തിരക്കേറിയ റോഡിലൂടെ അന്ധനായി നടക്കാമോ? എല്ലാ ഒക്ടോബര്‍ പതിനഞ്ചാം തീയതിയിലും ലോക വൈറ്റ് കെയിന്‍ സുരക്ഷാ ദിനമായി കൊണ്ടാടപ്പെട്ടു കൊണ്ടിരിക്കുന്നു. വെള്ള ഊന്നു വടിയില്‍ കാഴ്ചകളില്ലാത്തവര്‍ക്കു സ്വാതന്ത്ര്യം സമ്മനിച്ചതിന്റെ ദിവസം. 1964 ഇല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനമാണു ഒക്ടോബര്‍ 15 വെള്ള ദണ്ഡ് ദിനമായി ആചരിക്കുവാനും കൈയ്യില്‍ വെള്ള ദണ്ഡ് പേറുന്നവര്‍ക്കു സ്വാതന്ത്ര്യങ്ങള്‍ നല്കുന്നതിനു പ്രചരണങ്ങള്‍ നടത്തുവാനും തീരുമാനിച്ചത്. അന്ധരോട് ചില പരിഗണനകള്‍ പുലര്‍ത്തുവാനും നിരത്തുകളിലും വീതി കൂടിയ വഴികളിലും ‘വൈറ്റ് കെയിന്‍ ’ വളരെ സഹായകമായ മര്യാദകള്‍ ലഭിക്കുന്നതിനിടയാക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പു മുതല്ക്കേ കാഴ്ചയുടെ ഭാഗ്യം ലഭിക്കാ ത്തവര്‍ നടക്കുന്നതിനും മറ്റും വടികള്‍ ഉപയോഗിച്ചിരുന്നു. 1921 ഇല്‍ ഒരു അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ട ജയ്മസ് ജയിംസ് ബ്രിഗ്സ് എന്ന ഫോട്ടോഗ്രഫര്‍ ആണു ആദ്യമായി തന്റെ വടിക്ക് വെള്ള നിറം നല്കിയത്. വാഹനം ഓടിക്കുന്നവരു ടെ ശ്രദ്ധയില്‍ പെടാതെ പോകരുത് എന്ന ലക്ഷ്യമായിരുന്നു അതിനു പിന്നില്‍ . ഈ നിറം ചാര്‍ത്തി അമേരിക്കയിലെ അന്ധരുടെ ദേശീയ സംഘടന വ്യാപിപ്പിച്ചു. അവര്‍ ഈ വടിയുടെ പ്രാധാന്യം അമെരിക്കന്‍ കോണ്‍ഗ്രസ്സിലെ അംഗങ്ങളെ ബോധ്യപ്പെടുത്തി. അതിന്റെ ഫലമായിട്ടാണു ഒക്ടോബര്‍ 15 വൈറ്റ്കെയിന്‍ ദിനമായി ആചരിക്കുവാന്‍ ഉണ്ടായ തീരുമാനം. വൈറ്റ്കെയിന്‍ നിലവിന്‍ വന്നതോടെ അന്ധരുടെ സഞ്ചാര സ്വാതന്ത്ര്യം പതിന്‍ മടങ്ങു മെച്ചപ്പെട്ടു. വ്യവസായ ശാലകളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വന്നു. ഐക്യരാഷ്ട്ര സംഘടന ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടു ലോകമെമ്പാടും അന്ധര്‍ക്കു വൈറ്റ് കെയിന്‍ സൗകര്യം നല്കുവാന്‍ ആഹ്വാനം ചെയ്തു.ആഗോള തലത്തില്‍ വൈറ്റ്കെയിന്‍ ദിനം ആചരിച്ച് പ്രചരണങ്ങള്‍ നടത്തുന്നതിനും ആഹ്വാനമുണ്ടായി.
ലോകത്ത് അഞ്ചു സെക്കണ്ടില്‍ ഒരു അന്ധന്‍ ജനിക്കുന്നുണ്ട് എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നതു പരിശോധിക്കുമ്പോന്‍ ഇതിന്റെ സാമൂഹിക അടിയന്തിരം തിരിച്ചറിയുവാന്‍ പറ്റും. എന്നാല്‍ കേരളത്തിലെ സമൂഹം വൈറ്റ് കെയിന്‍ എന്ന സംവിധാനം മനസ്സിലാക്കിയിട്ടില്ല്ല എന്നത് ദുഖകരമാണു. തിരുവനന്തപുരത്ത് അടുത്തയിടയ്ക്ക് വൈറ്റ് കെയിന്‍ ഉയര്‍ത്തിക്കാട്ടി റോഡ് ക്രോസ്സ് ചെയ്ത ഒരു അന്ധനെ പിടിച്ചു നിര്‍ത്തി ഒരു ബൈക്ക് യാത്രികന്‍ ചീത്ത പറഞ്ഞിട്ട് വൈറ്റ് കെയിന്‍ ഒടിച്ചു കളഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് വൈറ്റ് കെയിന്‍ ഉപയോഗം എന്തെന്നറിവില്ലാത്ത മലയാളിക്കു സംഭവിച്ച പിഴയാണു എന്നു കരുതി അവഗണിക്കാമെങ്കിലും വൈറ്റ്കെയിന്‍ ഒരു അ ന്ധനു നല്കുന്ന ആനുകൂല്യങ്ങള്‍ കേരള ജനതയെ ബോധ്യപ്പെടുത്തുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. അന്ധര്‍ക്ക് യാത്രാവേളകളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞു അവരെ സഹായിക്കുവാനുതകുന്ന ചില നല്ല മനസ്സുകളെ സൃഷ്ടിക്കുന്നതിനു വേണ്ടിയാണു ഒളശ്ശ അന്ധവിദ്യാലയത്തിലെ അന്തേവാസികളും കേരള ഫെഡറേഷന്‍ ഓഫ് ബ്ളൈഡും അവര്‍ക്കൊപ്പം കുടമാളൂര്‍ സര്‍ക്കാര്‍ സ്കൂളിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാരും അദ്ധ്യാപകരും ചേര്‍ന്ന് ഒരു ബോധവല്ക്കരണ റാലി നടത്തിയത്.
റാലി ഫ്ലാഗ് ഓഫ് ചെയ്ത് നയിക്കുവാന്‍ ക്ഷണിച്ചപ്പോള്‍ വൈറ്റ് കെയിന്‍ എന്ന സംഗതിയെപ്പറ്റി കൂടുതല്‍ പഠിച്ച് സന്തോഷ ത്തോടെ സമ്മതിച്ചു. റാലി ഉദ്ഘാടനം ചെയ്തു സംസാരിച്ചതിനു ശേഷമാണു കേരള ബ്ളൈഡ് ഫെഡറേഷന്‍ കോട്ടയം ജില്ലാ ചെയര്‍മാന്‍ കെ പി രാമകൃഷ്ണപ്പണിക്കര്‍ (അപ്പുച്ചേട്ടന്‍ ) എന്റെ കണ്ണു മൂടിക്കെട്ടി ഒപ്പം നടക്കുവാനും, വൈറ്റ് കെയിനിന്റെ സഹായത്തോടെ റാലി നയിക്കുവാനും നിര്‍ദ്ദേശിച്ചത് അദ്ധ്യാപകരായ സജി മാര്‍ക്കസും മറ്റും ഒപ്പം കൂടി, എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ കണ്ണു മൂടിക്കെട്ടി ഒപ്പം കൂടിയപ്പോള്‍ അല്പ സമയം അന്ധനാകുവാന്‍ തയ്യാറാകേണ്ടി വന്നു. അപ്പുച്ചേട്ടന്‍ അയല്‍വാസിയും ഒരു നാട്ടുകാരന്‍ മുഖത്ത് ആസിഡ് വീഴ്ത്തിയതില്‍ വച്ച് അന്ധനായിരുന്നാളായിരുന്നു. അദ്ദേഹത്തിന്റെ കൈപിടിച്ച് കണ്ണിന്റെ സഹായമില്ലതെ നടക്കുക എന്ന ദൗത്യം അത്ഭുതകരമായിരുന്നു. അതൊരു ഭയങ്കര അനുഭവമായിരുന്നു. ഇത്രനാള്‍ കാഴ്ചകള്‍ കണ്ടു നടന്ന തിരക്കേറിയ വഴിയിലൂടെ ഒരു അന്ധനായി നടക്കുന്നതിനെ പറ്റി ആലോചിച്ചിട്ടു പോലുമില്ല. ജന്മനാ അന്ധനായ സുഹൃത്തിന്റെ കൈപിടിച്ചു നടന്നിട്ടു കൂടി ദിശാബോധം നഷ്ടപ്പെട്ട നിമിഷങ്ങള്‍ , ആരൊക്കെ, എന്തൊക്കെ, എതിരേ വരുന്നു എന്ന ആശങ്ക, അസ്ഥാനത്തുള്ള കുഴികള്‍ , വാഹനങ്ങള്‍ , തിരക്കുകള്‍ ..ഹോ..ഇത്തരം ഒരു ജീവിതം നയിക്കുന്നവന്‍ എങ്ങനെ മുന്നോട്ടു പോകുന്നു? കയ്യില്‍ ഉള്ള വെള്ള ഊന്നു വടി അവര്‍ക്കു എത്ര വലിയ സ്വാതന്ത്ര്യമാണു നല്കുന്നത് നമ്മള്‍ അതിനെ എത്ര മൂല്യവത്തായി സംരക്ഷിക്കേണ്ടതാണു ഇനി മുതല്‍ എല്ലാ വൈറ്റ് കെയിന്‍ ദിനത്തിലും പറ്റുമെങ്കില്‍ അഞ്ചു മിനിറ്റ് ഇവരോടൊപ്പം അന്ധനായി ഇരിക്കണമെന്ന് ആലോചിച്ചു പോയി..അത്ര തീവ്രമായിരുന്നു ആ അനുഭവം.