പട്ടണങ്ങളിലെ ഷോപ്പിങ് മാളുകളിലും ഇത്തിരിവട്ടത്തുള്ള പാര്‍ക്കുകളിലും മക്കളോടൊത്ത് ചുറ്റി നടക്കാനിഷ്ട്ടമാണെങ്കിലും യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കുന്നതും ഏറെ ഇഷ്ട്ടപ്പെടുന്നതും വനയാത്രകള്‍ തന്നെയാണ്.കാറ്റിനോടും പൂമ്പാറ്റയോടും കിളികളോടും പൂക്കളോടും കഥകള്‍ പറഞ്ഞ് കാട്ടിലൂടെയുള്ള യാത്രകള്‍ സംഗീതം പോലെയാണെന്നാണ് ഞാന്‍ പറയാറ്. എങ്കിലും കഴിഞ്ഞ പ്രാവശ്യം മക്കള്‍ പറമ്പിക്കുളം യാത്ര പ്ലാന്‍ ചെയ്തപ്പോള്‍ ഈ മഴയത്ത് ശരിയാവുമോന്നൊരു സംശയമുണ്ടായിരുന്നു എനിക്ക്. മഴയും പച്ചനിറത്തിന്റെ പല നിറപ്പകര്ച്ചയോടുകൂടിയ കാടും കാടിന്റെ നിശബ്ദതയില്‍ കാറ്റ് കടന്നു പോവുമ്പോള്‍ ഉയരുന്ന മുളയുടെ സംഗീതവും എല്ലാം ഓര്‍ത്തപ്പോ ഉണ്ടായ മനസ്സിന്റെ പ്രലോഭനം ഒരു വശത്ത്, അട്ടകടിയും തണുപ്പും മറുവശത്തും. അവസാനം മഴയത്തുള്ള തണുത്ത് തണുത്തുള്ള യാത്രയുടെ പ്രലോഭനം തന്നെ ജയിച്ചു. നെല്ലിയാമ്പതി മലയുടെയും ആനമലയുടെയും ഇടയില്‍ കിടക്കുന്ന പറമ്പിക്കുളം പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണെങ്കിലും പാലക്കാട് വഴി പൊള്ളാച്ചിക്കടുത്ത് സേതുമട ചെന്നു വേണം പറമ്പിക്കുളം പോകാന്‍.കേരളത്തില്‍ നിന്ന് റോഡ് മാര്‍ഗം ഒരു വഴിയില്ല ആറു കോളനികളിലായി നാലു വിവിധ ആദിവാസിസമൂഹങ്ങള്‍ താമസിക്കുന്ന പറമ്പിക്കുളം 2010 ഫെബ്രുവരിയില്‍ ടൈഗര്‍ റിസേര്‍വായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗവറ്മെന്റു റസ്റ്റുഹൌസുകളില് നേരത്തെ ബുക്ക് ചെയ്തു വേണം പോവാന്‍. ഒരാഴ്ച്ച മുന്‍പ് വിളിച്ച് പെര്മിഷന് വാങ്ങുമ്പോള്‍ വനം വകുപ്പ് ഉദ്ദ്യോഗസ്ഥനായ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് നാലുമണിയായാല്‍ ചെക്ക് പോസ്റ്റ് കടത്തി വിടില്ല എന്ന് പറഞ്ഞിരുന്നെങ്കിലും വഴിയില്‍ മഴ കഴിഞ്ഞ ഇളം വെയിലില്‍ വിരിഞ്ഞു നില്ക്കുന്ന മഴവില്ല് കണ്ട് അത് ക്യാമറയില്‍ പകര്‍ത്തിയും വഴിയോരത്ത് ഇടക്കിടെ വാഹനം നിര്‍ത്തിയും സമയം വൈകിയതിനാല്‍ തമിഴ് നാട് ചെക്ക് പോസ്റ്റില്‍ ഉണ്ടായ കുറച്ചു നേരത്തെ അങ്കലാപ്പിനു ശേഷം മഴ വീണ മണ്ണിന്റെ ഗന്ധമുള്ള പറമ്പിക്കളത്ത് ചെന്നിറങ്ങിയപ്പോള്‍ വെള്ളത്താടിയുള്ള ഒരുകൂട്ടം സിംഹവാലന്‍ കുരങ്ങുകളാണ് ഞങ്ങളെ എതിരേറ്റത്. വനപഠനങ്ങള്.നേച്ചര്‍ക്യാമ്പ്,ബോട്ടിങ് ട്രെക്കിങ് അങ്ങിനെ പലതുമുണ്ട് സഞ്ചാരികള്‍ക്കായി പറമ്പിക്കുളത്ത്.അടുത്ത ദിവസം പുലര്ച്ചക്ക്ഫോറസ്റ്റ് വാനില്‍ ജംഗിള്‍ സഫാരിക്കു പുറപ്പെടുമ്പോള്‍ നിശബ്ദമായി ഇരുന്നാലേ മൃഗങ്ങളെ കാണൂ എന്ന് ഗൈഡ് ആദ്യമേ താക്കീത് ചെയ്തിരുന്നു.ധാരാളം കാട്ടുപോത്തുകളും മയിലും മാനും സാംബയും പുലിയും ആനയും വസിക്കുന്ന പറമ്പിക്കുളത്ത് ഇല്ലാത്തതായി സിംഹം മാത്രമെയുള്ളു. ഉച്ചയായപ്പോള്‍ റെസ്റ്റ് എടുക്കാനായി പറമ്പിക്കുളം ഡാമിനരികെയുള്ള പഴയ റ്റൂറിസ്റ്റ് ബംഗ്ലാവില്‍ നിര്‍ത്തിയപ്പോള്‍ കണ്ട ഇളം നീല നിറമുള്ള ആകാശത്തിനു കീഴെ നിറഞ്ഞുകിടക്കുന്ന പറമ്പിക്കുളം അണക്കെട്ടിന്റെ ഫ്രെയിം അതിമനോഹരമായ കാഴ്ച്ചയാണ്.
ഞാനേറെ ആസ്വദിച്ചത് കാടകം തേടി പന്ത്രണ്ട് കിലോമീറ്റര്‍ വനത്തിലൂടെയുള്ള ട്രെക്കിങ്ങായിരുന്നു.ഇടക്കിടെ വെള്ളം കുടിക്കരുത് ഇടയില്‍ വിശ്രമിക്കരുത് കൂട്ടം തെറ്റരുത് എന്നെല്ലാം ഗൈഡ് പറയുമ്പോള്‍ മമ്മക്ക് അത്ര ദൂരം നടക്കാനാവുമോ എന്ന് സംശയിച്ച മക്കളോട് കൃഷിയും പണിക്കാരും നിറഞ്ഞ വീട്ടില്‍ അവധിക്കാലങ്ങളില്‍ ആദിവാസിക്കുട്ടികളോടൊപ്പം കളിച്ച് നിലമ്പൂര്‍ കാട്ടില്‍ വളര്‍ന്ന എന്നോടാണോ ചോദിക്കുന്നതെന്നൊക്കെ വീമ്പു പറഞ്ഞെങ്കിലും അട്ടകടി എനിക്ക് പേടി തന്നെയായിരുന്നു. അട്ട കടിച്ചാല്‍ രക്തം ശുദ്ധിയാവുമെന്ന ഗൈഡിന്റെ ആശ്വാസവാക്കുകളൊന്നും എന്റെ ചെവിയില്‍ കയറുന്നുമില്ലായിരുന്നു. കാട്ടുവഴിയിലൂടെ കാട്ടുമണവും കാറ്റിന്റെ വിരലെഴുത്തും അനുഭവിച്ച് നിശബ്ദയായി നടക്കുമ്പോള്‍ മുന്നില്‍ പരിഭ്രമത്തോടെ വന്നുപെടുന്ന മാനുകളും സാംബകളും എണ്ണിയാലൊടുങ്ങാത്ത പക്ഷികളും അകലെയായ് മേയുന്ന കാട്ടുപോത്തിന് കൂട്ടങ്ങളും കണ്ടുകണ്ടങ്ങനെ ശബ്ദമുണ്ടാക്കാതെ നടക്കുമ്പോഴായിരുന്നു കുറച്ചകലെ ഇലകളുടെ അനക്കം കണ്ടത്. മുന്പില് നടന്നിരുന്ന ഗൈഡ് പെട്ടെന്നു തിരിഞ്ഞു നിന്ന് നില്ക്കാന് ആംഗ്യം കാണിച്ച് വിരല്‍ ചൂണ്ടിയ ഭാഗത്ത് അകലെയായി അന്ന് കണ്ട ഒറ്റ കൊമ്പനെ മറക്കുക അത്ര എളുപ്പമല്ല.വന്ന വഴി തിരിച്ച് വേറെ വഴിയിലൂടെ പോകാമെന്ന് പിന്നീട് ഗൈഡ് ആംഗ്യത്തില്‍ പറഞ്ഞപ്പോഴൊക്കെ അല്‍പ്പ നേരത്തേക്ക് ശ്വാസം നിന്നു പോയ ഞാന്‍ ഉള്ളില്‍ പ്രാര്‍ത്ഥിച്ചത് ആനപോയിട്ട് ഇനിയൊരു മാന്‍ പോലും മുന്നില്‍ വരരുതേ എന്നായിരുന്നുവെന്നതാണ് വാസ്തവം.
തേക്ക്, ചന്ദനം, ഈട്ടി കന്നിമാരി എന്ന പഴക്കമേറിയ തേക്കുവൃക്ഷവും തലയുയര്ത്തിനില്ക്കുന്ന കാടിനുള്ളിലെ റിസര്‍വോയറിലൂടെയുള്ള ബോട്ടു യാത്രയും തൂണിക്കടവിനടുത്തുള്ള വൃക്ഷ ഭവനത്തിലെ കടുവകളുടെയും ആനയുടെയും പേരറിയാത്ത പക്ഷികളുടെയും ശബ്ദങ്ങള്‍ കൊണ്ട് ജുഗല്‍ബന്ധി തീര്‍ത്ത രാത്രിയും എല്ലാമായി പറമ്പിക്കുളം എന്നെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. കാതോര്‍ത്താല്‍ കാറ്റില്‍ മൂളുന്ന മുളകളുടെ സംഗീതവും പിന്നെ പേരറിയാത്ത പൂക്കളുടെ മണവും അനേകയിനം ഓര്‍ക്കിഡുകളും കാട്ടുവാസനയും ആസ്വദിച്ചാസ്വദിച്ച് അവിടെയങ്ങിനെ കുറച്ച് നേരം നില്ക്കാന് മോഹിപ്പിക്കുന്ന മനോഹരമായ ഒരു വനയാത്രയായിരുന്നു അത്. ഒഴിവാക്കാനാവാത്ത മടക്കയാത്രയില്‍ തണുത്ത കാറ്റിന്റെ അകമ്പടിയോടെ വീശിയ ചാറ്റല്‍ മഴ എന്റെ കാതില്‍ സ്വകാര്യം പറഞ്ഞതെന്താവാം?വീണ്ടും വരണമെന്നാവുമോ..?