിക്കുകയാവും. താമസിയാതെ നമുക്കത് വെളിപ്പെടുമായിരിക്കും.