Anu Devarajan

വയലിന്‍

ചിലപ്പോള്‍ ചുവപ്പ്, മറ്റു ചിലപ്പോള്‍ അഗാധമായ നീല, ഇനിയും ചിലപ്പോള്‍ നിറങ്ങള്‍ ചാലിക്കാത്ത കണ്ണാടിക്കൂടു പോലെ…പക്ഷെ, തോളിനും താടിക്കുമിടയില്‍ ഉറപ്പിച്ച ആ വയലിനിന്‍റെ താന്ത്രികളില്‍ നിന്നുയരുന്ന ശബ്ദത്തിനു മഴവില്ലിനെക്കാളേറെ നിറമായിരുന്നു… അതെ, തന്ത്രികളില്‍ നിന്നൂര്‍ന്നു വീഴുന്ന ശബ്ദത്തിനു നിറങ്ങളേക്കാളേറെ നിറമുണ്ടെന്നു തെളിയിച്ച പ്രതിഭയായിരുന്നു ബാലഭാസ്കര്‍. വേദികളില്‍ നിന്നു വേദികളിലേക്ക്, ആസ്വാദകരില്‍ നിന്ന് ആസ്വാദകരിലേക്കു ആ വയലിന്‍ കമ്പികള്‍ മാസ്മര സംഗീതം പൊഴിച്ചു.


1


പല പാട്ടുകളും കേള്‍ക്കുന്നതിനേക്കാള്‍ മനോഹരമായിരുന്നു ബാലഭാസ്കറിന്റെ വയലിനില്‍ നിന്ന് ഊര്‍ന്നു വീഴുമ്പോള്‍. മൂന്നാം വയസ്സില്‍ ചേര്‍ന്നതാണ് ആ വയലിന്‍ ബാലഭാസ്കറിന്‍റെ ശരീരത്തോട്. പന്ത്രണ്ടാം വയസ്സില്‍ അരങ്ങേറ്റം. കലോത്സവ വേദികള്‍ ബാലഭാസ്കറിലെ പ്രതിഭയെ വളര്‍ത്തി. കോളേജില്‍ പഠിക്കുമ്പോള്‍, ‘സംഗീതം കൊണ്ട് എങ്ങനെ ജീവിക്കും’ എന്ന സഹപാഠിയുടെ ചോദ്യം കാരിരുമ്പായി ഹൃദയത്തില്‍ തറച്ചപ്പോള്‍, വഴി ശരിയാണെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമം ബാലഭാസ്കറിനെ പതിനേഴാം വയസ്സില്‍ സിനിമ സംഗീത സംവിധായകനാക്കി. തുടര്‍ന്ന് മലയാളത്തില്‍ ആല്‍ബം ഗാനങ്ങളുടെ വസന്തം തീര്‍ത്ത ‘നിനക്കായ്’, ‘ആദ്യമായ്’ തുടങ്ങിയ മ്യൂസിക്-വീഡിയോ ആല്‍ബങ്ങള്‍. പിന്നീടങ്ങോട്ട് കാലം ബാലഭാസ്കറിനൊപ്പം ആയിരുന്നു. ആ വയലിന്‍ തോളത്തുറപ്പിച്ചു ബാലഭാസ്കര്‍ നടന്നുകയറാത്ത വഴികളില്ല. ‘Let It Be’ എന്ന സംഗീത ആല്‍ബത്തിലെ ബാലഭാസ്കര്‍ സംഗീതവും ജീവനും നല്‍കിയ സൂര്യ ഫെസ്റ്റിവലിന്റെ തീം മ്യൂസിക് (theme music) ബാലഭാസ്കറിന്‍റെ പ്രതിഭയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു.


2


ബാലഭാസ്കറിന്‍റെ സംഗീതത്തിന്‍റെ അടിസ്ഥാനം കര്‍ണാടക സംഗീതമാണെങ്കിലും, ലോക സംഗീതത്തിലെ എല്ലാ സംഗീത ശാഖയുടെയും മാസ്മരികത ആ വയലിന്‍ അനായാസേന ആവാഹിച്ചിരുന്നു. സ്റ്റീഫന്‍ ദേവസിക്കും ശിവമണിക്കുമൊപ്പമുള്ള ഫ്യൂഷന്‍ പ്രകടനങ്ങള്‍ മൂവരുടെയും സൗഹൃദത്തിലൂന്നിയ മത്സരം കൊണ്ട് വേദികളെ ത്രസിപ്പിച്ചു. ലൂയിസ് മാക്‌സുമായി ചേര്‍ന്ന് പോപ്പ് സംഗീത പ്രകടനങ്ങള്‍. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരും കലാമണ്ഡലം ഹൈദരാലിയും (ത്രായംബക) ആയി ചേര്‍ന്നും വിക്കു വിനായകുമായും (ഖടം) ഉസ്താദ് സക്കീര്‍ ഹുസ്സൈനുമായും (തബല) ചേര്‍ന്നും മാന്‍ഡലിന്‍ വിദ്ധ്വാന്‍ യു രാജേഷിനൊപ്പവും ബാലഭാസ്കര്‍ വയലിനിന്‍റെ പ്രതിഭാവിസ്മയം തീര്‍ത്തു.


3


വേദികളില്‍ നിന്ന് വേദികളിലേക്ക് നിറഞ്ഞു തുളുമ്പുമ്പോഴും ബാലഭാസ്കര്‍ സിനിമയോട് ബോധപൂര്‍വം ഒരകലം പാലിച്ചു. സംഗീതം ഒത്തുതീര്‍പ്പുകള്‍ക്കു വിധേയമാക്കുന്നതിലെ വിമുഖതയാവാം അതിനു കാരണം. സ്റ്റേജായിരുന്നു ബാലഭാസ്കറിന്‍റെ തട്ടകം. അദ്ദേഹത്തിന്റെ രാഷ്ട്രീയം കൂടിയായിരുന്നു അദ്ദേഹത്തിന് സംഗീതം. ‘Concentrated Into Fusion’ എന്നതിന്‍റെ ചുരുക്കമായ ‘Confusion’ (കണ്‍ഫ്യൂഷന്‍) ബാന്‍ഡായിരുന്നു ഒരുകാലത്തു ബാലഭാസ്കറിന്‍റെ അടയാളം. പിന്നീട് ബിഗ് ബാന്‍ഡുമായി (Big Band) സ്‌റ്റേജ് ഷോകളുമായി ലോകം ചുറ്റി. അതിനു ശേഷം’ബാലലീല’ എന്ന പേരില്‍ ലൈവ് ഷോകള്‍. എന്നാല്‍ ബാലഭാസ്കറിന്റെ സ്വപ്നവും ഹൃദയവും M-Show എന്നദ്ദേഹം വിളിച്ച Might-Music-Magic (മനസ്സ്-സംഗീതം-മാജിക്) എന്ന വിസ്‌മയമായിരുന്നു.


4


ബാലഭാസ്കര്‍ എന്തായിരുന്നു എന്ന് ചോദിക്കുന്നതിനേക്കാള്‍, എന്തായിരുന്നില്ല എന്ന് ചോദിക്കുന്നതാവും ഉചിതം. വയലിനിസ്റ്, പെര്‍ഫോര്‍മര്‍ (performer), പാട്ടുകാരന്‍, കമ്പോസര്‍ (composer) തുടങ്ങി സംഗീതത്തിന്‍റെ ഏതു മേഖലയിലും ബാലഭാസ്‌കറിനെ കാണാം. സംഗീതമെന്നാല്‍ പാട്ടും പാട്ടുകാരും മാത്രമല്ലെന്ന് ആ വയലിനിലൂടെ അദ്ദേഹം തെളിയിച്ചുകൊണ്ടേയിരുന്നു. ചടുലതയും കൃത്യതയും അസാമാന്യമായ ഭാവനയും സമാസമം ചേര്‍ന്നപ്പോള്‍, തിരുത്തലുകളോ റിപ്പീറ്റുകളോ ഇല്ലാത്ത മണിക്കൂറുകളും നിമിഷങ്ങളും ബാലഭാസ്കര്‍ അനുവാചകരിലേക്കു തന്‍റെ ഹൃദ്യമായ ചിരിക്കൊപ്പം കൈമാറി.


പ്രിയപ്പെട്ടവര്‍ അടയാളപ്പെടുത്തുന്ന ബാലു സമാനതകളില്ലാത്ത വൈരുധ്യങ്ങളുടെ മനുഷ്യനായിരുന്നു (man of extremes). ഫിലോസഫി, ഷോപ്പിംഗ്, ആഹാരം, ഫിറ്റ്നസ്സ്, സംഗീത പരിശീലനം, മൂഡ് ഓഫ് തുടങ്ങി എല്ലാത്തിലും extreme കളില്‍ സഞ്ചരിക്കുന്ന മനുഷ്യന്‍. അതെ, ബാലഭാസ്‌കറിനു സ്റ്റേജും സംഗീതവും തന്നെ അങ്ങനെ ആയിരുന്നല്ലോ !


19894878_1609813259091206_7786818903539663390_n


പുതുമകള്‍ തേടി കാലത്തിനു മുമ്പേ നടന്ന ബാലഭാസ്‌കര്‍, ജീവിതത്തിലും മുന്‍പേ നടന്ന് മാഞ്ഞു പോയിരിക്കുന്നു. നിനച്ചിരിക്കാതെ, ആ പേരറിയുന്നവരുടെയെല്ലാം കണ്ണുകളെ നനയിപ്പിച്ചു കൊണ്ട്, പാതിയില്‍ നിര്‍ത്തേണ്ടി വന്ന ഒരു ലൈവ് പോലെ… പക്ഷെ, ആ വയലിന്‍ ബാലഭാസ്കര്‍ പകര്‍ന്നു വച്ചതു ഹൃദത്തില്‍ നിന്ന് ഹൃദയങ്ങളിലേക്കായിരുന്നു. ‘കേട്ടത് മനോഹരം, കേള്‍ക്കാത്തത് അതിമനോഹരം’, ബാലഭാസ്കറിന്‍റെ കൂട്ടുകാരും ബാന്‍ഡും ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത അദ്ദേഹത്തിന്‍റെ കോമ്പോസിഷന്‍സ് അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. അതെ, ബാലഭാസ്കര്‍ ഇനിയും നമ്മുടെ കാതുകളിലേക്കും മനസ്സുകളിലേക്കും ആര്‍ദ്രമായ വയലിന്‍ നാദവുമായി നിറഞ്ഞ ചിരിയോടെ കടന്നുവന്നുകൊണ്ടേയിരിക്കും. പക്ഷെ, കണ്ണ് നനയാതെ, നൊമ്പരമവശേഷിപ്പിക്കാതെ ഇനി ആ പേര് ഓര്‍ക്കുവാനും പറയുവാനും കഴിയുമോ എന്ന സംശയം മാത്രം…